DCBOOKS
Malayalam News Literature Website

മലയാളത്തമിഴന്‍

തോപ്പില്‍ മുഹമ്മദ് മീരാനുമായി ഡോ.അസീസ് തരുവണയും ടി.മന്‍സൂറലിയും നടത്തിയ അഭിമുഖസംഭാഷണം

തമിഴിലും മലയാളത്തിലും രചന നിര്‍വ്വഹിച്ച ദ്വിഭാഷാ എഴുത്തുകാരന്‍, വിവര്‍ത്തകന്‍, മലയാളം തമിഴ് പ്രഭാഷകന്‍, അറബിത്തമിഴ് ഗവേഷകന്‍, മലയാളത്തിനും തമിഴിനുമിടയിലെ സാംസ്‌കാരികബന്ധത്തിന്റെ സന്ദേശവാഹകന്‍… ഇങ്ങനെ പലതുമായിരുന്നു ഇക്കഴിഞ്ഞ മാസം അന്തരിച്ച പ്രമുഖ തമിഴ് എഴുത്തുകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍. മലയാളിയെ സംബന്ധിച്ചിടത്തോളം ഏറെ സുപരിചിതനാണദ്ദേഹം. എഴുത്തുകാരനായും വറ്റല്‍മുളക് വ്യാപാരിയായും മീരാന്‍ അനവധി തവണ കേരളത്തില്‍ വന്നിട്ടുണ്ട്. ഒരു ഘട്ടത്തില്‍ മലബാറിലെ സാഹിത്യസാംസ്‌കാരിക സദസ്സുകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

മീരാന്‍ കൃതികളിലെ ഒട്ടുമിക്ക പ്രമേയ പരിസരങ്ങളും മലയാളിക്ക് ഏറെ പരിചിതമായ ലോകമാണ്. അതിനാല്‍ മലയാളി വായനാസമൂഹത്തിന് ഒരു മലയാളം എഴുത്തുകാരനെപ്പോലെയായിരുന്നു മീരാന്‍ എന്നു പറഞ്ഞാല്‍ അതിശയോക്തിപരമാവില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് തഞ്ചാവൂരില്‍ നടന്ന ലോക തമിഴ് സാഹിത്യ സമ്മേളനത്തോടനുബന്ധിച്ചു നടന്ന സെമിനാറില്‍ ഹിന്ദു ബനാറസ് യൂണിവേഴ്‌സിറ്റിയിലെ തമിഴ് ഭാഷാ സാഹിത്യ അധ്യാപകനായ ഡോ. രബി സിങ് അവതരിപ്പിച്ച ”തോപ്പില്‍ മുഹമ്മദ് മീരാനും വൈക്കം മുഹമ്മദ് ബഷീറും ഒരു താരതമ്യ പഠനം” എന്ന പ്രബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് (‘ബഷീറും മീരാനും’ എന്ന തലവാചകത്തില്‍ ഡോ. എം. എന്‍. കാരശ്ശേരി ഈ പ്രബന്ധം വിവര്‍ത്തനം ചെയ്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി).

ഒരു കടലോര ഗ്രാമത്തിന്‍ കതൈ (1988, The story of Sea Side village), തുറൈമുഖം (1991, Harbour) കൂനന്‍ തോപ്പ് (1993, The Grove of a Hunchback) ചായ്‌വു നാര്‍ക്കലി (1995, The Realining chair), അഞ്ചു വണ്ണംതെരു (2011) എന്നീ തമിഴ് നോവലുകളുടെയും അന്‍പുക്കു മുതുമൈ ഇല്ലൈ, തങ്കരാശു, അനന്തശയനം കോളനി, തോപ്പില്‍ മുഹമ്മദ് മീരാന്‍ കതൈകള്‍, ഒരു മാമരമും കൊഞ്ചം പറവൈകളും എന്നീ കഥാസമാഹാരങ്ങളുടെയും എരിഞ്ഞുതീരുന്നവര്‍ (നോവല്‍) ആരോടും ചൊല്ലാതെ (ലേഖന സമാഹാരം) എന്നീ മലയാളം കൃതികളുടെയും കര്‍ത്താവാണദ്ദേഹം. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, തമിഴ്‌നാട് സര്‍ക്കാര്‍ അവാര്‍ഡ്, ഭാരതിയാര്‍ അവാര്‍ഡ്, തമിഴ്‌നാട് പുരോഗമന സാഹിത്യ സംഘടനാഅവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ മീരാനെ തേടിയെത്തിയിട്ടുണ്ട്.

