DCBOOKS
Malayalam News Literature Website

ഇന്ത്യൻ ഭരണഘടന ഫാസിസത്തെ അതിജീവിക്കുമോ?

 

ഡിസി ബുക്‌സിന്റെ 47-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച 47 പുസ്തകങ്ങളില്‍ ഒന്നായ  അഡ്വ.വി.എന്‍.ഹരിദാസിന്റെ  ‘ഭരണഘടന ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം’ എന്ന പുസ്തകത്തിന് കെ.ജി. സന്തോഷ് കുമാർ എഴുതിയ വായനാനുഭവം.

ഇന്ത്യൻ ഭരണഘടന ഫാസിസത്തെ അതിജീവിക്കുമോ? ഭരണഘടന: ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അതിജീവന ചരിത്രം എന്ന അഡ്വ.വി.എൻ ഹരിദാസിന്റെ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വായന നമ്മിലവശേഷിപ്പിക്കുന്ന മുഖ്യ ചോദ്യം ഇതു തന്നെയായിരിക്കുമെന്ന് കരുതുന്നു.

ആറ് ഭാഗങ്ങളായി വിഭജിച്ച് ഭരണഘടനയുടെ നിർമ്മാണ സഭയുടെ കൂടിയാലോചനകൾ മുതൽ കാശ്മീരിന്റെ പ്രത്യേക സംസ്ഥാനപദവികളെല്ലാം റദ്ദാക്കി കേന്ദ്ര ഭരണ പ്രദേശമാക്കിയ മാരകമായ ഓർഡിനൻസ് ഉൾപ്പടെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭരണഘടന സ്വാംശീകരിച്ച പുരോഗതിയുടെയും കടന്നുപോയ സന്നിഗ്ദ ഘട്ടങ്ങളുടെയും നേരിട്ട വെല്ലുവിളികളുടെയും ദിശാസന്ധികളെല്ലാം ഇതുവരെയുള്ള സർക്കാർ നയസമീപനങ്ങളുടെയും ഭരണ നിർവ്വഹണത്തിന്റെയും കോടതി വ്യവഹാരങ്ങളുടെയും വസ്തുതാപരമായ വിശകലനങ്ങള് പുസ്തക രൂപത്തിൽ അവതരിപ്പിക്കുകയാണ് അഡ്വ.വി.എൻ. ഹരിദാസ്.

ഒരു നിയമപുസ്തകത്തിന്റെ സാങ്കേതിക പദാവലികളുടെ വിരസതയോ, ആവർത്തിച്ചു ചരിത്രം വായിക്കുന്നതിന്റെ മടുപ്പോ നമുക്കീ പുസ്തകം വായിക്കുമ്പോൾ ഉണ്ടാകുന്നില്ല. വായിച്ചു തുടങ്ങിയാൽ അവസാനം വരെ നിർത്താതെ വായിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു ഘടകം ഈ പുസ്തക രചനയിൽ ഗ്രന്ഥകർത്താവ് ഉൾച്ചേർത്തിരിക്കുന്നു. സുഖകരമായ പദാവലികളുടെ ആകർഷണത്താലോ ശുഭാത്മകതയിലേക്കൂന്നുന്ന ആശയങ്ങളുടെ സാമീപ്യം കൊണ്ടോ നാമാഗ്രഹിക്കുന്ന ഒരു ഇന്ത്യ വിഭാവനം ചെയ്യപ്പെടുന്നതുകൊണ്ടോ ഒക്കെയാവാം അങ്ങനെ തോന്നുന്നത്.

എന്തു തന്നെയായാലും ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണം മുതൽക്കുള്ള
പ്രധാനപ്പെട്ട ഘട്ടങ്ങളിലൂടെയെല്ലാം കടന്നുപോവുകയും മൗലിക അവകാശങ്ങളുൾപ്പടെ പ്രധാനപ്പെട്ട ഘടകങ്ങളെ മുഴുവൻ പരിശോധനക്കു വിധേയമാക്കുകയും കക്ഷി താല്പര്യങ്ങളെ പ്രതിനിധീകരിക്കാതെ തന്നെ പറയാനും ഹരിദാസ് ശ്രമിച്ചിരിക്കുന്നു.

വിവേചനരഹിതമായ പൗരസ്വാതന്ത്ര്യം വിഭാവനം ചെയ്ത ഭരണഘടനാ നിർമാണ സഭയിൽ വിഭജനവും പലായനങ്ങളും കുടിയേറ്റങ്ങളും പൗരസ്വാതന്ത്ര്യ നിയമങ്ങളെ എങ്ങനെ സ്വാധീനിച്ചു എന്ന് പഠിക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ജാതി ഭരിക്കുന്ന തലയോടു കൂടിയ ന്യായാധിപന്മാരുടെ കോടതികൾ സംവരണതത്വങ്ങളുടെ അന്തസാരം മറന്നു പോകുന്നതിനെക്കുറിച്ചും ശ്രദ്ധിക്കപ്പെട്ട കേസുകളുടെ പിൻബലത്തോടെ പരിശോധിക്കപ്പെടുന്നുണ്ടിവിടെ.

മതന്യൂനപക്ഷങ്ങളിലെ സ്ത്രീ വിവേചനത്തിനും പൗരാവകാശ ലംഘനങ്ങൾക്കുമെതിരായ കേസുകളിൽ കോടതികൾ പരിമിതമായി മാത്രം ഉത്പതിഷ്ണുത്വം പ്രകടിപ്പിക്കുകയും അതിലേറെ ഭരണഘടനയെക്കാളുപരി മതഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി തീർപ്പാക്കാൻ ശ്രമിക്കുന്ന പ്രവണതകളിലൂടെ സമൂഹത്തിൽ അന്ത:ഛിദ്രങ്ങൾക്ക് കാരണക്കാരാവുന്നതിന്റെ ഗർഹണീയ ചിത്രങ്ങളും നമുക്ക് കാണിച്ചു തരുന്നു.

