DCBOOKS
Malayalam News Literature Website

ആഗസ്റ്റ് 17: ചരിത്രമെഴുത്തിന്റെ ഭാവനാത്മകമായ 
ആഖ്യാനപരീക്ഷണം

എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവൽ ‘ആഗസ്റ്റ് 17’ ന് വി.കെ. ബാബു എഴുതിയ വായനാനുഭവം

ഫിക്ഷനില്‍ തന്നെ നിലയുറപ്പിച്ച് ചരിത്രത്തിലേയ്ക്ക് രാഷ്ട്രീയകാഴ്ചയോടെ നോട്ടങ്ങള്‍ എറിയുന്നതിനാണ് രചയിതാവ് ശ്രമിച്ചതെന്ന് തോന്നുന്നു. ചരിത്രത്തെ ഭാവനാത്മകമായി പുനഃസംവിധാനം ചെയ്യുന്ന ആഖ്യാനപരീക്ഷണങ്ങളുടെ ധീരതയായി, സ്വാതന്ത്ര്യമായി എസ് ഹരീഷിന്റെ ഈ രചന അടയാളപ്പെടും.

ചരിത്രത്തെ ഭാവനാത്മകമായി പുനഃസംവിധാനം ചെയ്യാനുള്ള സർഗാത്മകവും ധീരവുമായ ആഖ്യാനപരീക്ഷണമാണ് എസ് ഹരീഷിന്റെ ആഗസ്റ്റ് 17 എന്ന നോവല്‍. ചിരസമ്മതമായ ചരിത്രാഖ്യാനങ്ങളെ ഇളക്കാനും ചരിത്രത്തിൽ നാം പരിചയിച്ച വ്യക്തിത്വങ്ങളെ പുനർനിർവചിക്കാനും ഹരീഷ് കാണിക്കുന്ന ആർജവം സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ട്.ഹരീഷിന്റെ ഭാവനാത്മകലോകത്തോടൊപ്പം ചരിത്രവസ്തുതകള്‍ അറിയാവുന്ന വായനക്കാരും പോകാതിരിക്കില്ല. ഫിക്ഷനിലെ വാസ്തവം വ്യത്യസ്തമാണ് എന്നു വായനക്കാര്‍ തിരിച്ചറിയുന്നതുകൊണ്ടാണത്. എഴുത്തിന്റെ സ്വതന്ത്രറിപ്പബ്ളിക്കില്‍  യുക്തിവാദങ്ങള്‍ക്ക് വലിയ പ്രസക്തിയില്ല. രേഖപ്പെട്ട ചരിത്രത്തെ ഭാവനയാൽ ഇളക്കുമ്പോൾ മെച്ചപ്പെട്ട ഒരു ചരിത്രാഖ്യാനം സാധ്യമാവേണ്ടതുണ്ട്. ചരിത്രം വലിയ ആയുധമാണ്. ബഹുതലമൂർച്ചയുള്ളത്. അതിനാല്‍ ഉത്തരവാദിത്തത്തോടെ എടുത്തുപയോഗിക്കേണ്ടതാണത്. ഇതേക്കുറിച്ച് ബോധമില്ലാത്ത എഴുത്തുകാരനല്ല ഇതിന്റെ രചയിതാവ്. ഫിക്ഷനില്‍ ചരിത്രം ഏതു രീതിയില്‍ പ്രതിഫലിക്കപ്പെട്ടിരിക്കുന്ന എന്നതു നാം സൂക്ഷ്മമായി അന്വേഷിക്കാറുണ്ട്. ചരിത്രത്തിലെ വാസ്തവത്തിന്റെ  സങ്കീര്‍ണാവസ്ഥയെ അഭിസംബോധനചെയ്യാനും അനാവരണം ചെയ്യാനുമുള്ള ശ്രമം  ആഗസ്ത് 17 എന്ന നോവലിലുണ്ട്. ഈ അര്‍ത്ഥത്തില്‍ അതിനെ പ്രതിചരിത്രം എന്ന് വിളിക്കാതെ  സംവാദാത്മകചരിത്രം എന്നു  വിളിക്കാം.

