DCBOOKS
Malayalam News Literature Website

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ബെന്യാമിന്റെ പുതിയ നോവല്‍ ‘നിശബ്ദ സഞ്ചാരങ്ങള്‍’

Benyamin
Benyamin

വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ച, മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലുകളെഴുതിയ എഴുത്തുകാരന്‍ ബെന്യാമിന്‍ മൂന്ന് വര്‍ഷത്തിന് ശേഷം പുതിയ നോവല്‍ പ്രഖ്യാപിച്ചു. ‘നിശബ്ദ സഞ്ചാരങ്ങള്‍’ എന്ന പേരിട്ടിരിക്കുന്ന നോവലിന് 27 ഭാഗങ്ങളിലായി 93 അധ്യായങ്ങളാണുള്ളതെന്ന് എഴുത്തുകാരന്‍ ഫേസ്പുക്കില്‍ കുറിച്ചു.

നോവലിന്റെ ആമുഖവും ആദ്യ അധ്യായവും ബെന്യാമിന്‍ ട്രൂകോപ്പി ലിങ്കില്‍ പങ്കുവെച്ചു. മലയാളി നഴ്‌സുമാരുടെ ആഗോളസഞ്ചാരം ആസ്പദമാക്കി എഴുതിയ ഒരു നോവലാണ് ‘നിശബ്ദ സഞ്ചാരങ്ങള്‍’ എന്ന് എഴുത്തുകാരന്‍ ആമുഖത്തില്‍ പറയുന്നു.

നോവലിന് ബെന്യാമിന്‍ എഴുതിയ ആമുഖം വായിക്കാം

മലയാളി നഴ്‌സുമാരുടെ ആഗോളസഞ്ചാരം ആസ്പദമാക്കി എഴുതിയ ഒരു നോവലാണിത്. എന്നാല്‍ പുതിയ ലോകസാഹചര്യത്തില്‍ അവരുടെ പ്രസക്തി ചര്‍ച്ച ചെയ്യപ്പെടുമ്പോഴല്ല ഇങ്ങനെ ഒരു നോവല്‍ ഉരുവം കൊള്ളുന്നത്. അതിനൊക്കെയും ഏറെ മുന്‍പേ 2017-ല്‍ പ്രസിദ്ധീകരിച്ച ‘മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ക്കുശേഷം അടുത്ത ഇരുപതു വര്‍ഷങ്ങളില്‍ പെടുന്ന ‘പ്രവാസവര്‍ഷങ്ങള്‍’ എങ്ങനെ രൂപപ്പെടുത്തണം എന്നാലോചിച്ചുകൊണ്ടിരിക്കുന്ന കാലം. പുരുഷകേന്ദ്രീകൃതമായ യാത്രകളെക്കുറിച്ച് ധാരാളം നോവലുകള്‍ ഇതിനോടകം വന്നിട്ടുള്ളതുകൊണ്ട് ഒരു വ്യക്തത കിട്ടാതെ ശൂന്യതയില്‍ നില്‍ക്കുന്ന ദിവസങ്ങളൊന്നില്‍ ഞാന്‍ പ്രമുഖ ഇംഗ്ലീഷ് പ്രസാധകരായ ജെഗര്‍നെട്ടിന്റെ ഉടമസ്ഥയും പബ്ലിഷറുമായ ചിക്കി സര്‍ക്കാരിന്റെ ദില്ലിയിലെ ഫ്ളാറ്റില്‍ പോയി. തുടര്‍ന്നുവരുന്ന നോവല്‍ പരിഭാഷകളെക്കുറിച്ച് സംസാരിക്കാനാണ് പോയതെങ്കിലും ഞാനും ചിക്കി സര്‍ക്കാരും അവരുടെ ഭര്‍ത്താവ് അലക്‌സ് ട്രവേലിയും ചേര്‍ന്നുള്ള സംസാരം വളരെ വേഗം കേരളത്തിനെക്കുറിച്ചും പ്രത്യേകിച്ച് തിരുവിതാംകൂറിനെക്കുറിച്ചുമായി മാറി. അതിനിടയില്‍ എപ്പോഴോ ആണ് സ്ത്രീകള്‍ നടത്തിയ യാത്രകളെക്കുറിച്ച് ഒരു പരാമര്‍ശം ഉണ്ടാവുന്നത്. അന്ന് എനിക്കറിയാവുന്ന കുറേ വിവരങ്ങള്‍ ഞാനവരുമായി പങ്കുവച്ചു. എങ്കില്‍ അതിനെ അധികരിച്ച് എന്തുകൊണ്ട് ഒരു നോവല്‍ എഴുതുക്കൂടാ എന്നൊരാശയം ചിക്കി സര്‍ക്കാരാണ് അപ്പോള്‍ മുന്നോട്ടു വയ്ക്കുന്നത്. അതൊരു തെളിച്ചമുള്ള സാധ്യതയായി തോന്നി ഞാനതിനു സമ്മതം മൂളി എന്നുമാത്രമല്ല എന്നോ ഒരിക്കല്‍ എഴുതപ്പെടാന്‍ പോകുന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്കുള്ള കരാറിലും ഏര്‍പ്പെട്ട ശേഷമാണ് അന്നു ഞങ്ങള്‍ പിരിയുന്നത്. മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലില്‍ ഒരിക്കല്‍ മാത്രം വന്നുപോകുന്ന ഒരു കഥാപാത്രമായിരുന്നു അപ്പോള്‍ എന്റെ മനസില്‍ ഉണ്ടായിരുന്നത്. അവരുടെ ചരിത്രമോ സഞ്ചാരപഥങ്ങളോ എനിക്കറിവുണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഞാന്‍ അതിന്റെ പിന്നാലെ ആയിരുന്നു. അദ്ഭുതപ്പെടുത്തുന്ന ഒരു ആഗോളസഞ്ചാരത്തിന്റെ ചിത്രമാണ് എനിക്കു മുന്നില്‍ അവരിലൂടെ തുറന്നുകിട്ടിയത്. എത്രയധികം രാജ്യങ്ങളിലേക്ക് എത്രയധികം പ്രതിബന്ധങ്ങള്‍ താണ്ടിയാണ് നമ്മുടെ ധീരരായ സ്ത്രീകള്‍ സഞ്ചരിച്ചത്. കാനഡയിലെ മഞ്ഞുവീണ ആര്‍ടിക് പ്രദേശങ്ങളിലും മരുഭൂമിയിലെ ബദുക്കളുടെ ഗ്രാമങ്ങളിലും ആഫ്രിക്കയിലെ ഉള്‍നാടുകളിലും യൂറോപ്പില്‍ പരക്കെയും അവര്‍ എത്തിപ്പെട്ടു. അതില്‍ ഭൂരിപക്ഷവും പുരുഷനു മുന്‍പേയുള്ള യാത്രകളായിരുന്നു. അവ പക്ഷേ എവിടെയും വേണ്ടവണ്ണം രേഖപ്പെടുത്തപ്പെട്ടില്ല എന്നുമാത്രം. അതിനുള്ള എളിയ ശ്രമമാണ് ഞാന്‍ നടത്തിയത്.