ബൻവാരി ദേവി കേസിന്റെയും സമാനമായ മറ്റു കേസുകളുടെയും ഭാഗമായി സ്ത്രീപദവിയുടെയും ലിംഗവിവേചന വിരുദ്ധ നിയമങ്ങളുടെയും കാര്യത്തിൽ കോടതികൾ ഭരണഘടന വിഭാവനം ചെയ്ത സങ്കല്പങ്ങളോടും ആധുനിക ജനാധിപത്യ മൂല്യങ്ങളോടും കുറെയൊക്കെ നീതി പുലർത്തുന്നതായി പുസ്തകം വിലയിരുത്തുന്നു.

സമീപകാലത്തുണ്ടായ കോടതിവിധികൾ അഭിപ്രായസ്വാതന്ത്ര്യത്തെയും ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളിലും ജനാധിപത്യത്തിന്റെ അന്ത:സത്ത ഉയർത്തി പിടിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. എങ്കിലും വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ കോളണി വാഴ്ചയുടെ കാലത്തുള്ള നിയമങ്ങളെ പിൻപറ്റി നിൽക്കുന്ന ഭരണകൂടങ്ങളും കോടതിയും രാജ്യദ്രോഹ നിയമങ്ങളും കോടതിയലക്ഷ്യ നിയമങ്ങളും പൗരന്മാർക്കെതിരെയുള്ള ഒരു ദണ്ഡനോപാധിയായി മാറ്റുന്നത് ഭരണഘടനയോട് നീതി പുലർത്താത്ത സമീപനങ്ങൾക്ക് ദൃഷ്ടാന്തമായിത്തീരുന്നത് എടുത്തു പറയുന്നു.

ഇന്ത്യൻ ഭരണഘടനയുടെ അവിഭാജ്യ ഭാഗമായ മതേതരത്വമുയർത്തിപ്പിടിക്കുന്നതും ഭരണഘടനയുടെ ഉദാത്ത ലക്ഷ്യങ്ങൾക്കനുപൂരകവുമായ കോടതി വിധികളാണ് ഇതോടു ബന്ധപ്പെട്ട പ്രധാന കേസുകളിൽ ഒരു ഘട്ടം വരെ ഉണ്ടായതെങ്കിലും കഴിഞ്ഞ പത്തുവർഷത്തെ കോടതി വിധികൾ ഹിന്ദു വർഗ്ഗീയതയുടെ വളർച്ചക്ക് ആക്കം കൂട്ടുന്ന തോ അതിനനുകൂലമായി നിൽക്കുന്നതോ ആയി അധ:പതിച്ചിരിക്കുന്നതിന്റെ ആകുലതകളും പങ്കുവെക്കുന്നു.

പല ഘട്ടങ്ങളിലും കോടതി ഇടപെടലുകൾക്ക് പുരോഗമനപരമായ മാനം കൈവന്നിട്ടുണ്ട് എങ്കിലും ദ്വൈതവാദപരമായ ആചാരാനുഷ്ഠാനങ്ങളെ ഏകശിലാത്മകമായിക്കണ്ട് ഇന്ത്യക്ക് മുഴുവൻ ബാധകമായതാണെന്ന ധാരണ പുലർത്തുകയും ഇന്ത്യയിലെ മതവിശ്വാസങ്ങളിലും ദൈവാരാധനാ രംഗങ്ങളിലുമുള്ള വൈവിധ്യങ്ങളെ കാണാതെ പോവുകയും ചെയ്യുന്ന നീതിപീഠങ്ങൾ ആത്യന്തികമായി കക്ഷിരാഷ്ട്രീയ ഹിന്ദുത്വത്തിന് അനുകൂലമായി ഭവിക്കുകയും ചെയ്യുന്നു. ഇത് ഹൈന്ദവ വർഗ്ഗീയ ശക്തികൾ അധികാര ശക്തിയായി മാറിയതോടു കൂടി ശക്തിപ്പെട്ട സ്വാധീനമായി ശരിയായി നിരീക്ഷിക്കപ്പെടുന്നുണ്ട് ഈ കൃതിയിൽ.

ന്യൂനപക്ഷാവകാശങ്ങളോട് വിവേചനപരമായ സമീപനം പുലർത്തുന്ന കോടതി വിധികൾ ഇവിടെ ആവർത്തിക്കപ്പെടുന്നു. മുസ്ലിം മതത്തോട് പ്രതികൂലമായ സമീപനം പ്രകടമായി വർഗ്ഗീയ വാദത്തെ പ്രോത്സാഹിപ്പിക്കുന്നവയും മതനിരപേക്ഷതയെന്ന മൂല്യങ്ങളെ നിഷ്കാസനം ചെയ്യുന്നതുമാകുന്നു. അലിഗഡ് സർവ്വകലാശാലയുടെ ന്യൂനപക്ഷ പദവിസംബന്ധിച്ച വിവാദപരമായ വിധികൾ സൃഷ്ടിച്ച പ്രശ്നങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നു. ക്രമമായി കൂടുതൽ ന്യൂനപക്ഷാവകാശ നിഷേധങ്ങൾ ഇന്ത്യയിൽ വർദ്ധിച്ചു വരുന്നതായ വസ്തുതകൾ വിവരിക്കുന്നു.