ചരിത്രത്തില്‍കൂടി സഞ്ചരിക്കുമ്പോള്‍ ഒരാള്‍ മനസ്സില്‍ സൂക്ഷിക്കുന്ന സ്വാതന്ത്ര്യമാണീ നോവല്‍ എന്ന് ആമുഖത്തില്‍ നോവലിസ്റ്റ് എഴുതുന്നുണ്ട്.  സ്വതന്ത്ര തിരുവിതാംകൂർ ആണ് നോവലിലെ ഭാവനാത്മക ചരിത്രഭൂമിക. ചരിത്രവും  ഭാവനയും കൂടിക്കലര്‍ന്നുള്ള ആഖ്യാനമാണ് അതിന്റെ സഞ്ചാരപഥത്തില്‍ ഉടനീളം.  അതില്‍ ചരിത്രവ്യക്തിത്വങ്ങള്‍ കഥാപാത്രങ്ങളായി നമുക്കനുഭവപ്പെടുകയും  അവരുമായി നാം സംവദിക്കുകയും ചെയ്യുന്നു. വിചിത്രവും അതേസമയം യുക്തിഭദ്രവും ആണല്ലോ ഈ കഥനം എന്നു നാം വിസ്മയപ്പെടുന്നു. ചരിത്രവും പലരാല്‍ പല കാലങ്ങളില്‍ പറയപ്പെട്ട കഥയാണല്ലോ. നിസ്വരായ മനുഷ്യരുടെ ജീവിതങ്ങള്‍  കഥകളായാണല്ലോ ചരിത്രപ്പെട്ടിരിക്കുന്നത്. ചരിത്രമെഴുത്തിനേയും ഫിക്ഷന്‍ രചനയേയും കുറിച്ച് മൗലികമായ ചില ചിന്തകള്‍ വായനക്കാരില്‍ ബാക്കിയാക്കിയാണ് നോവല്‍ അവസാനിക്കുന്നത്.

തിരുവിതാംകൂര്‍ ഒരു സ്വതന്ത്രരാഷ്ട്രമായി ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാതെ നില്‍ക്കുന്ന ഭാവന ഒരട്ടിമറിയുടെ ആദ്യവിളംബരമായിത്തീരുന്നു. 1947  ആഗസ്റ്റ്  17 നാണ് അതിന്റെ പിറവി. ദിവാൻ സി പി രാമസ്വാമി അയ്യർ പുതിയ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി ആവുന്നു .അതോടെ അതിന്റെ രാഷ്ട്രചരിത്രം ആരംഭിക്കുന്നു. ആ മുഹൂര്‍ത്തം ചരിത്രത്തിന് സമ്മാനിച്ചതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ച ഒരു ചാരനാണ് ഇതിലെ ആഖ്യാതാവ്. അയാളുടെ നോട്ടത്തിലാണ് ഈ (പ്രതി)ചരിത്രരചന അഥവാ നോവല്‍രചന. ആ ചാരന്‍ കൈമാറുന്ന രാഷ്ട്രീയനീക്കങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ റിപ്പോര്‍ട്ടുകളാണ് തിരുവിതാംകൂര്‍ രാഷ്ട്രത്തിന്റെ പിറവിയില്‍ ഭരണകൂടത്തിന് സഹായകമായിത്തീരുന്നത്. സംഭവിക്കുന്നതിനു മാത്രമല്ല,മനുഷ്യര്‍ ചിന്തിക്കുന്നതിനും ഭാവന ചെയ്യുന്നതിനും സാക്ഷിയായ ഒരാള്‍ ചരിത്രം രചിക്കുകയാണ്.  കമ്യൂണിസ്റ്റ് പാര്‍ടിയുടേയും സ്റ്റേറ്റ് കോണ്‍ഗ്രസിന്റേയും രാഷ്ട്രീയപ്രയോഗങ്ങളെ ഉള്ളില്‍നിന്നും പുറത്തുനിന്നും സമര്‍ത്ഥമായി അടുത്തറിഞ്ഞ് ഒറ്റുന്ന ഒരാളാണത്‍. ചരിത്രത്തില്‍‍ ഇടപെടാനും അതിന് ഗതിമാറ്റം വരുത്താനും കഴിയുന്നൊരാള്‍.സ്റ്റേറ്റ് Textകോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും തമ്മില്‍ യോജിപ്പുണ്ടാകുന്നത് തടയല്‍ ചാരപ്രവര്‍ത്തനത്തിന്റെ പ്രധാന ലക്ഷ്യമാണ്. അടിത്തട്ടുപ്രവര്‍ത്തനങ്ങളില്‍ നുഴഞ്ഞുകയറി അതിനെ അട്ടിമറിക്കുന്ന ,രാജഭരണത്തിന്റെ ഏറ്റവും വിശ്വസ്തനായ ഒരാളാണീ ചാരന്‍. മുകളില്‍ നിന്ന് ബലപ്രയോഗംകൊണ്ട് ചെയ്യാന്‍ കഴിയാത്ത പലതും ഫലപ്രദമായി നടപ്പാക്കാന്‍ ചാരപ്രവര്‍ത്തനത്തിന് കഴിയും എന്ന് തെളിയിക്കുന്ന ഒരാള്‍. അതിലയാള്‍ കറതീര്‍ന്ന ദ‍ൃഢമനസ്കനാണ്. എല്ലാ കാലത്തേയും സാമ്രാജ്യവാദികളുടെ ഒരു പിണിയാള്‍. അത്തരക്കാര്‍ ചരിത്രത്തില്‍ എവിടെയുമുണ്ടായിരുന്നു. അടുപ്പമുണ്ടാക്കി ഒറ്റുന്നത് ഇത്തരക്കാരുടെ സ്വഭാവവിശേഷമാണ്.  ബഷീറിനെ മുതല്‍ കെ.സി.എസ്. മണിയെ വരെ ദിവാന്റെ ഈ ചാരൻ ഒറ്റുന്നുണ്ട്. പല നിർണ്ണായക ഘട്ടത്തിലും അയാൾ ചരിത്രത്തിൽ ഇടപെടുന്നു.പൂനെയ്ക്കടുത്തുള്ള ബാരാമതിയില്‍ വച്ച് നാഥൂറാമിന് മഹാത്മാവിനെ കൊല്ലാനുള്ള തോക്കു വാങ്ങി നൽകുന്നതുപോലും  ഈ സിഐഡി ആണ്.

