DCBOOKS
Malayalam News Literature Website

‘മീശ’, ‘ചാവുനിലം’, ‘കരിക്കോട്ടകക്കരി’ മലയാളത്തിലെ എക്കാലത്തെയും മികച്ച കൃതികൾ; എഴുത്തുകാർ പറയുന്നു

കൊറോണക്കാലത്ത് മനസാന്നിധ്യം കൈവെടിയാതിരിക്കാൻ വായന നിങ്ങളെ സഹായിക്കും. ലൈബ്രറികളിലേക്കും, പുസ്തകശാലകളിലേക്കുമൊക്കെയുള്ള യാത്രകൾ അസാധ്യമായ ഈ സമയത്ത് പുസ്തകങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുകയാണ് ഡി സി ബുക്സ്.

എല്ലാ ദിവസവും 500 മുതൽ 1000 വരെ വിലവരുന്ന മലയാളത്തിലെ മികച്ച മൂന്ന് പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പുകൾ കേവലം 99 രൂപയ്ക്ക് ഡൗൺലോഡ് വായിക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്.

എസ് ഹരീഷിന്റെ മീശ, പി.എഫ് മാത്യൂസിന്റെ ചാവുനിലം, വിനയ് തോമസിന്റെ കരിക്കോട്ടക്കരി എന്നീ പുസ്തകങ്ങൾ വെറും 99 രൂപയ്ക്ക് ഇപ്പോൾ തന്നെ ഒന്നിച്ചു ഡൗൺലോഡ് ചെയ്ത് സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

‘മീശ’, ‘ചാവുനിലം’, ‘കരിക്കോട്ടകക്കരി’ മലയാളത്തിലെ എക്കാലത്തെയും മികച്ച കൃതികൾ,  എഴുത്തുകാർ പറയുന്നു

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മീശ’ നോവലിന് എസ് ഹരീഷ് എഴുതിയ അവതാരിക

എനിക്ക് ഏറ്റവും പേടിയും ബഹുമാനവും ഉള്ളത് കഥാപാത്രങ്ങളെയാണ്. അവരെ ഭയന്ന് ഞാന്‍ ഒരിക്കല്‍ പ്രസിദ്ധീകരിച്ച കഥ പിന്നെ സമാഹാരങ്ങളിലൊന്നും ചേര്‍ക്കാതിരുന്നിട്ടുണ്ട്.

പതിനഞ്ച് വര്‍ഷം മുമ്പാണ് സംഭവം. അതും മാതൃഭൂമി ആഴ്ചപ്പതിപ്പാണ് പ്രസിദ്ധീകരിച്ചത്. അരപ്പിരിയെന്ന് പറയാവുന്ന തരക്കാരായ നാല് ആണുങ്ങള്‍ ഒരു മധ്യവേനലവധി ഒരുത്തന്റെ വീട്ടില്‍ താമസിച്ച് ആഘോഷവും ഭ്രാന്തുമാക്കുന്നതാണ് കഥ. അതിലൊരുത്തന്‍ രാത്രി ഒരുമണിക്ക് കട്ടന്‍ ചായ കുടിക്കാന്‍ തെരുവിലിറങ്ങുന്ന ഭാഗമുണ്ട്. പെട്ടെന്ന് ആശാന് ഒരു തോന്നല്‍- എന്നാല്‍ തിരുവനന്തപുരത്ത് പോയി ചായകുടിച്ചാല്‍ എന്താ കുഴപ്പം?. ഒട്ടും താമസിക്കാതെ എറണാകുളത്തുനിന്നും കിട്ടിയ തീവണ്ടിക്ക് തിരുവനന്തപുരത്തിറങ്ങി ഒരു വെറുംചായ മാത്രം കഴിച്ച് അടുത്ത വണ്ടിക്ക് തിരിച്ചെത്തി. കഥ അച്ചടിച്ചുവന്ന അന്ന് കഥാപാത്രം എന്റെ ഒരു സുഹൃത്തിനെ മഹാരാജാസ് കോളെജ് ഗ്രൗണ്ടില്‍ രാത്രി ഓടിച്ച് പിടിച്ച് ഒരു വെസ്പ സ്‌കൂട്ടറില്‍ നീണ്ടൂര്‍ക്ക് വന്നു. അര്‍ദ്ധരാത്രി കല്ലറ മുതല്‍ നാല് കിലോമീറ്റര്‍ വഴിയരികിലുള്ള വീടുകളിലെല്ലാം കൊട്ടിവിളിച്ച് കഥാകൃത്തിന്റെ വീട് അന്വേഷിച്ചാണ് വരവ്. പോത്ത് ഓടിയപോലായി അവസ്ഥ. പിന്‍വാതിലുകള്‍ വഴി ജാരന്മാരും ബ്ലേഡുകാരുടെ വരവ് കാത്തിരിക്കുന്ന പാവങ്ങളും ഓടിരക്ഷപ്പെട്ടു. അവസാനം ലക്ഷ്യസ്ഥാനത്തെത്തി വീട്ടില്‍നിന്ന് ഒരു കട്ടന്‍ചായ കുടിച്ച് പ്രതികാരം തീര്‍ത്താണ് അദ്ദേഹം തിരികെ പോയത്. മറ്റൊരുകഥാപാത്രം നേരില്‍ കണ്ടപ്പോള്‍ എന്റെ തോളില്‍ ഒന്നടിച്ച് ഇനി എഴുതിയാല്‍ ഇതായാരിക്കില്ല അനുഭവമെന്ന് താക്കീത് ചെയ്തു.

