DCBOOKS
Malayalam News Literature Website

ഭരണഘടനാനിര്‍മ്മാണ സഭയും ഭരണഘടനാ നിര്‍മ്മാണവും

അഡ്വ.വി.എന്‍.ഹരിദാസിന്റെ ‘ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം’ എന്ന പുസ്തകത്തില്‍ നിന്നും

ചിലരുടെയെങ്കിലും ധാരണ ഇന്ത്യന്‍ ഭരണഘടന എന്നത് കുറച്ചുപേര്‍ ചേര്‍ന്നിരുന്ന് എഴുതിത്തയ്യാറാക്കി എന്നതാണ്. മൗലികാവകാശങ്ങള്‍ അമേരിക്കയിലെ ബില്‍ ഓഫ് റൈറ്റ്‌സില്‍നിന്ന് എടുത്തു, അല്ലെങ്കില്‍ ഐറിഷ് ഭരണഘടനയില്‍നിന്ന് കനേഡിയന്‍ ഭരണഘടനയില്‍നിന്ന് മറ്റു ചിലത് സ്വീകരിച്ചുതുടങ്ങിയ പി.എസ്.സി ചോദ്യങ്ങള്‍ അവിടെ നിന്നും ഇവിടെനിന്നും എന്തൊക്കെയോ കൂട്ടിവെച്ച് ഉണ്ടാക്കിയതാണ് ഇന്ത്യന്‍ ഭരണഘടന എന്നൊരു തെറ്റിദ്ധാരണ പലരിലും വളരാന്‍ ഇടയാക്കിയിട്ടുണ്ട്. എത്രയോ ദീര്‍ഘമായ ഒരു ചരിത്രവും എത്രയോ വിപുലമായ ചര്‍ച്ചകളും സങ്കീര്‍ണ്ണമായ നിരവധി പ്രക്രിയകള്‍ക്കുംശേഷം നിലവില്‍ വന്നതാണ് ഇന്ത്യന്‍ ഭരണഘടന എന്നതാണു വസ്തുത. ഈ പഠനം മുന്നോട്ടുപോകുന്നതുതന്നെ ഓരോ വിഷയത്തെ സംബന്ധിച്ചും ഭരണ ഘടനാ നിര്‍മ്മാണസഭയുടെ നിലപാട് എന്തായിരുന്നു, അവിടെ നടന്ന ചര്‍ച്ചകള്‍ എന്തായിരുന്നു, എങ്ങനെയാണ് ഒരു പ്രത്യേക അനുച്ഛേദം ഇന്നു നാം കാണുന്ന രൂപത്തില്‍ എത്തിയത് തുടങ്ങിയ അന്വേഷണങ്ങളിലൂടെയാണ്. ഇവിടെ ഭരണഘടനാനിര്‍മ്മാണസഭയുടെ രൂപീകരണം, ഘടന തുടങ്ങിയ കാര്യങ്ങള്‍ ആണ് ചെറുതായി പരാമര്‍ശിക്കുന്നത്.

