DCBOOKS
Malayalam News Literature Website

124 അഥവാ നിങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങളുടെ കീശയ്ക്കുള്ളിലാണ്…

വി ഷിനിലാലിന്റെ ‘124’ എന്ന പുസ്തകത്തെക്കുറിച്ച് അനില്‍ ദേവസ്സി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

മിസ്റ്റർ, ഷിനിലാൽ, നിങ്ങൾ 124 എന്ന പേരിൽ ആദ്യം ഒരു മിനിക്കഥയെഴുതി. പിന്നെ അതൊരു ചെറുകഥയാക്കി. ഇപ്പോൾ അതേപേരിൽ ഒരു നോവൽ എഴുതി പുസ്തകമാക്കിയിരിക്കുന്നു. ഞങ്ങളുടെ താക്കീതുകൾക്ക് പുല്ലുവില പോലും കല്പിക്കാതെയുള്ള താങ്കളുടെ ചെയ്തികൾ ഇതോടുകൂടി പരിധിവിട്ടിരിക്കുകയാണ്. ഒരു മിനിക്കഥയിൽ നിന്നും എത്ര സമർത്ഥമായാണ് താങ്കൾ ഒരു നോവൽ സൃഷ്ടിച്ചിരിക്കുന്നത്, അഥവാ ഒരാളിലൂടെ ഒരായിരംപേരെ ഞങ്ങൾക്കെതിരെ അണിനിരത്താൻ ശ്രമിച്ചിരിക്കുന്നത്. കൊള്ളാം, നിങ്ങളൊരു ബുദ്ധിമാൻ തന്നെ. സമ്മതിച്ചു തന്നിരിക്കുന്നു. പക്ഷേ, നിങ്ങളെ അടപടലം പൂട്ടാനുള്ള വകുപ്പുകളൊക്കെ ഞങ്ങളുടെ കൈയിൽ ഭദ്രം എന്ന കാര്യം താങ്കൾ മറന്നുപോയതാണോ?
ഇതിനു മുൻപും ഇതുപോലെയുള്ള ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. അവരെയൊക്കെ ഞങ്ങൾ ഏതുവിധമാണ് ഇല്ലായ്മ ചെയ്തതെന്ന് താങ്കൾക്കും അറിവുള്ള കാര്യമാണല്ലോ. പിന്നെ, താങ്കൾ മാത്രമല്ല എഴുത്തുകാരൻ എന്നു സ്വയം Textമനസ്സിലാക്കിവയ്ക്കുന്നതു നല്ലതാകും. എഴുത്തടിമകൾ ഞങ്ങളുടെ കൂട്ടത്തിലും ഉണ്ട്, ജാഗ്രതൈ! ഇത്രേം പറഞ്ഞത്, താങ്കൾ ഇനി 124 ഒരു നാടകമോ സിനിമയോ ഒക്കെയാക്കി മാറ്റിമറിക്കാനുള്ള സാധ്യത ഞങ്ങൾ മുൻകൂട്ടി കാണുന്നതുകൊണ്ടു കൂടിയാണ്. താങ്കളുടെ സ്ക്രിപ്റ്റ് എഴുതാനുള്ള ശ്രമങ്ങളെ ഞങ്ങൾ സ്വാഗതം ചെയുന്നു. ഞങ്ങൾ നിർമ്മിക്കുന്ന ചരിത്രം എന്ന സിനിമയ്ക്ക് ഒരു കൂട്ടെഴുത്തുകാരനെ തപ്പിക്കൊണ്ടിരിക്കുന്ന വിവരം താങ്കൾക്കും അറിവുള്ളതാണല്ലോ. അതുകൊണ്ട് വെറുതെ ആവേശത്തിന്റെ പുറത്തു എടുത്തുച്ചാടാൻ നിൽക്കണ്ട. ഇനി ചാടിയാലും നിന്റെയൊക്കെ സൃഷ്ടികൾ ഞങ്ങളുടെ കത്രിക തുമ്പിലൂടെ കടന്നുമാത്രമേ പുറംലോകം കാണൂ, ഓർമ്മയിരിക്കട്ടെ…