ഒരു കടലോര ഗ്രാമത്തിന്റെ കഥ എന്ന നോവല്‍ ക്രോസ് വേഡ് അവാര്‍ഡിനു ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം, നാഷനല്‍ ബുക്ക് ട്രസ്റ്റ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സാക്ഷ്യങ്ങള്‍ (സച്ചിദാനന്ദന്‍) ദൈവത്തിന്റെ കണ്ണ് (എന്‍. പി. മുഹമ്മദ്) തൃക്കോട്ടൂര്‍ നോവലുകള്‍ (യു .എ. ഖാദര്‍) വൈക്കം മുഹമ്മദ് ബഷീര്‍, ബദ്‌റുല്‍ മുനീര്‍ (എം.എന്‍. കാരശ്ശേരി) മീസാന്‍ കല്ലുകളുടെ കാവല്‍ (പി.കെ. പാറക്കടവ്) മതഭ്രാന്തന്‍ (ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്) തുടങ്ങി ഒട്ടേറെ രചനകള്‍ അദ്ദേഹം മലയാളത്തില്‍നിന്ന് തമിഴിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ മീരാ
ന്റെ വിടവാങ്ങല്‍ തമിഴ് ഭാഷയ്ക്കും സാഹിത്യത്തിനുമെന്ന പോലെ മലയാളത്തിനും തീരാനഷ്ടമാണ്.മീരാന്റെ എഴുത്തു ജീവിതത്തെപ്പറ്റിയുംമറ്റും, തിരുനെല്‍വേലിക്കടുത്ത പേട്ടയില്‍ വീരഭാഗു നഗറിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍വെച്ച് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ സംഭാഷണത്തില്‍നിന്ന്:

തമിഴിലും മലയാളത്തിലും രചന നടത്തുന്ന ദ്വിഭാഷാ എഴുത്തുകാരനാണല്ലോ താങ്കള്‍. എഴുത്തിലേക്ക് എത്തിച്ചേര്‍ന്ന സാഹചര്യം വിശദമാക്കാമോ?

ഇന്നത്തെ കേരളത്തോട് അടുത്തു നില്‍ക്കുന്നതും പണ്ട് തിരുവിതാംകൂറിന്റെ ഭാഗവുമായിരുന്ന കന്യാകുമാരി ജില്ലയിലെ തേങ്ങാപട്ടണത്തെ ഒരു സാധാരണ കുടുംബത്തിലാണ് എന്റെ ജനനം. ബാപ്പ ഉണക്കമീന്‍ കച്ചവടക്കാരനായിരുന്നു. കടല്‍ക്കരയിലുള്ള ചെറുവ്യാപാരികളില്‍നിന്ന് ഉണക്കമീന്‍ തൂക്കി വാങ്ങും. ചിലപ്പോള്‍ പച്ചമീന്‍ വാങ്ങി ഉപ്പു ചേര്‍ത്ത് ഉണക്കും. എന്നിട്ട് ഉണക്കമീന്‍ കെട്ടുകളാക്കി ലോറിയില്‍ തൂത്തുക്കുടിയിലേക്ക് അയയ്ക്കും. അവിടെനിന്നും കപ്പലില്‍ കൊളംബോയിലേക്കു കയറ്റി അയയ്ക്കും. ബാപ്പയെപ്പോലെ വേറേയും ധാരാളം കച്ചവടക്കാരുണ്ടായിരുന്നു. കൊളംബോയിലുള്ള മൊത്ത വ്യാപാരികള്‍ ചൂഷണം ചെയ്തതുകൊണ്ട് ധാരാളം കഷ്ടനഷ്ടങ്ങള്‍ ഇവര്‍ക്കനുഭവിക്കേണ്ടിവന്നു. ഈ അനുഭവ പരിസരമാണ് എന്റെ ‘തുറമുഖം’ എന്ന നോവലിലെ പ്രതിപാദ്യം.

