DCBOOKS
Malayalam News Literature Website

‘ആരു നീ’? സാറാ ജോസഫിന്റെ ഓര്‍മ്മക്കുറിപ്പുകള്‍

“ആത്മകഥ എഴുതണം എന്ന് പലരും എന്നോടു പറയാറുണ്ട്. ചില ജീവിതസന്ദര്‍ഭങ്ങളും അനുഭവങ്ങളും സംഭവങ്ങളുമൊക്കെ ഇതിനുമുമ്പ് ഞാന്‍ അവിടവിടെ കുറിച്ചിട്ടിട്ടുണ്ട്. തീരെ സംഭവബഹുലമല്ലാത്ത ‘ആത്തേമ്മാരുടെ ജീവചരിത്രം ഏറിയാല്‍ അരപ്പേജ്’ എന്ന് വി.ടി ഭട്ടതിരിപ്പാട് എഴുതിയത് ഓര്‍ക്കുന്നു. എന്നാല്‍ ‘അകത്തുള്ളാളുകളുടെ’ മനസ്സില്‍ തിരതല്ലിയിരുന്ന വിഷാദവീചികളുടെ എണ്ണം ആരെടുത്തു? ഓരോരോ ദിനരാത്രങ്ങള്‍ എണ്ണിക്കുറയ്‌ക്കെ കുടിച്ചുവറ്റിച്ച കയ്പുനീര്‍ ആരളന്നു? അരപ്പേജല്ല, ആറായിരം പേജിലും എഴുതിനിര്‍ത്താനാവുമോ സങ്കടങ്ങളുടെ ആ കണക്കെഴുത്തുപുസ്തകം അത് അകം ജീവിതമാണ്…”

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫിന്റെ ആത്മകഥാപരമായ കുറിപ്പുകളുടെ സമാഹാരമാണ് ‘ആരു നീ?‘ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

മൂന്നു മക്കളും ഒരമ്മയും

‘ഷോലെ’ എന്ന ബ്രഹ്മാണ്ഡസിനിമ തൃശൂരില്‍ പ്രദര്‍ശനത്തിനെത്തിയ കാലം. അത് കാണാന്‍ കൊണ്ടുപോകണമെന്ന് എല്ലാ ദിവസവും വാശിപിടിച്ചുകരഞ്ഞു എന്റെ മകന്‍. എട്ടു വയസ്സാണ് അവന്. അവന്റെ ക്ലാസ്സിലെ കുട്ടികളൊക്കെ ‘ഷോലെ’ കണ്ടിരിക്കുന്നു. ചിലരൊക്കെ രണ്ടും മൂന്നും വട്ടം കണ്ടിരിക്കുന്നു. കൊണ്ടുപോകാമെന്ന് പലവട്ടം വാക്കുകൊടുത്തെങ്കിലും സഖാവ് ജോസഫേട്ടന്‍ അത് തെറ്റിച്ചുകൊണ്ടിരുന്നു. അദ്ദേഹം പൊതുവേ സിനിമ കാണാന്‍ താത്പര്യമില്ലാത്തയാളാണ്. ജീവിതത്തില്‍ ആകെ ഇഷ്ടപ്പെട്ട സിനിമ പഞ്ചവടിപ്പാലമാണ്. പലതരം സമരമുറകള്‍ അറിയാവുന്ന പയ്യനാണ് വിനയന്‍. ഉപ്പുസത്യഗ്രഹംമുതല്‍ വിമോചനസമരംവരെ. ശല്യം സഹിക്കാതെ സഖാവ് തോറ്റുകൊടുത്തു.

