DCBOOKS
Malayalam News Literature Website

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

പാലക്കാട്: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ 2018-ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പാലാ കെ.എം മാത്യുവിന്റെ പേരിലുള്ള പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന് സമ്മാനിച്ചു. 60,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതായിരുന്നു പുരസ്കാരം. സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവനാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

കഥ/ നോവല്‍ വിഭാഗത്തില്‍ ജി.ആര്‍.ഇന്ദുഗോപന്‍ രചിച്ച ദി ലാസ്റ്റ് ഭൂതവും കവിതാവിഭാഗത്തില്‍ വിനോദ് വൈശാഖി രചിച്ച ഓലപ്പൂക്കള്‍ എന്ന കൃതിയും പുരസ്‌കാരത്തിനര്‍ഹമായി. വൈജ്ഞാനിക സാഹിത്യ വിഭാഗത്തില്‍ ഡോ.ബി. ഇക്ബാലിന്റെ പുസ്തകസഞ്ചി, ജീവചരിത്രവിഭാഗത്തില്‍ ശ്രീകല ചിങ്ങോലിയുടെ ചെമ്പൈ വൈദ്യനാഥഭാഗവതര്‍, വിവര്‍ത്തനവിഭാഗത്തില്‍ തൂമ്പൂര്‍ ലോഹിതാക്ഷന്റെ 1857-ലെ ഒരു കഥ( പ്രസാധനം: ഡി.സി ബുക്‌സ്), ശാസ്ത്രവിഭാഗത്തില്‍ ഡോ.അജിത് പ്രഭുവിന്റെ വിളക്കും വെളിച്ചവും, നാടകവിഭാഗത്തില്‍ ഡി.പാണിയുടെ രംഗകേളി, ചിത്രീകരണത്തിന് വി.സജിയുടെ അപ്പുക്കുട്ടനും കട്ടുറുമ്പും എന്നിവയും പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ഡി സി ബുക്‌സിനും( നീലക്കുറുക്കന്‍ ) പുരസ്‌കാരം ലഭിച്ചു. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു വിവിധ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പളളിയറ ശ്രീധരന്‍ അധ്യക്ഷനായ പരിപാടിയില്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍, ടി.ആര്‍ അജയന്‍, എം. കാസിം, എ. കെ ചന്ദ്രന്‍കുട്ടി, എം.സി വാസുദേവന്‍, ആര്‍.മധു, ജെ.എന്‍ സെലിന്‍ എന്നിവര്‍ പങ്കെടുത്തു.

Comments are closed.