DCBOOKS
Malayalam News Literature Website

‘ഭരണഘടനാ ധാര്‍മ്മികതയെ വെല്ലുവിളിക്കുന്ന നവബ്രാഹ്മണിക ശക്തികള്‍’

ഭരണഘടനാധാര്‍മ്മികതയുടെ പരിപ്രേഷ്യത്തില്‍ നമ്മള്‍ അഭിമുഖീകരിക്കുമ്പോള്‍ എത്രപേര്‍ അതിനെ അനുകൂലിക്കുന്നു എന്നത് ഒരു മാനദണ്ഡമേ അല്ല എന്നതാണ് നാം മനസ്സിലാക്കേണ്ട സുപ്രധാനമായ സംഗതി. മറിച്ച് അത് അനീതിയാണോ എന്ന് നോക്കിയാണ് തീരുമാനങ്ങള്‍ ഉണ്ടാവുക. അത് അനീതിയാണോ എന്ന് കണ്ടെത്തേണ്ടത് സമൂഹം അതിനെ അംഗീകരിക്കുന്നുണ്ടോ എന്ന് നോക്കിയല്ല. മറിച്ച് ഭരണഘടന അതിനെ അംഗീകരിക്കുന്നുണ്ടോ എന്ന കാര്യത്തെ അടിസ്ഥാനമാക്കിയാണ് ഇതിനെയാണ് ഭരണഘടനാ ധാര്‍മ്മികത എന്ന് വിളിക്കുന്നത്. ഈ ധാര്‍മ്മികതയെയാണ് ഹിന്ദുത്വ ആള്‍ക്കൂട്ടം ഇപ്പോള്‍ വെല്ലുവിളിക്കുന്നത്.

ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം.കപിക്കാടുമായി ചന്ദ്രന്‍ കോമത്ത് നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍

ലിംഗസമത്വവുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ വര്‍ഷങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കുശേഷം റിപ്പബ്ലിക്കന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ സുപ്രീംകോടതി വിധി പറഞ്ഞത് കേരളത്തെ കലാപഭരിതമാക്കിത്തീര്‍ത്തിരിക്കുന്നു. പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന വിധിക്കെതിരെ സ്വന്തം ശരീരം അശുദ്ധമാണെന്നു പറഞ്ഞ് പ്രതിഷേധിക്കുന്ന വലിയൊരു വിഭാഗം സ്ത്രീകളെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ കേരളത്തില്‍ നാം കാണുന്നത്. ലിംഗനീതിയുടെ വിഷയത്തില്‍ അനുകൂലമായ നിലപാടുകള്‍ എടുക്കുന്നവര്‍ അതിഭീകരമായ ജാതി അധിക്ഷേപങ്ങള്‍ക്ക് വിധേയമാകുന്നു. അത് പലപ്പോഴും കീഴാളമനുഷ്യരുടെ ജാതിസ്വത്വത്തിലേക്കും ലിംഗപരമായ വാചിക ഹിംസകളിലേക്കും കേന്ദ്രീകരിക്കപ്പെടുന്നു.

നിരവധി പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും സമരസംഘടനാരംഗത്തെ സാന്നിദ്ധ്യങ്ങളാലും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സണ്ണി എം. കപിക്കാട് അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന്റെ പരിപ്രേഷ്യത്തില്‍ കേരളീയ ആധുനികതയെയും സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളെയും സാമൂഹികനീതിയെയും വികസനത്തെയും പൗരത്വത്തെയും കുറിച്ചുള്ള മുഖ്യധാരാ വ്യവഹാരങ്ങളെ സൂക്ഷ്മമായ വായനകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. കേരളീയ സമൂഹത്തിന്റെ അരികുജീവിതങ്ങളുടെ മര്‍മ്മപ്രധാനമായ പ്രശ്‌നങ്ങളെ പൗരസമൂഹത്തിന്റെ മുമ്പില്‍ ആര്‍ട്ടിക്കുലേറ്റ് ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ വലുതാണ്. അടുത്തിടെ പുറത്തിറങ്ങിയ ‘ജനതയും ജനാധിപത്യവും: ദലിത് വിജ്ഞാനത്തിന്റെ രാഷ്ട്രീയപാഠങ്ങള്‍’ എന്ന ഇദ്ദേഹത്തിന്റെ കൃതി നിരവധി ചര്‍ച്ചകള്‍ക്കും വായനകള്‍ക്കും ഇടയൊരുക്കി. ശബരിമല വിഷയത്തിലും വളരെ വ്യക്തവും ധീരവുമായ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ട് അദ്ദേഹം പൊതുമണ്ഡലത്തിലുണ്ട്. അതിന്റെ തുടര്‍ച്ചയെന്നോണം ഈ വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ സങ്കീര്‍ണതലങ്ങള്‍, സാമൂഹികരാഷ്ട്രീയം, നൈതികമാനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വിശദീകരിക്കുകയാണ് ഈ അഭിമുഖ സംഭാഷണത്തില്‍ സണ്ണി എം. കപിക്കാട്.