സിനിമ ഇഷ്ടമാണെങ്കിലും ചെറിയ കുട്ടികളെയുംകൊണ്ട് സിനിമ കണ്ടുവരികയെന്നത് യുദ്ധം ജയിച്ചു വരുന്നതുപോലെയായിരുന്നു, എനിക്ക്. എന്റെ മകള്‍ ഗീതയ്ക്ക് അന്ന് 12 വയസ്സ്. ചുംഗുവിന് (കുഞ്ഞുസംഗിയെ ഞങ്ങള്‍ അങ്ങനെയാണ് വിളിച്ചിരുന്നത്) രണ്ടു വയസ്സ്. തിയേറ്ററിനകത്തു കടന്നാല്‍ ആ നിമിഷം പുറത്തു കടക്കണം, അവള്‍ക്ക്. ഇരുട്ടു വേണ്ടാ, വെളിച്ചം മതി. അവള്‍ കരയാന്‍ തുടങ്ങും. വിനയന്‍ ഒരിക്കലും സീറ്റില്‍ ഒതുങ്ങിയിരിക്കില്ല. പിടിച്ചിരുത്തിയാല്‍ ഉടനെ ചാടിയിറങ്ങും. മുന്നിലിരിക്കുന്ന ആളിന്റെ തലയാണ് അവന്റെ പ്രശ്‌നം. അയാള്‍ ചായുകയും ചെരിയുകയും ചെയ്യുന്നതിനനുസരിച്ച് അയാളുടെ കസേരയുടെ പിന്നില്‍ പിടിച്ച് ചാഞ്ഞും ചെരിഞ്ഞും നിന്നാണവന്‍ സിനിമ കാണുക. സിനിമയോടുള്ള പ്രതികരണങ്ങള്‍ ശക്തമാകുമ്പോള്‍ അയാള്‍ ദേഷ്യത്തോടെ തിരിഞ്ഞുനോക്കും. അതീവമര്യാദക്കാരിയായ ഗീതയ്ക്ക് അത് സഹിക്കില്ല. വിനയനെ അടക്കിപ്പിടിച്ച് സീറ്റിലിരുത്താന്‍ അവള്‍ പെടാപ്പാട് പെടും (പിന്നീട് ജീവിതത്തിലുടനീളം, വിനയനെ മാത്രമല്ല, ഞങ്ങളെല്ലാവരെയും നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്‌നേഹഗോപുരമായിത്തീര്‍ന്നു, ഗീതാ ജോസഫ്). സ്‌ക്രീനില്‍നിന്ന് ഒരു സെക്കന്റ് കണ്ണു തിരിക്കാന്‍ കൂട്ടാക്കാത്ത വിനയന് ഗീതേച്ചിയോ മുന്നിലിരിക്കുന്ന ആളോ എന്റെ അടക്കിപ്പിടിച്ച ശകാരമോ ഒന്നും ഒരു വിഷയമാകില്ല. സംഗി കരഞ്ഞാല്‍ അപ്പച്ചന്‍ ആ നിമിഷം അവളെയുമെടുത്ത് പുറത്തേക്കിറങ്ങും. രക്ഷപ്പെട്ടു, എന്ന ഭാവത്തോടെ. എന്നാല്‍ എന്റെ ശ്രദ്ധ മുഴുവന്‍ പുറത്ത് കുട്ടി കരയുന്നുണ്ടോ എന്നതിലേക്ക് തിരിയും. എങ്ങനെയെങ്കിലും ആ രണ്ടുരണ്ടര മണിക്കൂര്‍ ‘അനുഭവിച്ച്’ തീര്‍ത്ത് വീട്ടിലെത്തിയാല്‍ മതിയെന്നായിട്ടുണ്ടാവും, എനിക്ക്.

