DCBOOKS
Malayalam News Literature Website

ചിന്തയുടെ പെണ്ണുങ്ങള്‍

ചിന്ത ജെറോമിന്റെ ഏറ്റവും പുതിയ പുസ്തകം ‘അതിശയപ്പത്ത്‘  കെവി മധു എന്ന പുസ്തകത്തിന് എഴുതിയ വായനാനുഭവം

ഇറാഖിലെ രണ്ടാം ആഭ്യന്തരയുദ്ധകാലം. 2014 ഓഗസ്തിലാണ് ആ വരവുണ്ടായത്.

കറുത്ത കൊടികുത്തിയ ട്രക്കുകളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കോച്ചോയിലെത്തി. ഗ്രാമത്തിലെ പുരുഷന്മാരെയെല്ലാം വെടിവച്ചുകൊന്ന് സ്ത്രീകളെയും കുട്ടികളെയും തടവുകാരാക്കി. കുട്ടികളെ ഐഎസ് പോരാളികളാക്കി പരിശീലിപ്പിച്ചു. സ്ത്രീകളെ അടിമച്ചന്തയില്‍ വില്‍ക്കാനാണ് പദ്ധതി. അക്കൂട്ടത്തിലുണ്ടായിരുന്ന ചിലരെ മൊസൂളിലേക്ക് കൊണ്ടുപോയി. കൂട്ടത്തിലുണ്ടായിരുന്ന യസീദി സ്ത്രീയായ നാദിയാ മുറാദിനെ മതപരിവര്‍ത്തനം ചെയ്ത് ഐഎസ് ഭീകരരിലൊരാള്‍ വിവാഹം ചെയ്തു. അതിനിടെ ലൈംഗിക അതിക്രമത്തിന് പലരും വിധേയമാക്കി. ഒരുരാത്രി കൂട്ട ലൈംഗിക അതിക്രമം തന്നെ ഉണ്ടായി. അപ്പോഴെല്ലാം അടിമത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ രക്ഷപ്പെട്ട് ഒരാശുപത്രിയിലെത്തിയപ്പോള്‍ ആശുപത്രി മേധാവിയും നിദായമുറാദിനെ പീഡിപ്പിച്ചു. സ്വയം പീഡനത്തിനിരയായപ്പോള്‍ തന്നെ ചുറ്റിലും പീഡിപ്പിക്കപ്പെടുന്ന ഐഎസിന്റെ ലൈംഗിക അടിമകളുടെ ജീവിതം അവള്‍ നേരിട്ട് കാണുകയും ചെയ്യുന്നുണ്ടായിരുന്നു. രക്ഷപ്പെടാനുള്ള അശ്രാന്തമായ പരിശ്രമം തിരിച്ചടികള്‍ക്കിടയിലും നാദിയ നടത്തിക്കൊണ്ടിരുന്നു. അതിജീവനത്തിനായുള്ള ഓട്ടത്തിനിടെ അടിമച്ചന്തകളില്‍ കൈമാറ്റപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ ഓരോരുത്തരായി നാദിയയുടെ ശരീരം ഉപയോഗിച്ചു. ഭീകരര്‍ മുതല്‍ ജഡ്ജിവരെ പീഡിപ്പിച്ചു. ബലാല്‍സംഗത്തിനിടെ രക്ഷപ്പെട്ടതിന് ശിക്ഷവിധിച്ച ജഡ്ജി പീഡനാനന്തരം അനുയായികള്‍ക്ക് എറിഞ്ഞുകൊടുത്തു. എന്നിട്ടും അവള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഫലമുണ്ടായി. നാദിയ രക്ഷപ്പെട്ടു. അവള്‍ തന്റെ കഥ ലോകത്തോട് വിളിച്ചുപറഞ്ഞു. 2018ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു നാദിയാ മുറാദിന്.

നാദിയ ഒരു ധൈര്യമാണ്.