ഏകീകൃത വ്യക്തിനിയമങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ബോധപൂർവ്വമുയർത്തി കൊണ്ടുവരുന്ന കോടതികൾ അത് ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ഒരു ദണ്ഡനോപാധിയാക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. അതിനു വേണ്ട ആസൂത്രിത പദ്ധതികൾ മെനയുന്ന ഒരു വിഭാഗം കാര്യക്ഷമമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിലുള്ള ആശങ്കകൾ ഇവിടെ പങ്കു വെക്കപ്പെടുന്നു. ഒപ്പം നിലനിൽക്കുന്ന വ്യത്യസ്തകൾക്കും വൈവിധ്യങ്ങൾക്കും അനുപൂരകമായ കൂടുതൽ നീതിയുക്തവും ധാർമികവുമായ നിയമനിർമാണങ്ങളാണ് വേണ്ടതെന്ന് അഭിപ്രായപ്പെടുന്നു. ചില ഘട്ടങ്ങളിൽ കോടതികൾ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭരണഘടനയെ മുന്നോട്ടു തന്നെ നയിക്കുന്നുണ്ട്. ദാരിദ്രവും ചേരിനിവാസവും പൗരന്മാർ തെരഞ്ഞെടുക്കുന്നതല്ലെന്നും ജീവിത സാഹചര്യങ്ങൾ നിർബന്ധിതമാക്കുന്ന ദുര്യോഗങ്ങളാണെന്നും മുംബയിലെ ചേരിനിവാസികൾ കോടതിയെ ബോധ്യപെടുത്താൻ ശ്രമിക്കുന്നത് കുറഞ്ഞ അളവിലെങ്കിലും വിജയിച്ചു കണ്ടു. സ്വകാര്യതയ്ക്കുള്ള അവകാശം
മൗലിക അവകശങ്ങളെന്ന നിലയിൽ ഉയർത്തിപ്പിടിച്ച കോടതി വിധികൾ പുട്ടസ്വാമി കേസിന്റെ വിജയകരമായ ചരിത്രത്തിലൂടെ വിശദീകരിക്കപ്പെടുന്നുണ്ട്.

ലോകത്തിലെയും ഇന്ത്യയിലെയും ദയാവധനിയമങ്ങളുടെ സാധുതയും ധാർമികതയും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. ജീവിക്കാനുള്ള അവകാശമെന്നാൽ അന്തസായി മരിക്കാനുള്ള അവകാശം കൂടിയാണെന്ന് വിലയിരുത്തപ്പെടുന്നു. ജീവിക്കാനുള്ള അവകാശവും പരിസ്ഥിതി സംരക്ഷണവും സംബന്ധിക്കുന്ന കാര്യങ്ങളിലെ അപക്വമായ കോടതി വിധികൾ ഏറെയുണ്ടെങ്കിലും പൊതുവായി നോക്കിയാൽ പുരോഗമനപരമാണെന്ന് കാണാം.

1972 ലെ സ്റ്റോക്ക്ഹോം പരിസ്ഥിതി സെമിനാറിൽ പങ്കെടുത്തത് ഇന്ദിരാഗാന്ധിയുടെ ഈ രംഗത്തുള്ള ധാരണ വികസിക്കാൻ ഇടയാവുകയും പരിസ്ഥിതി സംബന്ധിച്ച ഗുണപരമായ നിയമ ഭേദഗതിക്ക് കാരണമാവുകയും ചെയ്തു. കടമകളെ പൗരന്റെ മൗലികാവകാശങ്ങളോട് ചേർത്ത് മുന്നോട്ട് കൊണ്ടുപോകാൻ സുപ്രീം കോടതിക്കായിട്ടുണ്ട്. ഈ മേഖലയിലെ വി.ആർ. കൃഷ്ണയ്യരുടെ സംഭാവനകൾ സൂചിപ്പിച്ചിരിക്കുന്നു.

എന്നാൽ ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ കറുത്ത അദ്ധ്യായമായി വിശേഷിപ്പിക്കപ്പെടുന്ന ഭോപ്പാൽ ദുരന്തവും അതിനോടനുബന്ധിച്ച് നടന്ന കോടതി വ്യവഹാരങ്ങളും ഭീകരവും അപഹാസ്യവുമായി അധ:പതിച്ച ദുരന്തങ്ങളായി മാറിയ ചരിത്രം ആഗോള കുത്തകളും ഭരണകൂടവും കോടതികളും ഏതെല്ലാം വിധത്തിൽ സമ്പത്തു കൊണ്ടും അധികാരം കൊണ്ടും പദവി കൊണ്ടും മ്ലേഛമായി സ്വാധീനിക്കപ്പെടുന്നു എന്ന് വ്യക്തമാക്കുന്നു.
യൂണിയൻ കാർബൈഡിന്റെയും അമേരിക്കൻ – ഇന്ത്യൻ കോടതികളുടെയും ഭരണകൂടങ്ങളുടെയും ക്രൂരവും നിസ്സംഗവുമായ സമീപനങ്ങളും നിസ്സഹായരായ ഇരകളാക്കപ്പെട്ട ജനങ്ങളും നെഞ്ചിൽ കുത്തുന്ന ചോദ്യങ്ങളായി, ഭരണഘടനക്കു നേരെ കൊഞ്ഞനം കുത്തുന്ന ബിംബങ്ങളായി നമ്മിലവശേഷിപ്പിക്കുന്നുണ്ട്, ഈ പുസ്തകം.

