DCBOOKS
Malayalam News Literature Website

സമകാലിക കഥാകൃത്തുക്കള്‍ക്ക് പിടിത്തം കിട്ടാത്തതോ പരിചയമില്ലാത്തതോ ആയ കാട്ടിടവഴികളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കഥകള്‍!

കഥയെഴുത്തില്‍ ഏറെ വ്യത്യസ്തകള്‍ പരീക്ഷിച്ച എഴുത്തുകാരനാണ് ജി.ആര്‍ ഇന്ദുഗോപന്‍. നോവല്‍, ചെറുകഥ, ജീവചരിത്രം, യാത്രാവിവരണം, തിരക്കഥ തുടങ്ങി വിവിധ മേഖലകളില്‍ എഴുത്തിന്റെ അനന്ത സാധ്യതകള്‍ തേടിയ ജി.ആര്‍ ഇന്ദുഗോപന്റെ കഥകൾ ഒന്നിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകമാണ് ‘കഥകൾ -ജി ആർ ഇന്ദുഗോപൻ ‘. പുസ്തകത്തിന്റെ ആദ്യ പതിപ്പാണ് ഇപ്പോൾ വിപണിയിലുള്ളത്.

ഇന്ദുഗോപന്റെ കഥകളെപ്പറ്റി ബി. മുരളി എഴുതിയത്

ഒരു സാഹിത്യ സമ്മേളനത്തിൽ പരിചയപ്പെടുത്തൽകാരൻ എന്നെ സ്വാഗതം ചെയ്യുകയായിരുന്നു. ഇന്നയിന്ന പുസ്തകങ്ങൾ തുടങ്ങി ‘ഇരുട്ടു പത്രാധിപർ’ എന്ന സമാഹാരത്തിന്റെയും കർത്താവ് എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഞാനൊന്നും പറയാൻ പോയില്ല. തിരിച്ചു വരുംവഴി ഇന്ദുഗോപനെ വിളിച്ചു പറഞ്ഞു. ‘‘നിങ്ങൾ കഥയെഴുതിയിട്ടു കാര്യമില്ല, അതെന്റെ പേരിലായി!’’

പത്രപ്രവർത്തനത്തിന്റെ ഇരുട്ടു പശ്ചാത്തലത്തിലാണ് ഔദ്യോഗികമായി ഞങ്ങൾ രണ്ടു പതിറ്റാണ്ടിലേറെ ഇടപെട്ടത്. അതിന്റെ ഒരു ട്രോഫിയായി ഞാൻ ആ ‘പരിചയപ്പെടുത്തലി’നെ എടുത്തു. പിന്നെ ഇന്ദുഗോപന്റെ കഥകളെപ്പറ്റി ആലോചിച്ചു.

പത്രലോകത്തെപ്പറ്റി ഇനി പറയില്ല. കാരണം ഇന്ദുഗോപൻ അവിടെനിന്നു സ്വയം ഇറങ്ങിപ്പോയിരിക്കുന്നു. പത്രവും കഥയും തമ്മിൽ എന്തോ കുരുക്കുണ്ടെന്ന് തെറ്റിദ്ധരിച്ച ഒരിനം നിരൂപകരുടെ കൺവെട്ടം വീഴാതെയിരുന്ന ഇന്ദുഗോപന്റെ ആദ്യകാല കഥകൾ വായനക്കാരുടെ ചുറ്റുവട്ടത്തേക്ക് തന്നത്താൻ ആഞ്ഞുകയറുകയായിരുന്നു.
സമകാലിക കഥാകൃത്തുക്കൾക്ക് പിടിത്തം കിട്ടാത്തതോ പരിചയമില്ലാത്തതോ ആയ കാട്ടിടവഴികളിലൂടെയാണ് ഇന്ദുഗോപന്റെ കഥകൾ ഒറ്റയ്ക്കു നടക്കുന്നത്. അതിന്റെ ചെയ്‌വിനകളിൽ ഒരു നാട്ടു ഡിറ്റക്ടീവിന്റെ സൂക്ഷിച്ച തുറുനോട്ടമുണ്ട്. വഴുതി വഴുതിപ്പോകുന്ന എണ്ണയിട്ട കഥാപാത്രങ്ങൾ. ഈ കഥയിടത്തിന് മോഹിപ്പിക്കുന്ന ഒരു പാതി ഇരുട്ടുണ്ട്. ഇരുട്ടുവാക്കിന് വഴുതിക്കളയാനുള്ള ഒരു ഉറപ്പ് കഥാകൃത്തിലും എനിക്ക് നിരീക്ഷിക്കാനായിട്ടുണ്ട്.