വിമോചനപ്പോരാട്ടത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന, തിരിച്ചടികളിലും അതിജീവനത്തിനായി പോരാടുന്ന ഓരോ സ്ത്രീക്കും മുമ്പില്‍ തലയുയര്‍ത്തിനില്‍ക്കുന്ന മാതൃക. വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ നിന്ന് അതിജീവനത്തിലൂടെ ലോകം വെട്ടിപ്പിടിച്ച നാദിയമുറാദുമാരുടെ ജീവിതം തേടിപ്പോകുകയാണ് ചിന്തജെറോം അതിശയപ്പത്ത് എന്ന പുസ്തകത്തിലൂടെ. നടി ഐശ്വര്യരാജേഷ് മുതല്‍ സെറീന വില്യംസ് വരെ നീളുന്ന സ്ത്രീ ജീവിതങ്ങളിലൂടെയുള്ള ഒരുയാത്രയാണ് കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച അതിശയപ്പത്ത്.

അവര്‍ പത്തുപേരല്ല…

അതിശയപ്പത്തിന്റെ വലിയ പ്രത്യേകത അതിന്റെ സ്വാഭാവികതയാണ്. ചിന്ത ലേഖനങ്ങളെഴുതാന്‍ പത്ത് പേരെ തെരഞ്ഞെടുത്ത് അവരുടെ ജീവിതം തേടിപ്പോകുകയായിരുന്നില്ല എന്ന്് ഓരോ ജീവിതവും സാക്ഷ്യപ്പെടുത്തുന്നു. പകരം സ്ത്രീയുടെ അതിജീവന വഴികളിലൂടെയുള്ള സഞ്ചാരത്തിനിടെ ചുറ്റുപാടുകളില്‍ നിന്ന് ചിന്തയുടെ കാഴ്ചവട്ടത്തിലേക്ക് നടന്നെത്തുന്ന ജീവിതങ്ങളുടെ കഥ അവര്‍ പറയുകയാണ് ചെയ്യുന്നത്. അതില്‍ അരികുജീവിതങ്ങളില്‍ ഒറ്റപ്പെട്ടുപോയിട്ടും അതിജീവിച്ചവരുണ്ട്, പുരുഷാധിപത്യത്തിന്റെ നെടുംകോട്ടകള്‍ പിളര്‍ന്ന്് വന്നവരുണ്ട്, വര്‍ണവിവേചനത്തിന്റെ ചുളിഞ്ഞ നെറ്റി മാന്തിപ്പറിച്ചവരുണ്ട്, കരുത്തിന്റെ പോരാട്ടവഴികള്‍ തെരഞ്ഞെടുത്ത് വിജയിച്ചെത്തിയവരുണ്ട്, ചേലാകര്‍മങ്ങളുടെ ക്രൂരതകളില്‍ സ്തംഭിച്ചുനില്‍ക്കാതെ പോരാടിയവരുണ്ട്….

അവര്‍ ഓരോരുത്തരുടെ ജീവിതത്തിലേക്ക് പരകായപ്രവേശം ചെയ്ത് ചിന്ത ജീവിതം പറയുകയാണ്.

എണ്ണിനോക്കിയാല്‍ പത്ത് പേരുടെ ജീവിതമെങ്കിലും ലോകമാകെയുള്ള സ്ത്രീജിവിതങ്ങളുടെ അതിജീവന വീരഗാഥകള്‍ ചിന്ത പുനരവതരിപ്പിക്കുകയാണ്. അങ്ങനെ അതിജീവിതകളുടെ ആവേശോജ്വലമായ കഥയായി അതിശയപ്പത്ത് മാറുന്നു.കോളനിയില്‍ നിന്ന് ഐശ്വര്യരാജേഷ്
ഐശ്വര്യരാജേഷിനെ കാക്കമുട്ടൈ എന്ന സിനിമയിലാണ് ചിന്ത ആദ്യം ശ്രദ്ധിച്ചത്. പിന്നെ തേടിപ്പിടിച്ച് ഐശ്വര്യയുടെ സിനിമകള്‍ കണ്ടു. സിനിമകള്‍ക്കപ്പുറത്ത് ആ നടിയുടെ ജീവിതം തേടിയുള്ള യാത്രയായി പിന്നീട്. ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ജീവിത കഥകള്‍ ഒക്കെകേട്ടതോടെ ഐശ്വര്യയുടെ ജീവിതം പഠിക്കപ്പെടേണ്ടതാണ് എന്ന് ചിന്തയ്ക്ക് ബോധ്യപ്പെട്ടു. അങ്ങനെയാണ് അതിശയപ്പത്തിലെ ഒരു കഥയായി ഐശ്വര്യരാജേഷിന്റെ ജീവിതം മാറിയത്.