ചന്ദ്രന്‍ കോമത്ത്: കേരളത്തിന്റെ സമീപകാലചരിത്രത്തിലൊന്നും കാണാത്തവിധത്തില്‍ നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് തികച്ചും അക്രമാസക്തമായ രീതിയില്‍ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നവബ്രാഹ്മണിക ശക്തികളുടെ നേതൃത്വത്തില്‍ ഒരു കൂട്ടായ്മ രൂപപ്പെട്ടിരിക്കുകയാണ്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണ് എന്ന് പറയപ്പെടുന്ന കേരളത്തില്‍ ഇത്ര പെട്ടെന്ന് പേടിപ്പെടുത്തുന്ന വിധത്തില്‍ നവബ്രാഹ്മണിക ശക്തികള്‍ക്ക് ആര്‍ത്തലയ്ക്കാന്‍ സാധിക്കുന്നത് എന്തുകൊണ്ടാണ്?

സണ്ണി എം. കപിക്കാട്: രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് മനസ്സിലാക്കാനുള്ളത്. ഒന്ന് നവോത്ഥാനത്തെ സംബന്ധിച്ചുതന്നെയുള്ള കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളും പൊതുസമൂഹവും വളര്‍ത്തിക്കൊണ്ടുവന്ന അപക്വമായ ധാരണകള്‍. അതായത്, കേരളത്തിലെ എല്ലാ ജാതിസമുദായങ്ങളും സമൂഹങ്ങളും ഒരുതരത്തിലുള്ള നവോത്ഥാനത്തിന് വിധേയമായിട്ടുണ്ട് എന്ന സങ്കല്പം. അത് അങ്ങനെ ആയിരുന്നില്ല. കേരളത്തിലെ സാമൂഹിക നവോത്ഥാനം എന്നു പറയുന്നത് പല അടരുകള്‍ (layers) ഉള്ളതായിരുന്നു എന്നും പല പ്രസ്ഥാനങ്ങളും വിവിധ തരത്തിലുള്ള ലക്ഷ്യങ്ങളെയാണ് പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചത് എന്നുമുള്ള കാര്യത്തെപ്പറ്റിയൊന്നും ആഴത്തിലുള്ള മനസ്സിലാക്കലുകള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. കേരളം അത്ഭുതകരമായ ഒരു സ്ഥലമാണ് എന്ന തെറ്റിദ്ധാരണയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

മാത്രമല്ല, കേരളീയ നവോത്ഥാനത്തിന്റെ മര്‍മ്മപ്രധാനമായ വശം അത് കീഴ്ത്തട്ടില്‍നിന്ന് ഉയര്‍ന്നുവന്നതാണ് എന്ന സംഗതിയാണ്. ശ്രീനാരായണ ഗുരു, അയ്യന്‍കാളി, പൊയ്കയില്‍ അപ്പച്ചന്‍ തുടങ്ങിയവരൊക്കെ രൂപപ്പെടുത്തിയ പ്രസ്ഥാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ അടിമത്തത്തിനും അയിത്തത്തിനുമെതിരായ ഒരു ജാതിവിരുദ്ധ പൊതുബോധത്തെ നിര്‍മ്മിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ പില്‍ക്കാലത്ത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ജാതിവിരുദ്ധ സത്തയെ/ ഉള്ളടക്കത്തെ ഏറ്റെടുക്കാനോ മുന്നോട്ടുകൊണ്ടുപോകാനോ ശ്രമിച്ചില്ല. പകരം ഇവിടെ ജാതിയില്ല എന്ന ഒരു വ്യാഖ്യാനം ചമച്ചുകൊണ്ട് നവോത്ഥാനത്തിലെ ജാതിവിരുദ്ധമായ മൂല്യത്തെ കൈയൊഴിഞ്ഞ ഒരു പൊതുബോധമാണ് പ്രചരിക്കപ്പെട്ടത്. അങ്ങനെ വിശ്വസിക്കുന്ന ഒരു സമൂഹമാണ് ഇവിടെയുള്ളത്. ആ പൊതുസമൂഹത്തിലേക്കാണ് വളരെ പെട്ടെന്ന് ഹിന്ദുത്വശക്തികള്‍ക്ക് കടന്നുകയറാന്‍ പറ്റുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