Textഎന്നാല്‍, വര്‍ഷങ്ങള്‍ക്കിപ്പുറം ഈ നോവലിലെ ഒരധ്യായത്തിലെ ഏതാനും സംഭാഷണ ശകലങ്ങള്‍ നിര്‍ഭാഗ്യവശാല്‍ പ്രശ്നമായപ്പോള്‍ ഈ രണ്ടുപേരും എന്നെ തുണച്ചു. ചായകുടിക്കാരന്‍ ഓസ്ട്രേലിയയില്‍നിന്ന് പഴയകഥയുടെ കോപ്പി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഇവന്‍ ഒരു പുരുഷവിരുദ്ധ കഥ കൂടി എഴുതിയിട്ടുണ്ടെന്ന് പറഞ്ഞു. മറ്റേയാള്‍ മൊബൈലില്‍ വിളിച്ച് നീ പേടിക്കേണ്ടടാ, എന്നെപ്പറ്റി വേണമെങ്കില്‍ ഇനിയുമെഴുതിക്കോ എന്നാശ്വസിപ്പിച്ചു.

കഥാപാത്രങ്ങളെ എഴുത്തുകാര്‍ ആദരിക്കേണ്ടതുണ്ട്. ബഹുവിധമാനങ്ങളുള്ള അവരുടെ ജീവിതത്തിലെ ഒരു മാത്രയെ ഞാന്‍ കഥയായി ചുരുക്കുമ്പോള്‍ അവരെന്നെ കനിവോടെ നോക്കുകയാണ്. അച്ഛന്‍, കുട്ടിയുടെ കളികാണുന്നതുപോലെ. ഇനി ആ ഒരുമാത്രയില്‍പോലും അവര്‍ എഴുത്തുകാരെ ബഹുദൂരം മറികടക്കുന്നുണ്ട്. പയ്യനെയും ചാത്തന്‍സിനെയും വി.കെ.എന്‍ ആദരവോടെ കണ്ടിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട്. ചന്ദ്രക്കാരനെ സിവിയും സീതയെ ആശാനും അങ്ങനെയായിരിക്കും കണ്ടത്.

കഥപറച്ചില്‍ ജനാധിപത്യത്തിന്റെ ഉയര്‍ന്ന രൂപമാണ്. എന്നെ മറ്റുള്ളവര്‍ക്കുവേണ്ടി ഒരു കഥയായി ആവിഷ്‌കരിക്കണമെന്ന തോന്നലാണ് അത്. ഉയര്‍ന്ന പൗരബോധവും ജനാധിപത്യബോധവുമുള്ള സ്വതന്ത്രരാജ്യങ്ങളാണ് നോവലുകള്‍. അവിടെ കഥാപാത്രങ്ങള്‍ എഴുത്തുകാരുടെ പിടിയില്‍ നിന്നാല്‍ കഥ തീര്‍ന്നു! സ്വതന്ത്രരായ മനുഷ്യന്‍ ജീവിതത്തതിലായാലും കഥയിലായാലും എപ്പോഴും യുക്തിപൂര്‍വ്വവും കാര്യകാരണ സഹിതവും പെരുമാറണണെന്നും സംസാരിക്കണമെന്നുമില്ല. രാഷ്ട്രീയ ശരികള്‍ മാത്രം പറയുകയും ഇപ്പോള്‍ സംസാരിക്കുന്നതിന് കൃത്യമായ തുടര്‍ച്ച പിന്നെ ജീവിതത്തില്‍ ഉണ്ടാക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്ന ആരെയും ഞാന്‍ കണ്ടുമുട്ടിയിട്ടില്ല. നമുക്ക് അങ്ങനെ ആഗ്രഹിക്കാം. പക്ഷെ, അത് അസംഭവ്യമാണ്. ജീവിതവും കഥയും അസംബന്ധങ്ങള്‍ പറയാനുള്ളതുകൂടിയാണ്.

