DCBOOKS
Malayalam News Literature Website

പാത്തുമ്മയുടെ ആട്-ഒരു സത്യമായ കഥ

ഇന്ത്യന്‍ സാഹിത്യചരിത്രത്തില്‍ ബഷീറിനോളം അപൂര്‍വ്വതകളുള്ള ഒരെഴുസ്ഥുകാരനെ കണ്ടെടുക്കുകയെന്നത് ശ്രമകരമായിരിക്കും. എഴുതിയവയെല്ലാം വായനക്കാരുടെ പ്രിയ പുസ്തകങ്ങളായിത്തീര്‍ന്നു. അതിനെല്ലാം കാലഭേ ദമില്ലാതെ നിരവധി പതിപ്പുകള്‍ ഉണ്ടായി. അരനൂറ്റാണ്ടു മുന്‍പ് ബഷീര്‍ എഴുത്തില്‍ സൃഷ്ടിച്ച വിസ്ഫോടനത്തിനു മുന്നില്‍ മലയാളം ഇപ്പോഴും വിസ്മയിച്ചു നില്‍ക്കുകയാണ്. വിശ്വത്തോളമാണ് ബഷീര്‍ വളര്‍ന്നത്. അദ്ദേഹത്തിന്റെ അനുഭവബഹുലമായ ജീവചരിത്രഗ്രന്ഥമാണ് ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍. ബഷീറിന്റെ ജീവിതത്തിലെ ഓരോ നിമിഷവും സമഗ്രമായി ആവിഷ്‌കരിക്കാന്‍ ധ്യാനപൂര്‍വ്വമായ ശ്രമം ഗ്രന്ഥകര്‍ത്താവായ സാനുമാഷ് ഇതില്‍ നടത്തുന്നുണ്ട്.

പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

ഒരു യഥാര്‍ത്ഥ കഥ’—ഇങ്ങനെയാണ് ബഷീര്‍ ‘പാത്തുമ്മയുടെ ആട്’ എന്ന കഥയെക്കുറിച്ച് പറയുന്നത്. യഥാര്‍ത്ഥത്തില്‍ നടന്ന കഥ എന്നര്‍ത്ഥം. സ്വന്തം ജീവിതത്തിലെ ഒരേട് എന്നു മാത്രമേ ഈ കഥയെപ്പറ്റിയും പറയേണ്ടതുള്ളു. പക്ഷേ, അത് എല്ലാവരെയും വശീകരിക്കുന്നു. ബഷീര്‍ എന്ന വ്യക്തിയില്‍ ഒരു താത്പര്യവുമില്ലാത്തവര്‍പോലും അതു വായിച്ചു രസിക്കുന്നു. യഥാര്‍ത്ഥ കലാസൃഷ്ടിയിലല്ലാതെ ഈ സ്വഭാവം കൈവരികയില്ല.

എപ്പോഴാണ് കഥ രചിച്ചതെന്ന് അതിന്റെ മുഖവുരയില്‍ ബഷീര്‍ പ്രസ്താവിച്ചിട്ടുണ്ട്.

”ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിനാല് ഏപ്രില്‍ ഇരുപത്തിയേഴാം തീയതി എഴുതിത്തീര്‍ത്തതാണ് ‘പാത്തുമ്മയുടെ ആട്’ എന്ന ഈ കഥ.” അതായത് കേരളപ്പിറവിക്കും മുമ്പ്. ഉടനെ പ്രസിദ്ധീകരിക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. ബഷീറില്‍നിന്ന് പുതിയൊരു കഥ കിട്ടാന്‍ ‘സാഹിത്യപ്രവര്‍ത്തക സഹകരണസംഘം’ കാത്തിരിക്കുകയായിരുന്നു. എങ്കിലും 1959 ഏപ്രില്‍ മാസത്തില്‍ മാത്രമേ ഈ കഥ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നുള്ളു. കൃത്യം അഞ്ചുവര്‍ഷക്കാലത്തിനുശേഷം.

