DCBOOKS
Malayalam News Literature Website

‘ബി നിലവറ’; രഹസ്യങ്ങളുടെ കലവറ

വി.ജെ. ജയിംസിന്റെ ‘ബി നിലവറ’ എന്ന പുസ്തകത്തിന് സന്തോഷ് ഇലന്തൂർ എഴുതിയ വായനാനുഭവം
കഥ അതിനാവശ്യമുള്ളപ്പോൾ കടന്ന് വരികയും കസേര വലിച്ചിട്ട് ഇരിക്കുകയും ചെയ്യുന്ന അഭിമാനിയാണെന്ന് വി.ജെ. ജയിംസ് പറയുന്നു. അദ്ദേഹം ഹൃദയം തുറന്നെഴുതിയ പന്ത്രണ്ട് കഥകളുടെ സമാഹാരമാണ് ബി നിലവറ. പ്രിയ കഥാകൃത്ത് കഥകളുടെ ബി നിലവറ തുറന്ന് രഹസ്യങ്ങളുടെ അകകാഴ്ച്ചയിലേക്ക് വായനക്കാരെ സ്വാഗതം ചെയ്യുന്നു.
രത്‌നങ്ങൾ പോലെ തിളങ്ങുന്ന ഭാഷയും ഭാവനയും അവിശ്വസനീയമായി വളർന്ന് ക്ളാസിക്ക് Textതലങ്ങളിലേക്ക് കയറുന്ന ഈ സമാഹാരത്തിലെ കഥകൾ ലോകത്ത് ഏത് ഭാഷയിലേക്ക് വേണമെങ്കിലും പരിഭാഷപ്പെടുത്താം. വിശാലമായ ലോകത്തേക്ക് തുറന്നിട്ടിരിക്കുന്ന വാതായനമായ കഥകളുടെ ഈ സമാഹാരത്തിലെ ടൈറ്റിൽ കഥയായ
ബി നിലവറയിൽ ഒരപ്പൂപ്പനും കൊച്ചുമോളും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ ആവേശവും, തമാശയും കലർത്തിയാണ് എഴുതിയിരിക്കുന്നത്. എൺപത് വയസ്സുള്ള അനന്തപദ്മനാഭൻ്റെ മോഹം വായനക്കാരെ ഒപ്പം നിർത്തി കാട്ടിത്തരുന്ന ശൈലിയാണ് ഈ കഥയിലുള്ളത്. കവിതയെഴുതി തോറ്റവരാ കഥാകൃത്തുക്കളാവുന്നത്.
അവരെയീതർക്കത്തിലേക്ക് ക്ഷണിച്ചു കൊണ്ടുവരുന്നതെന്തിനാ? ഈ ചോദ്യത്തിനുള്ള ഉത്തരം തേടുന്ന കഥയാണ് വെടിവെപ്പ് മത്സരം. ഒരു പ്രവാസിയുടെ ജീവിതത്തെ ആഖ്യാനം ചെയ്യുന്ന മദ്യമണമുള്ള കഥ ആദ്യം തമാശയായും പിന്നെ കൗതുകമായുമാണ് നിർമ്മിച്ചിരിക്കുന്നത്.
ഓരോ കഥകളിലും പുതിയ കഥനരീതിയും വായനക്കാരൻ്റെ മുൻധാരണകളെ തകിടം മറിക്കുന്ന രചനാകൗശലങ്ങളുമുള്ള ഉള്ളിലേക്ക് നോക്കുന്ന കഥകൾ ശ്രീ ജയിംസ് കണ്ടെത്തിയത് അദ്ദേഹത്തിൻ്റെ ചുറ്റുപാടുകളിൽ നിന്നു തന്നെയാണ്. അത് ഹൃദയസ്പർശിയായി എഴുതി ജെയിംസ് നിരവധി കഥാപാത്രങ്ങളിലൂടെ ജീവിതത്തിൻ്റെ സത്യസന്ധമായ മുഖം പ്രദർശിപ്പിക്കുന്നു. സാധാരണ കഥാകൃത്തുക്കൾ കടന്ന് കയറാത്ത വിഷയ മൗലികത അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് പ്രിയപ്പെട്ട വായനക്കാരാ, ഈ പുസ്തകം ബി നിലവറയുടെ താക്കോലെടുത്ത് നിങ്ങൾക്കു മുമ്പിൽ വെയ്ക്കുന്നു. തുറന്നു കയറൂ. വേറിട്ട അനുഭവങ്ങളുടെ വിസ്മയ ലോകം നിങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നു.

Comments are closed.