DCBOOKS
Malayalam News Literature Website

കമല്‍ഹാസന് ജന്മദിനാശംസകള്‍

ബാലനടന്‍ എന്ന നിലയില്‍ ആറാമത്തെ വയസ്സില്‍ അഭിനയം ആരംഭിച്ച പ്രശസ്ത തമിഴ്‌നടനാണ് കമല്‍ഹാസന്‍. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ ബഹുമുഖ പ്രതിഭയായി അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ പരമക്കുടി എന്ന സ്ഥലത്താണ് കമലഹാസന്‍ ജനിച്ചത്. അച്ഛന്‍ പ്രശസ്ത ക്രിമിനല്‍ വക്കീലായിരുന്ന ഡി.ശ്രീനിവാസന്‍, അമ്മ രാജലക്ഷ്മി. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കമലഹാസന്‍ പാര്‍ത്ഥസാരഥി എന്നാണ് പേരിട്ടത്. കമലഹാസന്‍ ആ കുടുംബത്തിലെ നാലു മക്കളില്‍ ഏറ്റവും ഇളയതായിരുന്നു.

1960-ല്‍ ജമിനി ഗണേശനും സാവിത്രിക്കും ഒപ്പമാണ് എ.വി.എമ്മിന്റെ കളത്തൂര്‍ കണ്ണമ്മ ചിത്രത്തിലൂടെ ആറാം വയസ്സില്‍ കമലഹാസന്‍ ചലച്ചിത്ര രംഗത്ത് എത്തിയത്. ഭീംസിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ അരങ്ങേറ്റത്തില്‍ തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാര്‍ഡും നേടി. തുടര്‍ന്ന് 1960 മുതല്‍ 63 വരെയുള്ള കാലഘട്ടത്തില്‍ കണ്ണും കരളും എന്ന ഒരു മലയാളം ചലച്ചിത്രം ഉള്‍പ്പെടെ അഞ്ചു ചിത്രങ്ങളില്‍ കമല്‍ ബലതാരമായി അഭിനയിച്ചു. ചെന്നൈയിലെ സാന്തോമിലുള്ള കോണ്‍വെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കമലഹാസന്‍ തികച്ചും യാദൃച്ഛികമായിട്ടാണ് സിനിമയില്‍ എത്തിയത്. അതിന് നിമിത്തമായത് കുടുംബ ഡോക്ടറായ സാറാ രാമചന്ദ്രനും എ.വി.എം. സ്റ്റുഡിയോ ഉടമ മെയ്യപ്പ ചെട്ടിയാരും ആയിരുന്നു. 1963-നു ശേഷം പഠനത്തിനായി കമല്‍ ചലച്ചിത്രങ്ങളില്‍ നിന്ന് വിട്ടു നിന്നു. അരങ്ങേറ്റത്തിനു ശേഷം ഏതാണ്ട് അഞ്ചു ചിത്രങ്ങളില്‍ കൂടി കമലഹാസന്‍ ബാലതാരമായി അഭിനയം തുടര്‍ന്നു. തമിഴ് സിനിമാ ലോകത്തെ മുന്‍നിര നായകന്മാരായിരുന്ന ശിവാജി ഗണേശന്റേയും എം.ജി.രാമചന്ദ്രന്റേയും ഒക്കെ ഒപ്പം കമലഹാസന്‍ ബാലതാരമായി അഭിനയിച്ചു. ടി.കെ.ഷണ്‍മുഖത്തിന്റെ നാടക കമ്പനിയായിരുന്ന ടി.കെ.എസ് നാടക സഭയിലെ അനുഭവങ്ങള്‍ കമലഹാസനിലെ നടനെ രൂപപ്പെടുത്തി. പിന്നീട് 1972-ല്‍ ‘മന്നവന്‍’ എന്ന ചിത്രത്തില്‍ സഹനടനായി തിരിച്ചു വരവ് നടത്തി. തുടര്‍ന്ന് ‘പരുവകാലം’, ‘ഗുമസ്താവിന്‍ മകന്‍’ എന്ന സിനിമകള്‍ ചെയ്തു. കെ. ബാലചന്ദറിന്റെ ‘നാന്‍ അവനില്ലെ’ എന്ന ചിത്രത്തില്‍ ജമിനി ഗണേശനോടൊപ്പം അഭിനയിക്കാനും അവസരം കിട്ടി. ഈ കാലഘട്ടത്തിലാണ് ‘കന്യാകുമാരി’, ‘വിഷ്ണുവിജയം’ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചത്.

1981ല്‍ ‘ഏക് ദുജേ കേലിയേ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കമല്‍ ഹാസന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. പ്രസ്തുത ചിത്രത്തിലൂടെ തന്നെ കമല്‍ ഹാസനെ തേടി അദ്ദേഹത്തിന്റെ പ്രഥമ ഫിലിം ഫെയര്‍ അവാര്‍ഡും എത്തി. 1981ല്‍ തന്റെ നൂറാമത് ചിത്രം ‘രാജ പാര്‍വ്വെ’ നിര്‍മിച്ചു കൊണ്ട് കമല്‍ നിര്‍മ്മാണരംഗത്തേക്കും കാലെടുത്തു വെച്ചു. കമല്‍ ഹാസന്‍ നാലു വേഷങ്ങള്‍ അഭിനയിച്ച, 1990ല്‍ ഇറങ്ങിയ ‘മൈക്കെല്‍ മദന കാമരാജന്‍’ എന്ന കോമഡി ചിത്രം വന്‍ഹിറ്റുകളിലൊന്നായിരുന്നു. പിന്നീട് ‘രാജ് തിലക്’, സാഗര്‍, ഹേ റാം, ഇന്ത്യന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ കമല്‍ഹാസന്റെ സിനിമാജീവിതത്തില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ സാധിക്കാത്ത വിധം പ്രേക്ഷകഹൃദയം കവര്‍ന്നു.

അഭിനയത്തിനു പുറമെ, നിര്‍മ്മാതാവ്, ഗായകന്‍, ഗാനരചയിതാവ്, സംവിധായകന്‍, കഥാ / തിരക്കഥാകൃത്ത് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കമല്‍ഹാസന്‍ സാമൂഹിക സേവനരംഗത്തും സജീവമായിരുന്നു. മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ക്ക് ‘അബ്രഹാം കോവൂര്‍ ദേശീയ അവാര്‍ഡ്’ കമലിനെ തേടിയെത്തി. എച്ച്.ഐ.വി ബാധിതരുടെ പുനരധിവാസത്തിനു വേണ്ടി ധനശേഖരണത്തിനും, ഹൃദയരാഗം-2010ന്റെ പ്രൊജക്റ്റ് അംബാസഡര്‍ ആയും കമല്‍ പ്രവര്‍ത്തിച്ചു. കുട്ടികളുടെ കാന്‍സര്‍ ചികിത്സക്കു വേണ്ടിയുള്ള ഫണ്ടു ശേഖരണത്തിലും കമല്‍ സജീവമായിരുന്നു.സമീപകാലത്തായാണ് താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് കമല്‍ പ്രഖ്യാപിച്ചത്. മക്കള്‍നീതിമയ്യം എന്ന രാഷ്ട്രീയപ്രസ്ഥാനവും കമല്‍ ഇതിനായി രൂപീകരിച്ചിട്ടുണ്ട്.

Comments are closed.