എന്റെ മാതൃഭാഷ തമിഴാണ്; പഠിച്ചത് മലയാളവും. അതുകൊണ്ട് ഒരു ഉപകാരമുണ്ടായി, രണ്ടു ഭാഷകളും വഴങ്ങും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, രണ്ടും എന്റെ ഭാഷകളാണ്. തമിഴ് എവിടേയും പോയി പഠിച്ചിട്ടില്ല. ചുമരിലെ സിനിമാപ്പരസ്യങ്ങളിലെ അക്ഷരങ്ങള്‍ കേട്ടറിഞ്ഞു കൂട്ടിവായിച്ചും മറ്റുമാണ് തമിഴ് പഠിച്ചത്. തമിഴ്‌നാട്പ്രദേശമായ തേങ്ങാപ്പട്ടണം 1956-നു മുമ്പ് തിരുവിതാംകൂര്‍ സംസ്ഥാനത്ത് ഉള്‍പ്പെട്ടതിനാലാണ് മലയാളം പഠിക്കേണ്ടിവന്നത്. തേങ്ങാപ്പട്ടണം െ്രെപമറി സ്‌കൂളിലും അംശി ഹൈസ്‌കൂളിലും നാഗര്‍കോവില്‍ എസ്.റ്റി ഹിന്ദു കോളജിലുമാണു പഠിച്ചത്. കോളജ് പഠനകാലത്താണ് ബാപ്പ മരണപ്പെട്ടത്. അതോടെ ജീവിതാവസ്ഥ ഏറെ മാറിമറിഞ്ഞു. വീട്ടിലെ സാമ്പത്തികാവസ്ഥ മോശമായി. പഠനം മുടങ്ങി. പിന്നീട് പല ജോലികളും ചെയ്തു.

തോപ്പില്‍ മുഹമ്മദ് മീരാനും ഭാര്യ ജലീലയും

ആദ്യകാലത്ത് മനസ്സില്‍ തോന്നുന്നതെല്ലാം പഠിച്ച ഭാഷയായ മലയാളത്തില്‍ എഴുതിവെക്കുമായിരുന്നു. വായിച്ചുനോക്കുമ്പോള്‍ എന്റെ ഗ്രാമത്തിലുള്ള ജനങ്ങളുടെ ജീവിത തുടിപ്പുകള്‍ ഈ ഭാഷയിലൂടെ ശരിക്കും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല എന്നു തോന്നി. പിന്നീട് എനിക്കറിയാവുന്ന ഗ്രാമീണ തമിഴില്‍ അതുതന്നെ എഴുതി വായിച്ചുനോക്കിയപ്പോള്‍ എന്റെ ഗ്രാമത്തിലുള്ളവരും അവരുടെ ജീവിതവും ഗ്രാമവും അതിന്റെ പ്രകൃതിസൗന്ദര്യവും അകൃത്രിമമായി കണ്‍മുന്നില്‍ ദൃശ്യമായി. അവിടുത്തെ കാറ്റിന്റെ കുളിര്‍മ്മ ഞാന്‍ അനുഭവിച്ചു . അങ്ങനെ എനിക്കൊരു ബോധോദയമുണ്ടായി. എന്റെ ഗ്രാമത്തിന്റെയും ജനതയുടെയുംകഥ പറയാന്‍ എന്റെ മാതൃഭാഷയാണ് ഏറ്റവും ഉചിതമെന്ന്. അതിനാല്‍ മലയാളം അത്രമേല്‍ ഇഷ്ടമാണെങ്കിലും ഒരു തമിഴ് എഴുത്തുകാരന്‍ എന്ന് അറിയപ്പെടാനാണു ഞാന്‍ ഇഷ്ടപ്പെടുന്നത്.

എഴുത്തിന്റെ ആദ്യകാലഘട്ടത്തെ എങ്ങനെ വിലയിരുത്തുന്നു?

