DCBOOKS
Malayalam News Literature Website

ചോദ്യംചെയ്യല്‍ പുരോഗമിക്കും തോറും ഒരു കാര്യം വ്യക്തമായി: എം ശിവശങ്കര്‍ എഴുതുന്നു

 

എം. ശിവശങ്കറിന്റെ അശ്വത്ഥാമാവ് വെറും ഒരു ആന’  എന്ന അനുഭവകഥയിൽ നിന്നും ഒരു ഭാഗം

ഒരു ദിവസംകൂടി വലിയ മാറ്റമൊന്നുമില്ലാതെ കടന്നുപോയതോടെ ഞാന്‍ പുതിയൊരു ദിനചര്യയിലേക്കു കടന്നു. രാവിലെ ഏഴുമണിക്ക് എഴുന്നേല്ക്കും. പത്രം വായിച്ച്, കുളിയൊക്കെ കഴിഞ്ഞ് പുസ്തകവായന തുടങ്ങും. ഇടയ്ക്ക് ജനാലയിലൂടെ, ഓഫീസ് പരിസരം സജീവമായി വരുന്നതു നോക്കിനില്‍ക്കും. ഏതാണ്ടു പതിനൊന്നു മണിയോടെ ചോദ്യംചെയ്യലിനായി ഹാജരാകും. ഒരു നിലയേ താഴേയ്ക്ക് ഇറങ്ങേണ്ടതുള്ളൂ എങ്കിലും പടി ഇറങ്ങാനും കയറാനുമാകുന്നില്ല. ലിഫ്റ്റില്‍തന്നെ പോകേണ്ടിയിരുന്നു. രാവിലെ ഒരു ദോശയോ മറ്റോ, ഉച്ചയ്ക്ക് curd rice, രാത്രി ഓംലറ്റ് എന്നിങ്ങനെ ഭക്ഷണവും ക്രമീകരിച്ചു. രണ്ടു ദിവസത്തിലൊരിക്കല്‍ ഒരു ഡോക്ടര്‍ വന്നു പരിശോധിക്കും. എല്ലാ ദിവസവും വൈകിട്ട് അച്ഛനെയും മാലുവിനെയും ഗണേശനെയും ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിച്ചുതരും. ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ച് അവരോടു സംസാരിക്കാം. ആ ഫോണ്‍കോളുകളിലൂടെ ഞാന്‍ അവരെയും അവര്‍ എന്നെയും ചുരുങ്ങിയ Textവാക്കുകളില്‍ ആശ്വസിപ്പിക്കുകയും പരസ്പരം ധൈര്യപ്പെടുത്തുകയും ചെയ്തു കൊണ്ടേയിരുന്നു, ആ പതിന്നാലു ദിവസവും.

