DCBOOKS
Malayalam News Literature Website

കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ ജന്മവാര്‍ഷികദിനം

ആധുനിക മലയാള ഗദ്യത്തിന്റെ ജനയിതാവ്, പ്രചാരകന്‍, മലയാളത്തിലെ വിമര്‍ശന സാഹിത്യത്തിന്റെ പ്രോദ്ഘാടകന്‍ എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന സാഹിത്യകാരനായിരുന്നു കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍. ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തിലെ പൂരം തിരുനാള്‍ ദേവി അംബ തമ്പുരാട്ടിയുടെയും ചെറിയൂര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെയും പുത്രനായി 1845 ഫെബ്രുവരി 19-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഒമ്പതുവയസ്സ് തികയുന്നതിനു മുമ്പേ സംസ്‌കൃതത്തില്‍ സാമാന്യജ്ഞാനം നേടിയിരുന്നു. തുടര്‍ന്ന് സംസ്‌കൃതം, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ ഉന്നതമായ പാണ്ഡിത്യം സമ്പാദിച്ചു. 15-ാമത്തെ വയസ്സില്‍ റാണി ലക്ഷ്മീഭായിയെ വിവാഹം കഴിച്ചതോടെ കേരളവര്‍മ്മ വലിയകോയിത്തമ്പുരാനായി.

വിശാഖവിജയം ഉള്‍പ്പെടെ മുപ്പതോളം സംസ്‌കൃതകൃതികളും മയൂരസന്ദേശം, ദൈവയോഗം എന്നീ സ്വതന്ത്ര കൃതികളും അമരുകശതകം, അന്യോപദേശ ശതകം, മണിപ്രവാളശാകുന്തളം എന്നീ വിവര്‍ത്തനങ്ങളും ആറ് ആട്ടക്കഥകളും ‘അക്ബര്‍’ എന്ന ചരിത്രാഖ്യായികയും കേരളവര്‍മ്മ രചിച്ചിട്ടുണ്ട്. മണിപ്രവാള ശാകുന്തളം അദ്ദേഹത്തെ കേരള കാളിദാസന്‍ എന്ന അപരനാമത്തിന് അര്‍ഹനാക്കി. ദ്വിതീയാക്ഷരപ്രാസവാദത്തിന്റെ അമരക്കാരന്‍ എന്ന നിലയില്‍ അക്കാലത്ത് സാഹിത്യസംവാദവേദികളില്‍ നിറഞ്ഞുനിന്ന കവിവ്യക്തിത്വമായിരുന്നു കേരളവര്‍മ്മ. പാഠപുസ്തകകമ്മിറ്റി ചെയര്‍മാനായി നിയമിക്കപ്പെട്ട ഇദ്ദേഹം ഭാഷയിലെ ഗദ്യകൃതികളുടെ അഭാവം മനസ്സിലാക്കി മഹച്ചരിതസംഗ്രഹം, സന്മാര്‍ഗപ്രദീപം, വിജ്ഞാനമഞ്ജരി തുടങ്ങിയ പാഠപുസ്തകങ്ങള്‍ രചിച്ചു നല്‍കി. 1914 സെപ്റ്റംബര്‍ 22-ന് അദ്ദേഹം അന്തരിച്ചു.

Comments are closed.