അന്ന് കാറൊന്നുമില്ല, ഞങ്ങള്‍ക്ക്. ആദര്‍ശവാനായ ജോസഫേട്ടന്‍ ടാക്‌സി വിളിച്ച് സിനിമയ്ക്ക് പോകില്ല. പണം ദുര്‍വ്യയത്തിനുള്ളതല്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. വേണ്ടിവന്നാല്‍ തൃശൂര്‍ക്കുള്ള പത്തുകിലോമീറ്റര്‍ നടന്നുപോകാനും തയ്യാറുള്ള മനുഷ്യന്‍. സിനിമ കണ്ട് തിരിച്ച് ബസ്സിലുള്ള യാത്ര പ്രശ്‌നഭരിതമാക്കി, എന്റെ മകന്‍. അവന്‍ അമിതാഭ് ബച്ചനും പാവം ഗീത ഗബ്ബര്‍ സിങ്ങുമായി മാറി, ബസ്സില്‍വെച്ച്. എന്നാല്‍ ഷോലെ ഇഫക്ട് സത്യത്തില്‍ എന്താണെന്ന് വീട്ടിലെത്തിയശേഷമാണ് ഞങ്ങള്‍ ശരിക്കുമറിഞ്ഞത്. ഗേറ്റ് തുറക്കുന്നതിനുമുമ്പുതന്നെ അമിതാഭ് ബച്ചന്‍ ഗബ്ബര്‍സിങ്ങിന്റെമേല്‍ ചാടിവീഴുന്നു. സ്റ്റണ്ട് തുടങ്ങുന്നു. തടയാന്‍ ചെന്നവര്‍ക്കൊക്കെ, അത് സഖാവായാലും വേണ്ടില്ല, പെറ്റമ്മയായാലും വേണ്ടില്ല, പൊതിരെ ഇടി കിട്ടിക്കൊണ്ടിരുന്നു. സംഗി എന്റെ തോളത്തുറങ്ങുകയാണ്. എന്നിട്ടും അവളെക്കൂടി ആക്രമിക്കണമെന്നാണ് ബച്ചന്. അപ്പച്ചന്‍ ഈര്‍ക്കിലെടുത്തു. വിനയന്‍ മേശപ്പുറത്തേക്ക് ചാടിക്കേറുന്നു, താഴേക്ക് ചാടുന്നു, കട്ടിലിലേക്ക് തലകുത്തിമറിയുന്നു, ഗബ്ബര്‍ സിങ്… എന്ന് വിളിച്ചുകൊണ്ട് ഗീതയുടെ നേര്‍ക്ക് പായുന്നു. വീട് കീഴ്‌മേല്‍ മറിച്ചുകൊണ്ട് രണ്ടാളും ഓടുന്നു…

ഒടുവില്‍ ഒരു വെളുത്ത കപ്പും സോസറുമാണ് വിനയനെ ഒതുക്കാന്‍ എന്റെ രക്ഷയ്‌ക്കെത്തിയത്. ”ഇടി നടക്കുമ്പോള്‍ അമിതാഭ് ബച്ചന്‍ വളരെ കൂളായി ഇരുന്ന് ചായ കുടിക്കുന്ന ആ സീന്‍ ഗംഭീരമായിട്ടുണ്ട്. ഇല്ലേ?”
ഞാന്‍ സഖാവിനോട് ചോദിച്ചു. അദ്ദേഹം ഈര്‍ക്കില്‍ വിറപ്പിക്കുന്നതേയുള്ളൂ. പുത്രനെ തല്ലുന്നില്ല. ”ചേച്ചിയെ വിടെടാ. ചേച്ചിയെ വിടെടാ” എന്ന് പറയുന്നുമുണ്ട്. അവന്‍ ഗീതയെ ഒരു മുക്കിലൊതുക്കി നിര്‍ത്തി ആക്രമണം തുടരുന്നു. ”സോസറില്‍ ചായ ഒഴിച്ചാണ് ബച്ചന്‍ കുടിക്കുന്നത്. ശ്രദ്ധിച്ചോ?” ഞാന്‍ ചോദിച്ചു. ഗബ്ബര്‍സിങ്ങിനെ വിട്ട് കൈ രണ്ടും കുടഞ്ഞ്, കിതച്ചുകൊണ്ട്, വിനയന്‍ ബച്ചന്‍ കപ്പും സോസറും എടുത്തു. കപ്പില്‍നിന്ന് സോസറിലേക്ക് ചായ പകര്‍ന്നു. അമിതാഭ് ബച്ചന്‍ ഇരുന്ന അതേ സ്റ്റൈലില്‍ ഇരുന്ന് ചായ കുടിക്കാന്‍ തുടങ്ങി. ഗീത ഓടി രക്ഷപ്പെട്ട് അകത്തു കയറി കതകടച്ചു.