എഴുത്തിന്റെ മേഖലയിലേക്ക് എങ്ങനെ എത്തിപ്പെട്ടു എന്ന് കൃത്യമായി പറയുക സാധ്യമല്ല. എഴുത്തുമായി ബന്ധപ്പെട്ട ഒരു കുടുംബ പാരമ്പര്യം എനിക്കില്ല. കുടുംബത്തില്‍ സാഹിത്യരചനയില്‍ ഏര്‍പ്പെട്ട ആരുമുണ്ടായിരുന്നില്ല. സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ കുത്തിക്കുറിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു.
അക്കാലത്ത് നാട്ടില്‍ നടക്കുന്ന ആത്മഹത്യകളെക്കുറിച്ചും മറ്റു ദാരുണ സംഭവങ്ങളെപ്പറ്റിയും ഹൃദയസ്പര്‍ശിയായ ഭാഷയില്‍ കവിതകള്‍ എഴുതി പ്രിന്റ് ചെയ്തു ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുമായിരുന്നു. അക്കാലത്തിറങ്ങിയ സിനിമാപ്പാട്ടുകളുടെ രീതിയിലാണു കവിതകള്‍ എഴുതിയിരുന്നത്. എങ്കിലും ഭാവനയുടെ ഉയര്‍ന്ന തലം അവയില്‍ നിറഞ്ഞുനിന്നിരുന്നു. ചന്തയില്‍നിന്നും അത്തരം ലഘു കവിതാസമാഹാരങ്ങള്‍ വാങ്ങി സൂക്ഷിക്കുന്ന പതിവ് എനിക്കുണ്ടായിരുന്നു. ഇത്തരം സൃഷ്ടികളുടെ പ്രചോദനമാണ് എഴുത്തില്‍ താത്പര്യമുണ്ടാക്കിയത്.

ഞങ്ങളുടെ നാട്ടില്‍നിന്ന്, എന്റെ ചെറുപ്പകാലത്ത് ധാരാളം ആളുകള്‍ ജോലി തേടി സിലോണിലേക്കു പോകുമായിരുന്നു. സിലോണ്‍ അന്നത്തെ ഞങ്ങളുടെ ഗള്‍ഫായിരുന്നു. ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്ത അക്കാലത്ത് വിവരങ്ങള്‍ കൈമാറുവാനുള്ള ഏകമാര്‍ഗം കത്തെഴുത്തായിരുന്നു. ‘കത്തുവരലും’ ‘കത്തെഴു
ത്തും’ അന്ന് മഹാസംഭവമായിരുന്നു. അതിനൊരു കാരണമുണ്ട്. സിലോണിലേക്കു പോയവരുടെ ഭാര്യമാര്‍ക്കു പൊതുവേ എഴുത്തും വായനയും അറിയില്ലായിരുന്നു. ഭാര്യമാര്‍ക്ക് എന്നല്ല സ്ത്രീകള്‍ പൊതുവേ സാക്ഷരരായിരുന്നില്ല. അതിനാല്‍ പ്രൈമറി ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ ബന്ധുക്കളായ സ്ത്രീകള്‍ക്കു വേണ്ടി കത്തെഴുതിക്കൊടുക്കലും മറുപടികത്ത് വായിച്ചു കൊടുക്കലും പതിവായിരുന്നു. അതില്‍ അവരുടെ സങ്കടങ്ങളും പ്രശ്‌നങ്ങളും പ്രതീക്ഷകളും കാത്തിരിപ്പുമെല്ലാം നിറഞ്ഞുനിന്നു. കുട്ടികളായ ഞങ്ങള്‍ക്കറിയാത്ത മുതിര്‍ന്നവരുടെ ലോകത്തെ പല കാര്യങ്ങളും ചെറുപ്രായത്തിലേ അടുത്തറിയാനായി. അങ്ങനെ ചെറുപ്പത്തില്‍തന്നെ അന്യരുടെ വേദനകള്‍ എനിക്കു തിരിച്ചറിയാന്‍ സാധിച്ചു.