Textഒരു കൊളോണിയല്‍ ഭരണകൂടം ഭരണം അവസാനിപ്പിച്ചുപോകുമ്പോള്‍ തങ്ങളുടേതായ ഒരു തദ്ദേശീയ ഭരണകൂടത്തെയും ഒരു ഭരണക്രമത്തെയും പിന്നില്‍ അവശേഷിപ്പിച്ചിട്ടാണു പോവുക പതിവ്. കെനിയ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ഭരണഘടനാനിര്‍മ്മാണം ഉദാഹരണം. എന്നാല്‍ ഇന്ത്യയുടെ ഭാഗധേയം ഇന്ത്യക്കാര്‍ നിശ്ചയിക്കുമെന്നും ഇന്ത്യയ്ക്ക് ഒരു ഭരണഘടനാ നിര്‍മ്മാണ സഭ വേണമെന്നും ആദ്യം മുതലേ ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. 1934 മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക നയത്തിന്റെ ഭാഗമായിരുന്നു ഭരണഘടനാനിര്‍മ്മാണ സഭയ്ക്കുവേണ്ടിയുള്ള ആവശ്യം. നിരവധിയായ കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ വിദേശ സ്വാധീനമില്ലാതെ ഇന്ത്യന്‍ ജനങ്ങള്‍ നിര്‍മ്മിക്കുന്ന ഭരണഘടനമാത്രമേ അംഗീകരിക്കൂ എന്ന് പ്രമേയങ്ങളിലൂടെ ആവര്‍ത്തിച്ചുറപ്പിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ ഭരണഘടനാനിര്‍മ്മാണസഭ എന്ന ആശയത്തിലേക്കു കൂടുതല്‍ അടുത്തു. തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യക്കാര്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ ഭരണഘടന എന്ന ആശയം ബ്രിട്ടീഷുകാരും അംഗീകരിച്ചു. 1945 സെപ്റ്റംബറില്‍ ഇന്ത്യയില്‍ ദേശീയ തിരഞ്ഞെടുപ്പ് നടത്തുമെന്നും പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പ്രാദേശിക നിയമസഭകളില്‍നിന്ന് ഭരണഘടനാനിര്‍മ്മാണസഭയെ തിരഞ്ഞെടുക്കുമെന്നും ബ്രിട്ടീഷ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ഈ ലക്ഷ്യത്തോടെ ബ്രിട്ടീഷ് ഗവണ്‍മെന്റ് അയച്ച ക്യാബിനറ്റ് മിഷന്‍ 1946 മെയ് 16-ന് തങ്ങളുടെ പദ്ധതി പുറത്തുവിട്ടു. പക്ഷേ, ക്യാബിനറ്റ് മിഷന്‍ പരാജയപ്പെട്ടു. മുസ്‌ലിംലീഗ് ഭരണഘടനാ നിര്‍മ്മാണസഭ ബഹിഷ്‌കരിച്ചു.

1946 ഡിസംബറില്‍ ഭരണഘടനാനിര്‍മ്മാണസഭയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോഴും നെഹ്‌റുവും കൂട്ടരും പ്രതീക്ഷിച്ചിരുന്നത് മുസ്‌ലിംലീഗ് ബഹിഷ്‌കരണം അവസാനിപ്പിക്കുമെന്നും ഭരണഘടനാ നിര്‍മ്മാണസഭയില്‍ ചേരുമെന്നുമാണ്. 1946 ഒക്ടോബര്‍ 26-ന് മുസ്‌ലിംലീഗ് അംഗങ്ങള്‍ സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു എങ്കിലും അവര്‍ സഭയില്‍ പങ്കെടുത്തില്ല. 1947 ജനുവരിയില്‍ രണ്ടാം സെഷന്‍ ആരംഭിക്കുന്നതോടുകൂടി ലീഗ് ചേരില്ല എന്ന കാര്യം വ്യക്തമായി. 1947 ഏപ്രിലില്‍ ആണ് മൂന്നാമത്തെ സെഷന്‍ ആരംഭിക്കുന്നത്. 1947 ജൂണ്‍ 3ന് മൗണ്ട് ബാറ്റന്റെ പ്രഖ്യാപനം വന്നു, 1947 ആഗസ്റ്റ് 15-ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അവസാനിക്കുമെന്നും ഇന്ത്യ, പാകിസ്താന്‍ എന്നീ രണ്ട് സ്വതന്ത്ര രാജ്യങ്ങള്‍ ഈ ഉപഭൂഖണ്ഡത്തില്‍ പിറവികൊള്ളുമെന്നും. ഇന്ത്യയ്ക്ക് ഒരു സ്വതന്ത്ര ഭരണഘടന ഉണ്ടാകുന്നതുവരെ ഇന്ത്യന്‍ സ്വാതന്ത്ര്യനിയമം 1935 ആയിരിക്കും പ്രാബല്യത്തില്‍ ഉണ്ടാവുക. അങ്ങനെ സ്വതന്ത്ര ഇന്ത്യയ്ക്ക് ഒരു ഭരണഘടന തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ ഭരണഘടനാ നിര്‍മ്മാണസഭ ആരംഭിച്ചു. എന്തായിരുന്നു ഭരണഘടനാ നിര്‍മ്മാണസഭയുടെ ഘടന? അതില്‍ എല്ലാ പാര്‍ട്ടികള്‍ക്കും എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രാതിനിധ്യം ഉണ്ടായിരുന്നോ? ‘ഇന്ത്യയുടെ’ പ്രതിഫലനമായിരുന്നോ യാഥാര്‍ത്ഥ്യത്തില്‍ ഭരണഘടനാ നിര്‍മ്മാണ സഭ?

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.