സി.പി.രാമസ്വാമി അയ്യരുടെ ചാരൻ വിപ്ലവഗ്രൂപ്പുകളിൽ നുഴഞ്ഞു കയറുന്നത് പലപ്പോഴും വൈക്കം മുഹമ്മദ് ബഷീറുമായുണ്ടാക്കുന്ന സൗഹൃദം വഴിയാണ്. ബഷീറുമായുള്ള ബന്ധം മാത്രമാണ് ഒരു പക്ഷേ അയാള്‍ക്ക് ഒരു സമസ്യ ആയി അനുഭവപ്പെടുന്നതും. വിപ്ലവ രാഷ്ട്രീയപ്രവര്‍ത്തകനായ ഒരു‍ ബഷീറിനെയാണ് നാം ഇവിടെ കാണുന്നത്. ഗാന്ധിജിയെ കാണാൻ നാടുവിട്ടുപോയ രാജ്യസ്നേഹി ആണയാള്‍. ചെറുപ്പത്തിലേ സ്വാതന്ത്രസമരത്തിൽ ആകൃഷ്ടനായ ബഷീർ പ്രക്ഷോഭങ്ങളില്‍ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന ലഘുലേഖകളുടെ രചയിതാവാണ്. ഒപ്പം എഴുത്താളരില്‍ കാണുന്ന ഭ്രാന്ത് ബാധിച്ച ഒരാള്‍. ആ ഭ്രാന്ത് എക്കാലത്തും ഭരണകൂടത്തിനെതിരെയുള്ള ഒരു സര്‍ഗാത്മകതയാണ്. ഈ ഭ്രാന്ത് പകരുന്നതാണോ എന്ന് ചാരന്‍ സംശയിക്കുന്നുണ്ട്. അത് വിപ്ലവമായി മാറുമോ എന്ന ആശങ്ക ആ ചിന്തയില്‍ നിഹിതമായിരിക്കാനിടയുണ്ട്. ഭ്രാന്ത് കാഴ്ചകളെ കീഴ്മേല്‍ മറിക്കും. ചരിത്രത്തെ  പൊളിച്ചെഴുതാനും  അധികാരവിരുദ്ധമായ ഒരു ഭ്രാന്തിനേ കഴിയൂ.ഒരു സമയത്ത് കഥയില്‍നിന്ന് അപ്രത്യക്ഷമാകുന്ന ബഷീർ എന്ന കഥാപാത്രം പിന്നീട്  ആഖ്യാതാവിനുമുമ്പില്‍ പ്രത്യക്ഷമാകുന്നത്  ജയിലിലെ ഒരു മതിലിനപ്പുറം ഏകാന്ത തടവുകാരനായാണ്.   രാഷ്ട്രീയം വേണോ കഥ വേണോ എന്ന  ചോദ്യം ബഷീര്‍ നേരിട്ടുണ്ടാകണം. എങ്ങോട്ടെന്നറിയാതെ മാഞ്ഞു പോകുന്നതിന്റെ പിന്നില്‍ ഈ ധര്‍മസങ്കടം ഉണ്ടാവാം.നോവലിലെ ആഖ്യാതാവായ സി ഐ ഡിയെ ബഷീറിന്റെ ഭ്രാന്തമായ ഭാവനയില്‍നിന്നും ‍ നോവലിസ്റ്റ് കടംകൊണ്ടതാവാം.

