DCBOOKS
Malayalam News Literature Website

ജീവിതം കൊണ്ട് ചരിത്രം രചിച്ച സ്റ്റീഫൻ ഹോക്കിങ്

വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫൻ ഹോക്കിങിന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. നാഡീകോശങ്ങളെ തളര്‍ത്തുന്ന മാരകമായ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ടാണ് ഈ അതുല്യപ്രതിഭ ജീവിച്ചത്.

1942 ജനുവരി 8ന്‌ ഓക്സ്ഫോർഡിലാണ്‌ സ്റ്റീഫൻ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ ‍സ്റ്റീഫൻ ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിലെ സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫൻ ഹോക്കിങിന്‌ ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം.

17-ആം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. കൈകാലുകൾ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവർത്തകരുടെ പിന്തുണ അദ്ദേഹത്തിന്‌ ആത്മവിശ്വാസം പകർന്നു.

സൈദ്ധാന്തിക ജ്യോതിശാസ്ത്രമാണ്‌ സ്റ്റീഫൻ ഹോക്കിൻസിന്റ്ര് മുഖ്യ ഗവേഷണ മേഖല. കേബ്രിഡ്ജിലെ പഠനകാലത്ത് റോജർ പെൻറോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണ്‌ ഹോക്കിങിനെ ജ്യോതിശാസ്ത്രവുമായി അടുപ്പിച്ചത്. അവരിരുവരും ചേർന്ന് ‍ആൽബർട്ട് ഐൻസ്റ്റീൻറെ ആപേഷികതാസിദ്ധാന്തത്തിന്‌ പുതിയ വിശദീകരണം നൽകി. പ്രപഞ്ചോല്പത്തിയെക്കുറിച്ചും അവർ ചില സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചു. പ്രപഞ്ചോല്‍പത്തിക്കുകാരണമായ മഹാവിസ്ഫോടനത്തിനുമുന്‍പ് എന്താണ് ഉണ്ടായതെന്ന് തനിക്കറിയാം എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ഹോക്കിങ് അതുവരെയുണ്ടായിരുന്നു ദൈവവിശ്വാസങ്ങളെയെല്ലാം ചോദ്യം ചെയ്തു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനിനുശേഷം ലോകത്ത് ജീവിച്ച ഏറ്റലവും പ്രഗല്‍ഭമായ മസ്തിഷ്കക്കിന്റെ ഉടമയായിരുന്നു ഹോക്കിങ്.

നാശോന്മുഖമായ നക്ഷത്രങ്ങൾ അഥവാ തമോഗർത്തങ്ങളുടെ പിണ്ഡം, ചാർജ്ജ്, കോണീയസംവേഗബലം എന്നിവയ്ക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടർപഠനങ്ങൾ. ഭീമമായ ഗുരുത്വാകർഷണ ബലം ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. രണ്ടുതവണ ഇന്ത്യസന്ദര്‍ശിച്ച ഹോക്കിങ് മുംബൈയില്‍ ശാസ്ത്രപ്രതിഭകള്‍ക്കുമുന്നില്‍ തന്റെ ആശയങ്ങള്‍ പങ്കുവച്ചു. തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങില്‍ ഒന്നായ ബഹിരാകാശ യാത്ര ബാക്കിവച്ചാണ് ഹോക്കിങ് വിടപറഞ്ഞത്.

പ്രധാന രചനകൾ

സ്റ്റീഫൻ ഹോക്കിങ്ങിനെ ലോകപ്രശസ്തനാക്കിയ A Brief History of Time (സമയത്തിന്റെ സംക്ഷിപ്ത ചരിത്രം) . നാൽപതോളം ഭാഷകളിലായി കോടിക്കണക്കിനു പതിപ്പുകൾ വിറ്റഴിഞ്ഞ പുസ്തകമാണിത്. The Universe in a Nutshell, മകൾ ലൂസിയുമായി ചേർന്നു കുട്ടികൾക്കായി അദ്ദേഹം എഴുതിയ ‘George’s Secret Key to The Universe, ദ് ഗ്രാൻഡ് ഡിസൈൻ, ബ്ലാക്ക് ഹോൾസ് ആൻഡ് ബേബി യൂണിവേഴ്സ്, ഗോഡ് ക്രിയേറ്റഡ് ദ് ഇന്റിജേഴ്സ്, മൈ ബ്രീഫ് ഹിസ്റ്ററി. ജി.എഫ്.ആർ.എല്ലിസുമായി ചേർന്ന് എഴുതിയ ‘ലാർജ് സ്കെയിൽ സ്ട്രക്ചർ ഓഫ് സ്പേസ് ടൈം’, ഡബ്ല്യു.ഇസ്രയേലിനൊപ്പം എഴുതിയ ‘ജനറൽ റിലേറ്റിവിറ്റി’ എന്നിവയാണു മറ്റു പ്രധാന രചനകൾ.

സ്റ്റീഫൻ ഹോക്കിങിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.