DCBOOKS
Malayalam News Literature Website

അമിന്‍ മാലൂഫിന്റെ ബല്‍ത്തസാറിന്റെ ഒഡിസ്സി

ദേശാന്തരങ്ങളിലൂടെയുള്ള ഓരോ സഞ്ചാരവും മനുഷ്യന്റെ ഉള്‍ക്കാഴ്ചകളെ ഉണര്‍ത്തുന്നു. അപൂര്‍വ്വമായ ഒരു സഞ്ചാരത്തിന്റെ ആഖ്യാനമാണ് അമിന്‍ മാലൂഫിന്റെ ബല്‍ത്തസാറിന്റെ ഒഡിസ്സി. ദൈവത്തിന്റെ അതിനിഗൂഢമായ നൂറാമത്തെ നാമം പറയുന്ന അത്യപൂര്‍വ്വമായ പുസ്തകം തേടി ജെനോവയിലെ പുരാവസ്തു വ്യാപാരിയായ ബല്‍ത്തസാര്‍ എംബ്രിയാകോയും മരുമക്കളും കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്നും മെഡിറ്ററേനിയനിലൂടെ ലണ്ടനിലേക്കു നടത്തുന്ന സാഹസികതയും ആകസ്മികതകളും ഇടകലര്‍ന്ന ആകാംക്ഷാഭരിതമായ യാത്രയാണത്. ബല്‍ത്തസാറിനൊപ്പം ഓരോ വായനക്കാരനും ആ യാത്രയില്‍ സ്വയമറിയാതെ ഭാഗഭാക്കാവുകയാണ്. മോക്ഷത്തിലേക്കുള്ള മാര്‍ഗ്ഗം കൂടിയാണ് ദൈവത്തിന്റെ നൂറാമത്തെ നാമം തിരിച്ചറിയുന്നത്. വിവിധ ഭൂവിഭാഗങ്ങളും സംസ്‌കൃതികളും ഇടകലര്‍ന്ന്,ചരിത്രത്തില്‍ നിന്നു വര്‍ത്തമാനത്തിലേക്കു കടന്നുപോകുന്ന ആ യാത്രയില്‍ പങ്കുചേരുന്ന ഓരോ വായനക്കാരനും അടുത്ത ലക്ഷ്യവും താവളവും അവിടെ കണ്ടു മുട്ടുന്ന മനുഷ്യരെയും ആകസ്മികതകളെയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചെന്നെത്തുന്ന ഓരോ ഇടങ്ങളുമായും ഇടപഴകുന്ന ഓരോ മനുഷ്യരുമായും ബല്‍ത്തസാറിനൊപ്പം വായനക്കാരും പ്രണയത്തിലായിത്തീരുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ ചിരപരിചിതമായ പരിസരപ്രദേശമാണെന്നും 1666-ലാണ് നമ്മള്‍ ജീവിക്കുന്നതെന്നും തോന്നിപ്പിക്കുന്ന രീതിയിലാണ് അമീന്‍ മാലൂഫ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സഞ്ചാരത്തിന്റെ ആകസ്മികതകളെയും കാഴ്ചയുടെ ആനന്ദങ്ങളേയും ഉള്ളില്‍ക്കൊണ്ടു നടക്കുന്നവര്‍ ഈ പുസ്തകത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുക തന്നെ ചെയ്യും.

അമീന്‍ മാലൂഫിന്റെ ബല്‍തസാറിന്റെ ഒഡിസ്സിക്ക് കെ വി തെല്‍ഹത് ആണ് മലയാളത്തില്‍ പരിഭാഷ ഒരുക്കിയിരിക്കുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

 

Comments are closed.