DCBOOKS
Malayalam News Literature Website

നിഗൂഢമായ ലാബിലെ അസാധാരണ സംഭവങ്ങളുടെ രഹസ്യങ്ങള്‍!

രജത് ആറിന്റെ ‘ബോഡി ലാബ്’ എന്ന പുസ്തകത്തിന് സാന്ദ്ര സോമൻ എഴുതിയ വായനാനുഭവം

‘നുരഞ്ഞുപതഞ്ഞ് അലതല്ലുന്ന ഫോര്‍മാലിനില്‍ നിന്ന് അവരങ്ങനെ ആ പെണ്‍ കഡാവറിനെ ആയാസപ്പെട്ടുയര്‍ത്തി ട്രോളിയിലേക്ക് കിടത്തുമ്പോള്‍ ഇനിയൊരു വര്‍ഷം മുഴുവനായി താന്‍ കീറിമുറിച്ചു പഠിപ്പിക്കാന്‍ പോവുന്ന ശരീരത്തിന്റെ മുഖഭാവമെന്തെന്നറിയാന്‍ അഹല്യ ശ്രമിച്ചു. അപ്പോള്‍, അവിടെ വെച്ച്, ആ നിമിഷത്തിലാണ് ഡി. കെ. മെഡിക്കല്‍ കോളേജിലെ അവളുടെ സകല പ്രശ്‌നങ്ങളും തുടങ്ങിയത്.’

രജത് ആറിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ബോഡി ലാബ്.’

ഡി. കെ. മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ശരീരശാസ്ത്രം പഠിപ്പിക്കാനായി Textലെക്ചറായി എത്തുന്ന അഹല്യ. ഓസ്റ്റിയോജെനിസിസ് ഇംപെര്‍ഫക്ട( എല്ലുകളുടെ ബലക്കുറവ്) എന്ന അവസ്ഥയോടൊപ്പം ജീവിക്കുന്ന പെണ്‍കുട്ടി. ശവശരീരപഠനത്തിന്റെ ആദ്യ പ്രാക്ടിക്കല്‍ ക്ലാസ്സില്‍ അവിടെ കീറിമുറിച്ചു പഠിപ്പിക്കാന്‍ നല്‍കിയ അഞ്ച് കഡാവറുകളില്‍ ഒന്ന് അഹല്യയുടെ ജീവിതത്തിലെ വിചിത്രവും നിഗൂഢവുമായ സംഭവപരമ്പരകള്‍ക്ക് തുടക്കം കുറിക്കുന്നു. കഡാവറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും സംശയാസ്പദമായ സാഹചര്യങ്ങളും അഹല്യയിലെ മെഡിക്കല്‍ ലെക്ചറിനപ്പുറത്തേക്ക് മറഞ്ഞു കിടക്കുന്ന ദുരൂഹതയെ അനാവരണം ചെയ്യാനുള്ള ത്വരയിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നു.

ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ശരീരശാസ്ത്രം പഠിക്കുമ്പോള്‍ അവരുടെ ആദ്യത്തെ ടീച്ചര്‍ എന്ന് പറയുന്നത് അല്ലെങ്കില്‍ ഏറ്റവുമധികം ബഹുമാനിക്കേണ്ട ഒന്ന് തന്നെയാണ് ഓരോ കഡാവറുകളും. അത് കൃത്യമായി പാലിക്കാനാണ് വിദ്യാര്‍ത്ഥികളെ കൊണ്ട് കഡാവറിക് ഓത്ത് (പ്രതിജ്ഞ) എടുപ്പിക്കുന്നതും. വര്‍ഷങ്ങള്‍ക്ക് മുമ്പ് വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുന്ന കുറ്റവാളികളുടെ മൃതദേഹങ്ങളും മറ്റുമാണ് പല രാജ്യങ്ങളിലും ഡിസ്സെക്ഷന് വേണ്ടി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ക്രമേണ കഡാവറുകളുടെ എണ്ണത്തില്‍ കുറവ് നേരിട്ടപ്പോള്‍ മരിച്ചു പോയവരെ അടക്കിയ കല്ലറകള്‍ വരെ നീക്കി മൃതദേഹം കടത്തി കൊണ്ടു വന്ന് പഠനാവശ്യത്തിനായി ഉപയോഗിച്ചതിന്റെ തെളിവുകള്‍ കാണാന്‍ സാധിക്കും. എന്നാല്‍ നിലവില്‍, സ്വന്തം ഇഷ്ടാനുസരണം ശരീരം മെഡിക്കല്‍ കോളേജുകളിലേക്ക് മരണാനന്തരം പഠനത്തിനായി വിട്ടുനല്‍കാന്‍ പലരും തയ്യാറാവുന്നുമുണ്ട്. അതുകൊണ്ട് തന്നെ കേവലം പുസ്തകത്തില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല ഇത്.

പൂര്‍ണമായും മെഡിക്കല്‍ പരിജ്ഞാനം കൃത്യമായി ഉപയോഗപ്പെടുത്തി വിശദമായി എഴുതിയിരിക്കുന്ന ബോഡി ലാബ് ഏതൊരു സാധാരണ മനുഷ്യനും സങ്കീര്‍ണ്ണതകള്‍ ഇല്ലാതെ വായിക്കാന്‍ സാധിക്കുന്ന മികച്ച പുസ്തകം തന്നെയാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.