‘ഭൂമിശ്മശാനം’ എന്ന അതീവ ദൃശ്യാത്മകമായ നോവൽ എഴുതിത്തീർത്ത ശേഷമാണ് ഇന്ദുഗോപൻ പത്രപ്രവർത്തനത്തിലേക്കു തന്നെ വരുന്നത്. സാഹിത്യത്തെ അമർത്തിയും ഒളിപ്പിച്ചും ഇടയ്ക്ക് പുറത്തെടുത്തു കത്തിച്ചും ഉള്ള നീക്കത്തിനിടയ്ക്ക് മേൽപ്പറഞ്ഞ ഇരുണ്ട കഥയിടത്തിന്റെ ദുരൂഹ ദൃശ്യാത്മകത ഇദ്ദേഹത്തെ ആഞ്ഞു പുൽകിയിരിക്കണം. ആ ഇടത്തെ സമ്പൂർണ കാഴ്ചയിലേക്ക് ട്രാൻസ്‌ലേറ്റ് ചെയ്യാനാവണം ‘ഒറ്റക്കൈയ്യൻ’ എന്ന സിനിമയുമായി ഒറ്റയ്ക്കിറങ്ങിയത്. അതിന്റെ പണിയിൽ ഇന്ദുഗോപൻ തികച്ചും ഒറ്റയ്ക്കായിരുന്നു. അല്ലെങ്കിൽ അത് മറ്റൊരു സഹായിയിലേക്കു പകരാൻ ആകുന്നതായിരുന്നില്ല. അതിന്റെ തിരക്കഥ വായിച്ചിട്ട് എന്തെങ്കിലും ഒരു ക്രിയേറ്റീവ് പരിഷ്കാരം നിർദേശിക്കാൻ എനിക്കായില്ല. എന്റെ കൈയിൽ നിന്ന് അങ്ങനെയൊന്ന് ഇന്ദുഗോപൻ പ്രതീക്ഷിച്ചും കാണില്ല. അതിനും അപ്പുറത്തായിരുന്നു ആ കഥയുടെ പ്ലെയിൻ.