മീശയിലെ കഥാപാത്രങ്ങളെയും എനിക്ക് ആദരവും പേടിയുമാണ്. മീശ മരിച്ചതിന് ശേഷമാണ് എനിക്കിത് എഴുതാന്‍ പോലും ധൈര്യം വന്നത്. അല്ലെങ്കില്‍ മൂപ്പര്‍ കേട്ടറിഞ്ഞ് എനിക്കിട്ട് രണ്ട് പൊട്ടിച്ചേനെ. പിന്നെ സ്നേഹിച്ചേനെ.

രണ്ടാമധ്യായത്തില്‍ മാത്രമല്ല, ഇതില്‍ പലയിടത്തും കഥാപാത്രങ്ങള്‍ സ്ത്രീവിരുദ്ധമായും മനുഷ്യവിരുദ്ധമായുമൊക്കെ സംസാരിക്കുന്നുണ്ട്. തെറിവിളിക്കുന്നുണ്ട്. അതുകൊണ്ട് അതില്‍ പ്രതിഷേധിച്ചവരോട് എനിക്ക് ഇപ്പോള്‍ വിരോധമൊന്നുമില്ല. മറിച്ച് സങ്കടമുണ്ട്. കൂടാതെ അവരോട് ഞാന്‍ യോജിക്കുകയും ചെയ്യുന്നു. ആ കഥാപാത്രങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ സംഭാഷണങ്ങള്‍ക്കെതിരായ പ്രതിഷേധവും അമര്‍ഷവും ഞാനും ഇവിടെ രേഖപ്പെടുത്തുന്നു. ആ കഥാപാത്രങ്ങള്‍ കുറേക്കൂടി സൂക്ഷ്മത പാലിക്കേണ്ടതായിരുന്നു. പക്ഷെ, നോവലുകള്‍ സ്വതന്ത്രരാജ്യങ്ങളായതുകൊണ്ട് എഴുത്തുകാരനതില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.

മനുഷ്യരുടെ വിചിത്രകഥകള്‍ കേള്‍ക്കുമ്പോഴും അറ്റമില്ലാത്ത പാടങ്ങള്‍ കാണുമ്പോഴും അല്‍പം ഭ്രാന്തായിപ്പോകുന്ന അവസ്ഥയുണ്ട് ഈയുള്ളവന്. അതിനുള്ള ചികിത്സയുടെ ഭാഗമായിരുന്നു ഈ നോവലിന്റ എഴുത്ത്. എന്നാല്‍, ഇത് എന്റേതല്ല. ഞാനൊരു കോക്ടെയില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നയാള്‍ മാത്രമാണ്. അതിന് രുചിയുണ്ടോ തലയ്ക്ക് പിടിക്കുമോ എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ. ഇതിലൊരു കഥയും ഞാനുണ്ടാക്കിയതല്ല, മറ്റുള്ളവര്‍ തന്നതാണ്. ഞാന്‍ വായിച്ച എല്ലാ പുസ്തകങ്ങളുടെയും കണ്ട മനുഷ്യരുടെയും സ്വാധീനം ഇതിലുണ്ട്. ഈ പുസ്തകം അപ്പാടെ കോപ്പിയടിച്ചതാണെന്ന് ആരെങ്കിലും ആരോപിച്ചാലും ഞാന്‍ രണ്ടുകൈയും ഉയര്‍ത്തി കീഴടങ്ങും.