പ്രകാശിതമാകാന്‍ ഇത്രയും വൈകിയതെന്തുകൊണ്ട്? നേരേ പറയാവുന്ന കാരണങ്ങളൊന്നുമില്ല. ബഷീര്‍ പറയുന്ന കാരണം ഇതാണ്: ”ഇതൊന്നു പകര്‍ത്തിയെഴുതി കൂടുതല്‍ ഭംഗിയാക്കി. മുഖവുരയോടുകൂടി പ്രസിദ്ധപ്പെടുത്താമെന്നു വിചാരിച്ചു. നാളെ നാളെ–എന്നിങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞുപോയി… അഞ്ചു വര്‍ഷം!”

പകര്‍ത്തിയെഴുതുക എന്നു പറയുന്നതില്‍ യുക്തമായ ഭേദഗതികള്‍ വരുത്തുക എന്ന ക്രിയകൂടി അടങ്ങിയിട്ടുണ്ട്. എന്നാല്‍, ഈ കഥയ്ക്ക് എന്തെങ്കിലും ഭേദഗതികള്‍ ആവശ്യമാണെന്ന് വീണ്ടും വായിച്ചപ്പോള്‍ ബഷീറിന് തോന്നിയില്ല. അദ്ദേഹംതന്നെ അക്കാര്യം എഴുതുന്നു:
”ഇതുവരെ ഈ കഥ പകര്‍ത്തിയെഴുതിയിട്ടില്ല. ഇതിനുമുമ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതെല്ലാം Textതന്നെ ഒന്നിലധികം തവണ തിരുത്തുകയും ഭംഗിയാക്കുകയും ചെയ്തിട്ടുള്ളതാണ്. ഇതു പകര്‍ത്തിയെഴുതാതെ, തിരുത്താതെ, ആദ്യം എഴുതിയപടിതന്നെയാണു വരുന്നത്. ഞാന്‍ വായിച്ചുനോക്കി–പകര്‍ത്തിയെഴുതണമെന്ന് തോന്നുന്നില്ല–തിരുത്തണമെന്നും.” കഥാരചനയിലേര്‍പ്പെട്ടുകൊണ്ടിരുന്ന അവസരത്തില്‍ ‘ഞാനാകെ വെന്തുനീറുകയായിരുന്നു’ എന്നുകൂടി മുഖവുരയില്‍ കുറിച്ചിരിക്കുന്നു. വെന്തുനീറുന്നതിന്റെ കാരണമെന്ത്? അതിന്റെ സൂചന ബഷീര്‍ പിന്നാലെ നല്കുന്നുണ്ട്. ‘ഭീകരസ്വപ്നങ്ങള്‍ നിറഞ്ഞ ഘോരമായ കൂരിരുട്ട് ദാ, എട്ടുദിക്കില്‍നിന്നും ആര്‍ത്തിരമ്പി അടുക്കുന്നു.’ ഈ വാക്യം മുമ്പേ ഉദ്ധരിച്ചിട്ടുള്ളതാണ്. രാക്ഷസീയശക്തിയോടുകൂടി തന്റെ മനസ്സിനെ ഗ്രസിച്ച ഭ്രാന്ത് എന്ന രോഗമല്ലാതെ മറ്റൊന്നുമല്ല കൂരിരുട്ട്. തൊട്ടുപിന്നാലെ ‘എനിക്കു നന്നാകണം’ എന്നുമുണ്ട്. നന്മയില്‍ മാത്രം സര്‍വശ്രദ്ധയും കേന്ദ്രീകരിക്കണമെന്ന വെമ്പലും പ്രകടമാകുന്നു. സമചിത്തതയാണ് ഇവിടെ നന്മ. ഭ്രാന്തിന് ചികിത്സ നടക്കുന്ന കാലമാണതെന്ന് ഓര്‍മിക്കണം (‘ഇങ്ങനെയുള്ള ഘോരമായ ചികിത്സയുടെ ഇടയ്ക്കാണ് ‘പാത്തുമ്മയുടെ ആട്’ എന്ന ഈ തമാശക്കഥ ഞാന്‍ എഴുതുന്നത്). മുഖവുരയുടെ അവസാന ഭാഗത്ത്, ‘യഥാര്‍ത്ഥ കഥ’ എന്നത് അല്പംകൂടി വിശദീകരിക്കുന്നു: ‘പാത്തുമ്മയുടെ ആട്’ ചുമ്മാ ഒരു കഥയല്ല. അതിലെ കഥാപാത്രങ്ങളെല്ലാം ഈശ്വരാനുഗ്രഹത്താല്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഇത് എന്റെ വീട്ടിലെ സത്യമായ കഥയാണെന്നോര്‍ക്കണം.”