സിനിമയിൽ നിന്നും വഴുതി നോവലിന്റെ ബലം പെരുപ്പിക്കുന്ന പ്രവ‍ൃത്തികളിൽ എഴുത്തുകാരൻ ഏർപ്പെട്ടു. കഥ എന്ന രൂപം അപ്പോഴും അരികിലൂടെ പോകുകയായിരുന്നു. നോവലുകളുടെ മാർജിനിൽ മാത്രം കഥയെഴുതുന്ന ശീലം! എന്നാൽ ഇന്ദുഗോപന്റെ കൈയിൽ കഥ വ്യത്യാസപ്പെട്ടു തിളങ്ങിക്കൊണ്ടിരുന്നു. പിന്നീടുള്ള കഥാസമാഹാരങ്ങൾ മുൻവഴികൾ തെളിച്ചുവെട്ടി ഉറപ്പിക്കുന്നതായിരുന്നു ‘‍ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകൻമാരും’, ‘അമ്മിണിപ്പിള്ള വെട്ടുകേസ്’, കൊല്ലപ്പാട്ടി ദയ’ എന്നിവ സമകാലിക മലയാള കഥയുടെ ആവരണങ്ങളില്ലാത്ത മുഖങ്ങളാകുന്നു. കുറ്റത്തിന്റെ പിന്നാലെയുള്ള അന്വേഷണമാണ് Textഇന്ദുഗോപന്റെ കഥകളുടെ ഞരമ്പ്. അതിനെ കുറ്റാന്വേഷണം എന്നു വിളിക്കാനുമാവില്ല. ഈ കുറ്റങ്ങൾ നൂറു ശതമാനം ശരികളാണെന്നതും കൊണ്ടാണത്. മലയാള കഥയുടെ ആദ്യരൂപം ഈ കുറ്റാന്വേഷണങ്ങളുടേതായിരുന്നല്ലോ. പിന്നീട് പിന്നീട് ആ സമ്പ്രദായം ഒഴിഞ്ഞുപോയി. ആധുനികതയും അതിന്റെ പിൽക്കാല രൂപങ്ങളുമൊക്കെ മറ്റു മേഖലകൾ തേടിപ്പോയി. അപ്പോഴാണ് ഇന്ദുഗോപൻ ഈ അന്വേഷണ സ്വഭാവത്തെ വലിച്ചുവെളിയിലിടുന്നത്. തനി നാടൻ ജീവിതഘടനകളുടെ ചിത്രീകരണം അതിനു സമാനതയില്ലാത്ത തിളക്കം നൽകി. നമുക്ക് മാതൃകകളായ കുറ്റാന്വേഷണ കഥാപാത്രങ്ങളെല്ലാം ‘സോഫിസ്റ്റിക്കേറ്റഡ്’ ആണ്.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പരിസരങ്ങളെല്ലാം കൃത്രിമ ഭയങ്ങളുടെ പോസ്റ്ററുകൾ ഒട്ടിച്ചുവയ്ക്കുന്നവയാണ്. റൂം നമ്പറുകൾപോലും ഭയപ്പെടുത്താൻ ഉദ്ദേശിച്ച് പഴകിപ്പോയതാണ്. അതിനെ പൊളിച്ചുമാറ്റിയാണ് നാട്ടുജീവിതത്തിന്റെ ഇരുണ്ട ക്രിമിനൽ ബുദ്ധിയെ അരിച്ചുതെളിച്ച് കഥയിൽ ഇന്ദുഗോപൻ ഉറപ്പിച്ചുവയ്ക്കുന്നത്. ‘‘നിലവിളിച്ചുകൊണ്ട് അമ്മിണിപ്പിള്ളയുടെ ഭാര്യ രുഗ്‌മിണി റോഡ് മുറിച്ചുകടന്ന്, ഇംഗ്ലീഷ് കോട്ട ചുറ്റി കടപ്പുറത്തേക്ക് ഓടി….’’ ഇങ്ങനെ കഥയുടെ വാതിൽ തുറക്കപ്പെട്ട് രഹസ്യ ഇടവഴികളിലൂടെ കഥാനുയായികൾ നയിക്കപ്പെടുന്നു. അതുവഴി സഞ്ചരിക്കുന്നവർക്ക് രഹസ്യത്തിന്റെ തുമ്പുനോക്കി നേർവരയിൽ നടക്കാനുമാവില്ല. കാട്ടുവഴിയിലൂടെ അങ്ങനെയൊരു യാത്ര പറ്റില്ലല്ലോ. ചുറ്റും നോക്കി ഓരോ ഭീതിയെയും പരിഹരിച്ചു നീങ്ങണം. അത്തരം അപരിചിത ഭയങ്ങളുടെ ഇമേജുകൾ ഈ വഴികളിൽ കഥാകൃത്ത് ചിതറിച്ചിട്ടിരിക്കും.
ഇവർ പത്മരാജൻ കഥാപാത്രങ്ങളുടെ തുടർ വളർച്ചകളാണെന്ന് തോന്നിയിട്ടുണ്ട്. ഗ്രാമവും ആൾക്കൂട്ടവും ബഹളും നിശബ്ദതയും കൊലപാതകവും വഞ്ചനകളും പുതുലോകത്തിലേക്ക് വീണ്ടെടുക്കപ്പെടുന്നതു കാണാം. കഥാപാത്രങ്ങൾ ദുരൂഹതകളുടെ സമ്പൂർണതയിൽ അവതരിപ്പിക്കപ്പെടുകയാണ്. ‘അയാൾ’ എന്ന വാക്കിൽ ഒരു കഥാപാത്രം തീരുന്നില്ല, ‘അയാളു’ടെ അകം മുഴുവൻ എടുത്തു വെളിയിലിടുകയാണ്.

അവർക്ക് വഴുതിപ്പോകാൻ ഒരുപാട് ഇടങ്ങൾ കഥാകൃത്ത് ഒരുക്കിക്കൊടുക്കുന്നു. കാരണം കുറ്റവാളികൾ (അങ്ങനെ കരുതപ്പെടുന്നവർ) മീൻ വഴുതുന്നതുപോലെ തെന്നിക്കളിക്കുന്നവരാണ്. ഒരു ബെഞ്ചിൽ ഒത്തിരി നേരം അവരെ കാണില്ല. ഒരു ചോദ്യത്തിനു മുന്നിൽ ഒരുപാടു നേരം ഇരിക്കില്ല. യാഥാർഥ്യങ്ങളുടെ പെരുക്കങ്ങൾ ഇട്ടുകൊടുത്തിട്ട് അവർ താൽക്കാലികമായി മുങ്ങിക്കളയും. വായന അതിനു പിന്നാലെ നടന്നു തുടങ്ങും. ഇതാണ് ശരിയായ അന്വേഷണം.
‘പുറംലോകത്തു നിന്ന് വിട്ടുമാറി, ഇത്തരം കഥാപാത്രങ്ങളെ വളഞ്ഞിട്ടു പിടിക്കാൻ ഇന്ദുഗോപൻ നടത്തുന്ന വിചിത്രവിദ്യകൾ എന്നെ അതിശയിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തിട്ടുണ്ട്! പ്രേതബാധ (ഓർമകളുടെ ബാധ എന്നു വായിക്കാം) ഉണ്ടെന്നു കരുതുന്ന, ഉപേക്ഷിക്കപ്പെട്ട ഒരു വീട് രണ്ടു മാസത്തേക്ക് വാടകയ്ക്കെടുക്കുക. എന്നിട്ട് അവിടെയിരുന്ന് എഴുതുക! വൈക്കം മുഹമ്മദ് ബഷീർ അപ്രകാരം പ്രേതസൃഷ്ടികൾ നടത്തിയപ്പോൾ ഫലിതത്തിന്റെ ആവരണങ്ങളോടെ നമ്മൾ വായിച്ചു. ഇന്ദുഗോപന്റെ കഥകളിൽ രഹസ്യങ്ങൾ പല ഭാവങ്ങളിൽ കൂർത്തുവരുന്നതാണ് കാണുക.