വ്യക്തിസ്വാതന്ത്ര്യങ്ങളുടെ കാര്യത്തിൽ അറസ്റ്റിനും തടങ്കലിനുമെതിരായതും അവയെ നിയന്ത്രിക്കാനുതകുന്നതുമായ നിയമങ്ങൾ നിലവിലുണ്ടെങ്കിലും ഒന്നും തന്നെ പാലിക്കപ്പെടുന്നില്ല. പോലീസിന്റെയും സർക്കാരിന്റെയും വിവേചനാധികാരങ്ങൾ പൗരന് അനുകൂലമായി ഉപയോഗിക്കപ്പെട്ട ചരിത്രം വളരെ വിരളമാണ്.
ഇന്ത്യൻ ഭരണഘടന പൗരാവകാശ സംരക്ഷണത്തിന് വലിയ പ്രാധാന്യം കല്പിക്കുന്നുണ്ട്. അത് ഏതു സാഹചര്യത്തിലും സംരക്ഷിക്കപ്പെടുന്നതിനു വേണ്ടിയുള്ള ഉപാധികളും ഭരണഘടനയിൽ ഉൾച്ചേർന്നിരിക്കുന്നു. നിർലജ്ജം അതിനെയെല്ലാം ഭരണകൂടത്തിന്റെ സ്ഥാപിത താല്പര്യങ്ങൾക്കു വേണ്ടിയും ഭരണ നേതൃത്വത്തിന്റെ സ്വകാര്യ താല്പര്യാർത്ഥവും ബലികഴിക്കാൻ സഹവർത്തിച്ച ന്യായാധിപന്മാർ തന്നെയാണ് അടിയന്തിരാവസ്ഥക്കാലത്തെ വ്യാപകമായ മനുഷ്യാവകാശലംഘനങ്ങൾക്കും മനുഷ്യക്കുരുതികൾക്കും ഉത്തരവാദികളായതെന്ന് ഗ്രന്ഥകാരൻ വിശകലനം ചെയ്യുന്ന കേസുകൾ തന്നെ വ്യക്തമാക്കുന്നു.

വ്യക്തിസ്വാതന്ത്ര്യങ്ങൾക്ക് വലിയ പ്രാധാന്യം കല്പിക്കുന്നതാണ് നമ്മുടെ ഭരണഘടന എങ്കിലും ബ്രിട്ടീഷ് അധിനിവേശ സർക്കാർ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ അടിച്ചമർത്താനും സമരസേനാനികളെയും കോളണി വാഴ്ചക്കെതിരെ ശബ്ദിക്കുന്നവരെയും നിശബ്ദരാക്കുന്നതിനും വേണ്ടി രൂപപ്പെടുത്തിയ “രാജ്യദ്രോഹ” നിയമങ്ങളും ഭീകരമായ “ഭീകരവാദ വിരുദ്ധ” നിയമങ്ങളും സ്വാതന്ത്ര്യാനന്തരവും ഇന്ത്യാ റിപ്പബ്ലിക്കിന്റെ നിയമങ്ങളായി പുതിയ പേരുകളിൽ നിലനിന്നു വരുന്നു. ഭാണഘടനാ നിർമാതാക്കളിലും ഇതിനെക്കുറിച്ച് ആശങ്കകൾ നിലനിന്നിരുന്നുവെങ്കിലും പലായനം വിഭജനം മറ്റു അന്ത:ഛിദ്രങ്ങൾ തുടങ്ങിയവയെ Textനേരിടുന്നതിന് ഇത്തരം നിയമങ്ങളെ ഒഴിവാക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നുമുള്ള വിശദീകരണങ്ങൾ ഇവിടെ നൽകപ്പെടുന്നു. TADA,POTA, UAPA എന്നിങ്ങനെ വ്യത്യസ്ത നാമധാരികളായി ഭീകരമായ നിയമങ്ങൾ ഭരണകൂടത്തിന്റെ വിമർശകർക്കും സമരം ചെയ്യുന്നവർക്കുമെതിരെ രാജ്യദ്രോഹത്തിന്റെയും ഭീകര പ്രവർത്തനത്തിന്റെയും പേരിൽ വിവേചന രഹിതമായി ദുരുപയോഗിക്കപ്പെടുന്നു. കോടതികളും നിശ്ചേതനരായി ഇക്കാര്യത്തിൽ നിലകൊള്ളുന്നു. വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമങ്ങൾ മനുഷ്യന്റെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു.

ഇത്തരം പൗരാവകാശ ധ്വംസനങ്ങൾക്കെതിരെ വന്ന പല പ്രധാന കേസുകളും ഇവിടെ പരിശോധിക്കപ്പെടുന്നുണ്ട്. കരുതൽ തടങ്കലിനെതിരെയും വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന ഭരണഘടനാ വിരുദ്ധതക്കെതിരെയും AK ഗോപാലൻ നടത്തിയ കേസ്, മേനകാ ഗാന്ധി നടത്തിയ കേസ് എന്നിവയിലൂടെയും ജീവനും സ്വാതന്ത്ര്യവും ഹനിക്കുന്നതിനെതിരെയുള്ള പോരാട്ടങ്ങളുടെ ചരിത്രവും ഇവിടെ വരച്ചു വെക്കുന്നു. വ്യത്യസ്ത വ്യക്തികളുടെ രാഷ്ട്രീയവും സാമൂഹ്യനിലയും മറ്റു പദവികളും കോടതി സമീപനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് അനുവാചകർക്ക് വരികൾക്കിടയിലൂടെ വായിച്ചെടുക്കാനുമാവുന്നു. അടുത്തകാലത്തുണ്ടായ ഗുജറാത്ത് വംശഹത്യയും തുടർകലാപങ്ങളും ഭീകരവിരുദ്ധ നിയമങ്ങളുടെ ഏകപക്ഷീയ ദുരുപയോഗവും ഭൂരിപക്ഷ മത വർഗ്ഗീയതയുടെ ന്യൂനപക്ഷങ്ങളുടെ നേരെയുള്ള അതിക്രമങ്ങളും ചോദ്യം ചെയ്യപ്പെടാനാവാത്ത ഭരണ സംവിധാനങ്ങളും ഇന്ത്യയിലെ നേർക്കാഴ്ചകളായിട്ടുണ്ട് എന്നതും പുസ്തകം പരാമർശിക്കുന്നുണ്ട്.