വേറൊരു തമാശ, അന്ന് പ്രൊഫഷണല്‍ കത്തെഴുത്തുകാരുണ്ടായിരുന്നു എന്നതാണ്. ഇത്തരം കത്തെഴുത്തുകാരുടെ ഭാഷയും ശൈലിയും പെട്ടെന്നു തിരിച്ചറിയാന്‍ കഴിയും. എല്ലാ കത്തുകളിലും ഒരേ ഭാഷയും ശൈലിയുമാണ് അവര്‍ ഉപയോഗിച്ചിരുന്നത്. അവര്‍ വീടുവീടാന്തരം കയറിയിറങ്ങി കത്തെഴുതി കൊടുക്കുമായിരുന്നു. ഇത്തരക്കാരോട് സ്ത്രീകള്‍ക്കു പറയാന്‍ പറ്റാത്ത പലതുമുണ്ടാവും. അത്തരം കാര്യങ്ങള്‍ കുട്ടികളായ ഞങ്ങളോടു പറഞ്ഞ് എഴുതിക്കുകയാണു ചെയ്തിരുന്നത്. അവര്‍ പറഞ്ഞ ജീവിതഗന്ധിയായ കാര്യങ്ങളില്‍ നിന്നാണു ഞാന്‍ ചെറുപ്രായത്തിലേ സമൂഹത്തെ മനസ്സിലാക്കിയെടുത്തത്. ഔപചാരിക വിദ്യാഭ്യാസത്തിലൂടെ നേടിയതിനെക്കാള്‍ കൂടുതല്‍ അറിവ് എനിക്കു ലഭിച്ചത് ഇത്തരം ഇടപാടുകളിലൂടെയാണ്. അതുകൊണ്ടാണ് ഇത്ര തീവ്രമായി സാമൂഹിക പ്രശ്‌നങ്ങളെയും അവസ്ഥക
ളെയും എഴുത്തിലൂടെ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞത്.

അനൗപചാരികമായ ഇത്തരം അറിവ് അവസരങ്ങള്‍ക്കപ്പുറം സാമാന്യ ജനതയുടെ ഔപചാരിക വിദ്യാഭ്യാസാവസ്ഥയെന്തായിരുന്നു? താങ്കളുടെ പഠനകാലത്തെ മുന്‍നിര്‍ത്തി പറയാമോ?

ഹൈസ്‌കൂളിലും കോളജിലുമൊക്കെ പഠിച്ച മുസ്ലിംകളിലെ ആദ്യതലമുറ ഞങ്ങളുടേതാണ്. എന്റെ ബാപ്പയൊന്നും സ്‌കൂളിലേ പോയിട്ടില്ല. ഞങ്ങളുടെ തിരുനെല്‍വേലി പ്രദേശത്തെ മാത്രം അവസ്ഥയല്ലിത്. ഞാനൊക്കെ സ്‌കൂളില്‍ പോകുന്ന കാലത്തുപോലും അതൊരു ചടങ്ങുമാത്രമായിരുന്നു. ഒട്ടുമതിന് സീരിയസ്‌നസ് കൊടുത്തിരുന്നില്ല. ഞങ്ങള്‍ക്കൊന്നും ഒരു ഗൈഡന്‍സും കിട്ടിയിട്ടില്ല. കടലില്‍നിന്ന് നന്നായി മീന്‍ കിട്ടുന്ന ദിവസം, മുതലാളിമാരുടെ വീട്ടില്‍ കല്യാണം നടക്കുന്ന ദിവസം, ചെറിയ ചെറിയ വിശേഷദിന
ങ്ങള്‍ അന്നൊന്നും ആരും സ്‌കൂളില്‍ പോയിരുന്നില്ല. എന്തുകൊണ്ട് സ്‌കൂളില്‍ പോയില്ല എന്നാരും അന്നു ചോദിച്ചിരുന്നില്ല. ഞാനേത് ക്ലാസിലാണു പഠിക്കുന്നതെന്നോ, ഞാന്‍ പരീക്ഷയില്‍ തോറ്റുവോ ജയിച്ചുവോ എന്നൊന്നും വീട്ടുകാര്‍ പോലും അന്വേഷിച്ചിരുന്നില്ല. ഞാനേത് വിഷയമാണു പഠിക്കുന്നതെന്ന്
ബാപ്പയ്ക്കുപോലും അറിയില്ലായിരുന്നു. അങ്ങനെയൊരു ചോദ്യമുന്നയിക്കാനുള്ള പഠിപ്പും വിവരവും മുതിര്‍ന്നവര്‍ക്കില്ലായിരുന്നു എന്നു പറയുന്നതാവും ശരി.