രണ്ടാമത്തെ കാര്യം, ഇന്ന് അഖിലേന്ത്യാടിസ്ഥാനത്തില്‍ രൂപപ്പെട്ടിരിക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന് ഒരു കേരള മോഡല്‍ സൃഷ്ടിക്കുവാന്‍ പറ്റുമോ എന്നതാണ് ഹൈന്ദവ വലതുപക്ഷം യഥാര്‍ത്ഥത്തില്‍ ആലോചിക്കുന്ന കാര്യം. ഈ പ്രക്രിയയെ പഴയ സവര്‍ണ പ്രസ്ഥാനങ്ങളുടെ യുക്തിയനുസരിച്ച് അളന്ന് തിട്ടപ്പെടുത്താനോ മനസ്സിലാക്കിയെടുക്കാനോ സാധ്യമല്ല. ഇപ്പോഴത്തെ രാഷ്ട്രീയം തികച്ചും നിയോബ്രാഹ്മണിക്കല്‍ (Neobrahmanical) ആയ ഒരു മൂവ്‌മെന്റ് ആണ്.

നവബ്രാഹ്മണിക്കല്‍ പ്രസ്ഥാനത്തിന്റെ ഒരു സവിശേഷത എന്നു പറയുന്നത് അതിന്റെ നേതാക്കള്‍പോലും ദളിതരോ ആദിവാസികളോ പിന്നോക്കക്കാരോ ആയേക്കാം എന്നതാണ്. നേതാവ് ആര്, ആള്‍ക്കൂട്ടം ആര് എന്നതിലുപരിയായി അത് ലക്ഷ്യംവെക്കുന്നത് എന്ത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയേ നമുക്കിതിനെ പരിശോധിക്കാന്‍ കഴിയൂ. ഈ നിയോ ബ്രാഹ്മണിക്കല്‍ മൂവ്‌മെന്റിന്റെ വക്താക്കളില്‍ പലരും പറയുന്നത് ഞങ്ങളോടൊപ്പം ദലിതരുണ്ട്, ആദിവാസികള്‍ ഉണ്ട് എന്നൊക്കെയാണ്. എങ്കിലും നവബ്രാഹ്മണ്യപ്രസ്ഥാനത്തിന്റെ മുഖ്യസവിശേഷതയെന്നത് പന്തളം കൊട്ടാരത്തിനും തന്ത്രികുടുംബത്തിനും ശബരിമലയ്ക്കുമേലുള്ള അവകാശം പരിപൂര്‍ണമായി അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യണമെന്ന, നിലനില്ക്കണമെന്ന വാദമാണ്. മാത്രമല്ല ഇതിനോടനുബന്ധിച്ച് അവര്‍ രൂപീകരിക്കുന്ന ടെര്‍മിനോളജികള്‍ക്ക്, ഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഈ ഭാഷ വളരെ വ്യക്തമായും ഒരു മധ്യകാല ഭാഷയും മനോഘടനയും ഉള്‍ക്കൊള്ളുന്നതാണ്. അമ്പലം, രാജാവ്, തന്ത്രി, തമ്പുരാന്‍, തമ്പുരാട്ടി, കൊട്ടാരം, ആചാരം എന്ന രീതിയിലാണ്, ഈ ഭാഷയിലേക്ക്, മധ്യകാല സമൂഹത്തിന്റെ ഒരു മനോഘടനയിലേക്ക് കേരളത്തെ പെട്ടെന്ന് വലിച്ചടുപ്പിക്കാന്‍ ഹിന്ദുത്വ ശക്തികള്‍ക്ക് സാധിച്ചത്. മുഖ്യധാരാരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നവോത്ഥാനമൂല്യങ്ങള്‍ കൈയൊഴിഞ്ഞതിന്റെ ഫലംകൂടിയാണിത്. ഇതിനെ തിരുത്തുവാനാണ് യഥാര്‍ത്ഥത്തില്‍ ദലിത് പ്രസ്ഥാനങ്ങള്‍ അടക്കമുള്ള നവജനാധിപത്യ പ്രസ്ഥാനങ്ങള്‍, ശ്രമിച്ചത്. അതിനാല്‍ ഈ നവബ്രാഹ്മണിക്കല്‍ പ്രസ്ഥാനത്തിനെതിരെയുള്ള പ്രതിരോധത്തില്‍, പ്രതിഷേധത്തില്‍ ദലിതരുടെ, ആദിവാസികളുടെ, പിന്നോക്കക്കാരുടെ, വാക്കുകളാണ് ജനാധിപത്യഭാഷയാണ് യഥാര്‍ത്ഥത്തില്‍ പ്രതിരോധം തീര്‍ക്കുന്നത്.