ഏറ്റവും ദരിദ്രമായ കുടുംബത്തില്‍ പിറന്ന, ചേരിയില്‍ ജീവിച്ച, അച്ഛനോ അങ്ങളമാരോ ഇല്ലാത്ത തുണിക്കച്ചവടക്കാരിയായ ഒരമ്മയുടെ മകള്‍ സിനിമയുടെ മായികലോകത്ത് പൊതുസമ്മതയായ ഒരു അഭിനേത്രിയായി പേരെടുത്ത കഥ അതിശയപ്പത്തില്‍ അങ്ങനെ ഇടംനേടി. 1990ല്‍ തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് ഐശ്വര്യജനിച്ചത്്. എട്ടാംവയസ്സില്‍ അച്ഛനും പന്ത്രണ്ടാംവയസ്സില്‍ മൂത്തസഹോദരനും മരിച്ചു. അമ്മ ഐശ്വര്യയെ ഒരു അന്തസ്സുള്ള പെണ്ണായി വളര്‍ത്തി. അവള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആത്മധൈര്യമുണ്ടാക്കിക്കൊടുത്തു. അങ്ങനെയാണ് കോളനി ജീവിതം എന്ന് അപഹസിക്കപ്പെട്ടിടത്ത് നിന്ന് ഇന്ന് കാണുന്ന ഐശ്വര്യയിലേക്ക് അവള്‍ എത്തിയത്. ഐശ്വര്യയുടെ ജീവിതത്തിന്റെ സകലഘട്ടങ്ങളിലൂടെയും ചിന്ത കടന്നുപോകുന്നുണ്ട്.

ഐശ്വര്യയുടെ കാഴ്ചപ്പാട് ചിന്ത എടുത്തുദ്ധരിക്കുന്നുണ്ട്.

” ജീവിതം പണം കൊണ്ട് സമ്പാദിക്കാന്‍ കഴിയുന്നതല്ല എന്ന് അമ്മ എന്നെ പഠിപ്പിച്ചു. അതാണ് ജീവിതം എന്നെ പഠിപ്പിച്ച ആദ്യപാഠം”

സെറീനയുടെ തോല്‍വികള്‍ സമാനമാണ് സെറീന വില്യംസിന്റെ ജീവിതം. വര്‍ണവിവേചനത്തിന്റെ കടുത്ത അതിക്രമത്തിന് ഇരയായ സമൂഹത്തില്‍ നിന്ന് അതിശയകരമായി ഉയിര്‍ത്ത ഒരു മഹാവനിത. സെറീനയുടെ ജീവിതം അതീജീവിതയുടെ ജീവിതമായതെങ്ങനെയന്ന് അധികം ആലോചിക്കേണ്ടതില്ല. അവരുടെ കാഴ്ചപ്പാട് ഉദ്ധരിക്കുന്നുണ്ട് ചിന്ത. അതിങ്ങനെ

” തോല്‍ക്കുന്നത് വേദനാജനകമാണ്. തോല്‍വിയെ ഭയപ്പെടുന്ന ഒരാളാണ് ഞാന്‍. പക്ഷേ തോല്‍വികള്‍ ഉള്ളതുകൊണ്ടാണ് ഞാന്‍ ഇങ്ങനെയായത്. ഓരോ തവണ തോല്‍ക്കുമ്പോഴും പിന്നീട് അടുത്ത തോല്‍വിയിലേക്കുള്ള ദൂരം കൂടിക്കൂടി വരുന്നു. കാരണം തോല്‍വിയില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുന്നു”

Textഓരോ തിരിച്ചടിയില്‍ നിന്ന് കരകയറാനുള്ള അല്‍ഭുതവിദ്യ സ്വന്തമാക്കുന്നതെങ്ങനെയെന്നും അതിജീവിക്കാനുള്ള വഴി കണ്ടുപിടിക്കുന്നതെങ്ങനെയെന്നും ഇതിലും നല്ല ഭാഷയില്‍ വിശദീകരിക്കേണ്ടതില്ലല്ലോ.