1947 ആഗസ്റ്റ് 17 ന് കൊളോണിയല്‍ ഭരണത്തില്‍ നിന്നും  വിമോചിതമായി സ്വതന്ത്രരാഷ്ട്രമായിത്തീര്‍ന്ന തിരുവിതാംകൂറിന്റെ പ്രധാനമന്ത്രി ആയി സര്‍ സി.പി. രാമസ്വാമി അയ്യര്‍ അധികാരമേല്‍ക്കുന്നു. ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ എഴുതിയ വഞ്ചീശമംഗളം ആ രാഷ്ട്രത്തിന്റെ ദേശീയഗാനവും വലംപിരിശംഖ് അടയാളമുള്ള കാവിക്കൊടി ദേശീയപതാകയുമായി അംഗീകരിക്കപ്പെട്ടു. ദേശീയപക്ഷി കൃഷ്ണപ്പരുന്തും ദേശീയമൃഗം പശുവുമാണ്. സര്‍ സി.പിയുടെ ചാരന്‍ ഈ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. വിവിധ പേരുകളില്‍‍ പ്രത്യക്ഷപ്പെടുന്ന അയാള്‍   രാഷ്ട്രത്തിന്റെ പിറവിയിലേയ്ക്ക് നയിച്ച നിര്‍ണായകമായ പല സംഭവങ്ങളുടെയും ആസൂത്രകനും സൂത്രധാരനും ആയി പ്രവര്‍ത്തിച്ച ആളാണ്.  അതിനു വിപരീതധ്രുവത്തില്‍ നിതാന്തകലാപകാരിയായി വൈക്കം മുഹമ്മദ് ബഷീറും.  ആധുനികതിരുവിതാംകൂറിന്റെ രൂപീകരണം നടക്കുന്ന 1939-1947 കാലം നോവലില്‍  വിശദമായി ആവിഷ്കരിക്കപ്പെടുന്നുണ്ട്. ഹിന്ദുമഹാസഭയുടെയും ജിന്നയുടെയും പിന്തുണ സ്വതന്ത്ര തിരുവിതാംകൂര്‍ രാഷ്ട്രത്തിന്റെ രൂപികരണത്തിന് ലഭിക്കുന്നുണ്ട്. തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാനുള്ള ആവശ്യത്തിന് പിന്തുണയോറുന്ന ഘട്ടത്തിലാണ് രാജാവിനെതിരായ വധശ്രമം നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ ദിവാനെതിരെ നടന്ന വധശ്രമം നോവലില്‍ രാജാവിനെതിരെ ആണ് നടക്കുന്നത്. ഈ വധശ്രമം  ദേശീയപ്രസ്ഥാനത്തിന്റേയും അന്താരാഷ്ട്ര സമൂഹത്തിന്റേയും എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തുന്നു. രാജഭക്തരുടെ കലാപം ശക്തിയാര്‍ജിക്കുന്നു.  കടുത്ത ആക്രമങ്ങള്‍ അരങ്ങേറിയതോടെ മൗണ്ട്ബാറ്റന്‍ നെഹ്രുവിനെയും സി.പി.യെയും ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നു. തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യാവശ്യത്തെ  കോണ്‍ഗ്രസിന് അംഗീകരിക്കേണ്ടിവരുന്നു. 1947 ആഗസ്റ്റ് 17 ന് ആ രാഷ്ട്രത്തിന്റെ പതാക തിരുവനന്തപുരം കിഴക്കേകോട്ടയില്‍ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ ഉയര്‍ത്തുന്നതോടെ തിരുവിതാംകൂര്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമാവുന്നു.  തിരുവിതാംകൂറിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഈ ഘട്ടത്തില്‍ പരാജയമടയുകയാണ് ചെയ്യുന്നത് .  തുടര്‍ന്ന് അമേരിക്കയുമായി സഖ്യം ചേര്‍ന്ന് ശക്തമായ ഒരു ഭരണസംവിധാനം സി.പി. കെട്ടിപ്പെടുക്കുന്നു.

