DCBOOKS
Malayalam News Literature Website

സപ്തതി ആഘോഷ വേളയിലും സൂപ്പർ സ്റ്റാറായി തിളങ്ങി മമ്മൂട്ടി

ശബ്ന ശശിധരൻ

ജനപ്രിയതകൊണ്ടും അഭിനയശേഷികൊണ്ടും കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടനാണ് ശ്രീ മമ്മൂട്ടി. ഇന്നും നിത്യ യൗവനമായി നിൽക്കുന്ന ഈ മഹാനടൻ എഴുപതിന്റ നിറവിലേക്ക്. പ്രായം ആരോപിക്കാൻ മലയാളികൾക്ക് ഇഷ്ടമാണ്. എന്നാൽ ഒരു യഥാർത്ഥ കലാകാരന് പ്രായം ആവില്ല എന്നത് വാസ്തവം.

സിനിമ മേഖലയിൽ വളരെ അധികം പ്രൊഫഷണലിസത്തോടെയും, അച്ചടക്കമായ ജീവിതശൈലിയോടെയും മുൻപോട്ട് പോകുന്ന നടൻ.മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഊർജസ്വലവും അനുഭൂതിനിർഭരവുമായ കാലഘട്ടത്തെ നയിക്കുകയും ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്ത വ്യക്തികളിലൊരാൾ. അഭിനയ കലയെ സ്വന്തമായ ശൈലിയിലൂടെ മുൻപോട്ട് നയിച്ച മഹാനടൻ.

ഒരു നടനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം ശരീരം മേദസ്സുകളില്ലാതെ കാത്തുസൂക്ഷിക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന ജാഗ്രതയാണ്. ഗായകന് ശബ്ദം എന്നതുപോലെ ഒരു നടന്റെ ഏറ്റവും വലിയ സ്വത്ത് സ്വന്തം ശരീരമാണ്. അതിനെ കാത്തുസൂക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ ധർമ്മം. ചിട്ടയോടെ ഇക്കാര്യം വർഷങ്ങളായി പാലിക്കുന്ന, ജീവിതത്തെ വളരെ അധികം അടുക്കും ചിട്ടയുമായി കൊണ്ടു പോകുന്ന നടനാണ് ശ്രീ മമ്മൂട്ടി. അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങളും അതു പോലെ തന്നെയാണ്.ഒരു മഹാനടനെ സംബന്ധിച്ചടത്തോളം തന്റെ കഥാപാത്രത്തെ വിജയിപ്പിക്കുക എന്ന ദൗത്യം അത്യന്തികം കഠിനമാണ്.അതിൽ ചെറു തോൽവികളില്ല, വൻ പരാജയങ്ങളേയുള്ളൂ. മമ്മൂട്ടിയെപ്പോലെയുള്ള ഒരു നടൻ കടന്നുപോയ കടമ്പകൾ ചെറുതല്ല.ഇന്നദ്ദേഹം നേടിയെടുത്ത മഹാനടൻ എന്ന പദവി അദ്ദേഹത്തിന്റെ വിയർപ്പിന്റെ വിലയാണ്.അദ്ദേഹത്തിന്റെ ഓരോ നേട്ടങ്ങളുടെയും പിന്നിൽ അധ്വാനത്തിന്റെയും അർപ്പണത്തിന്റെയും കയ്പിന്റെയും വേദനകളുടെയും ഒരു ചരിത്രം അദൃശ്യമായി നിലകൊള്ളുന്നു. അഭിനയപാടവവും ആകാരസൗന്ദര്യവും മാത്രം ഒരാളിനെ സൂപ്പർതാരമാക്കുന്നില്ല എന്ന സത്യം നാം തിരിച്ചറിയേണ്ടതാണ്.

മമ്മുട്ടിയുടെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ ഇടാം നൽകിയിട്ടുണ്ട് എങ്കിലും ചിലത് എടുത്തു പറയാതെ വയ്യ. ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അഭിനയത്തിന്റെ ഭാവവേഗങ്ങൾ അനായാസം വഴങ്ങുന്ന ഒരു ശരീരഭാഷയിലേക്ക് മമ്മൂട്ടിയിലെ കലാകാരൻ പതിയെ പതിയെ വളരുകയായിരുന്നു. ”ഞാൻ എന്നിലെ കലാകാരൻ വളർന്നത് അറിഞ്ഞിരുന്നു. നമ്മളിലെ കുറ്റവും കുറവുകളും പരിഹരിച്ചാണ് ഇവിടെവരെയെത്തിയത്” എന്നു പലപ്പോഴും പല ഇന്റർവ്യൂകളിലും മമ്മൂട്ടി പറഞ്ഞതായി കേട്ടിട്ടുണ്ട്.