പരസ്യമോഡലായപ്പോഴും ഗര്‍ഭിണിയായിരിക്കെ കളിച്ചപ്പോഴും മഹാവിജയങ്ങള്‍ സ്വന്തമാക്കിയപ്പോഴും ഒക്കെ കറുപ്പിന്റെ പേരില്‍ അപഹസിക്കപ്പെട്ടു. ഒന്നും കണ്ട് പേടിച്ചില്ല സെറീന. ലോകപ്രശസ്ത മാഗസിനില്‍ നഗ്‌നയായി പ്രത്യക്ഷപ്പെട്ടതിനെ കുറിച്ച് അവര്‍പറഞ്ഞ കഥ ചിന്ത വിശദീകരിക്കുന്നുണ്ട്. അതുപോലെ ഓരോഘട്ടത്തിലും സെറീന കാണിച്ച അല്‍ഭുതകരമായ ധൈര്യം ഒരുമഹാവനിത രൂപപ്പെടുന്നതെങ്ങനെയെന്ന് കാണിച്ചുതരുന്നു.

ചൊല്‍പ്പടിക്കാക്കാന്‍ ലിംഗം മുറിക്കുന്നവര്‍ ചേലാകര്‍മം എന്ന ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പുരുഷാധിപത്യത്തിന്റെ ക്രൗര്യമുഖത്തെ ചിന്താജെറോം വിശദീകരിക്കുന്നുണ്ട്. ആധുനികമനുഷ്യന് കല്‍പിച്ചുകൊടുക്കുന്ന മാനവികതയുടെ സകല എതിര്‍മൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന ആശയമായി മാറുന്നുചേലാകര്‍മം. സ്ത്രീ അനുഭവിക്കുന്നതല്ലേ, അതിലിടപെട്ട് ബുദ്ധിമുട്ടാകണ്ട, അതെല്ലാം അങ്ങനെയങ്ങ് നടന്ന് പോയ്ക്കോട്ടെയെന്ന പുരുഷാധിപത്യസമൂഹത്തിന്റെ പൊതുകാഴ്ചപ്പാട് ഗൂഢാജണ്ടകളുടെ പുറംമോടിയാണ് എന്ന് ചേലാകര്‍മത്തിലെ സ്ത്രീവിരുദ്ധതയോരോന്നും എടുത്ത് പരിശോധിച്ച് ചിന്ത വിലയിരുത്തുന്നുണ്ട്. സ്ത്രീശരീരത്തെ ചൊല്‍പ്പടിക്ക് നിര്‍ത്തുക എന്ന കേവലകാഴ്ചയ്ക്കപ്പുറത്ത് കിടപ്പറയില്‍ പോലുംഅച്ചടക്കമുള്ള സ്ത്രീയെ നിര്‍മിക്കാനുള്ള തന്ത്രത്തെ ചിന്തയുടെ ചിന്ത വലിച്ചുപുറത്തിടുന്നുണ്ട്.

