DCBOOKS
Malayalam News Literature Website

നാടകവിവാദം: ഉണ്ണി ആറിനോട് ഖേദം പ്രകടിപ്പിച്ച് മേമുണ്ട സ്‌കൂള്‍ അധികൃതര്‍

കോഴിക്കോട്: കോഴിക്കോട് റവന്യു ജില്ലാ കലോല്‍സവത്തില്‍ മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കിത്താബ് എന്ന നാടകം വിവാദമായ പശ്ചാത്തലത്തില്‍ കഥാകൃത്ത് ഉണ്ണി ആറിനോട് ഖേദപ്രകടനം നടത്തി സ്‌കൂള്‍ അധികൃതര്‍. നാടകം മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദവിഷയമായത്. റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത നാടകം ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയുടെ സ്വതന്ത്ര ആവിഷ്‌ക്കാരമെന്നാണു പറഞ്ഞിരുന്നത്.

നാടകത്തിന് താന്‍ രചിച്ച കഥയുമായി ബന്ധമില്ലെന്നും തന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് വാങ്കിനെ ആസ്പദമാക്കി നാടകം ചെയ്തിരിക്കുന്നതെന്നും ഉണ്ണി ആര്‍ പ്രതികരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ അധികൃതര്‍ ഖേദപ്രകടനം നടത്തുന്നതായി അറിയിച്ച് പ്രസ്താവന പുറത്തിറക്കിയത്.

സ്‌കൂള്‍ അധികൃതരുടെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

“കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടന്ന ഹൈസ്‌കൂള്‍ വിഭാഗം മലയാള നാടക മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും മികച്ച നടിക്കുള്ള സമ്മാനവും നേടി സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വടകര മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ‘കിത്താബ്’ എന്ന നാടകം പ്രശസ്ത കഥാകൃത്ത് ആര്‍. ഉണ്ണിയുടെ വാങ്ക് എന്ന കഥയുടെ നാടകാവിഷ്‌കാരമല്ല . ആ കഥയിലെ വാങ്കുവിളിക്കുന്ന പെണ്‍കുട്ടി എന്ന ഒരാശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കിത്താബ് എന്ന നാടകം രചിച്ചത്. അഥവാ കേവലമായ ഈ ആശയ പ്രചോദനം മാത്രമാണ് ‘കിത്താബി’ന് ഉണ്ണിയുടെ കഥയുമായുള്ള വിദൂരബന്ധം. നാടകത്തിലെ കഥാപാത്രങ്ങളും പശ്ചാത്തലവും പരിചരണവുമെല്ലാം തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ ഈ നാടകം ഒരു സ്വതന്ത്രരചനയാണ്. കഥയുടെ പ്രമേയതലത്തെ നാടക രചനയില്‍ പൂര്‍ണ്ണമായോ ഭാഗികമായോ ആശ്രയിക്കാത്തതു കൊണ്ടാണ് നാടകാവതരണത്തിനു മുന്‍പ് കഥാകൃത്തിന്റെ അനുവാദം വാങ്ങാതിരുന്നത്. എങ്കിലും ഈ നാടകാവതരണം കഥാകൃത്തിന് പല തരത്തില്‍ വിഷമം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഞങ്ങളിപ്പോള്‍ മനസ്സിലാക്കുന്നു. ഇക്കാര്യത്തില്‍ മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിനുള്ള നിര്‍വ്യാജമായ ഖേദം ഉണ്ണി ആറിനെ അറിയിക്കുന്നു.”

Comments are closed.