DCBOOKS
Malayalam News Literature Website

‘ലോകമേ തറവാട്’ ; ബിനാലെ ഇനി ആലപ്പുഴയിലും

ചിത്രത്തിന് കടപ്പാട്‌
ചിത്രത്തിന് കടപ്പാട്‌

ആലപ്പുഴ: കൊച്ചി ബിനാലെയ്ക്ക് പിന്നാലെ ആലപ്പുഴയിലും ‘ലോകമേ തറവാട്’ എന്ന പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലയാളി കലാകാരൻമാരുടെ സമകാലിക സൃഷ്ടികളുടെ ആഗോള പ്രദർശനം നടത്തുമെന്ന് മന്ത്രി ഡോ ടി.എം. തോമസ് ഐസക്ക് അറിയിച്ചു.
2021 മാർച്ച് 01 ന് ആരംഭിക്കുന്ന, മൂന്ന് മാസം നീളുന്ന കലാപ്രദർശനം മെയ് 31ന് അവസാനിക്കും.

കേരളത്തിൽ താമസിക്കുന്നവരും പ്രവാസികളുമായ 200ൽപരം മലയാളി കലാകാരൻമാരുടെ കലാസൃഷ്ടികളായിരിക്കും പ്രദർശനത്തിലുള്ളത്. കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രദർശനം പ്രശസ്ത കലാകാരനും കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡൻ്റുമായ ബോസ് കൃഷ്ണമചാരിയാണ് ക്യുറേറ്റ് ചെയ്യുന്നത്.

“എന്നെപ്പോലുള്ള പല കലാകാരൻമാരും കഴിഞ്ഞ പല മാസങ്ങളായി വീടിനകത്താണ്. ഇത് ഞങ്ങളെ വീടിനെക്കുറിച്ചും വീട്ടകത്തെക്കുറിച്ചും ചുറ്റുപാടിനെക്കുറിച്ചും ലോകത്തെക്കുറിച്ചും ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഈ ചിന്തയിൽ നിന്നാണ് ‘ലോകമേ തറവാട് ‘ എന്ന ആശയം ഉരുത്തിരിഞ്ഞത് ” – ബോസ് കൃഷ്ണമചാരി അഭിപ്രായപ്പെടുന്നു.

മലയാളി കലാകാരൻമാരെ ആഗോളതലത്തിൽ സംഘടിപ്പിച്ച് നടത്തുന്ന ഏറ്റവും വലിയ കലാപ്രദർശനമാണിത്. 255 കലാകാരൻമാരെയാണ് ഈ പ്രദർശനത്തിലേക്ക് ക്ഷണിച്ചത്.
ഇതിൽ 13 പേർ വിദേശങ്ങളിൽ കലാപ്രവർത്തനം നടത്തുന്നവരാണ് – നെതർലാൻ്റ്സ്, ഫ്രാൻസ്, അമേരിക്ക, ഓസ്ട്രേലിയ, തുർക്കി, ജിമ്മിനി, ഇംഗ്ലണ്ട്, മസ്ക്കറ്റ്, കുവൈറ്റ് എന്നിവിടങ്ങളിൽ കലാപ്രവർത്തനം നടത്തുന്ന മലയാളികൾ. 81പേർ കേരളത്തിനു വെളിയിൽ ഇന്ത്യയുടെ വിവിധയിടങ്ങളിൽ ജീവിച്ച് കലാപ്രവർത്തനം നടത്തുന്നവർ. (ക്ഷണിക്കപ്പെട്ട കലാകാരൻമാരുടെ പേരുകൾ ഈ പത്രക്കുറിപ്പിനോടൊപ്പമുണ്ട്)

ജീവിതത്തിൻ്റെ എല്ലാ മേഖലകളെയുമെന്നപോലെ കൊവിഡ്- 19 കേരളത്തിൻ്റെ കലാമേഖലയെയും മലയാളി കലാകാരൻമാരെയും തളർത്തി. ഇതിൽനിന്നുള്ള ഉയർത്തെഴുന്നേൽപ്പിന് കേരള ഗവൺമെൻ്റ് ഒരുക്കുന്ന പദ്ധതിയുമാണ് ലോകമേ തറവാട് കലാപ്രദർശനം.

സംസ്ഥാന ഗവൺമെൻ്റിൻ്റെ ട്യൂറിസം വകുപ്പ്, സാംസ്കാരിക വകുപ്പ് ,കേരള ലളിതകലാ അക്കാദമി, ലോക കേരളസഭ, മുസ്സിരിസ് പൈതൃക പദ്ധതി, ആലപ്പുഴ പൈതൃക പദ്ധതി, കൊയർ കോർപറേഷൻ, പോർട്ട് മ്യൂസിയം, യാൺ മ്യൂസിയം, ന്യൂ മോഡൽ സൊസൈറ്റി, കരൺ ഗ്രൂപ്പ് കമ്പനികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ക്റ്റ്സ് (IIA) കേരള ഘടകം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റീരിയർ ഡിസൈനേഴ്സ് (IIID) കേരള ഘടകം എന്നിവ ഈ പ്രദർശനം ഒരുക്കുന്നതിനോട് സഹകരിക്കുന്നുവെന്ന് ബോസ് കൃഷണമചാരി അറിയിച്ചു.

ആലപ്പുഴയിലെ ആറ് വേദികളിലും എറണാകുളം ദർബാർ ഹാൾ ആർട് ഗ്യാലറിയിലുമായി സംഘടിപ്പിക്കപ്പെടുന്നു പ്രദർശനം. കൊവിഡ് – 19 നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പ്രദർശനം സംഘടിപ്പിക്കുക. ‘സാമൂഹിക അകലം പാലിക്കൽ’ ഉൾപ്പെടെ കൊവിഡ് -19 നിയന്ത്രണങ്ങൾ പ്രദർശനം ഒരുക്കലിലും നടത്തിപ്പിലും പാലിക്കപ്പെടും.

കലാകാരൻമാരുടെ പ്രഭാഷണം, സംഗീത പരിപാടികൾ എന്നീ സാംസ്ക്കാരിക പരിപാടികൾ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രദർശനത്തിന് സമാന്തരമായി ഉണ്ടാകും. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ കലാകാരന്മാർ, ചരിത്രകാരന്മാർ, എഴുത്തുകാർ, ഗായകർ എന്നിവർ കാലപ്രദർശനത്തിനോട് അനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക ബൗദ്ധിക പരിപാടികളിൽ പങ്കെടുക്കുന്നതായിരിക്കും. അക്കാഡമിക്ക് ശില്പശാലകൾ, ചർച്ചകൾ, പ്രഭാഷണങ്ങൾ എന്നിവ ക്യൂറേറ്റ് ചെയ്യുന്നത് ക്യൂറേറ്ററും എഴുത്തുകാരനും ആയ പ്രേംജിഷ് ആചാരി ആണ്.

Comments are closed.