ശബരിമലയിലെ സ്ത്രീപ്രവേശനം വിശ്വാസത്തിന്റെ പ്രശ്‌നമായതിനാലാണ് ഹിന്ദുത്വശക്തികള്‍ക്ക് ഇത്ര പെട്ടെന്ന്, എളുപ്പത്തില്‍ മുന്നേറാന്‍ സാധിക്കുന്നത് എന്ന വിലയിരുത്തലുകളും കാണാം. പക്ഷേ, വിശ്വാസത്തിന്റെ ‘വ്രണപ്പെടല്‍’, വിശ്വാസികളുടെ ‘വേദന’ ഇവയ്ക്ക് പുറത്തുള്ള പല ഘടകങ്ങളുമല്ലേ ഇപ്പോഴത്തെ കേന്ദ്രീകരണത്തില്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നത്?

ശബരിമലയിലെ സ്ത്രീപ്രവേശനം യഥാര്‍ത്ഥത്തില്‍ വിശ്വാസവുമായി നേരിട്ട് ബന്ധപ്പെടുന്ന ഒരു വിഷയമേ അല്ല. വിശ്വാസികളുടെ ഏതെങ്കിലും അവകാശത്തെ ഹനിക്കുന്ന എന്തെങ്കിലും സുപ്രീംകോടതി വിധിയില്‍ ഇല്ല. ഈ കോടതിവിധി ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ പ്രവേശിക്കാമെന്ന് പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം ഇന്ത്യയിലെ ബി.ജെ.പി., ആര്‍.എസ്.എസ്. അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍/ ശക്തികള്‍ വിധിയെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണുണ്ടായത്. എന്നുപറഞ്ഞാല്‍, ഹിന്ദുത്വ ഫോള്‍ഡിലേക്ക് പുതിയൊരു വിഭാഗംകൂടി കടന്നുവരുന്നു എന്ന പൊളിറ്റിക്‌സ് ആണ് അതിലുള്ളത്. മാത്രമല്ല, ഇന്ത്യയിലെ എല്ലാവരെയും ഈ പറയുന്ന സെമിറ്റിക് മതങ്ങള്‍ ഒഴിച്ചുള്ള എല്ലാവരെയും ഹിന്ദു ഫോള്‍ഡിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ട സംഘടനയാണ് ആര്‍.എസ്.എസ്. അതുകൊണ്ട് അവര്‍ക്ക് ആഹ്ലാദമുണ്ടാക്കുന്ന വിധിയാണിത്. പക്ഷേ, ആ വിധി കേരളംപോലുള്ള ഒരു സ്ഥലത്ത് രാഷ്ട്രീയനേട്ടം ഉണ്ടാക്കില്ല എന്ന തിരിച്ചറിവില്‍നിന്നാണ് സംഘപരിവാറിന്റെ ഇപ്പോഴത്തെ മലക്കംമറിച്ചില്‍ ഉണ്ടായത്. അതില്‍നിന്നു തന്നെ വ്യക്തമാണ്, ഇതില്‍ വിശ്വാസവുമായി ബന്ധപ്പെട്ട യാതൊന്നും ഇല്ല എന്ന കാര്യം. കോടതി വിശ്വാസത്തെ ഹനിക്കുന്ന ഒന്നുംതന്നെ ചെയ്തിട്ടില്ല.