വിനയന്, ഇപ്പോള്‍ 49 വയസ്സ്. അഭിനയമാണ് അവന്‍ പഠിക്കാനെടുത്ത വിഷയം. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് അഭിനയത്തില്‍ ഡിഗ്രിയെടുത്തു. ഇപ്പോള്‍ പോണ്ടിച്ചേരിയില്‍ ‘ആദിശക്തി ലബോറട്ടറി ഫോര്‍ തിയേറ്റര്‍ ആര്‍ട്ട് റിസേര്‍ച്ച്’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറും മാനേജിങ് ട്രസ്റ്റിയുമായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും നാടകങ്ങള്‍ അവതരിപ്പിക്കുന്നു. പേപ്പറുകള്‍, അവതരിപ്പിക്കുന്നു. തിയേറ്റര്‍ വര്‍ക്ക്‌ഷോപ്പുകള്‍ നടത്തുന്നു. ആദിശക്തിയുടെ സ്ഥാപകഡയറക്ടറായ വീണാ പാണി ചാവ്‌ലയെന്ന പ്രശസ്ത നാടകപ്രവര്‍ത്തകയുടെ സ്വപ്നം ‘ഇന്ത്യന്‍ തിയേറ്റര്‍’ എന്താണെന്ന് ലോകത്തെ അറിയിക്കുക എന്നതായിരുന്നു. അതിനു വേണ്ടിയുള്ള പഠനങ്ങളും ഗവേഷണങ്ങളുമാണ് അവര്‍ നടത്തിക്കൊണ്ടിരുന്നത്. ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള നാടകപ്രവര്‍ത്തകരെ വീണാ പാണി ആദിശക്തിയിലെത്തിച്ചിരുന്നു. അതിനും പുറമെയാണ് ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുമുള്ളവരുടെ നാടകങ്ങളും നാടകത്തെക്കുറിച്ചുള്ള സംവാദങ്ങളും അവിടെ നടക്കുന്നത്. നാടകത്തിന്റെ പഠനത്തിനും ഗവേഷണത്തിനും അവതരണത്തിനും വേണ്ടി സമ്പൂര്‍ണ്ണ പരിശീലനം, സമര്‍പ്പണം അതാണ് വീണാപാണി ചാവ്‌ല ആവശ്യപ്പെട്ടത്.