ചോദ്യംചെയ്യല്‍ പുരോഗമിക്കും തോറും ഒരു കാര്യം വ്യക്തമായി. എങ്ങനെയും സ്വപ്നയുടെ നിയമവിരുദ്ധമായ പ്രവൃത്തികള്‍ എനിക്കുവേണ്ടി ആയിരുന്നു എന്നോ അല്ലെങ്കില്‍ എന്റെ സഹായത്തോടെ ആയിരുന്നു എന്നോ കുറഞ്ഞ പക്ഷം ഞാന്‍ അറിഞ്ഞുകൊണ്ടായിരുന്നു എന്നോ സ്ഥാപിക്കുകയാണു ചോദ്യം ചെയ്യലിന്റെ പൊതുവായ ലക്ഷ്യം. ഓഗസ്റ്റ് മാസത്തിലെ ചോദ്യം ചെയ്യലില്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തി ഒട്ടേറെ കാര്യങ്ങള്‍ നേരിട്ടുതന്നെ ചോദിച്ചിരുന്നു. 2018-ല്‍ മുഖ്യമന്ത്രി UAE സന്ദര്‍ശിച്ചപ്പോള്‍ ആരൊക്കെ കൂടെ പോയി, ആ സമയത്ത് റെഡ് ക്രസന്റുമായി സംസാരിച്ചതിനു രേഖയുണ്ടോ, റെഡ് ക്രസന്റുമായി സംസാരിക്കാന്‍ എന്നെ നോമിനേറ്റ് ചെയ്തിരുന്നോ, മുഖ്യമന്ത്രി UAE സന്ദര്‍ശിച്ച സമയത്തുതന്നെ ഞാന്‍ ടൂറു പോയിരുന്നോ, സ്വപ്നയുടെ നിയമനം മുഖ്യമന്തി അറിഞ്ഞിരുന്നോ എന്നിങ്ങനെ… എന്നാല്‍ എന്റെ കസ്റ്റഡിയിലെ ചോദ്യംചെയ്യലില്‍ അത്തരം നേരിട്ടുള്ള ചോദ്യങ്ങളെക്കാളേറെ സര്‍ക്കാര്‍ പദ്ധതികളിലെ അഴിമതി സ്ഥാപിക്കുന്നതിനുള്ള അന്വേഷണമാണ്. അതു ലൈഫ് മിഷന്‍, കെഫോണ്‍, ഇ-മൊബിലിറ്റി, ടോറസ് ഡൗണ്‍ ടൗണ്‍, സ്മാര്‍ട്ട് സിറ്റി കൊച്ചി എന്നിങ്ങനെ പരന്നു പോയിക്കൊണ്ടിരുന്നു. ഇടയ്ക്കു ചോദ്യംചെയ്യലിന്റെ ഭാഗമല്ലാതെ, എന്തിനാണ് രാഷ്ട്രീയക്കാരെ സംരക്ഷിക്കുന്നത് എന്നൊക്കെ ഉപദേശരൂപേണയുള്ള പ്രയോഗങ്ങളിലൂടെ എനിക്കു ”രക്ഷപെടാനുള്ള വഴിയിലേക്ക് ‘ വെളിച്ചം കാട്ടും.

ഒക്ടോബര്‍ 28-ന് എന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിക്കപ്പെടുന്നതിനു പശ്ചാത്തലമായി, 23-നു ED മുന്നോട്ടുവച്ച വാദം എന്നെ നിലവില്‍ അവര്‍ കുറ്റാരോപിതനായി പരിഗണിച്ചിട്ടില്ല, ചോദ്യം ചെയ്യുകയേ വേണ്ടു, കുറ്റാരോപിതനായി പരിഗണിക്കുന്നതിന് മതിയായ തെളിവുകള്‍ ലഭിക്കുകയും അതു തങ്ങളുടെ വളരെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു ബോദ്ധ്യപ്പെടുകയും ചെയ്താല്‍ മാത്രമേ അറസ്റ്റുണ്ടാകൂ എന്നിരിക്കേ ഇയാളിപ്പോള്‍ മുന്‍കൂര്‍ ജാമ്യം ചോദിക്കുന്നതു വെറും അപക്വമായ(അനാവശ്യമായ) നടപടിയാണ് എന്നതായിരുന്നു. (But, the fact that very senior officers are alone empowered to proceed in arresting an offender indicates that they would do so only on having sufficient grounds to arrest the person. If that be so, the fact is that the applicant has not yet been made an accused and that he is only required for the purpose of interrogation by the officers of ED and it will have to be concluded that the prayer for anticipatory bail made by the applicant is premature). എന്നിട്ടോ, മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിക്കപ്പെട്ട് അരമണിക്കൂര്‍ പോലുമെടുത്തില്ല എന്നെ ആശുപത്രിയില്‍നിന്നു കസ്റ്റഡിയിലെടുക്കുന്നതിന്. എന്തായിരുന്നു അതിനായി എനിക്കെതിരെ അവര്‍ക്ക് അതിനോടിടയ്ക്കു ലഭിക്കുകയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു ബോദ്ധ്യപ്പെടുകയും ചെയ്ത തെളിവുകള്‍?

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.