DCBOOKS
Malayalam News Literature Website

രാജാ രവിവര്‍മ്മയുടെ ജന്മവാര്‍ഷിക ദിനം

രാജാ രവിവര്‍മ്മ(ചിത്രമെഴുത്തു കോയി തമ്പുരാന്‍ ) രാജാക്കന്മാര്‍ക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാര്‍ക്കിടയിലെ രാജാവുമായിരുന്നു. ചിത്രമെഴുത്ത് യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്‌കാരികോന്നമനത്തിനും അദ്ദേഹം വഴിതെളിച്ചു.

രവിവര്‍മ്മ എണ്ണച്ചായത്തില്‍ വരച്ച ബക്കിങ്ങ്ഹാം പ്രഭുവിന്റെ ഛായാ ചിത്രം മദ്രാസ് ഗവണ്‍മന്റ് ആസ്ഥാനത്ത് സ്ഥാപിച്ചതോടെ രവിവര്‍മ്മ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. നിരന്തര പ്രയത്‌നങ്ങളിലൂടെ രവിവര്‍മ്മ ഉയരങ്ങള്‍ കീഴടക്കികൊണ്ടിരുന്നു. ‘മൂടത്തു മഠത്തില്‍ ചെന്നാല്‍ ദേവകന്യകമാരെ കാണാം’ എന്ന് ജനങ്ങള്‍ പറയാന്‍ തുടങ്ങി. കടുത്ത ദേവീ ഭക്തനായിരുന്ന അദ്ദേഹത്തിനെ തീണ്ടലും തൊടീലും ഒന്നും ബാധിച്ചിരുന്നില്ല. സദാചാരനിഷ്ടയിലും ബദ്ധശ്രദ്ധനായിരുന്നു. 1871ല്‍ മഹാരാജാവില്‍ നിന്ന് അദ്ദേഹത്തിന് വീരശൃംഖല ലഭിച്ചു, കൂടാതെ ആസ്ഥാന ചിത്രകാരനായി അവരോധിക്കപെടുകയും ചെയ്തു.

1873ല്‍ മദ്രാസില്‍ നടന്ന കലാപ്രദര്‍ശനത്തില്‍ പല യൂറോപ്പ്യന്‍ ചിത്രകാരന്മാരുടെ ചിത്രങ്ങളേയും പിന്തള്ളി രവിവര്‍മ്മയുടെ ‘മുല്ലപ്പൂ ചൂടിയ നായര്‍ വനിതക്ക്’ ഒന്നാം സമ്മാനമായ സുവര്‍ണ്ണമുദ്ര ലഭിച്ചതോടെ അദ്ദേഹത്തിന്റെ പ്രസിദ്ധി കടല്‍ കടന്നും പരക്കാന്‍ തുടങ്ങി. അതേകൊല്ലം തന്നെ വിയന്നയില്‍ നടന്ന ലോകകലാ പ്രദര്‍ശനത്തിലും ഇതേ ചിത്രത്തിനു സമ്മാനം ലഭിച്ചു. ഇതോടെ ഇന്ത്യയിലേയും വിദേശത്തേയും പത്രങ്ങള്‍ രവിവര്‍മ്മയുടെ പ്രതിഭയെ പ്രകീര്‍ത്തിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. 1874ല്‍ മദ്രാസില്‍ നടന്ന കലാപ്രദര്‍ശനത്തില്‍ ‘തമിഴ്‌സ്ത്രീയുടെ ഗാനാലാപനം’ എന്ന ചിത്രം ഒന്നാം സമ്മാനത്തിനര്‍ഹമായി, അതോടു കൂടി രവിവര്‍മ്മയുടെ പ്രശസ്തി വീണ്ടു ഉയരങ്ങളിലേക്കെത്തി. 1876ല്‍ മദ്രാസില്‍ നടന്ന ചിത്രപ്രദര്‍ശനത്തിലേക്ക് രവിവര്‍മ്മ തന്റെ ‘ശകുന്തളയുടെ പ്രേമലേഖനം’ എന്ന ചിത്രം അയച്ചു. ചിത്രകലയിലെ വിസ്മയമായി ആ ചിത്രം വാഴ്ത്തപ്പെട്ടു.

പലരും എന്തു വിലകൊടുത്തും ആ ചിത്രം വാങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും ബക്കിങ്ങ്ഹാം പ്രഭു അതു നേരത്തേ തന്നെ വാങ്ങിയിരുന്നു. ഈ ചിത്രം കണ്ട സര്‍ മോണിയര്‍ വില്യംസ് തന്റെ അഭിജ്ഞാന ശാകുന്തളത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജമക്ക് മുഖചിത്രമായി ചേര്‍ക്കാന്‍ അനുവാദം തേടി. അങ്ങനെ 28 വയസ്സ് തികയും മുമ്പെ ലോക പ്രശസ്ത ചിത്രകാരനായി രവിവര്‍മ്മ മാറിയിരുന്നു. ഏകാന്തമായ കലാസഞ്ചാരമൊന്നും ആ മഹാനായ കലാകാരന് പഥ്യമല്ലായിരുന്നു. ചിത്രമെഴുതുമ്പോള്‍ ആശ്രിതരും വിശിഷ്ടവ്യക്തികളും സാധാരണക്കാരും എല്ലാമായി അനേകം പേര്‍ കാഴ്ചക്കാരായി ഉണ്ടാകും. അക്കൂടെ തന്നെ സംസാരിക്കാനും പുരാണപാരായണം ചെയ്യുവാനും എല്ലാം അദ്ദേഹത്തിനു സാധിച്ചിരുന്നു.

1904 നവംബറില്‍ അനുജന്‍ രാജരാജവര്‍മ്മ മരിച്ചു, ഇത് രവിവര്‍മ്മയെ അപ്രതീക്ഷിതമായി തളര്‍ത്തി. എങ്കിലും അദ്ദേഹം നേരത്തേ ഏറ്റിരുന്ന ചിത്രങ്ങളുടെ രചനയില്‍ മുഴുകി. 1906 ആയപ്പോഴേക്കും പ്രമേഹ രോഗബാധിതനായിരുന്ന രവിവര്‍മ്മയുടെ നില മോശത്തിലായി, 1906 സപ്തംബറില്‍ രവിവര്‍മ്മ രോഗശ്ശയ്യയില്‍ എന്ന് ഇന്ത്യയിലേയും വിദേശത്തേയും പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നു. ലോകമെമ്പാടു നിന്നും, ആരാധകരും മിത്രങ്ങളും അദ്ദേഹത്തെ കാണാനായി എത്തിക്കൊണ്ടിരുന്നു. ഒക്ടോബര്‍ രണ്ടിന് അദ്ദേഹം ശാന്തനായി മരണത്തെ പുല്‍കി. അഴകും തന്മയത്വവും സമന്വയിപ്പിച്ച് അദ്ദേഹം വരച്ച ചിത്രങ്ങള്‍ ഭാരതസങ്കല്‍പ്പങ്ങള്‍ക്ക് ചിത്രസാക്ഷാത്കാരം നല്‍കി, ഭാരത പുരാണങ്ങള്‍ക്കും കാവ്യങ്ങള്‍ക്കും കാഴ്ചാനുഭൂതി നല്‍കി, രവിവര്‍മ്മ എന്ന ചിത്രകാരന്റെ പ്രസക്തിയും ഇതായിരുന്നു.

Comments are closed.