പക്ഷേ, ബ്രാഹ്‌മണരെ പ്രീതിപ്പെടുത്താനായി നടത്തുന്ന മുറജപത്തിനെതിരായി ആരംഭിച്ച സമരം ജനകീയ പ്രക്ഷോഭമായി മാറുന്നു. അതു വിജയത്തിലെത്തുകയും  1966ല്‍  അക്കാമ്മ ചെറിയാന്‍ പ്രധാനമന്ത്രിയായി ഒരു ഇടക്കാല സര്‍ക്കാര്‍ നിലവില്‍ വരികയും ചെയ്യുന്നു. സി.പി.യുടെ ഭരണം തകര്‍ന്ന ശേഷം അക്കാമ്മ ചെറിയാന്റെ നേതൃത്വത്തിൽ ഉള്ള തിരുവിതാംകൂർ കോൺഗ്രസ്‍കാരാണ്  രാജ്യം ഭരിച്ചത്. മൂന്നുമാസം മാത്രം നീണ്ടു നിന്ന ആ സര്‍ക്കാരിനെ അട്ടിമറിച്ച് തിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തുന്നു. ഭരണം പിടിച്ച കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് തിരുവിതാംകൂർ സ്ഥാപിതമാകുന്നു. എഴുത്തുകാർ ചരിത്രം തിരുത്തി എഴുതാൻ നിയോഗിക്കപ്പെടുകയാണ് ഈ ഭരണത്തില്‍. എങ്ങനെ സൃഷ്ടികള്‍ നടത്തണമെന്ന പരിശീലനം ജനകീയറിപ്പബ്ളിക്ക് എഴുത്തുകാര്‍ക്ക് കൊടുക്കുന്നു. ഡോക്ടർമാർ പാറപൊട്ടിക്കാന്‍ അയക്കപ്പെടുന്നു. ബുദ്ധിജീവികൾ വയലുകളിൽ പണി എടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.  അതിനു വഴങ്ങാത്തവരുടെ അവസ്ഥ കഷ്ടമായിത്തീരുന്നു.തകഴി ഉള്‍പ്പെടെ അനേകം എഴുത്തുകാര്‍ മതിലുകള്‍ക്കുള്ളിലേയ്ക്ക് നയിക്കപ്പെടുന്നു. സക്കറിയ എന്ന കഥയെഴുത്തുകാരന് കുഴികുത്തുകയും കുഴി മൂടുകയും ചെയ്യുന്ന പണിയാണ് കമ്യൂണിസ്റ്റ് ഭരണകൂടം കൊടുത്തിരിക്കുന്നത്. കമ്യൂണിസ്റ്റ് ഘട്ടത്തിലും പല അധികാരസ്ഥാനങ്ങളിലും  ദിവാന്റെ ആളുകൾ തന്നെ തുടരുന്നു.  എന്നും അധികാരികളായി തുടരാനുള്ള കൗശലമുള്ളവരാണവര്‍‍.

അനേകം എങ്കിലുകള്‍ സംഭവിച്ചാല്‍ മാത്രം യാഥാര്‍ത്ഥ്യമാവുന്ന ഒന്നാണിതെന്ന് തോന്നാം.  സ്വതന്ത്ര തിരുവിതാംകൂറിന്റെ‍ പിറവിയടക്കമുള്ള സംഭവങ്ങള്‍. സമാന്തരതകളെ ആസ്പദമാക്കിയുള്ള ഒരു ഫിക്ഷണല്‍ ലോകമാണ് ഹരീഷ് സൂക്ഷ്മമായി ആഖ്യാനം ചെയ്യുന്നത്.   സമകാലിക സാഹചര്യം സൃഷ്ടിയ്ക്കുന്ന രാഷ്ട്രീയപ്രേരണകളായിരിക്കണം ഈ ഖ്യാനത്തിന്റെ ഹേതുവായിരിക്കുന്നത്.  ഭൂതകാലത്തെക്കുറിച്ച് ഹരീഷ്‍ എഴുതുന്നത് തീര്‍ച്ചായായും വര്‍ത്തമാനകാലത്തിന്റെ ആസുരതകളെ വിശദമാക്കാനാണ്. വര്‍ത്തമാനാവസ്ഥയോടുള്ള ഒരു സര്‍ഗാത്മകമനസ്സിന്റെ പ്രതികരണമാണതിലുള്ളത്. ലിഖിതചരിത്രം വസ്തുനിഷ്ഠകഥനം ആണെന്ന നമ്മുടെ മിഥ്യാബോധത്തെ തകര്‍ക്കുകയും അതേസമയം സമകാലിക ഇന്ത്യനവസ്ഥയെ ഫലപ്രദമായി സൂചിപ്പിക്കുന്ന തുറവികളിലേയ്ക്ക് വായനക്കാരെ നയിക്കുകയും ചെയ്യുന്നു ഈ നോവല്‍.   1966 ഡിസംബറില്‍  ഇന്ത്യന്‍ പട്ടാളം തിരുവിതാംകൂറിലേക്ക് കടക്കുന്നതോടെ സ്വതന്ത്ര തിരുവിതാംകൂറിന്റെ അസ്തിത്വം ഇല്ലാതാവുന്നു. ഇതോടെ നോവല്‍  അവസാനിക്കുന്നു.