ഉടുപ്പൂരിക്കളയുമ്പോഴാണല്ലോ കഥാപാത്രങ്ങളുടെ സത്യം നമുക്ക് മനസിലാകുക. എന്നാൽ ആവരണങ്ങളില്ലാതെ കഥാപാത്രങ്ങളെ നേരിട്ടു കണ്ടുപിടിച്ചു കൊണ്ടുവയ്ക്കാനുനുള്ള നീക്കം ഇന്ദുഗോപന്റെ കഥാമനസിനുണ്ട്. കള്ളനെ കണ്ടുപിടിച്ചത് അങ്ങനെയാകാം. കള്ളന്റെ കഥ ലോകത്തിന്റെ നേർവഴി സഞ്ചാരബോധങ്ങളെ ഒരു വശത്തേക്കു മാറ്റി. അപ്രകാരമുള്ള ജീവികളും ജീവിതങ്ങളും അതിനു പിന്നാലെ വരാൻ തുടങ്ങി. ഇവിടെയും ഇന്ദുഗോപൻ കൊണ്ടുവരുന്ന വ്യത്യാസം, കള്ളനെ ദൂരെനിന്നു കണ്ട് അഭിമുഖം നടത്തി അയാളുടെ സ്വത്വം എഴുത്തിന്റെ മെറ്റീരിയലാക്കുക എന്ന എളുപ്പവിദ്യ അല്ലെന്നുള്ളതാണ്. മറിച്ച് കള്ളനെ കഥാകൃത്ത് സ്വന്തം വീട്ടിൽ ആഴ്ചകളോളം താമസിപ്പിക്കുന്നു. അയാൾ കുഴപ്പക്കാരനെന്നറിഞ്ഞുകൊണ്ടുതന്നെ. എഴുത്തുകാരന്റെ മുറി ഒറ്റപ്പെട്ട ഒരു വർക്‌ഷോപ്പല്ല, കഥാപാത്രങ്ങളുടെ അപരലോകത്തിനുള്ളിൽതന്നെയാണ് ഇവിടെ.

ഈ കുറിപ്പ് ഇന്ദുഗോപന്റെ ഓരോ കഥയെയും ഓരോ കഥാപാത്രത്തെയും എടുത്തു വിശകലത്തിനായിട്ടുള്ളതല്ല. കഥയും കഥാപാത്രവും കഥാകൃത്തും ഒത്തുചേരുന്ന ഒരു കവലയെപ്പറ്റി പറയാൻ ഉദ്ദേശിച്ചുള്ളതാണ്. പ്രകൃതിദുരന്തസന്ദേഹങ്ങളുടെ കനം തൂങ്ങുന്ന ‘മണൽജീവികൾ’ എന്ന കൃതി ഇന്ദുഗോപൻ എഴുതിക്കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞാണ് സുനാമി കേരളതീരത്തെ വലിച്ചുകീറിയിട്ടത്. ദുരന്തത്തിന്റെ പിറ്റേ ദിവസം കഥാകൃത്ത് അഴീക്കൽ തീരത്തെ ഓരോ ദുരിതാശ്വാസ ക്യാംപിലും മുന്നിൽ ചെന്നു നിന്ന് ‘ശ്രീകുമാർ ഉണ്ടോ’ എന്നു വിളിച്ചു ചോദിച്ചുകൊണ്ടിരുന്നു. മരിച്ചവരുടെ എണ്ണവും വിവരവും ആർക്കും അപ്പോൾ‍ പിടികിട്ടിയിരുന്നില്ല. ഒടുവിൽ ഏതോ ഒരു ക്യാംപിൽ നിന്ന് ശ്രീകുമാർ വിളികേട്ട് ഇറങ്ങി വന്നു.

ശ്രീകുമാർ ‘മണൽജീവികളി’ലെ കഥാപാത്രവും കഥാദാതാവും ആയിരുന്നു. ഈ പുസ്തകത്തിലെ കഥകളിൽ ഉള്ളവരും ഇപ്രകാരം വിളിപ്പുറത്ത്് ഉള്ളവരാണ്.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

Comments are closed.