ഈ രചന ഏതാണ്ട് മുക്കാല്‍ ഭാഗം പിന്നിടുമ്പോഴാണ് കോവിഡ് വ്യാപനം ലോകത്തെ ബാധിക്കുന്നതും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെടുന്നതും. വീടിനുള്ളില്‍ അടയ്ക്കപ്പെട്ട ആ ദിവസങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഇതിന്റെ രചന ഞാന്‍ പൂര്‍ത്തിയാക്കുന്നത്. നമ്മുടെ പതിവുകളെ ആകെ അട്ടിമറിച്ച പുതിയ ലോകസാഹചര്യം കൂടി ഈ നോവലിന്റെ ഭാഗമായി മാറുന്നുണ്ട്.

ആകാശസഞ്ചാരങ്ങള്‍ പരക്കെ റദ്ദാക്കപ്പെട്ട് ഭാവിയാത്രകളെക്കുറിച്ച് ആകുലപ്പെട്ടിരിക്കുന്ന ഇക്കാലത്തും കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് പല വിദേശരാജ്യങ്ങളിലേക്കും വിമാനങ്ങള്‍ പറന്നുയര്‍ന്നു. നമ്മുടെ നേഴ്സുമാരുടെ മികവ് തിരിച്ചറിഞ്ഞ് അവരെ അന്വേഷിച്ചുവന്ന വിമാനങ്ങളായിരുന്നു അവ. അതില്‍ കയറിപ്പോയതില്‍ ബഹുഭൂരിപക്ഷവും ചെറുപ്രായക്കാരായ പുതിയ നേഴ്സുമാരായിരുന്നു. പകര്‍ച്ചവ്യാധി എന്ന ഭീഷണിയൊന്നും അവരെ അതില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. ഏതാണ്ട് എട്ടുപതിറ്റാണ്ടുകള്‍ക്ക് മുന്‍പു തുടങ്ങിയ നഴ്സുമാരുടെ ആ ധീരസഞ്ചാരം ഇപ്പോഴും അനസ്യൂതം തുടരുന്നു എന്നര്‍ത്ഥം. എന്നാല്‍ നമ്മില്‍ ഭൂരിപക്ഷവും അതറിയുന്നില്ല എന്നുമാത്രം. കാരണം അവയത്രയും ഒച്ചയും ബഹളവും ആരവവങ്ങളുമില്ലാത്ത സഞ്ചാരങ്ങളായിരുന്നു. തീര്‍ത്തും നിശബ്ദസഞ്ചാരങ്ങള്‍!

ബെന്യാമിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

ബെന്യാമിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇ-ബുക്കുകളായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.