ഒരു സാഹിത്യകാരന്‍ എന്നതിലുപരി തിരുവനന്തപുരം ഭാഗത്ത് താങ്കള്‍ ഒരു വറ്റല്‍മുളക് വ്യാപാരി എന്ന നിലയിലും സുപരിചിതനാണ്. മുളകു കച്ചവടത്തിലേക്കെത്തിയ സാഹചര്യം എന്തായിരുന്നു? ഇത് താങ്കളുടെ രചനാത്മക ജീവിതത്തെ വല്ലവിധത്തിലും സ്വാധീനിച്ചിട്ടുണ്ടോ?

നാഗര്‍കോവില്‍ ഹിന്ദു കോളജില്‍നിന്നാണ് ഞാന്‍ ബി.എ കരസ്ഥമാക്കിയത്. ബിരുദ പഠനാനന്തരം കുറച്ചുകാലം ഗവണ്‍മെന്റ് ജോലിക്കായി ശ്രമിച്ചു. പക്ഷേ, എവിടെയും കിട്ടിയില്ല. വീട്ടുകാര്‍ക്ക് എന്നെ ഒരു സര്‍ക്കാര്‍ ജോലിക്കാരനാക്കണമെന്ന സ്വപ്നമൊന്നും ഉണ്ടായിരുന്നില്ല. ബാപ്പയുടെ കച്ചവടത്തിന് ഒരു പിന്‍ഗാമിയായി ഞാന്‍ വേണമെന്നായിരുന്നു അവരുടെ ആഗ്രഹം. സര്‍ക്കാര്‍ ജോലി കിട്ടാതെയിരിക്കുമ്പോഴാണ് തിരുനെല്‍വേലിയില്‍ ഒരു കടയില്‍ ജോലിക്കു കയറിയത്. ഇതേകാലത്ത് എന്റെയൊരു ബന്ധുവിന് തിരുവനന്തപുരത്ത് ഒരു കടയുണ്ടായിരുന്നു. തിരുനെല്‍വേലിയില്‍നിന്ന് മുളക് വാങ്ങി തിരുവനന്തപുരത്തെ ബന്ധുവിന്റെ കടയിലേക്ക് അയച്ചു കൊടുക്കും. അങ്ങനെയാണ് മുളക് കച്ചവടത്തിന്റെ സാധ്യത മനസ്സിലാക്കി ഞാന്‍ കച്ചവടക്കാരനായത്. തിരുവനന്തപുരത്ത് എനിക്കു ധാരാളം സാഹിത്യ സുഹൃത്തുക്കളുണ്ട്. പഴവിള രമേശന്റെ പേര് എടുത്തുപറയേണ്ടതാണ്. ഇപ്പോള്‍ ബിസിനസ് രംഗത്തില്ലാത്തയാളാണ് ഞാന്‍. എങ്കിലും കച്ചവടക്കാരനായിരുന്ന കാലം ഒട്ടേറെ അനുഭവങ്ങള്‍ എനിക്കു സമ്മാനിച്ചിട്ടുണ്ട്. അവ തീര്‍ച്ചയായും എഴുത്തിന്റെ ഇന്ധനമായിട്ടുണ്ട്.

താങ്കളുടെ രചനകളോടുള്ള സ്വസമുദായത്തില്‍നിന്നുള്ള പ്രതികരണം എങ്ങനെയായിരുന്നു?

മുസ്ലിം സമുദായത്തില്‍ നിരക്ഷരത്വവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുന്ന കാലത്താണ് എന്റെ കലാലയപഠനം. മുഖ്യധാരാ സാഹിത്യത്തെപ്പറ്റി ഒട്ടും അറിവുള്ളവരായിരുന്നില്ല എന്റെ ചുറ്റുപാടുമുള്ള മുസ്ലിംകള്‍. സമീപകാലംവരെയും ഇതിന് മാറ്റങ്ങളില്ലായിരുന്നു. അതിനാല്‍ എന്റെ വായനക്കാര്‍ തമിഴ് അമുസ്ലിംകളായിരുന്നു. ആദ്യകാലത്ത് എന്റെ എഴുത്തിനോടു ചില സമുദായ സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

