DCBOOKS
Malayalam News Literature Website

ബിസിവി സ്മാരക പുരസ്കാരം അസീം താന്നിമൂടിന്റെ ‘അന്നുകണ്ട കിളിയുടെ മട്ടി’ന്

അഡ്വ: ബി സി വിജയരാജൻ നായരുടെ പേരിൽ ഏർപ്പെടുത്തിയ പതിനഞ്ചാമത് ബി സി വിസ്മാരക കവിത പുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അസീം താന്നിമൂടിന്റെ ‘അന്നു കണ്ട കിളിയുടെ മട്ട് ‘ എന്ന കാവ്യ സമാഹാരത്തിന് ലഭിച്ചു. പതിനയ്യായിരം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. 2024 ജനുവരി 13 ന് വൈകുന്നേരം 5 ന് നെടുമങ്ങാട് ടൗൺ ഹാളിൽ നടക്കുന്ന Textചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. ഡോ.പി എസ് ശ്രീകല,ഡോ.എം എ അസ്കര്‍,പി എസ് ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാര നിര്‍ണ്ണയം നടത്തിയത്.

പ്രകൃതിയെ പോലെ തെളിമയുള്ള ഭാവമാണ് അസീം താന്നിമൂടിന്റെ കവിതകൾക്ക് . സൗന്ദര്യവും വൈരൂപ്യവും വേറെ വേറെ അല്ല എന്ന പ്രപഞ്ച സത്യത്തെ തുയിലുണർത്തുന്നു കവി. കിളിയും മനുഷ്യനും കാടും കടലും ഒരുമിച്ചു വസിക്കുന്ന കാവ്യദേശം മനോഹരമായി അനുഭവിപ്പിക്കുന്നു ഈ കവിതകൾ . മനുഷ്യ ബന്ധങ്ങളുടെ അദൃശ്യമായ ദളങ്ങളിൽ അവശേഷിക്കുന്ന നന്മയുടെ ഗന്ധങ്ങളെ പ്രസരിപ്പിക്കാൻ അസീം താന്നിമൂടിന് കഴിയുന്നുണ്ട്. സാധാരണമെന്നു തോന്നുന്ന വാക്കുകളെ കവിതയിൽ കോർത്ത് വെച്ച് അവയ്ക്കും സുന്ദരമായ വ്യക്തിത്വം കൊടുക്കുന്ന ഭാഷാപ്രയോഗം അസീമിന്റെ പ്രത്യേകതയാണ്. അസീം താന്നിമൂടിന്റെ കവിത ഒറ്റനോട്ടത്തിൽ സൂഷ്മമെന്ന് തോന്നിപ്പിക്കുന്ന ഒരമ്പാണ്. തൊട്ടു തൊട്ടത് അനേകതല സ്പർശിയാകുന്നു. പക്ഷിയെക്കുറിച്ച് പറയുമ്പോൾ ആകാശമാകെ അതിൽ നിറയുന്നു. അകം നിറയ്ക്കുന്ന ചാറലാണ് അക്കവിതകളടിമുടി. വായനക്കാരന്റെ നാഡീ ഞരമ്പുകൾക്കിടയിലൂടെ നാരു നാരായ് പെയ്യുന്ന മഴ പോൽ തണുത്ത സ്പർശം അവ സമ്മാനിച്ചു കൊണ്ടേയിരിക്കുന്നു എന്ന് അസീം കവിതകളെ ജൂറി വിലയിരുത്തി.

രണ്ടുപതിറ്റാണ്ടായി അസീം താന്നിമൂട് മലയാള കവിതയുടെ ഭൂപ്രകൃതിയിലുണ്ട്, സമകാലികതയില്‍ സ്വയം സ്ഥാനപ്പെടുത്തിക്കൊണ്ട്. ഏകാന്തമായൊരു ഭാഷണംപോലെ സവിശേഷമായൊരു താനത്തില്‍ നീങ്ങുന്ന കാവ്യഭാഷയില്‍ നിര്‍മ്മിക്കപ്പെട്ട അസീമിന്റെ കവിത ഏതെങ്കിലുമൊരു പ്രസ്ഥാനത്തിന്റെയോ പ്രവണതയുടെയോ ഭാഗമാകാതെയാണ് സമകാലികമാവുന്നത്. നക്ഷത്രങ്ങളുടെ എണ്ണം, അണ്ടിക്കഞ്ഞി, ഇല്ലാമ മണിയന്‍, അന്നു കണ്ട കിളിയുടെ മട്ട്, വിത്തുകള്‍, റാന്തല്‍, മഴയുടെ കൃതികള്‍, ചിലന്തിവല, ഒരാള്‍, ചാലിയാര്‍ തുടങ്ങിയ 50 കവിതകളാണ് `അന്നുകണ്ട കിളിയുടെ മട്ട്’.

അവതാരിക: പി.കെ. രാജശേഖരന്‍ പഠനം: പി.എന്‍. ഗോപീകൃഷ്ണന്‍

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.