DCBOOKS
Malayalam News Literature Website

‘ രസാനുഭവ’; പുതുമകളുമായി അശ്വതി വി നായര്‍

കേരളത്തിലെ പ്രശസ്ത നര്‍ത്തകിയും കോറിയോഗ്രാഫറുമായ അശ്വതി വി. നായര്‍  യൂ ട്യൂബിലും സജീവമാകുന്നു. രസാനുഭവ എന്ന പേരിലാണ് അശ്വതിയുടെ യൂട്യൂബ് ചാനല്‍.  മാര്‍ച്ചില്‍ കുംഭകോണത്തായിരുന്നു അശ്വതി അവസാനം നൃത്തം ചെയ്തത്. ഭര്‍ത്താവ് ശ്രീകാന്താകട്ടെ പാരീസിലും. ഈ നവരാത്രികാലത്ത് നര്‍ത്തക ദമ്പതികള്‍ നൃത്തകലയെ ഡിജിറ്റല്‍ ലോകത്തിലൂടെ അരങ്ങിലാവിഷ്‌കരിക്കയാണ് ‘രസാനുഭവ’യിലൂടെ.
നവരാത്രികാലമായതിനാല്‍ ഒമ്പത് ദിവസം ദുര്‍ഗ, ലക്ഷ്മി, സരസ്വതി പ്രണാമമായാണ് അവതരണം. മിനിറ്റുകള്‍ നീളുന്ന നാട്യപ്രകടനം മാറി മാറി അവതരിപ്പിക്കും.

പ്രമുഖ മലയാളം എഴുത്തുകാരനും സിനിമാസംവിധായകനും തിരക്കഥകൃത്തുമായ എം .ടി വാസുദേവന്‍ നായരുടെയും പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സരസ്വതിയുടെയും മകളായ അശ്വതി അമ്മയില്‍ നിന്ന് ഏഴാം വയസ്സില്‍ നൃത്തപരിശീലനം തുടങ്ങി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നീ നൃത്തരൂപങ്ങളില്‍ പ്രതിഭ തെളിയിച്ചു. അമ്മയും കലാമണ്ഡലം ലീലാമ്മയും പദ്മഭൂഷണ്‍ വെമ്പാട്ട് ചിന്നസത്യവുമായിരുന്നു ഗുരുക്കന്മാര്‍.

ഇന്ത്യയ്ക്കകത്ത് പലയിടങ്ങളിലും യു.എ.ഇ, ബഹറിന്‍, യുഎസ്എ, കാനഡ, സിങ്കപ്പൂര്‍ തുടങ്ങിയ വിവിധ രാജ്യങ്ങളിലും അശ്വതി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവാഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. മയില്‍പ്പീലി പുരസ്‌കാരം, കലാരത്‌ന പുരസ്‌കാരം, ബിന്‍ഫീല്‍ഡ് ട്രസ്റ്റ് എന്‍ഡോവ്‌മെന്റ് തുടങ്ങിയ ഒട്ടേറെ പുരസ്‌കാരങ്ങള്‍ അശ്വതിയെ തേടിയെത്തിയിട്ടുണ്ട്.

Comments are closed.