സമുദായം എന്റെ രചനകളെ എങ്ങനെ സ്വീകരിക്കുന്നു എന്നറിയാനായി ഒരു ‘കടലോരഗ്രാമത്തിന്റെ കഥ’ അച്ചടിയിലായിരുന്ന ഘട്ടത്തില്‍ ചില ഇസ്ലാമിക പ്രസിദ്ധീകരണങ്ങളില്‍ പരസ്യം കൊടുത്തുനോക്കി. പുസ്തകം ആവശ്യപ്പെട്ട് എഴുതിയവര്‍ വെറും നാലേ നാലുപേരായിരുന്നു. എന്റെ ഒരു സ്‌നേഹിതന്‍ഒരു മതമാസിക നടത്തിയിരുന്നു. അതിനു 6000 വരിക്കാരുണ്ടായിരുന്നു. 300 മണിയോര്‍ഡര്‍ ഫോം വാങ്ങി ഈ വരിക്കാരില്‍ 300 പേര്‍ക്കു മണിയോര്‍ഡര്‍ ഫോം പൂരിപ്പിച്ച് അയച്ചുകൊടുത്തു. 20 രൂപ മുഖവിലയുള്ള പുസ്തകം പോസ്റ്റേജ് അടക്കം 10 രൂപയ്ക്ക് തരാമെന്ന് എഴുതി. ഒരു പുസ്തകത്തിനുപോലും ഓര്‍ഡര്‍ വന്നില്ല. ഞാനാകെ നിരാശനായി. ഇളയ മകന്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ എല്ലാം വാരിയിട്ട് കത്തിച്ചേനെ. ഒടുവില്‍, എരിയിച്ചു കളയുന്നതിനേക്കാളും അറിയാവുന്നവര്‍ക്ക് സൗജന്യമായി കൊടുക്കാമെന്ന തീരുമാനത്തിലെത്തി. സാഹിത്യകാരന്മാരായ സുഹൃത്തുക്കള്‍ തന്ന വിലാസത്തില്‍ പുസ്തകങ്ങള്‍ പലര്‍ക്കും അയച്ചുകൊടുത്തു. അങ്ങനെ ഏകദേശം 400 കോപ്പികള്‍ തീര്‍ന്നു. പുസ്തകം വായിച്ച വിമര്‍ശകരും പത്രപ്രവര്‍ത്തകരും എഴുത്തുകാരും നോവലിനെക്കുറിച്ചു വളരെ വിശദമായി പത്രങ്ങളിലെഴുതി. ഇവരിലൂടെയാണ് എന്നെ പുറം ലോകം അറിഞ്ഞത്. പിന്നീട് ധാരാളം പഠനങ്ങളുണ്ടായി. ഇന്ന് കടലോര ഗ്രാമത്തിന്റെ കഥയടക്കം ഇംഗ്ലിഷ്, ഹിന്ദി, കന്നട, മലയാളം, തെലുങ്ക്, ജര്‍മ്മന്‍ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെടുകയും അനേകം പതിപ്പുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. കടലോര ഗ്രാമത്തിന്റെ കഥ പിന്നീട് നാല്പതിനായിരത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞു. ക്രോസ് വേര്‍ഡ് അവാര്‍ഡിനു ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. എന്നും എന്റെ പുസ്തകങ്ങള്‍ മുസ്ലിംകളേക്കാള്‍ അമുസ്ലിംകളാണ് വായിച്ചിട്ടുള്ളത്. മുസ്ലിം സമുദായത്തിലെ യാഥാസ്ഥിതികര്‍ എന്നുമെനിക്ക് എതിരായിരുന്നു. മത ജീര്‍ണതകള്‍ക്കെതിരേ എഴുതുമ്പോള്‍ മതത്തിനെതിരായിട്ടുള്ള എഴുത്തായിട്ടാണ് അവര്‍ ചിത്രീകരിച്ചിരുന്നത്.

തുടര്‍ന്നു വായിക്കാം

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വായിക്കുന്നതിനായി ജൂണ്‍ ലക്കം പച്ചക്കുതിര സന്ദര്‍ശിക്കുക.

Comments are closed.