ചേറും ദ്രവിച്ച കണ്ടല്‍മരങ്ങളും തോടുകളുടെ വലപ്പടര്‍പ്പും നിറഞ്ഞ പുഞ്ചനിലങ്ങളില്‍ വലിയ മീന്‍പിടിത്തക്കാരുണ്ടായിരുന്നു. കാവാലം വിശ്വനാഥപ്പണിക്കരും തകഴി ശിവശങ്കരപ്പിള്ളയും മുട്ടന്‍ വരാലുകളെയും മുഷികളെയും വാളകളെയും പിടിച്ചുതീര്‍ത്തു. വേറെയും ഒരുപാടാളുകള്‍ അരിച്ചരിച്ച് ഇപ്പോഴിവിടെ മീനുകള്‍ കുറവാണ്. ഞാന്‍ മീന്‍പിടുത്തക്കാരനല്ല. കൂട്ടുകാര്‍ ചെറുപ്പത്തില്‍ വീശുവലകളുമായി ഇറങ്ങുമ്പോള്‍ ഞാന്‍ ചരുവവുമായി പിന്നാലെ പോകും, മീന്‍ പെറുക്കിയെടുക്കാന്‍. പക്ഷെ, കരയ്ക്കിട്ട മീനുകളും ഞാന്‍ പിടിച്ചാല്‍ അമരില്ല. കാരികള്‍ വിരലിനിട്ട് കുത്തും. ഇതെഴുതിയപ്പോഴും എനിക്ക് ഒരുപാട് കുത്ത് കിട്ടി.

മീശ എഴുതിയതിനും പ്രസിദ്ധീകരിച്ചതിനും പിന്നില്‍ ഒരുപാട് പേരോട് കടപ്പാടുകളുണ്ട്. ചിലരെ ഓര്‍മ്മിക്കുന്നു. ഈരയിലുള്ള വാസുദേവന്‍ ചേട്ടന്‍, സൗവാച്ചന്‍, പിജി പത്മനാഭാന്‍, രാജീവ് പള്ളിക്കോണം, അനുഷ് സോമന്‍, ദാസ് ഈര, കെന്‍സ് ഇല്ലിക്കളം, സിപിഎം നേതാവ് സഖാവ് ആനന്ദക്കുട്ടന്‍, ജയകുമാര്‍, ഉണ്ണിക്കൃഷ്ണന്‍ കിടങ്ങൂര്‍, ഉണ്ണി ആര്‍, എംആര്‍ രേണുകുമാര്‍, റ്റോം കരികുളം, യേശുദാസ്, സഞ്ജുസുരേന്ദ്രന്‍, സുബി, ശ്രീകുമാര്‍, മനില, എന്റെ ഭാര്യ വിവേക…

പ്രസിദ്ധീകരിക്കുംമുന്‍പ് വായിച്ച് അഭിപ്രായം പറഞ്ഞ ആത്മമിത്രങ്ങളുണ്ട്. അവര്‍ക്ക് നന്ദി.

ഈ കൃതിയെക്കുറിച്ച് പില്‍ക്കാലം തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ ഓര്‍മ്മിക്കുന്ന പേര് കമല്‍റാം സജീവിന്റേതായിരിക്കും. മഹിമ പറയാനില്ലാത്തവര്‍ക്ക് ഇടം നല്‍കുന്നതാണ് അദ്ദേഹത്തിന്റെ ദൗത്യം. നന്ദി.

ഒരു വലിയ സങ്കടമുണ്ട്. കെ ഷെരീഫ് മുഴുവന്‍ വരച്ചുകാണാന്‍ ആഗ്രഹമുണ്ടായിരുന്നു. ചില ചിത്രങ്ങള്‍ നമ്മുടെ ഓര്‍മ്മകളില്‍ മാത്രം പൂര്‍ത്തിയാകുമായിരിക്കും. അല്ലേ?

വൈകാരികതയടങ്ങി സമൂഹം പാകപ്പെടുമ്പോള്‍ നോവല്‍ പുറത്തിറക്കുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. അത്രയുമായില്ലെങ്കിലും പിന്തുണ നല്‍കിയ പൊതുസമൂഹത്തോടും ജനാധിപത്യ സര്‍ക്കാരിനോടും എനിക്ക് ബാധ്യതയുണ്ട്. അതുകൊണ്ടാണ് ഇത് ഇപ്പോള്‍ തന്നെ പുറത്തിറക്കുന്നത്.