കേശവാനന്ദ ഭാരതി കേസിനോടനുബന്ധിച്ച് വളരെ വിശദമായി ഭരണഘടനയിലെ സ്വകാര്യ സ്വത്തവകാശപ്രശ്നവും ഭൂപരിഷ്കരണ നിയമങ്ങളും മൗലിക അവകാശങ്ങളും പൗരാവകാശങ്ങളുടെ ലംഘനങ്ങൾക്കെരെയുള്ള നിയമ പരിരക്ഷയും സംവദിക്കപ്പെടുന്നുണ്ട്. ഭൂപരിഷ്കരണ നിയമങ്ങൾക്കു വേണ്ടി മുൻപുണ്ടാക്കിയ ഭരണഘടനാ ഭേദഗതിയിലെ പല വകുപ്പുകളും അസ്ഥിരപ്പെടുത്തുന്നതിനു കാരണമായ രാജ്യമാകെ ശ്രദ്ധിച്ച കോടതി വ്യവഹാരങ്ങൾ വിശദീകരിച്ച വിവരണങ്ങളിലൂടെ നമുക്കു മുന്നിൽ തുറന്നു വെക്കുന്നുണ്ട്, അഡ്വ.വി.എൻ. ഹരിദാസ്. പ്രഗത്ഭരായ ന്യായാധിപന്മാരുടെയും പ്രശസ്തരായിരുന്ന ഭരണഘടനാ വിദഗ്ദരുടെയും വ്യവഹാര ജ്ഞാനവും പ്രാധാന്യവും ആദര ബഹുമാനങ്ങളോടെ പ്രതിപാദിക്കപ്പെടുന്നുണ്ട്, ഈ കേസിന്റെ ഗതിവിഗതികളിലൂടെ.

25-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭൂപരിഷ്കരണത്തിനു വേണ്ടി കൊണ്ടുവന്ന സർക്കാരിന്റെ സ്വകാര്യ സ്വത്തവകാശത്തിമേലുള്ള നിയന്ത്രണങ്ങൾ നീക്കി പൗരാവകാശ സംരക്ഷണം ഈ കേസിന്റെ വിധിയിലൂടെ ഉയർത്തിപ്പിടിക്കാൻ കോടതിക്കായത് നമ്മെ ബോധ്യപ്പെടുത്തുന്നു. ഇത് ഇന്ദിരാസർക്കാർ അടിയന്തിരാവസ്ഥക്കാലത്ത 42-ാം ഭേദഗതിയിലൂടെ മറികടക്കുകയും 44ാം ഭേദഗതിയിലൂടെ ജനതാ സർക്കാർ ഭാഗികമായി ഇത് തിരുത്തുകയുമുണ്ടായി. പിന്നീട് നടന്ന മിനർവ്വമിൽ കേസിലൂടെ സുപ്രീം കോടതിയാണ് പൂർണമായും 42 ാം ഭേദഗതിയിലൂടെ കൊണ്ടുവന്ന പൗരാവകാശ നിയന്ത്രണങ്ങൾ പൂർണമായും നീക്കി ഭരണഘടനയുടെ മൗലികതയെ നിലനിർത്തിയെന്ന് നമ്മെ ഈ റിപ്പബ്ലിക്കിന്റെ ചരിത്ര പുസ്തകം ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നു.

ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമായി തീർന്ന ചരിത്രമുഹൂർത്തവും അതിനിടയാക്കിയ സാഹചര്യങ്ങളും ഭൂമിശാസ്ത്രപരവും സാമൂഹ്യവുമായ പശ്ചാത്തലങ്ങളും ബ്രിട്ടീഷ് സർക്കാർ നിലപാടും നാട്ടു രാജാക്കന്മാരുടെ സമീപനങ്ങളും തുടങ്ങി പ്രത്യേക സംസ്ഥാന പദവിയോടും സ്വയം ഭരണാധികാരത്തോടും പ്രത്യേക ഭരണഘടനയോടും കൂടിയ കാശ്മീർ സംസ്ഥാന പദവിയും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭരണഘടനയുടെ 370 അനുഛേദവും സമീപകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവങ്ങളോടു ബന്ധപ്പെടുത്തി വിശകലനം ചെയ്യപ്പെട്ടിട്ടുള്ളത് കൗതുകകരവും അന്വേഷകർക്ക് സഹായകരവുമായിരിക്കുമെന്ന് കരുതുന്നു.

കാശ്മീർ സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് നാട്ടുരാജാവായിരുന്ന ഹരിസിങ്ങുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകളും 370-ാം അനുഛേദത്തിലെ നിബന്ധനകളും പടിപടിയായി യൂണിയൻ ഗവൺമെന്റിനാൽ ലംഘിക്കപ്പെടുകയും അവസാനമായി 2020 ആഗസ്റ്റിൽ പൂർണമായി ഈ പദവികളെല്ലാം റദ്ദാക്കപ്പെടുകയും കേന്ദ്ര ഭരണത്തിൻ കീഴിൽ വരുന്ന രണ്ടു പ്രദേശങ്ങളായി ജമ്മുകാശ്മീർ മാറ്റപ്പെട്ട ചരിത്ര ഘട്ടങ്ങളിലൂടെ പുസ്തകം നമ്മെ കൊണ്ടുപോകുന്നുണ്ട്.

ഉപസംഹാരമായി ഭരണഘടനാ അതിജീവനത്തിന്റെ ഫലശ്രുതിയും ചർച്ചാവിധേയമാക്കുന്നു.
ആന്തരവൽകരണം നടക്കാതെ പോയ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ആകുലനായിരിക്കുന്നു, ഗ്രന്ഥകാരൻ. ഭരണഘടനാപരമായ നിർബന്ധം കൊണ്ടു മാത്രം നിലനിർത്തപ്പെടുന്ന പിന്നോക്ക – പട്ടികജാതി/വർഗ്ഗ പ്രാതിനിധ്യങ്ങൾ സർഗ്ഗാത്മകതയില്ലാത്ത ജനാധിപത്യത്തെ വെളിവാക്കുന്നു.
അംബേദ്കറുടെ സാമൂഹ്യവും സാമ്പത്തികവുമായ തുല്യതയോടുകൂടിയതും സാഹോദര്യത്തിന് സമാന സ്ഥാനമുള്ളതുമായ ജനാധിപത്യ സങ്കല്പങ്ങൾ പ്രായോഗികമാവാത്തതിലുള്ള ഖേദവും
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അധീശത്വ നയങ്ങളോടും ജനാധിപത്യ വിരുദ്ധതയോടുമുള്ള എതിർപ്പും ഭരണഘടന തന്നെ അട്ടിമറിക്കപ്പെടുമോ എന്നുള്ള ആശങ്കയും അഡ്വ.വി.എൻ. ഹരിദാസ് മറച്ചുവെക്കുന്നില്ല. ഈ പ്രശ്നങ്ങളിൽ നിന്നുള്ള അതിജീവനമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതീക്ഷയെന്നും വിലയിരുയിരുത്തപ്പെടുന്നു.