ശബരിമലയിലെ ലിംഗ അനീതിയുടെ വിഷയത്തില്‍ ഭരണഘടനാധാര്‍മ്മികത (Constitutional morality)യുമായി ബന്ധപ്പെട്ടാണ് കോടതിവിധി പ്രസ്താവിച്ചത്. ഭരണഘടനാശില്പിയായ ഡോ. ബി.ആര്‍. അംബേദ്കറിന്റെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ ഭരണഘടനാ ധാര്‍മ്മികത ബോധപൂര്‍വ്വം നിര്‍മ്മിച്ചെടുക്കേണ്ട ഒന്നാണ്. ഇപ്പോഴത്തെ ചുറ്റുപാടില്‍ ഭരണഘടനാ ധാര്‍മ്മികത പ്രബലമായ സാമൂഹികധാര്‍മ്മികത (Social morality)യുമായി ഏതൊക്കെ രീതിയിലാണ് സംഘര്‍ഷത്തിലാവുന്നത്?

ഇപ്പോഴത്തെ ‘സേവ് ശബരിമല’ എന്ന നവബ്രാഹ്മണിക പ്രസ്ഥാനം സോഷ്യല്‍ മൊറാലിറ്റിയെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നു പറഞ്ഞാല്‍ നമ്മുടെ സമൂഹത്തില്‍ നിലനില്ക്കുന്നത്, അത് അനീതിയായാലും അല്ലെങ്കിലും, സ്ത്രീവിരുദ്ധമായാലും അല്ലെങ്കിലും ആചാരങ്ങള്‍, ക്രമങ്ങള്‍ അതേപടി മാറ്റമില്ലാതെ നിലനില്ക്കണമെന്ന വാദമാണ് സാമൂഹികധാര്‍മ്മികതയുടേത്. ഇന്ത്യന്‍ സാഹചര്യത്തില്‍ സാമൂഹിക ധാര്‍മ്മികത എന്നത് ഏതെങ്കിലും ഒരു പ്രത്യേക ഇടത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന ഒന്നല്ല. ഇന്ത്യയിലെ മനുഷ്യര്‍ എത്തിപ്പെടുന്ന എല്ലാ ഇടങ്ങളിലും നടക്കുന്ന പ്രവര്‍ത്തനമാണ് സോഷ്യല്‍ മൊറാലിറ്റിയുടേത്. ബസ്സിലും ട്രെയിനിലും ഓഫീസിലും വീട്ടിലും ആരാധനാ സ്ഥലത്തും എല്ലാം ഈ മൊറാലിറ്റി കൊണ്ടുനടക്കപ്പെടുകയാണ്. ഈ മൊറാലിറ്റിയും കോണ്‍സ്റ്റിറ്റ്യൂഷണല്‍ മൊറാലിറ്റിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്.

ഭരണഘടന ധാര്‍മ്മികത എന്നു പറയുന്നത്, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെയും ആദര്‍ശാത്മക ലക്ഷ്യങ്ങളെയുംപറ്റി അതിന്റെ ആമുഖത്തില്‍തന്നെ പറയുന്നുണ്ട്. എല്ലാ മനുഷ്യര്‍ക്കും സമത്വം ഉറപ്പാക്കുക, നീതി ഉറപ്പുവരുത്തുക, അഭിപ്രായസ്വാതന്ത്ര്യം, മതവിശ്വാസസ്വാതന്ത്ര്യം ഉറപ്പാക്കുക, സാഹോദര്യം ഉറപ്പാക്കുക തുടങ്ങി ഒരു ജനാധിപത്യസമൂഹത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ, aspiration നെ ഉള്‍ക്കൊള്ളുന്ന ഘടകങ്ങളാണ് ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍ക്കൊള്ളുന്നത്. ഇതിനെയാണ് നമ്മള്‍ ഭരണഘടനാ ധാര്‍മ്മികത എന്നു പറയുന്നത്. എന്നാല്‍, എല്ലാ ഭരണഘടനയിലും, ഭരണവ്യവസ്ഥയിലും ഒരു ‘aspirational morality’യും Operational aspect’ ഉം ഉണ്ട്. ഇതില്‍ ആദ്യത്തേത് ആദര്‍ശാത്മകമായ കാര്യങ്ങളെ ലക്ഷ്യംവെക്കുന്നതായിരിക്കും. രണ്ടാമത്തെ തലങ്ങള്‍ ആദര്‍ശാത്മകമായ ലക്ഷ്യങ്ങളെ പൂര്‍ത്തീകരിക്കുന്നതില്‍ നിന്നും തടയുന്നതായിരിക്കും. പറഞ്ഞുവരുന്നത് there is a gulf between them എന്ന കാര്യമാണ്.