ചരിത്രം മറ്റൊരു വിധത്തിൽ ആയിരുന്നെങ്കിൽ നമ്മുടെ ജീവിതവും സമൂഹവും എത്രമാത്രം മാറിയേനെ എന്ന ചിന്ത നിരവധി  ഭാവനകള്‍ക്ക് ജന്മം നല്‍കാം.  ഹിറ്റ്ലർ രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യകക്ഷികളെ പരാജയപ്പെടുത്തിയിരുന്നെങ്കില്‍ നാം ജീവിക്കുന്ന ഈ ലോകം തീര്‍ച്ചയായും ഇപ്പോഴുള്ളതുപോലെ ആവില്ല. നെഹ്റുവിന് പകരം സവര്‍ക്കര്‍ ആയിരുന്നു ആദ്യപ്രധാനമന്ത്രി ആയിരുന്നതെങ്കില്‍ ഇന്ത്യയും ഇന്ത്യക്കാരും ഇന്നുള്ളതുപോലെ ആയിരിക്കുകയില്ല. നെപ്പോളിയനോട് ഇംഗ്ലീഷുകാര്‍ തോറ്റിരുന്നെങ്കില്‍ ലോകഗതി മാറിയേനെ.  പ്രതിചരിത്രം (alternate history)  നമ്മെ ആകര്‍ഷിക്കുന്നത് നമ്മുെട ജീവിതത്തെ നിര്‍ണയിക്കുന്ന പ്രധാന ശക്തിയായി ചരിത്രത്തെ നാം കണക്കാക്കുന്നതുകൊണ്ടാണ്. വി എസ് അച്യുതാനന്ദനും  ശ്രീകണ്ഠന്‍ നായരും കൊല്ലപ്പെടുന്നതും എ കെ ജി മുഖ്യമന്ത്രി ആകുന്നതും കെ സി എസ് മണിയെ കഴുത്തറുത്ത് രഹസ്യമായി കത്തിക്കുന്നതും ഈ പ്രതിചരിത്രത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്.കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകമെഴുതിയ പെരുന്തല്‍മണ്ണക്കാരനായ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ആകസ്മികമരണം സ്വതന്ത്രതിരുവിതാംകൂര്‍ രാഷ്ട്രത്തിന്റെ രഹസ്യാന്വേഷണ സംഘടനയായ സി.പി.ജി.യുടെ പ്രവര്‍ത്തനഫലമായാണ് നോവലില്‍ ചിത്രീകരിച്ചിരിക്കുന്നത്.ഗ്രന്ഥകാരനായ ഇ.എം.എസിന്റെ മൃതദേഹം കൊടുങ്ങല്ലൂര്‍ ഭാഗത്തുള്ള ഒരു ലോഡ്ജില്‍ നിന്നാണ് കിട്ടിയത്’.ആഗസ്റ്റ് 17 -ല്‍ കണ്ടുമുട്ടുന്ന മഹാഭൂരിപക്ഷം രാഷ്ട്രീയപ്രവര്‍ത്തകരും ജീവിച്ചിരുന്നവരാണ്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന വി എസും ഇതില്‍ കടന്നുവരുന്നുണ്ട്.