പൊതുവിൽ കൂടുതൽ വായനക്കും ചർച്ചക്കും വിധേയമാക്കപ്പെടേണ്ട പുസ്തകമാണിത്.
ചരിത്ര പ്രധാനമായ കേസുകളുടെയും കോടതി വ്യവഹാരങ്ങളുടെയും സുപ്രധാനമായ നിയമനിർമാണങ്ങളുടെയും ഭരണഘടനാ ഭേദഗതികളുടെയും പശ്ചാത്തലത്തിൽ വിവരിക്കപ്പെടുന്ന ഭരണഘടനയുട നിർമാണവും വളർച്ച കുമായി ബന്ധപ്പെട്ട ഈ രചന നിയമ-രാഷ്ട്രീയ-സാമൂഹ്യ മേലകളിലെ വിദ്യാർത്ഥികൾക്കെല്ലാം വിലപ്പെട്ട ഗ്രന്ഥമായിരിക്കും, എക്കാലത്തും.

ആദ്യം സൂചിപ്പിച്ചതു പോലെ ഗ്രന്ഥരചന ദർശനപരമായ പ്രതിനിധാനമില്ലാതെയാണ് ചെയ്തിട്ടുള്ളതെങ്കിലും വലതുപക്ഷ ഹൈന്ദവ വർഗ്ഗീയതക്കും അധീശത്വ രാഷ്ട്രീയ ദർശനങ്ങൾക്കും എതിരായ ഒരു നിലപാട് പുസ്തകത്തിലുടനീളം നമുക്ക് ദർശിക്കാവുന്നതാണ്.
ദേശീയ പ്രസ്ഥാനത്തിന്റെ സൃഷ്ടികളും കോളണി വാഴ്ചക്കെതിരായ വിവിധ രീതികളിലുള്ള ചെറുത്തു നിൽപിന്റെ സന്തതികളുമാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ നേതൃത്വമായി ഉയർന്നുവന്നവരെല്ലാം. അവർക്ക് സാമ്രാജ്യവിരുദ്ധവും അടിമത്വ വിരുദ്ധവുമായ ഒരു രാജ്യത്തിന്റെയും മനുഷ്യനെയും സംബന്ധിച്ച സ്വാതന്ത്ര്യ നയം ഉണ്ടാവുക സ്വാഭാവികമാണ്.

സോദ്ദേശപരവും മനുഷ്യന്റെ സ്വാതന്ത്ര്യാന്മുഖവുമായ ആ ഒരു പശ്ചാത്തലമാണ് ഭരണഘടനാ നിർമാണത്തിന്റെ ഭൂമിക. നെഹ്റുവിന്റെ സോഷ്യലിസ്റ്റ് സമീപനങ്ങളോടുള്ള ആഭിമുഖ്യം ദേശീയ നേതൃത്യത്തിന്റെ മറ്റു മുന്നണി നേതാക്കളെ സ്വാധീനിച്ചുവെന്ന് പറയാനാകില്ല. ശ്രേണീബദ്ധമായ സാമൂഹ്യ ബന്ധങ്ങളെ ഉടച്ചുവാർക്കാനുള്ള അഭിവാഞ്ചയും ജനാധിപത്യത്തിന്റെ സമഗ്രതയിലുള്ള താല്പര്യങ്ങളും അംബേദ്കറിൽ രൂഢമൂലമായിരുന്നു. അതു പ്രയോഗത്തിൽ വരുത്താനുള്ള ഉപാധിയാക്കാൻ സോഷ്യലിസ്റ്റ് ദർശനങ്ങൾ അദ്ദേഹത്തെ ആകർഷിച്ചിരുന്നുവെങ്കിലും സ്വീകാര്യമല്ലായിരുന്നു.  ജനാധിപത്യത്തിലേക്ക് ലോകക്രമത്തിന്റെ ദിശ തിരിച്ച പരിഷ്കാരങ്ങൾ മുതലാളിത്ത കച്ചവട താല്പര്യങ്ങളുടെ ഉപോല്പന്നമായിരുന്നെന്നുള്ള തിരിച്ചറിവിന്റെ ദർശനത്തിലേക്ക് ഇന്ത്യൻ ദേശീയ നേതൃത്വത്തിന്റെ കാഴ്ചപ്പാട് വികസിച്ചില്ല എന്നതാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭരണഘടനാ വികാസത്തിൽ നേരിട്ട പ്രധാന പരിമിതി.
അംബേദ്കറുടെ സമഗ്രജനാധിപത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വാസ്തവത്തിൽ സോഷ്യലിസ്റ്റ് സമീപനങ്ങളോടടുത്ത് നിൽക്കുന്നവയാണ്.

