DCBOOKS
Malayalam News Literature Website

സി.വി രാമന്‍പിള്ളയുടെ ജന്മവാര്‍ഷികദിനം

ആദ്യകാല മലയാള നോവലിസ്റ്റുകളില്‍ പ്രമുഖനായിരുന്ന സി.വി.രാമന്‍പിള്ള കേരള സ്കോട്ട് എന്ന വിശേഷണത്താലാണ് അറിയപ്പെടുന്നത്. മാര്‍ത്താണ്ഡവര്‍മ്മാ,രാമരാജാബഹദൂര്‍,ധര്‍മ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവാണ് അദ്ദേഹം. തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാകേശവദാസന്‍ അദ്ദേഹത്തിന്റെ പിതാമഹനായിരുന്നു. 1858 മെയ് 19ന് തിരുവനന്തപുരത്ത് കോച്ചുകണ്ണച്ചാര്‍ വീട്ടിലായിരുന്നു ജനനം.

തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ ജോലിക്കാരായിരുന്നു അച്ഛനും അമ്മയും. സി.വി.യുടെ വിദ്യാഭ്യാസത്തിന് സംരക്ഷണം നല്‍കിയത് രാജാകേശവദാസന്റെ ദൗഹിത്രീപുത്രനായ നങ്കക്കോയിക്കല്‍ കേശവന്‍തമ്പിയായിരുന്നു. 1881-ല്‍ ബി.എ പാസായി.ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം കഴിച്ചു. ഈ വിവാഹബന്ധം വിജയകരമായിരുന്നില്ല. നാട് വിട്ട് ഹൈദരാബാദിലേക്ക് പോയി. ഈ യാത്ര അദ്ദേഹത്തിന് പ്രമുഖ രാജസ്ഥാനങ്ങളെ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന് സഹായിച്ചു. 1887-ല്‍ വീണ്ടും വിവാഹിതനായി. ഭാര്യ പരുന്താനി കിഴക്കേവീട്ടില്‍ ഭാഗീരഥിയമ്മ. ഇവര്‍ 1904-ല്‍ മരിച്ചു. പിന്നീട് അവരുടെ മൂത്തസഹോദരി ജാനകി അമ്മയെ വിവാഹം കഴിച്ചു.

കേരള പേട്രിയറ്റ് എന്നൊരു പത്രം കുറച്ചു കാലം നടത്തിയിരുന്നു. ഹൈക്കോടതിയില്‍ ചെറിയൊരു ജോലി കിട്ടിയതിനെ തുടര്‍ന്ന് നിയമപഠനത്തിന് ലോ കോളേജില്‍ ചേര്‍ന്നു. അതും പ്ലീഡര്‍ പരീക്ഷയും ഒന്നും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഹൈക്കോടതിയില്‍ ശിരസ്തദാറായി ഉയരുകയും പിന്നീട് 1905ല്‍ ഗവണ്മെന്റ് പ്രസ്സില്‍ സൂപ്രണ്ടായി ജോലിയില്‍ നിന്ന് വിരമിക്കുകയും ചെയ്തു. 1918ല്‍ സി.വി. തിരുവിതാംകൂര്‍ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അദ്ധ്യക്ഷനായി. പരീക്ഷാ ബോര്‍ഡ് മെമ്പറായി കുറച്ചു കാലം ജോലി ചെയ്തു. മലയാളിസഭയില്‍ പ്രവര്‍ത്തിച്ചു. മലയാളി, മിതഭാഷി, വഞ്ചിരാജ് എന്നീ പത്രികകളുടെ പിന്നിലും പ്രവര്‍ത്തിച്ചു. ജന്മികുടിയാന്‍ പ്രശ്‌നം, വിവാഹ ബില്‍ എന്നിവയെപ്പറ്റി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മലയാളി മെമ്മോറിയലിനു പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികളിലൊന്ന് സി.വിയുടേതായിരുന്നു. 1922 മാര്‍ച്ച് 21-ന് അന്തരിച്ച ഇദ്ദേഹം കേരള സ്‌കോട്ട് എന്നറിയപ്പെടുന്നു.

സി.വി. യുടെ മാര്‍ത്താണ്ഡവര്‍മ്മാ, ധര്‍മ്മരാജാ, രാമരാജ ബഹദൂര്‍ എന്നീ നോവലുകളെ ചേര്‍ത്ത് സി.വി.യുടെ ചരിത്രാഖ്യായികകള്‍ എന്ന് വിളിക്കുന്നു. മാര്‍ത്താണ്ഡവര്‍മ്മാ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണ്. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ രാജാവാകുന്നതാണ് 1891ല്‍ പുറത്തിറങ്ങിയ ഈ നോവലിന്റെ ഇതിവൃത്തം. ധര്‍മ്മരാജായില്‍ രാജ്യദ്രോഹമാണ് മുഖ്യപ്രമേയം. മാര്‍ത്താണ്ഡവര്‍മ്മയുടെ അനന്തരവനായ കാര്‍ത്തികത്തിരുനാളിന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നേരിടേണ്ടിവരുന്ന ഉപജാപങ്ങളും അവയുടെ പരാജയങ്ങളുമാണ് പ്രതിപാദ്യം. രാമരാജാബഹദൂറിലും ഭരണാധിപന്‍ ധര്‍മ്മരാജാവുതന്നെ. രാജ്യത്തിനകത്തുനിന്നുള്ളതിനെക്കാള്‍ പുറത്ത് മൈസൂരില്‍ നിന്നാണ് ഇക്കാലയളവില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നത്. ഒടുവില്‍ രാജശക്തി തന്നെ ജയിക്കുന്നു.

Comments are closed.