DCBOOKS
Malayalam News Literature Website

മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടി വാസുദേവന്‍നായര്‍ക്ക് ഇന്ന്‌ 88–-ാം പിറന്നാൾ

മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടി വാസുദേവന്‍നായര്‍ ക്ക് ഇന്ന്‌ 88–-ാം പിറന്നാൾ.ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ജൂലൈ 15നും നക്ഷത്ര പ്രകാരം കര്‍ക്കടകത്തിലെ ഉത്രട്ടാതിയിലുമാണ് എംടിക്ക് പിറന്നാള്‍.

കാലത്തിന്റെ സങ്കീര്‍ണ്ണതകളും ജീവിതത്തിന്റെ സമസ്യകളും എഴുത്തില്‍ പകര്‍ത്തി, വായനക്കാരെ അതിശയിപ്പിച്ച സാഹിത്യകാരനാണ് എം.ടി വാസുദേവന്‍ നായര്‍. എഴുതുന്നതെന്തും കവിതയാക്കി മാറ്റുന്ന രചനാനിപുണത കാലദേശങ്ങള്‍ക്കപ്പുറം എം.ടിയെ വായനക്കാരുടെ പ്രിയ എഴുത്തുകാരനാക്കി മാറ്റുന്നു. മനസ്സിനെ പിടിച്ചുലയ്ക്കുന്ന ആത്മനൊമ്പരങ്ങളുടെ പകര്‍ത്തെഴുത്തായിരുന്നു എം.ടിയുടെ ഓരോ കഥകളും.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കാലം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നാലുകെട്ട്, വയലാര്‍ അവാര്‍ഡ് നേടിയ രണ്ടാമൂഴം, ഓടക്കുഴല്‍ അവാര്‍ഡ് നേടിയ വാനപ്രസ്ഥം, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകല്‍വെളിച്ചവും, എം.ടി.യുടെ തിരക്കഥകള്‍, എന്റെ പ്രിയപ്പെട്ട തിരക്കഥകള്‍, എം.ടി.യുടെ തിരഞ്ഞെടുത്ത കഥകള്‍, കാഥികന്റെ കല, കാഥികന്റെ പണിപ്പുര തുടങ്ങിയവയാണ് എം.ടി.വാസുദേവന്‍ നായരുടെ മുഖ്യകൃതികള്‍.

ഏറ്റവും മികച്ച തിരക്കഥാകൃത്തിനുളള സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ പല തവണ നേടിയ എം.ടി 1974-ലെ ദേശീയ അവാര്‍ഡ് നേടിയ നിര്‍മാല്യം, ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മികച്ച സംവിധായകനുളള സംസ്ഥാന ചലച്ചിത്ര അവാര്‍ഡു ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് കാലിക്കറ്റ് സര്‍വകലാശാല ഡി.ലിറ്റ് ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. 1996-ല്‍ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു.

മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടി വാസുദേവന്‍നായര്‍ക്ക് ഡിസി ബുക്‌സിന്റെ ജന്മദിനാശംസകള്‍.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എംടി വാസുദേവന്‍ നായരുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

 

Comments are closed.