DCBOOKS
Malayalam News Literature Website

കലാ-സാഹിത്യ-സാംസ്‌കാരിക സംഗമവേദിയായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍

ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് കോഴിക്കോട് നഗരം. ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പിന് ജനുവരി 16-ന് തിരിതെളിയും. ലോകരാഷ്ട്രങ്ങളിലെ അറിയപ്പെടുന്ന എഴുത്തുകാരെയും ചിന്തകരെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഈ സാഹിത്യോത്സവം സാഹിത്യ-കലാസ്വാദകരുടെ സമ്പൂര്‍ണ്ണസമ്മേളനത്തിന് വേദിയാകും.

സമകാലിക-കലാ-രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനായി ദേശീയ-അന്തര്‍ദ്ദേശീയ തലത്തിലുള്ള നൂറുകണക്കിന് എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, തത്ത്വചിന്തകര്‍ തുടങ്ങി നിരവധി പേര്‍ കെ.എല്‍.എഫിനൊപ്പം അണിനിരക്കുന്നുണ്ട്. പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്നതാണ് ഈ വര്‍ഷം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ തീമായി തിരഞ്ഞെടുത്തിരിക്കുന്നത്.

കെ.സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. കോഴിക്കോട് കടപ്പുറത്ത് വെച്ച് അഞ്ച് വേദികളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ മലയാളത്തിലെ പ്രമുഖരായ എഴുത്തുകാര്‍ക്കൊപ്പം സാമൂഹികകലാരാഷ്ടീയ പ്രവര്‍ത്തകര്‍, ചിന്തകര്‍, അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, കാനഡ, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും മേളയില്‍ പങ്കെടുക്കുന്നു. സ്‌പെയ്‌നാണ് ഇത്തവണത്തെ അതിഥി രാജ്യം. സ്‌പെയിനില്‍നിന്നുള്ള നിരവധി കലാ-സാംസ്‌കാരിക-സാഹിത്യ പ്രവര്‍ത്തകര്‍ കെ.എല്‍.എഫില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സ്പാനിഷ് സാഹിത്യവും സംസ്‌കാരവും അടുത്തറിയുന്നതിനും എഴുത്തുകാരുമായി സംസാരിക്കാനും ചര്‍ച്ച നടത്തുന്നതിനുമുള്ള അവസരം സാഹിത്യോത്സവത്തിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. തമിഴ് സാഹിത്യമാണ് ഇത്തവണ ‘ലിറ്ററേച്ചര്‍ ഇന്‍ ഫോക്കസ്’. നിരവധി തമിഴ് എഴുത്തുകാര്‍ ഇത്തവണത്തെ സാഹിത്യോത്സവത്തില്‍ സജീവപങ്കാളികളാകും.

കലയും സംസ്‌കാരവും സാഹിത്യവും ഒന്നിക്കുന്ന സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമൊപ്പം താത്പര്യമുള്ള എല്ലാ സഹൃദയര്‍ക്കും പങ്കുചേരാം.

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ് -കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.