പ്രീ-ഡിഗ്രി കഴിഞ്ഞപ്പോള്‍ വിനയന്‍ പ്രഖ്യാപിച്ചു, എന്നെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ക്കണം. എനിക്ക് നാടകം പഠിച്ചാല്‍ മതി. എന്റെ മനസ്സ് അസ്വസ്ഥമായി. അതൊന്നും സമ്മതിക്കുന്ന കുടുംബസാഹചര്യമല്ല, അവിടെയുള്ളത്. സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഗ്ലാമര്‍ വലുതാണ്, ആ സമയത്ത്. പക്ഷേ, കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുന്ന കുട്ടികള്‍ക്ക് ജോലിസാധ്യതയോ തുടര്‍വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങളോ അവിടെയില്ല. ‘നാടകഡിഗ്രി’ ഉപയോഗിച്ചു മറ്റൊരു വിഷയത്തില്‍ പി.ജി. ക്കോ ഏതെങ്കിലും ജോലിക്കോ സാധ്യതയുമില്ല. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് പഠിച്ചിറങ്ങിയ കുട്ടികള്‍ ഭൂരിഭാഗവും സിനിമ, ടെലിവിഷന്‍, മേഖലകളിലേക്ക് ചേക്കേറുന്നു. ഒട്ടേറെപ്പേര്‍ ജോലിയില്ലാതെ അലയുന്നു. അവര്‍ക്ക് ‘നാടകത്തെ’ പരിപോഷിപ്പിക്കാവുന്ന സംഭാവനകള്‍ നല്കാന്‍ സാമ്പത്തികസഹായങ്ങള്‍ ലഭ്യമല്ല. ചുരുക്കത്തില്‍ നാടകഡിഗ്രികൊണ്ട് (ആഠഅ) നാടകത്തിനോ നാടകവിദ്യാര്‍ത്ഥിക്കോ ഉപകാരമില്ലാതെപോകുന്ന അവസ്ഥ. നമ്മുടെ നാട്ടില്‍ എഴുത്തുകൊണ്ട് ജീവിക്കാന്‍ ആവാത്തതുപോലെ നാടകംകൊണ്ടും ജീവിക്കാനാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഒരേയൊരു മകനെ ‘ഉപകാരമില്ലാത്ത കോഴ്‌സി’ന് വിടാന്‍ അവന്റെ അപ്പച്ചന് താത്പര്യമുണ്ടായിരുന്നില്ല. വിനയന്റെ പിടിവാശികൊണ്ടുമാത്രമല്ല എന്റെ പിന്തുണകൊണ്ടുംകൂടിയാണ് അവന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നത്. അതോടെ കുട്ടിയുടെ ഭാവി നശിപ്പിക്കാന്‍ മടിയില്ലാത്ത ഒരമ്മയായി ബന്ധുക്കള്‍ക്കിടയില്‍ ഞാന്‍ ചിത്രീകരിക്കപ്പെട്ടു. മക്കളെ ഡോക്ടറോ എന്‍ജിനീയറോ ആക്കി അവരുടെ ഭാവി ഭദ്രമാക്കാന്‍ നെട്ടോട്ടമോടുന്ന സഹപ്രവര്‍ത്തകര്‍ക്കിടയിലും ഒരേയൊരു മകനെ നാടകം പഠിപ്പിക്കാന്‍ വിട്ട വിഡ്ഢിയായ അമ്മയായി ഞാന്‍ കണക്കാക്കപ്പെട്ടു. കുട്ടികള്‍ക്ക് അവര്‍ക്ക് ഇഷ്ടവും അഭിരുചിയുമുള്ള വിഷയം പഠിക്കാന്‍ അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. പുസ്തകം, സംഗീതം, നാടകം, സിനിമ, വര ഇതിനോടൊക്കെയാണ് വിനയന് താത്പര്യം. പ്രത്യേകിച്ചും തിയേറ്ററിനോട്. എന്റെ വിശ്വാസം തെറ്റിയിട്ടില്ല എന്നതിന് തെളിവ് എന്റെ മകന്റെ ഇന്നുള്ള സന്തോഷവും സംതൃപ്തിയും അഭിമാനവുമാണ്. അവന് സ്വതന്ത്രമായി അവന്റെ അന്വേഷണങ്ങളില്‍ മുഴുകാന്‍ കഴിയുന്നു. സര്‍ഗ്ഗപരമായ കഴിവുകള്‍ വികസിപ്പിക്കാന്‍ അവസരങ്ങളുണ്ടാകുന്നു. അവന്‍ സന്തുഷ്ടനാണ്. അതാണെന്റെയും സന്തോഷം.

