DCBOOKS
Malayalam News Literature Website

മദര്‍ തെരേസയുടെ ജന്മവാര്‍ഷികദിനം

Mother Teresa
Mother Teresa

ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെട്ടിട്ടുള്ള ശ്രേഷ്ഠവനിതകളിലൊരാളാണ് അഗതികളുടെ അമ്മ എന്ന വിളിപ്പേരിലറിയപ്പെടുന്ന മദര്‍ തെരേസ. കൊല്‍ക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും കുഷ്ഠരോഗികളുടെയും കണ്ണുനീര്‍ തുടച്ച സന്യാസിനി. മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊല്‍ക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ച മദര്‍ തെരേസയ്ക്ക് 1979-ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചു. 2016 സെപ്റ്റംബര്‍ നാലിന് മദര്‍ തെരേസയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.

അല്‍ബേനിയയിലെ ഒരു സാധാരണ കുടുംബത്തില്‍ 1910 ഓഗസ്റ്റ് 26 നായിരുന്നു മദര്‍ തെരേസയുടെ ജനനം. ആഗ്നസ് എന്നായിരുന്നു അന്നത്തെ പേര്. ജന്മംകൊണ്ട് അല്‍ബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്ക സന്യാസിനിയുമാണ് താനെന്ന് മദര്‍ തെരേസ പറയുമായിരുന്നു. മദര്‍ തെരേസയുടെ കീഴില്‍ വളര്‍ന്ന മിഷണറീസ് ഓഫ് ചാരിറ്റി ഇതര രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇപ്പോള്‍ 133 രാജ്യങ്ങളിലായി ഏതാണ്ട് 4,500 ഓളം സന്യാസിനിമാര്‍ ഈ സംഘടനയുടെ പേരില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുണ്ട്. 45 വര്‍ഷത്തോളം ലോകത്തിലെ വിവിധയിടങ്ങളിലെ അശരണരരുടേയും, രോഗികളുടേയും, അനാഥരുടേയും ആശ്രയകേന്ദ്രമായിരുന്നു മദര്‍ തെരേസ. 1970കളോടെ ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹികപ്രവര്‍ത്തകയായി അവര്‍ മാറി. മരണ ശേഷം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കൊല്‍ക്കത്തയിലെ വാഴ്ത്തപ്പെട്ട തെരേസ എന്ന പേരില്‍ അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികള്‍ക്ക് മദര്‍ തെരേസ അര്‍ഹയായിട്ടുണ്ട് . അമേരിക്കയിലെ ജനങ്ങള്‍ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയില്‍ മദര്‍ തെരേസ ഉള്‍പ്പെട്ടിട്ടുണ്ട്. നോബേല്‍ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച തുക ഇന്ത്യയിലെ അവശതയനുഭവിക്കുന്ന പാവങ്ങളുടെ ക്ഷേമത്തിനായി അവര്‍ ചെലവഴിച്ചു. മാര്‍പ്പാപ്പ നല്‍കുന്ന പുരസ്‌കാരം, ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ മാഗ്‌സസെ പുരസ്‌കാരം എന്നിവയും അവരുടെ സേവനത്തിനുള്ള ബഹുമതിയായി നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ ലോകത്തിന്റെ ഭാഗങ്ങളിലുള്ള ചാരിറ്റി സംഘടനകളുടെ വിവിധ പുരസ്‌കാരങ്ങളും മദര്‍ തെരേസക്ക് ലഭിച്ചിട്ടുണ്ട്. 1997 സെപ്റ്റംബര്‍ അഞ്ചിന് അഞ്ചിന് മദര്‍ തെരേസ അന്തരിച്ചു.

Comments are closed.