അപ്പോള്‍, ഇത് ബഷീറിന്റെ വീട്ടിലെ ‘സത്യമായ കഥ’യാണ്. വീട്ടിലെ താമസക്കാര്‍ ആരൊക്കെയാണെന്ന് ആദ്യഭാഗത്ത് പറയുന്നുണ്ട്. വെറുതെ പറയുന്നു എന്നുമാത്രം. വിവരണമില്ല. ഒരു ഖണ്ഡിക അവരുടെ ലിസ്റ്റുകൊണ്ടു നിറഞ്ഞിരിക്കുന്നു. അതു വായിക്കാന്‍ ബഷീറിനെ നേരിട്ടറിയാവുന്നവര്‍ക്ക് താത്പര്യം തോന്നിയേക്കാം. കഥാകൃത്തായ ബഷീറിന്റെ വീടും സാഹചര്യവുമെന്താണെന്നറിയാന്‍ കൗതുകമുള്ളവര്‍ക്കും താത്പര്യം തോന്നാവുന്നതാണ്. ഈ രണ്ടു വിഭാഗങ്ങളിലും പെടുന്നവര്‍ ചുരുക്കമാണ്. പക്ഷേ, ‘പാത്തുമ്മയുടെ ആട്’ വായിച്ചുരസിക്കുന്നവര്‍ നിരവധിയാണ്. വിരസമായിത്തീരാവുന്ന വസ്തുതകള്‍പോലും ബഷീറിന്റെ അനുഗൃഹീതമായ തൂലികയുടെ സ്പര്‍ശത്താല്‍, എങ്ങനെയോ രസപ്രദമായിത്തീരുന്നു.

പ്രാരംഭത്തില്‍ വീട് വിവരിക്കുന്നത് ഒരു വാക്യംകൊണ്ടാണ്: ‘ഓലമേഞ്ഞ ഒരു ചെറിയ, രണ്ടു മുറികളും ഒരടുക്കളയും രണ്ടു വരാന്തകളുമുള്ള കെട്ടിടമാണ്, എന്റെ വീട്.”
ഇതിലധികം ആവശ്യമില്ല. ആ വീട് നമുക്ക് നേരെ കാണാം.

ഒരു ഊരുചുറ്റലിനുശേഷം ‘പ്രശാന്തി തേടി’യാണ് ബഷീര്‍ ഇവിടെ എത്തിയിരിക്കുന്നത്. അവിടെ എന്തു ശാന്തതയാണ് കിട്ടുക? രണ്ടു സഹോദരന്മാരും അവരുടെ കുടുംബങ്ങളും ഒരു സഹോദരിയും ഭര്‍ത്താവും മക്കളും ഏറ്റവും ഇളയ സഹോദരന്‍–ഇത്രയും അംഗങ്ങളാണ് ആ വീട്ടിലുള്ളത്. മനുഷ്യകുലത്തില്‍ പെടാത്തവരും അവിടെ അംഗങ്ങളായുണ്ട്.
”എവിടന്നോ വന്നു കുടിയേറി ഉമ്മായുടെ അഭയാര്‍ത്ഥികളായി പാര്‍ക്കുന്ന കുറെ പൂച്ചകള്‍, അവരെപ്പേടിച്ച് മച്ചുംപുറത്ത് സദാ ഓടിനടക്കുന്ന കാക്കത്തൊള്ളായിരം എലികള്‍, പുരപ്പുറത്തിരുന്നു കരഞ്ഞ് ബഹളംകൂട്ടുന്ന കുറെ ഏറെ കാക്കകള്‍. ഇതിനെല്ലാറ്റിനും പുറമെ എന്റെ ഉമ്മായുടെ സ്വന്തം വകയും വീടു ഭരിക്കുന്നവരുമായ പത്തുനൂറു കോഴികള്‍. അവരുടെ എണ്ണമില്ലാത്ത കുഞ്ഞുങ്ങള്‍, ഇവരെ റാഞ്ചിക്കൊണ്ടുപോയി തിന്നുജീവിക്കുന്ന എറിയനും പരുന്തും വൃക്ഷങ്ങളില്‍.”