ഭാരതീയ ദർശനങ്ങൾ ഏറെ പഠിച്ചവനും അതിനാൽ സ്വാധീനിക്കപ്പെട്ടവനുമാണ് അംബേദ്കർ. ഭാരതീയ ദർശനങ്ങളിലുൾച്ചേർന്ന സോഷ്യലിസത്തിന്റെ ആശയസമഗ്രതയോട് ലോകത്ത് നടപ്പാക്കാൻ ശ്രമിച്ച പ്രായോഗിക സമീപനത്തിന് നീതി പുലർത്താൻ കഴിയില്ലെന്ന് അദ്ദേഹത്തിന് തോന്നിക്കാണണം. ജാതി വ്യസ്ഥയെ തകർക്കാൻ വെമ്പൽ കൊണ്ടവനും സാമൂഹ്യവും സാമ്പത്തികരുമായ തുല്യതയോടു കൂടി മാത്രമേ ജനാധിപത്യം യാഥാർത്ഥ്യമാവു എന്ന് ശരിയായി ധരിച്ചവനുമായ അംബേദ്കറിന് എന്തുകൊണ്ട് സോഷ്യലിസ്റ്റ് പ്രയോഗശാസ്ത്രം സ്വീകാര്യമായില്ല എന്നതിന് മറ്റുത്തരങ്ങളില്ല എന്ന് കരുതുന്നു

ജാതി ബദ്ധമായ സാമൂഹ്യ ബന്ധങ്ങളും സാമ്പത്തികാസമത്വങ്ങളും സങ്കീർണമാക്കുന്ന ജീവിതാവസ്ഥകളെ അംബേദ്കറുടെ കൂടി ജനാധിപത്യ സങ്കല്പനങ്ങളിലേക്ക് ഉയർത്താനുള്ള ശ്രമമാണ് ഇന്ത്യൻ ഭരണഘടനയെന്നു കാണാം. എന്നാൽ ശ്രേണീകൃതമായ സമൂഹവും അത്യന്തം അസമമായ സാമ്പത്തിക വിതരണക്രമങ്ങളും പൊളിച്ചെഴുതപ്പെടാതെ ജനാധിപത്യത്തെ പ്രയോഗവൽകരിക്കാൻ സാധിക്കില്ല എന്ന ശരിയായ വിലയിരുത്തലലിലേക്ക് ആദ്യം നാം എത്തേണ്ടതുണ്ട്. അസമവും അത്യന്തം വിവേചനപരവുമായ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലത്തിൽ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഭരണഘടന ഉറപ്പു വരുത്തിയിട്ടുള്ള മാലികാവകാശങ്ങളുടെയും പരിമിതമായ തോതിലുളള ലംഘനമെങ്കിലും കൂടാതെ തുല്യതയും സമത്വവും നടപ്പാക്കാൻ കഴിയും എന്ന കാല്പനികത ഇന്ത്യൻ ഭരണഘടനയിലെന്ന പോലെ ഗ്രന്ഥകാരന്റെയും തിരുത്തപ്പെടേണ്ട ധാരണളാകുന്നു.

ജനാധിപത്യം എന്നത് കച്ചവടം ലോക വ്യാപകമായി നടപ്പാക്കപ്പെടേണ്ട വ്യവസായ വിപ്ലവത്തിന്റെ ആവശ്യമായി കണക്കാക്കുമ്പോൾ തുല്യതയും അതിലെ സാമൂഹ്യ നീതിയും അത്യാവശ്യ ഘടകങ്ങളാവുന്നില്ല. അതുകൊണ്ടായിരിക്കാം ഭരണഘടനയുടെ 24-ാം ഭേദഗതി ശരിവെക്കുകയും സഞ്ചിതമായ സാമ്പത്തിക ഉറവിടങ്ങളായി മാറിയ ഭൂസ്വത്ത് സമമായി വിതരണം ചെയ്യപ്പെടാനുതകുന്ന 25ാം ഭേദഗതിയിലെ പ്രധാന ഭാഗങ്ങൾ പൗരസ്തന്ത്ര്യത്തിന്റെ സംരക്ഷണയുടെ പേരിൽ ഇന്ത്യയിലെ മുതലാളിമാർ സ്പോൺസർ ചെയ്ത നിയമ വിദഗ്ദരാൽ അട്ടിമറിക്കപ്പെട്ടത്. ഇവിടെ അംബേദ്കറും നെഹ്റുവും യഥാക്രമം വിഭാവനം ചെയ്ത ജനാധിപത്യത്തിന്റെ സമഗ്രതയിലെ പൗരസ്വാതന്ത്ര്യവും സമത്വമാർന്ന സമൂഹ്യ വ്യവസ്ഥയുമല്ല സംരക്ഷിക്കപ്പെട്ടത്, മറിച്ച്, പൗരസ്വാതന്ത്ര്യത്തിന്റെയും മൗലിക അവകാശങ്ങളുടെയും പേരിൽ അസമമായ സാമ്പത്തിക-സാമൂഹ്യ ഘടനയുടെ സ്ഥാപനവൽക്കരണമാണ്.

സ്വാതന്ത്ര്യം എന്നാൽ കേവലമായ ആശയാടിത്തറയിൽ മാത്രമായല്ല, കാണേണ്ടത്. പ്രായോഗിക സ്വാതന്ത്ര്യം ജനങ്ങളുടെ സമമായ സാമൂഹ്യ സാമ്പത്തിക ജീവിതാവസ്ഥകൾ യഥാർത്ഥ്യമാവുമ്പോൾ മാത്രമേ സത്യത്തിലേക്കെത്തുകയുള്ളൂ.അംബേദ്കറുടെ  ഭരണഘടനാ നിർമാണ സഭയിലെ സംവാദത്തിൽ നിന്ന് ഗ്രന്ഥകാരൻ ഉദ്ധരിച്ചു ചേർത്തിട്ടുള്ള ഇംഗ്ലീഷ് ഖണ്ഡിക തന്നെ അതു വിളിച്ചു പറയുന്നുണ്ട്.(Page 39) സോഷ്യലിസത്തിന്റെ പേരിൽ ആര് എന്ത് എവിടെ ചെയ്തു പരാജയപ്പെട്ടു എന്നും അന്നാട്ടുകളിലെ ഭരാണാധികാരികൾ ഏതു വിധത്തിൽ ജനാധിപത്യ മൂല്യങ്ങളെ തൃണവൽക്കരിച്ചു എന്നുള്ളതുമല്ല ഒരു സാമൂഹ്യ നിരീക്ഷകൻ മാതൃകയാക്കേണ്ടത്; ജനാധിപത്യപരമായി സമത്വ പൂർണമായ ഒരു സാമൂഹ്യ വ്യവസ്ഥക്കുള്ള സാദ്ധ്യതകൾ അതിലെന്തല്ലാമാണ് എന്നതായിരിക്കണം.

ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും അവർ നാപ്പാക്കിയതുമായ നയങ്ങളെല്ലാം സാമൂഹ്യ പുരോഗതി മാത്രം ലക്ഷമാക്കിക്കുള്ളതല്ലെന്നുള്ള വസ്തുതകൾ പുറത്തുവന്നിട്ടുള്ളതാണ്. അധികാരവുമായി ബന്ധപ്പെട്ട അവരുടെ താല്പര്യങ്ങളും ഈ പുസ്തകം തന്നെ ചർച്ച ചെയ്യുന്നുണ്ട്. അവരുടെ സോഷ്യലിസ്റ്റ് വായാടിത്തങ്ങൾ ഇന്ത്യയിലെ പ്രമുഖ കമ്യൂണിസ്റ്റുകൾ ഒരിക്കലും മുഖവിലക്കെടുത്തിട്ടില്ല. അന്നു പുലർത്തിയതും ഇന്നും തുടരുന്നതുമായ ഇടതുപക്ഷ സമീപനങ്ങൾ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ താല്പര്യങ്ങളാണ്. ആ ഒരു താല്പര്യത്താൽ തന്നെയാണ് AKG
ഇന്ത്യൻ ഭരണഘടന പൊളിച്ചെഴുതെണ്ടതാണെന്ന് പാർലമെന്റിൽ പ്രസംഗിച്ചത്. അല്ലാതെ ഹിറ്റ്ലറുടെ നയങ്ങൾ നടപ്പാക്കാൻ വേണ്ടിയല്ല.

പൗരസ്വാതന്ത്യത്തെ ഹനിക്കുന്ന ജനാധിപത്യ അവകാശങ്ങർക്കു വേണ്ടി സമരം ചെയ്യുന്നവരെ തടവിലാക്കുന്ന കരുതൽ തടങ്കൽ നിയമങ്ങൾക്കെതിരെ കോടതിയിൽ പോരടിച്ചു ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചതും സാധാരണ മനുഷ്യരുടെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. ഇന്ത്യൻ ഭരണഘടനയെ സാധാരണ മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും അവകാശ സംരക്ഷണത്തിനുമായി ഉപയോഗിക്കുന്നതിനു വേണ്ടിത്തന്നെയാണ് ഹിന്ദു താലിബാനികളുടെ ജനാധിപത്യ വിരുദ്ധതക്കെതിരെ ഭരണഘടനാ സംരക്ഷണ സമരത്തിനായി ഇടതുപക്ഷം മുന്നിട്ടിറങ്ങുന്നത്.
ഇതെല്ലാം മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ തുല്യതക്കും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടിയാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. കാലങ്ങളിലൂടെ ഭരണഘടനയെ ദുരുപയോഗിക്കുന്ന ഭരണകക്ഷിക്ക് വെത്യാസം വന്നു എന്നതല്ലാതെ അവരുടെ വർഗ്ഗപരമായ താല്പര്യങ്ങൾക്ക് അന്തരങ്ങളില്ല. കോൺഗ്രസ്സ് സർക്കാരുകൾ തുടർന്നു വന്ന ജനാധിപത്യ അവകാശങ്ങളുടെ ലംഘനങ്ങളുടെയും ഭരണഘടനയുടെ അടിസ്ഥാന വ്യവസ്ഥകളിലുള്ള വെള്ളം ചേർക്കലുകളുടെയും തുടർച്ചയാണ് പാർലമെന്റ്ഭൂരിപക്ഷത്തിന്റെ ബലത്തിൽ ഹിന്ദു ഫാസിസ്റ്റുകളും ചെയ്യുന്നത്. ഇരു കക്ഷികളുടെയും
അടിസ്ഥാനപരമായ സാമ്പത്തിക നയങ്ങൾ മുതലാളിത്ത – കുത്തകാനുകൂല താല്പര്യങ്ങളാണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും അടിയന്തിരാവസ്ഥയിലും നിലനിന്ന സവിശേഷ പശ്ചാത്തലങ്ങൾ ഊന്നലുകൾ വ്യത്യാസപ്പെടാൻ ഇടയാക്കിയെന്നു മാത്രം.
ജാതിവ്യവസ്ഥയെ തകർത്തെറിയാനും സമത്വ പൂർണമായ സാമൂഹ്യ-സാമ്പത്തിക വ്യവ്യസ്ഥക്കും ജനാധിപത്യത്തിന്റെ സർഗ്ഗാത്മക വികസനത്തിനും തടസ്സം നിൽക്കുന്ന ഈ ഭരണഘടനയുടെ പല വ്യവസ്ഥകളും മാറ്റേണ്ടതു തന്നെയാണ്.

എന്നാൽ നിലവിലുള്ള ജനാധിപത്യ അവകാശങ്ങളെക്കൂടി ഇല്ലായ്മ ചെയ്ത് ഹിന്ദു വർഗ്ഗീയ വാദികളുടെ സ്വേഛാധികാരത്തിന് വേണ്ടി ഭരണഘടനയെത്തന്നെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെ ഭരണഘടനാ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളേണ്ടത് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയാണ്. ഫാസിസത്തിന്റെ കോർപ്പറേറ്റ് അനുകൂലവും മനുഷ്യവിരുദ്ധവുമായ സമീപനങ്ങളുമായി അതിനെ ഒരിക്കലും സമീകരിക്കാനാവില്ല എന്ന ബോധം എപ്പോഴും മാനവികമായിരിക്കും.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.