”ചൈനയിലെ കാല്‍ചുരുക്കല്‍ പ്രക്രിയ സ്ത്രീകളുടെ ചലനാത്മകതയെ നിയന്ത്രിക്കുകയും അതുവഴി കിടക്കയില്‍ പോലും അച്ചടക്കമുള്ള സ്ത്രീയെ നിര്‍മിക്കുകയും ചെയ്യുക എന്ന മനുഷ്യവിരുദ്ധമായ ആണ്‍ഭാവനയുടെ പ്രയോഗം ആയിരുന്നു. സമാനമാണ് സ്ത്രീകളുടെ ലിംഗച്ഛേദനവും. ലോകമെമ്പാടും ഇന്നും നിലനിന്നുപോരുന്ന സ്ത്രീകളുടെ ചേലാകര്‍മം ഓരോ സമയം ജനാധിപത്യ വിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. ”
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ചെറുരാജ്യമായ റിപ്പബ്ലിക് ഓഫ് ഗാംബിയയില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്കെത്തിയ സ്ത്രീവിമോചന പോരാളിയാണ് ജഹാഡുക്കറേ. സ്ത്രീകളുടെ ലിംഗച്ഛേദനം എന്ന എക്കാലത്തെയും മനുഷ്യവിരുദ്ധപ്രവൃത്തിക്കെതിരെ ലോകമാകെയുള്ള ഇരകള്‍ക്ക് വേണ്ടി പോരാടുന്ന മനുഷ്യാവകാശപ്രവര്‍ത്തക. ആണ്‍ലൈംഗികതയ്ക്ക് പറ്റിയ രീതിയില്‍ സ്ത്രീശരീരത്തെ രൂപപ്പെടുത്തുക എന്ന ലക്ഷത്തോടെ പ്രവര്‍ത്തിക്കുന്ന സദാചാരബോധമാണ് വിക്ടോറിയന്‍ കാലം മുതല്‍ പെണ്‍ചേലാകര്‍മത്തിന് പിന്നില്‍ ഉണ്ടായിരുന്നത്. ഒരാഴ്ച പ്രായമുള്ളപ്പോള്‍ നടന്ന ചേലാകര്‍മത്തിന്റെ വേദനയുടെ തീവ്രത ജഹാ 15 ആം വയസ്സില്‍ വിവാഹിതയായപ്പോഴാണ് അനുഭവിച്ചത്. പിന്നീടങ്ങോട്ട് വേദനയുടെ നാളുകളായിരുന്നു. അതിനെ അതിജീവിക്കാന്‍ ചേലാകര്‍മത്തിനെതിരായ പോരാട്ടത്തിന് മുന്‍നിരയില്‍ അവര്‍ അണിനിരന്നു.

മീനകന്തസാമി മുതല്‍ ജെസീന്ത ആര്‍ഡന്‍ വരെ

മീന കന്തസാമി നമ്മുടെ അയല്‍പക്കക്കാരിയാണ്. പക്ഷേ അവര്‍ കടന്നുവന്ന ജീവിതം അറിഞ്ഞാല്‍ അത് നമുക്ക് പരിചയമില്ലാത്ത ഒരു അധോലോകമായി അനുഭവപ്പെടും. അര്‍ബന്‍ നക്സലായും തീവ്രവാദികളായുമൊക്കെ മോദിഭരണകൂടം ലേബലിംഗ് നടത്തിക്കൊണ്ടിരിക്കുമ്പോഴും പോരാട്ടവഴികളില്‍ സ്തംഭിച്ചുനില്‍ക്കാതെ മുന്നേറുന്ന മീനകന്തസാമിയുടെ ജീവിതം ഈ കണ്ടതൊന്നുമല്ല എന്ന് ചിന്ത പറയുന്നു.
2011ല്‍ ക്രൂരമായ വിവാഹജീവിതത്തിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട് മീനകന്തസാമിക്ക്. നാല്മാസം പ്രായമുണ്ടായ ആ വിവാഹജീവിതത്തിനിടെ ഒടുവില്‍ രക്ഷപ്പെട്ട് പൊലീസില്‍ അഭയം തേടി മീന. പരാതിയെഴുതി നല്‍കിയപ്പോള്‍ നിങ്ങളെന്താ നോവലെഴുതുകയാണോ എന്ന് ചോദിച്ച പോലീസുകാരന്‍ മുതലങ്ങോട്ട് മീനയ്ക്ക് നേരിടേണ്ടി വന്നത് ഒരു വന്‍നിരയെയാണ്. പുരുഷാധിപത്യത്തിന്റെ കാവല്‍ഭടന്മാരെ പുസ്തകങ്ങളിലൂടെ ആത്മാനുഭവക്കുറിപ്പുകളിലൂടെ മീന ജീവിതം പറഞ്ഞു. ലോകത്തിന് മുന്നില്‍ അതിജീവിതയുടെ കഥപറഞ്ഞു. ബലാല്‍സംഗ സംസ്‌കാരത്തെ കുറിച്ച് മീനയെഴുതിയ പുസ്തകം ഫ്രാങ്കോകേസിന്റെ കാലത്ത് മലയാളി വായിച്ചിരിക്കേണ്ട അനുഭവമാണ്. നാല്മാസം നീണ്ടുനിന്ന ദാമ്പത്യജീവിതത്തിന്റെ ക്രൂരമുഖം വെന്‍ഐ ഹിറ്റ് യു എന്ന പുസ്തകത്തിലൂടെ മീന കന്തസാമി എഴുതിയിട്ടുണ്ട്. മീനയുടെ ജീവിതത്തിലൂടെയും പുസ്തകങ്ങളിലൂടെയും ചിന്ത സഞ്ചരിക്കുമ്പോള്‍ വായനക്കാരന് അതൊരു നേരനുഭവമായി മാറുന്നു.

