DCBOOKS
Malayalam News Literature Website

മുഹമ്മദ് റാഫിയുടെ ജന്മവാര്‍ഷികദിനം

പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര പിന്നണി ഗായകനായിരുന്ന മുഹമ്മദ് റാഫി 1924 ഡിസംബര്‍ 24-ന് അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന അമൃത്‌സറിനടുത്തെ കോട്‌ല സുല്‍ത്താന്‍പൂരില്‍ ജനിച്ചു. ഉസ്താദ് ബഡേ ഗുലാം അലി ഖാന്‍, ഉസ്താദ് അബ്ദുള്‍ വാഹിദ് ഖാന്‍, പണ്ഡിത് ജീവന്‍ലാല്‍ മട്ടോ, ഫിറോസ് നിസാമി എന്നിവരില്‍ നിന്നുമായി റാഫി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു.

റാഫിയുടെ സംഗീതാഭിരുചി മനസ്സിലാക്കിയ സംവിധായകന്‍ ശ്യാം സുന്ദര്‍ റാഫിയെ ഗായിക സീനത്ത് ബീഗത്തിനൊപ്പം സോണിയേ നീ, ഹീരിയേ നീ എന്ന ഗാനം ഗുല്‍ ബാലോച്ച് എന്ന പഞ്ചാബി ചിത്രത്തില്‍ പാടിച്ചു. ഈ സമയത്തു തന്നെ റാഫിയെ ലാഹോര്‍ റേഡിയോ നിലയം അവിടത്തെ സ്ഥിരം ഗായകനായി ക്ഷണിച്ചു. തുടര്‍ന്ന് മുംബൈയിലെത്തിയ റാഫി ഹിന്ദി സിനിമകളില്‍ പാടി.

ഉര്‍ദു, ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം ഭാഷകളില്‍ പാടിയിട്ടുണ്ടെങ്കിലും ഉര്‍ദു ഹിന്ദി സിനിമകളില്‍ പാടിയ ഗാനങ്ങളിലൂടെയാണ് ഇദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നത്. ദേശീയ അവാര്‍ഡും ആറുതവണ ഫിലിം ഫെയര്‍ അവാര്‍ഡും നേടിയ അദ്ദേഹത്തെ 1967-ല്‍ പത്മശ്രീ ബഹുമതി നല്‍കി രാജ്യം ആദരിച്ചിരുന്നു. 1980 ജൂലൈ 31-ന് അദ്ദേഹം അന്തരിച്ചു.

Comments are closed.