DCBOOKS
Malayalam News Literature Website

‘ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍’; നിലയ്‌ക്കാത്ത ചെമ്പൈ നാദം

സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്.
1896 സെപ്തംബർ ഒന്നിന് പാലക്കാട് ജില്ലയിലെ കോട്ടായി പഞ്ചായത്തിലെ ചെമ്പൈ അഗ്രഹാരത്തിൽ ജനനം. മൂന്നാം വയസിൽ കർണ്ണാടക ശാസ്ത്രീയ സംഗീതം അഭ്യസിക്കുവാൻ  ആരംഭിച്ചു. തുടർന്ന് വയലിനും ഓടക്കുഴലും അഭ്യസിക്കാന് തുടങ്ങി. ഒറ്റപ്പാലത്തായിരുന്നു അരങ്ങേറ്റം. 1907-ൽ വൈക്കത്തും ഗുരുവായൂരും കച്ചേരികൾ നടത്തി. 1913-നും 27-നും ഇടയിൽ അനേകം കച്ചേരികൾ നടത്തി.

ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. സ്വരശുദ്ധിയോടൊപ്പം അഗാതമായ പാണ്ഡിത്യവും മധുരമായ ശബ്ദവുമെല്ലാം അദ്ദേഹത്തെ പ്രശസ്തിയിലേയ്ക്ക് ഉയർത്തി. 70 വർഷത്തോളം കർണ്ണാടകസംഗീത ലോകത്തെ ചക്രവർത്തിയായി അദ്ദേഹം വിരാജിച്ചു. തന്റെ ഉയർച്ചയ്ക്കെല്ലാം കാരണം ഗുരുവായൂരപ്പനാണെന്ന്  ചെമ്പൈ വിശ്വസിച്ചിരുന്നു.

ഭാഗവതർ എന്ന നിലയിൽ നൈമിഷികമായി ധർമ്മം പ്രകടിപ്പിക്കുവാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. ജാതി-മത ചിന്തകൾക്കതീതമായി ശിഷ്യഗണത്തെ പ്രോത്സാഹിപ്പിക്കുവാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പ്രസിദ്ധ സംഗീതജ്ഞരായ യേശുദാസ്, ജയവിജയന്മാർ, പി. ലീല എന്നിവരൊക്കെ ചെമ്പൈയുടെ ശിഷ്യഗണത്തിൽപ്പെട്ടവരാണ്. അരിയക്കുടി രാമാനുജ അയ്യങ്കാർ, മഹാരാജപുരം വിശ്വനാഥ അയ്യർ, ചെമ്പൈ എന്നിവരെ കർണ്ണാടകസംഗീതത്തിലെ അഭിനവ ത്രിമൂർത്തികളായി വിശേഷിപ്പിക്കാറുണ്ട്.

1940-ൽ കൽക്കി കൃഷ്ണമൂർത്തി ‘ഗാനഗന്ധർവ്വ’ എന്ന വിശേഷണം അദ്ദേഹത്തിനു നൽകി. കർണ്ണാടകസംഗീതത്തിലെ ഏറ്റവും ഉയർന്ന അംഗീകാരമായ സംഗീതകലാനിധി’ പുരസ്കാരം (1951), സംഗീതനാടക അക്കാദമി അവാർഡ് (1958), സംഗീത കലാശിഖാമണി ബിരുദം (1964) എന്നിവയെല്ലാം ലഭിച്ചിട്ടുണ്ട്. 1973-ൽ പത്മഭൂഷൺ ബഹുമതി നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1974 ഒക്ടോബർ 16-ന് ഒറ്റപ്പാലം പൂഴിക്കുന്ന് ശ്രീ കൃഷ്ണക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവകച്ചേരി കഴിഞ്ഞശേഷം ശിഷ്യരുമായി സംസാരിച്ചിരിക്കെ പെട്ടെന്നദ്ദേഹം കുഴഞ്ഞുവീണു മരിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിൽ ചെമ്പൈയോടുള്ള ആദരസൂചകമായി എല്ലാ വർഷവും ഗുരുവായൂർ ഏകാദശി നാളിൽ സംഗീതോത്സവം സംഘടിപ്പിച്ചുവരുന്നു. ഗുരുവായൂർ ദേവസ്വം ബോർഡ് ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. മികച്ച സംഗീത കലാകാരന്മാർക്കാണ് ഈ പുരസ്കാരം നൽകിവരുന്നത്.

Comments are closed.