ഈ നോവലിന്റെ രചനാഘട്ടത്തില്‍ തുടക്കം മുതല്‍ക്കുതന്നെ പുസ്തക രൂപത്തിലാക്കാന്‍ സമ്മതം അറിയിക്കുകയും പ്രശ്നങ്ങള്‍ക്ക് നടുവിലും മുന്‍കൈയെടുത്ത് പ്രസിദ്ധീകരിക്കുകയും ചെയ്ത ഡിസി ബുക്സിന് നന്ദി.

ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ ഈ ലോകം വളരെ നല്ലതാണെന്ന് തോന്നുന്നു. ഉപദ്രവിച്ചവര്‍ക്കും ഉമ്മ. സ്നേഹത്തോടെ,

പുതിയ കഥാകൃത്തുക്കളില്‍ പ്രമേയസ്വീകരണത്തിലും ഭാഷയിലും ആഖ്യാനത്തിലും വ്യത്യസ്തപുലര്‍ത്തുന്ന എഴുത്തുകാരന്‍ വിനോയ് തോമസ് തന്റെ രചനകളെ കുറിച്ച് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖ്യത്തിൽ നിന്നും

“വെറുതെയങ്ങു ചത്തുപോകുന്ന, അധികാരവും അലങ്കാരങ്ങളുമില്ലാത്ത മനുഷ്യരെക്കുറിച്ചാണ് ഞാനേറെയും എഴുതിയിട്ടുള്ളത്. Textമനുഷ്യജീവിതത്തിന് മറ്റു മൃഗജീവിതത്തില്‍ നിന്നു ഭിന്നമായി എന്തെങ്കിലും അധികമൂല്യമോ അനശ്വരതയോ ഇല്ലെന്ന തോന്നലില്‍ നിന്നുള്ള എഴുത്തുകളാണ് ഏറിയകൂറും. ജീവിതം അനശ്വരമല്ലെന്ന തിരിച്ചറിവ് പൊതുവേ മനുഷ്യര്‍ക്കു സഹിക്കാനാവാത്ത കാര്യമാണ്. അനശ്വരമല്ലാത്തത് അര്‍ത്ഥരഹിതമാണെന്ന ബോധ്യമുള്ളതിനാലാകാം മനുഷ്യര്‍ സാഹിത്യമടക്കമുള്ള കലാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതെന്നാണ് എന്റെ വിചാരം. മഹത്തായതും കാലങ്ങളെ മറികടന്നു നിലനില്‍ക്കുന്നതുമായ കൃതികളൊന്നും തന്നെ നമ്മുടെ ഈ ഭാഷാസാഹിത്യത്തില്‍ എന്റെ മുന്‍ഗാമികളോ ഞാനോ എഴുതിയിട്ടുണ്ടെന്ന വിശ്വാസമെനിക്കില്ല. ഒരു പ്രത്യേക കൃതി മൂലഭാഷയില്‍ തന്നെ വായിക്കണമെന്ന നിര്‍ബന്ധബുദ്ധി കൊണ്ട് മലയാളം പഠിച്ചിട്ടുള്ള അന്യഭാഷക്കാര്‍ തന്നെ എത്ര കുറവാണ്. ലോകസാഹിത്യത്തിലേക്ക് പ്രതിഷ്ഠിക്കാവുന്ന കൃതികളൊന്നും തന്നെ സൃഷ്ടിക്കപ്പെട്ടിട്ടില്ലെങ്കിലും നമ്മുടേതായ പ്രയത്‌നം നമ്മള്‍ ചെയ്യേണ്ടതുണ്ട്. ഇവിടെ ഞാനുമുണ്ടായിരുന്നു എന്ന് അടയാളപ്പെടുത്തണമല്ലോ എന്നൊക്കെയുള്ള നിസാര മോഹങ്ങളാകാം എഴുത്തിങ്ങനെ തുടരാനുള്ള കാരണം. സാംസ്‌കാരിക സമ്പത്തെന്ന നിലയില്‍ ഭാഷയെ നിലനിര്‍ത്തുന്നത് കൃതികള്‍ തന്നെയാണെന്ന് ഉംബര്‍ട്ടോ എക്കോ പറഞ്ഞത് സത്യമാണെന്നു തോന്നിയിട്ടുണ്ട്.”