എന്നാലും നീയൊരു ദീർഘദർശി തന്നെ. ഇനി എന്തൊക്കെ സംഭവിക്കാൻ സാധ്യതയുണ്ട് എന്നു നീ കൃത്യമായി എഴുതിവച്ചിരിക്കുന്നു. ഉള്ളതു പറയാമല്ലോ, നീ അതിന്റെ ഒരു ലൈറ്റ് വേർഷൻ മാത്രമാണ് പറഞ്ഞിരിക്കുന്നത്. നിനക്ക് അനുഭവത്തിന്റെ കുറവുണ്ട്. പേടിക്കണ്ട, ആ ഇൻവെസ്റ്റ്മെന്റ് ഞങ്ങൾ ചെയ്യുന്നതായിരിക്കും, എൻജോയ്. ഈ ലെറ്റർ കിട്ടി 124 ദിവസങ്ങൾക്കുള്ളിൽ താങ്കളുടെ ഭാഗത്തു നിന്നും ഞങ്ങൾക്ക് അനൂകൂലമായ ഒരു നടപടി ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. എത്രയും പെട്ടന്ന് പുസ്തകം പിൻവലിച്ചു മാപ്പു പറയാനുള്ള കാര്യങ്ങൾ ചെയ്യേണ്ടതാണ്. പുസ്തകത്തിന്റെ വില്പന കണ്ടിട്ട് അധികം വൈകാതെ 124 എഡിഷൻ എത്തുമെന്നാണ് ഞങ്ങളുടെ രഹസ്യവിഭാഗം നൽകുന്ന സൂചന. നോക്കൂ, എവിടേം 124 നിറഞ്ഞു നില്ക്കുന്നു.
ഞങ്ങൾ പറയുന്നതുപോലെ ചെയ്താൽ താങ്കൾക്ക് ഗുണം വരും. എഴുതി ജീവിക്കാനുള്ള വക ഞങ്ങൾ ഒരുക്കി തരും. ഷോകേസ് നിറയ്ക്കാനുള്ള ഫലകങ്ങൾ വീട്ടിലെത്തും, ഹാപ്പി!
അതല്ല, മനുഷ്യപക്ഷം എന്നൊക്കെയുള്ള ക്ളീഷേ ലൈനിലാണ് നിങ്ങൾക്ക് താല്പര്യം എങ്കിൽ ഞങ്ങൾ കണ്ടൻ പൂച്ചയാകും, മ്യാവൂ!
ബഷീർ, ഒ.വി വിജയൻ, താന്തോന്നിമൂട്, എഡിറ്റർ തുടങ്ങി ഒരുപാട് എഴുത്തുകാരെ താങ്കൾ 124 പരാമർശിച്ചു കണ്ടു. പക്ഷേ, മിസ്റ്റർ ഷിനിലാൽ, കെ വി മണികണ്ഠൻ എന്നൊരു എഴുത്തുകാരനെ താങ്കൾക്ക് അറിയുമോ? ഇല്ല എന്നു കാണിക്കാനുള്ള താങ്കളുടെ അതിബുദ്ധി ആപത്തായിരിക്കുന്നു എന്നു ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ടിയാൻ എഴുതിയ ബ്ലൂ ഈസ് ദി വാമസ്റ്റ് കളർ എന്ന കഥ താങ്കൾ വായിച്ചിട്ടില്ല എന്നു കാണിക്കാനുള്ള ശ്രമവും അതുവഴി സുഹൃത്തിനെ രക്ഷിക്കാനുള്ള തിടുക്കവും വിനാശകാലേ വിപരീതബുദ്ധിയായി എന്നു പറയാതെ വയ്യ. ജനഗണമന എടുത്തു കഥയിൽ ചേർക്കാനും, തീയറ്ററിൽ എഴുന്നേറ്റു നിൽക്കണ്ട കാര്യമില്ലെന്നും പറയാനും അവൻ ആരാണ്? നോക്കൂ, ഞങ്ങൾ ഒന്നും കാണുന്നില്ല കേൾക്കുന്നില്ല എന്നു നിങ്ങൾ വിചാരിച്ചുകളഞ്ഞല്ലോ, കഷ്ടം!
അപ്പോൾ മിസ്റ്റർ ഷിനിലാൽ, (ലാൽ എന്ന നായകനെ നിങ്ങൾക്ക് എവിടന്നു കിട്ടി എന്നു ഞങ്ങൾക്ക് അറിയാം) നിങ്ങളുടെ മുൻപിൽ 124 ദിവസം കൂടി ബാക്കിയുണ്ട്. ഞങ്ങളുടെ കൈയിൽ 124 വെടിയുണ്ടകളും.

Comments are closed.