ജീവിതത്തിന്റെ ബോക്സിംറിംഗില്‍ തിരിച്ചടികളില്‍ അല്‍ഭുതകരമാംവിധം അതിജീവിച്ച മേരികോമും ഒരുരാജ്യത്തെയാകെ ആത്മധൈര്യത്തിന്റെ നൂലില്‍ കോര്‍ത്ത് നിര്‍ത്തിയ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനും മലാല യൂസഫ്  സായിയും ആസിഡാക്രമണത്തിന്റെ  ദുരിതത്തെ തോല്‍പ്പിച്ച രേഷ്മയെന്ന പെണ്‍കുട്ടിയും അതിശയപ്പത്തിന്റെ കരുത്തായി മാറുന്നു.

തോല്‍ക്കാന്‍ മനസില്ലാത്ത പെണ്ണുങ്ങള്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളക്കലുമാര്‍ തടിരക്ഷപ്പെടുത്തി അടുത്ത മേച്ചില്‍പ്പുറം തേടിപ്പോകുമ്പോള്‍ ഞാന്‍ പോരാടുമെന്ന് പറയുന്ന ഇരയ്ക്ക് മുന്നില്‍ ഐഎസിന്റെ ലൈംഗിക അടിമത്തത്തില്‍ നിന്ന് പോരാടി ഉയിര്‍ത്ത നാദിയ മുറാദുണ്ട്. അതിജീവനത്തിനായുള്ള ഊര്‍ജമേകിക്കൊണ്ട്. ലോകത്തെ മഹത്തായ ഇത്തരം സ്ത്രീമുഖങ്ങള്‍ ഓരോ സമൂഹത്തിനും ആവേശമാണ്.
അവതാരികയില്‍ മുരളി തുമ്മാരുകുടി പറഞ്ഞത് പ്രസ്‌കതമാണ്.

” ഇവരെ കുറിച്ച് ബാഹ്യമായി പറഞ്ഞുപോകുക എന്നതല്ല ചിന്തയുടെരീതി. അവരുടെ പ്രസംഗങ്ങളും എഴുത്തുകളും വായിച്ച് അതിലെ പ്രസക്ത ഭാഗങ്ങള്‍ എടുത്തെഴുതി അപഗ്രഥിച്ച് തയാറാക്കിയ ദീര്‍ഘലേഖനങ്ങളാണ് ഇവ. ഇവരുടെ ജീവിതം വ്യത്യസ്തമാണ്. അവ നമ്മെചിന്തിപ്പിക്കുന്നതും നവീകരിക്കുന്നതുമാണ്”

വര്‍ണവിവേചനമായാലും ശരീരത്തിന് മേലുള്ള കടന്നുകയറ്റമായാലും ലൈംഗിക അടിമത്തമായാലും അതിജീവിക്കാനുള്ള കരുത്താണ് പെണ്ണിന് വേണ്ടത് എന്ന് ചിന്ത ജെറോം പറഞ്ഞുവയ്ക്കുന്നു. അങ്ങനെ ചിന്തയുടെ പെണ്ണുങ്ങള്‍ ആധുനിക ലോകത്തിന് മുന്നിലെ കരുത്തിന്റെ പത്ത് പ്രതീകങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്നു. ചുരുക്കത്തില്‍ പത്ത് പേരുടെ ജീവിതം പറയുമ്പോള്‍ തന്നെ ആകെ ലോകത്തിന്റെ പരിച്ഛേദമായി മാറുകയാണ് അതിശയപ്പത്ത് എന്ന ഈ പുസ്തകം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.