പ്രതിവസ്തുതകളുടെയും ഉപപാഠങ്ങളുടെയും ഒരു ശേഖരം കൂടിയാണ് ആഗസ്റ്റ് 17. കഥയുമായി നേരിട്ടു ബന്ധമില്ലെങ്കിലും മലബാറിയേയ്ക്കുള്ള കുടിയേറ്റത്തിന്റെ ഒരു സന്ദര്‍ഭവും നോവലിലുണ്ട്.?എഴുത്ത് അധികാരത്തിനെതിരായ സര്‍ഗാത്മകതയുടെ ആവിഷ്‌കാരമാണെന്ന് നോവലിസ്റ്റ് കരുതുന്നുണ്ടാവണം. എങ്ങനെ എഴുതണം എന്നു നിര്‍ദ്ദേശിക്കുന്ന തടവറകള്‍ ഉയര്‍ന്നുവരികയും തകഴിയും സക്കറിയയും തടവിലാക്കപ്പെടുകയും ചെയ്യുന്ന കാലമാണ് പീപ്പിള്‍സ് റിപ്പബ്‌ളിക് ഓഫ് തിരുവിതാംകൂറിന്റേതായി ഭാവനപ്പെട്ടിരിക്കുന്നത്. സ്റ്റാലിന്റെ ഭരണകാലത്തെ ഇത് ഓര്‍മിപ്പിക്കുന്നു. ഒരു ആധുനിക ജനാധിപത്യ സിവില്‍സമൂഹത്തിന്റെ നിര്‍മിതി ചരിത്രത്തില്‍ കമ്യൂണിസ്റ്റ് ഭരണത്തിന് സാധ്യമായില്ല എന്നു ഇതു സൂചിപ്പിക്കുന്നുണ്ട്. അതിനെതിരെയുള്ള നോവലിസ്റ്റിന്റെ വിമര്‍ശനമായി ഈ ചിത്രികരണത്തെ കാണാവുന്നതാണ്. സി.പി.യുടെ അടുപ്പക്കാര്‍പോലും പോളിറ്റ് ബ്യൂറോയിലെത്തുകയും പാര്‍ട്ടിയുടെ ആരാധ്യരായ നേതാക്കളായിത്തീരുകയും ചെയ്യുന്ന വൈപരീത്യം ഇതോടനുബന്ധിച്ച് വായിക്കാവുന്നതാണ്.കോണ്‍ഗ്രസ് ചരിത്രബോധം നഷ്ടപ്പെട്ട ഒരു ആള്‍ക്കൂട്ടം മാത്രമായിത്തീരുന്നതായാണ് നോവലില്‍ ചിത്രീകരിച്ചിരിക്കുന്നത്. അധികാരം കൈവന്നതോടെ അവര്‍ അമേരിക്കന്‍ ദാസ്യത്തിലേക്കു നീങ്ങുന്നു. ബഷീര്‍ (എന്ന രാഷ്ട്രീയപ്രവര്‍ത്തകന്‍) ഇതിലെ പ്രധാന കഥാപാത്രവും ബഷീറിന്റെ ഭ്രാന്തിന്റെ ക്രിയാത്മകത ഇതിലെ ആഖ്യാനഗതി നിര്‍ണയിക്കുന്ന പ്രഥമ ശക്തിയുമായിത്തിരുന്ന വായനാനുഭവമാണ് ഉണ്ടാകുന്നത്. ചരിത്രം ഫിക്ഷനെന്നപോല്‍ വായിക്കാനും ഫിക്ഷനിലെ ചരിത്രാംശങ്ങളെ മറിച്ചിടാനും അതികഥനം നടത്താനും അതു പ്രേരണയായിത്തീരുന്നു. ഫിക്ഷനില്‍ തന്നെ നിലയുറപ്പിച്ച് ചരിത്രത്തിലേയ്ക്ക് രാഷ്ട്രീയകാഴ്ചയോടെ നോട്ടങ്ങള്‍ എറിയുന്നതിനാണ് രചയിതാവ് ശ്രമിച്ചതെന്ന് തോന്നുന്നു. ചരിത്രത്തെ ഭാവനാത്മകമായി പുനഃസംവിധാനം ചെയ്യുന്ന ആഖ്യാനപരീക്ഷണങ്ങളുടെ ധീരതയായി, സ്വാതന്ത്ര്യമായി എസ് ഹരീഷിന്റെ ഈ രചന അടയാളപ്പെടും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

കടപ്പാട് -WTPLive

 

Comments are closed.