മമ്മൂട്ടി അഭിനയിച്ച കഥാപാത്രങ്ങളെ കുറിച്ച് ഓർക്കുമ്പോൾ എന്നും മനസ്സിൽ വരുന്നത് വിധേയൻ എന്ന ചിത്രത്തിലെ ഗ്ലാമറിന്റെ പരിവേഷങ്ങളില്ലാതെ ഇമേജിന്റെ ഭാരത്തെക്കുറിച്ച് ആകുലപ്പെടാതെ ഭാസ്കര പട്ടേലർ എന്ന ക്രൂരനായ മനുഷ്യനാകാൻ അരനിമിഷം പോലും വേണ്ടിവന്നിട്ടില്ല മമ്മൂട്ടി എന്ന മഹാനടന്. വിധേയൻ അത് അടിവരയിട്ട സിനിമയാണ്. മമ്മൂട്ടി എന്ന നടനെ രാജ്യാന്തരതലത്തിൽ കൂടി അടയാളപ്പെടുത്തിയ കാഴ്ച. റോട്ടർഡാം ചലച്ചിത്രമേളയിലെ നെറ്റ്പാക് പുരസ്കാരം സ്വന്തമാക്കിയ വിധേയൻ ലണ്ടൻ, മ്യൂണിക്ക്, ടൊറന്റോ, സിംഗപ്പൂർ അടക്കം ഇരുപതിലിധകം രാജ്യാന്തര ചലച്ചിത്രമേളകളിലും പ്രദർശിപ്പിച്ചു. അടൂരിനൊപ്പമുള്ള മമ്മൂട്ടിയുടെ മൂന്നാം സിനിമ. മതിലുകളിലെ ബഷീറിൽനിന്ന് വിധേയനിലെ ഭാസ്കര പട്ടേലരിലേക്കെത്തുമ്പോൾ മമ്മൂട്ടി ദേശീയ പുരസ്കാരജേതാവിൽനിന്ന് മറ്റൊരു ദേശീയ പുരസ്കാര ജേതാവിലേക്കുള്ള ജൈത്രയാത്രയിലായിരുന്നു. അടൂർ ഗോപാലകൃഷ്ണന്റെ സിനിമതന്നെ അതിനു നിമിത്തമായി എന്നത് കാലത്തിന്റെ നിയോഗം. മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ മമ്മൂട്ടിക്ക് സമ്മാനിച്ച വിധേയൻ ദേശീയതലത്തിൽ മികച്ച മലയാള ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് അടൂരിന് മികച്ച സംവിധായകനുള്ള പുരസ്കാരവും മികച്ച സിനിമയ്ക്കുള്ള പുരസ്കാരവും സമ്മാനിച്ചു.

കോളനിവ്യവസ്ഥയെയും അടിമത്തത്തെയും സാമൂഹികാതിക്രമങ്ങളെയും വിശകലനം ചെയ്യുന്ന സിനിമയായി അടൂരിന്റെ വിധേയനെ കണക്കാക്കാം.രണ്ടാം ലോകമഹായുദ്ധവും ബ്രിട്ടീഷ് കോളനിഭരണവും സാധാരണക്കാരുടെ ജീവിതത്തിൽ സൃഷ്ടിച്ച ആഘാതമാണ് സന്ദർഭം. രൂക്ഷമായ ദാരിദ്ര്യത്തിൽനിന്ന് രക്ഷപ്പെടാൻ ഒരു ക്രിസ്ത്യൻ കുടുംബം ദക്ഷിണ കന്നഡയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നതും ഭാസ്കര പട്ടേലർ എന്ന ജന്മിയുടെ കുടിലതകളിലും ക്രൂരതകളിലും അടിമയായി വീഴേണ്ടിവരുന്നതുമാണ് സിനിമയുടെ പ്രമേയം.സിനിമയുടെ ഗ്ലാമറും വിജയങ്ങളുടെ ലഹരിയും ഹരംകൊള്ളിച്ചിരുന്ന കാലത്തും കാലം അടയാളപ്പെടുത്തുന്ന സിനിമകളുടെ ഭാഗമാകാനുള്ള മമ്മൂട്ടിയുടെ അത്യുത്സാഹത്തിന്റെ പ്രതീകം കൂടിയാണ് വിധേയൻ.