തന്റെ രചനകളെ കുറിച്ച് പി. എഫ് മാത്യൂസ് പറയുന്നു

വീടിരിക്കുന്ന സ്ഥലത്ത് മഴക്കാലത്ത് നല്ല പച്ചപ്പുണ്ടാകും. നമ്പീശന്‍പുല്ലും വേനപ്പച്ചയും കുടലുചുരുക്കിയുമൊക്കെയുണ്ടാക്കുന്ന പച്ചപ്പ്. പക്ഷേ വേനല്‍ തുടങ്ങുമ്പോള്‍ തന്നെ അതൊക്കെ കരിഞ്ഞുപോകും. കാരണം ആ പറമ്പിലെ മണ്ണിന്റെ നേര്‍ത്ത പാടയ്ക്കടിയില്‍ മുഴുവന്‍ ചെങ്കല്ലായിരുന്നു. ആ ചെങ്കല്ല് വെട്ടിത്തുടങ്ങിയ കാലത്താണ് എന്റെ വായന തുടങ്ങുന്നത്.

കല്ലുവെട്ടാന്‍ പന്തളത്ത് നിന്ന് വന്ന കുഞ്ഞൂട്ടിച്ചേട്ടന്‍ കല്ലുവെട്ടുന്നതിനേക്കാള്‍ കൂടുതല്‍ സമയം ജനപ്രിയസാഹിത്യം വായിക്കുന്ന ആളായിരുന്നു. അങ്ങേര് വാങ്ങിച്ചുവെയ്ക്കുന്ന വാരികകളെല്ലാം ഞാന്‍ കട്ടെടുത്ത് വായിക്കും. ആ വായന പിന്നെ വായനശാലയിലേക്ക് നീണ്ടു. അങ്ങനെ മാതൃഭൂമിയൊക്കെ വായിക്കാന്‍ തുടങ്ങി. മാതൃഭൂമിയുടെ ബാലപംക്തിയില്‍ മുതിര്‍ന്ന എഴുത്തുകാര്‍ കുട്ടികളുടെ കഥകളെക്കുറിച്ച് പറയുന്ന അഭിപ്രായങ്ങളൊക്കെ കേട്ടപ്പോള്‍ അതിലേക്ക് ഒരു കഥ അയച്ചാലോ എന്ന് തോന്നി. അങ്ങനെ തിരിപ്പുറപ്പാട് എന്ന കഥ അയക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.

പിന്നീട് ഇനിയുമെന്തെങ്കിലും എന്ന കഥയും ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു. അങ്ങനെയൊക്കെയുണ്ടായ ആത്മവിശ്വാസത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മാതൃഭൂമി നടത്തിയ മല്‍സരത്തിലേക്ക് ഒരു കഥ അയക്കുകയും എങ്ങുമെത്താതെ അത് പരാജയപ്പെടുകയും ചെയ്തു. അതോടെ എനിക്ക് കഥയെഴുതാന്‍ അറിയത്തില്ലായിരിക്കും എന്ന ബോധ്യത്തില്‍ കഥയില്‍ നിന്ന് പിന്മാറി. ചെറിയ ചെറിയ നാടകങ്ങളൊക്കെയാണ് പിന്നെ എഴുതുന്നത്. പലയിടത്തും നാടകങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ ജോലി, കുടുംബം തുടങ്ങിയ കാര്യങ്ങളിലേക്ക് ചിന്ത മാറി.

ജോലിയുടെ ഭാഗമായി കുട്ടികളുടെ നാടകം എഴുതി, സംവിധാനം ചെയ്യേണ്ടിവന്നു. അതും വലിയ വിജയമൊന്നും ആയിരുന്നില്ല. അങ്ങനെ പ്രായമൊക്കെ കടന്നുപോകവെയാണ് ഡിസിയുടെ നോവല്‍ മല്‍സരം വരുന്നത്. പ്രായപരിധിയുടെ അവസാനഘട്ടത്തിലാണല്ലോ ഞാന്‍ എന്ന ഓര്‍മയില്‍ കുറച്ചുനാളുകളായി മനസ്സില്‍ കൊണ്ടുനടന്ന ഒരു വിഷയം നോവലായി പെട്ടെന്ന് എഴുതി. അതാണ് കരിക്കോട്ടകക്കരി. അത് അച്ചടിച്ചുവന്നപ്പോള്‍ വീണ്ടും എഴുതാന്‍ കഴിയും എന്ന ആത്മവിശ്വാസമുണ്ടായി. അങ്ങനെ രണ്ടാംവട്ടം കഥയിലേക്കെത്തി.

 

Comments are closed.