‘ചന്ത കൂടിയ ബഹള’മാണ് അവിടെ എപ്പോഴും.

ഈ ബഹളത്തിന്റെ മദ്ധ്യത്തില്‍ അതാ, വരുന്നു ചുറുചുറുക്കുള്ള ഒരു ആട്. തവിട്ടുനിറമുള്ള ഒരു പെണ്ണാട്. ആരെയും കൂസാതെ വീട്ടിനുള്ളില്‍ കടന്ന് അത് സര്‍വവിധമായ സ്വാതന്ത്ര്യവും കാണിക്കുന്നു! ആരും അതിനെ നിയന്ത്രിക്കുന്നില്ല. ആര്‍ക്കും അതിനവകാശമില്ല. കാരണം, അത് പാത്തുമ്മായുടെ ആടാണ്! ബഷീറിന്റെ സഹോദരിയായ പാത്തുമ്മായുടെ ആട്.
കുഞ്ഞുങ്ങളുടെ കരച്ചില്‍, പെണ്ണുങ്ങളുടെ വഴക്ക്, വര്‍ത്തമാനം–ഇവ എപ്പോഴും അന്തരീക്ഷത്തില്‍ നിറഞ്ഞുനില്ക്കുന്നു.

ബഹളങ്ങളുടെയും മേളങ്ങളുടെയും മദ്ധ്യത്തിലാണ് ബഷീര്‍ വന്നിരിക്കുന്നത്. പ്രശാന്തത തേടി!
ഇനിയും പലതുമുണ്ട് അനുഭവങ്ങള്‍. സഹോദരിമാര്‍ രഹസ്യമായി ബഷീറിനെ സമീപിക്കുന്നു. വല്യ ഇക്കാക്ക ഒരാള്‍ക്കു കമ്മല്‍ പണിയിച്ചുകൊടുക്കണം. മറ്റൊരാള്‍ക്ക് വല്യ ഇക്കാക്ക പാത്രങ്ങള്‍ വാങ്ങിച്ചുകൊടുത്താല്‍ മതി. ഉമ്മായ്ക്കും ഇടയ്ക്കിടെ പറയാനുള്ളത് രൂപ വേണമെന്നാണ്. ‘നീ എനിക്കു കുറച്ചു രൂപാ താ.’

‘അബൂബക്കര്‍ (അബു) ഒരു ചെറിയ കാര്യമേ പറയുന്നുള്ളു. ‘വല്യക്കാക്കാ, നമുക്ക് ഈ മുറ്റം കെട്ടിക്കണം. പെരേട കൂടു മാറ്റി ഓടിടീക്കണം.’

ആവശ്യങ്ങള്‍ ഇങ്ങനെ അനേകമുണ്ട്. ഉമ്മാ, സഹോദരന്മാര്‍, സഹോദരികള്‍, അവരുടെ മക്കള്‍–ഇവരെല്ലാവരും ഇടയ്ക്കിടെ ബഷീറിനെ സമീപിക്കുകയും ഓരോതരം ആവശ്യങ്ങളുന്നയിക്കുകയും ചെയ്യുന്നു. അവ സാധിക്കാന്‍ പ്രയാസമില്ല. പക്ഷേ, പണം വേണം. ധാരാളം പണം വേണം. അതെവിടെനിന്നു കിട്ടും? (വലിയ ധനികനായി ബഷീര്‍ വന്നിരിക്കുന്നു എന്നാണ് അവരുടെ വിചാരം).

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.