മമ്മൂട്ടിയുടെ ഗ്ലാമർ പരിവേഷത്തിന് കോട്ടം തട്ടാത്ത മറ്റൊരു കഥാപാത്രം സേതുരാമയ്യർ എന്ന സി.ബി.ഐ. ഓഫീസറാണ്.നാലുഭാഗങ്ങൾ പിന്നിട്ട സിനിമാപരമ്പര ഇപ്പോഴും മാർക്കറ്റുള്ള ഒരു ഫ്രാഞ്ചൈസി തന്നെയാണ്. ആ വിജയഗാഥയ്ക്കുപിന്നിൽ ഒറ്റക്കാരണമേയുള്ളു; അരക്കയ്യൻ ഷർട്ടുമായി, എണ്ണതേച്ചുമിനുക്കിയ മുടിയും സിന്ദൂരക്കുറിയിട്ട് തിളങ്ങുന്ന നെറ്റിയും മുറുക്കിച്ചുവപ്പിച്ച ചിരിയും കൈ പിന്നിൽ കെട്ടിയ നടത്തവുമായുള്ള ട്രേഡ് മാർക്ക് സേതുരാമയ്യർ മമ്മൂട്ടി.ഇന്നും ജനങ്ങൾക്ക് ആവേശം കഥാപാത്രങ്ങളിൽ ഒന്നാണ് സേതു രാമയ്യർ എന്നു നിസ്സംശയം പറയാം.സേതുരാമയ്യർക്ക് അഞ്ചാംഭാഗവും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

കേരളത്തിലെ വ്യത്യസ്തമായ പ്രാദേശിക വാമൊഴികളെ തന്മയത്വത്തോടെ അവതരിപ്പിച്ചു എന്ന നേട്ടം മമ്മൂട്ടിക്ക് മാത്രം അവകാശപ്പെട്ടതായിരിക്കും. രാജമാണിക്യത്തിലെ ബെല്ലാരി രാജ, കോട്ടയം കുഞ്ഞച്ചനിലെ കുഞ്ഞച്ചൻ, പാലേരി മാണിക്യത്തിലെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി, പ്രാഞ്ചിയേട്ടൻ തുടങ്ങിയവ അതിൽ ചിലതുമാത്രം. വാമൊഴികളിലൂടെ മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങളിൽ ഒന്നാണ് പ്രാഞ്ചിയേട്ടൻ ആൻഡ്​ ദി സെയ്ന്റ് എന്ന ചിത്രത്തിലെ പ്രാഞ്ചിയേട്ടൻ. ആ ചിത്രം ഇറങ്ങിയതോടെ പൊങ്ങച്ചക്കാരനായ പണക്കാരനെ വിശേഷിപ്പിക്കാൻ ഭാഷയിൽ ഇതിലും നല്ല പ്രയോഗമില്ല എന്ന അവസ്ഥയിൽ പ്രാഞ്ചിയേട്ടൻ എന്ന പദമെത്തി.ഒരേസമയം സങ്കീർണവും സരസവും ആയ സിനിമ.തൃശ്ശൂർഭാഷയുടെ പ്രയോഗം സിനിമയുടെ ഹൃദയമാണെങ്കിലും മമ്മൂക്കയുടെ പ്രാഞ്ചിയേട്ടൻ അൽപ്പം വേറിട്ട് നിന്നു എന്നു വേണം പറയാൻ.സൂക്ഷ്മമായ പ്രകടനവും നിയന്ത്രിതഹാസ്യവും കൊണ്ട് മമ്മൂട്ടി പ്രാഞ്ചിയേട്ടനെ അനശ്വരമാക്കി.

മമ്മൂട്ടി സ്വന്തം മുഖവും മൊഴിയും അഴിച്ചുപണിഞ്ഞ വിസ്മയകരമായ വേഷപ്പകർച്ചകളും ഉടലിന്റെ പകർന്നാട്ടങ്ങളും കണ്ടാസ്വദിച്ച ആരാധകർ കാത്തിരിക്കുകയാണ് മഹത്വപൂർണ്ണമായ പുതിയ കഥാപാത്രങ്ങൾക്ക് വേണ്ടി.

Comments are closed.