ഭാഗ്യവശാല്‍ കലയോടും നൃത്തത്തോടും തിയേറ്ററിനോടും ശക്തമായ ആഭിമുഖ്യമുള്ള നിമ്മി (നിമ്മി റാഫേല്‍) അവന്റെ ജീവിതപങ്കാളിയായത് എന്നെ ആശ്വസിപ്പിക്കുന്നു. 49-ാം വയസ്സിലും പഴയ 8 വയസ്സുകാരന്‍ ഉള്ളിലുള്ള വിനയനെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് നിമ്മിക്കറിയാം. കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം ഡിഗ്രിക്ക് പഠിച്ചപ്പോഴാണ് ഞാന്‍ നിമ്മിയെ ആദ്യമായി കാണുന്നത്. എന്റെ ഇളയ മകള്‍ സംഗീത കുറച്ചുകാലം കേരള കലാമണ്ഡലത്തില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇംഗ്ലിഷ് അദ്ധ്യാപികയായിരുന്നു. അവളാണ് സഹോദരനുവേണ്ടി നിമ്മിയെന്ന വയനാട്ടുകാരി കുട്ടിയെ കണ്ടെത്തിയത്. കഠിനവും നിരന്തരവുമായ അദ്ധ്വാനം, അന്വേഷണം, പരീക്ഷണങ്ങള്‍ അതാണ് നിമ്മിയുടെ ജീവിതശൈലി. മികച്ച അഡ്മിനിസ്‌ട്രേറ്റര്‍ ശൈലി. മികച്ച അഡ്മിനിസ്‌ട്രേറ്റര്‍കൂടിയായ നിമ്മി ഇന്ന് ആദിശക്തിയുടെ ശക്തിയും സൗന്ദര്യവുമായി വളര്‍ന്നുകഴിഞ്ഞ തിയേറ്റര്‍ ആര്‍ട്ടിസ്റ്റാണ്.

ലോകത്തെവിടെയായിരുന്നാലും വിനയന്‍ ദിവസവും എന്നെ വിളിച്ചിരിക്കും. രണ്ടുമാസം കൂടുമ്പോഴെങ്കിലും എന്റെയടുത്തെത്തും. വീട്ടിലെത്തിയാല്‍ അയാളുടെ ആദ്യത്തെ പണി ഒരു ‘സമഗ്രമാറ്റം’ വരുത്തുക എന്നതായിരിക്കും. വീട്ടുസാധനങ്ങളുടെ സ്ഥാനം മാറ്റുന്നു, അടിച്ചുവാരുന്നു, തുടയ്ക്കുന്നു. വലിച്ചുവാരിയിട്ടിരിക്കുന്ന എന്റെ എഴുത്തുമേശയില്‍ കൈവയ്ക്കുന്നു. ആ ഒതുക്കലും വൃത്തിയാക്കലും ഏതാണ്ട് രാത്രിവരെ തുടരും. എല്ലാം കഴിയുമ്പോള്‍, വീട് മനോഹരമായിരിക്കും, എന്ന് തീര്‍ച്ച. പതിഞ്ഞ ശബ്ദത്തില്‍ ഏതെങ്കിലും പാട്ടുവെച്ച്, മങ്ങിയ വെളിച്ചമുള്ള വിളക്കുകള്‍ മാത്രം കത്തിച്ച്, സുഗന്ധദ്രവ്യങ്ങള്‍ പുകച്ച്, വീടിനെ മായികലോകമാക്കുന്ന ഒരു വിദ്യ വിനയന് അറിയാം.

”എന്നും ഇങ്ങനെ ജീവിച്ചൂടേ അമ്മയ്ക്ക്? എത്ര സന്തോഷമുണ്ടാവും?”
അവന്‍ ചോദിക്കും. അവധി കഴിഞ്ഞ് അവന്‍ പോകുന്നതോടെ വീട് പതുക്കെ അതിന്റെ പഴയ അലങ്കോലങ്ങളിലേക്ക് മടങ്ങിവരും. അടുത്ത തവണത്തെ അവന്റെ വരവിനുവേണ്ടി അമ്മയും വീടും കാത്തിരിക്കും…”

Comments are closed.