അപ്പോള്‍ ഈ വിടവ് പരിഹരിക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗം ഇന്ത്യന്‍ ഭരണഘടന വ്യാഖ്യാനിക്കുമ്പോഴും ജനാധിപത്യനടപടികളെ വ്യാഖ്യാനിക്കുമ്പോഴും ഭരണഘടനാ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുക എന്നതാണ്. അതുകൊണ്ടാണ് സുപ്രീംകോടതി പീനല്‍കോഡിലെ 377-ാം സെക്ഷന്‍ സംബന്ധമായ കേസില്‍ ഞങ്ങള്‍ ഒരു മജോറിട്ടേറിയല്‍ മൊറാലിറ്റി അല്ല പകരം ഭരണഘടനാധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കുക എന്നു പറഞ്ഞത്. അതായത്, സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലാതായി പ്രഖ്യാപിക്കുമ്പോള്‍ കോടതി നിരീക്ഷിക്കുന്ന ഒരു കാര്യം ഈ രതിയെന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ളത് നോര്‍മലാണെന്നും ബാക്കിയെല്ലാം അബ്‌നോര്‍മല്‍ എന്നുമുള്ള വീക്ഷണങ്ങള്‍ പഴഞ്ചന്‍ സിദ്ധാന്തമാണെന്നും മറിച്ച് ആധുനിക ശാസ്ത്രത്തിന്റെയും മറ്റും കണ്ടുപിടിത്തങ്ങള്‍ അനുസരിച്ച്, ശാസ്ത്രീയധാരണ അനുസരിച്ച്, ഇവയൊന്നും വൈകൃതം അല്ലെന്നും ഡീവിയേഷന്‍ (deviation) അല്ലെന്നും രതിയുടെ മറ്റുചില ഭാവങ്ങളാണെന്നും വിലയിരുത്തുകയാണ് കോടതി ചെയ്യുന്നത്. അതായത് ശാസ്ത്രീയ മനോഭാവം (Scientific tempor) വളര്‍ത്തുവാന്‍ നമ്മള്‍ ബോധപൂര്‍വം ശ്രമിക്കേണ്ടതുണ്ട് എന്ന കാര്യമാണ്. ഇതിനെ പ്രതിനിധാനം ചെയ്യുന്ന ഒന്നുകൂടിയാണ് കോടതിവിധി. ആധുനികശാസ്ത്രത്തിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വിവിധ തരം രതികള്‍ സ്വാഭാവികമായ പ്രക്രിയയാണെന്നും ബയോളജിക്കല്‍ കൂടിയാണെന്നും അത് മനോവൈകൃതം അല്ലെന്നുമുള്ള ധാരണകള്‍ ഭരണഘടനാ ധാര്‍മ്മികതയില്‍ ഊന്നിപ്പറഞ്ഞുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.

അതായത് നീതിയുമായി (Justice) ബന്ധപ്പെട്ട ഒരു ചോദ്യം/ പ്രശ്‌നം ഭരണഘടനാധാര്‍മ്മികതയുടെ പരിപ്രേഷ്യത്തില്‍ നമ്മള്‍ അഭിമുഖീകരിക്കുമ്പോള്‍ എത്ര പേര്‍ അതിനെ അനുകൂലിക്കുന്നു എന്നത് ഒരു മാനദണ്ഡമേ അല്ല എന്നതാണ് നാം മനസ്സിലാക്കേണ്ട സുപ്രധാനമായ സംഗതി. മറിച്ച് അത് അനീതിയാണോ എന്ന് നോക്കിയാണ് തീരുമാനങ്ങള്‍ ഉണ്ടാവുക. അത് അനീതിയാണോ എന്ന് കണ്ടെത്തേണ്ടത് സമൂഹം അതിനെ അംഗീകരിക്കുന്നുണ്ടോ എന്ന് നോക്കിയല്ല. മറിച്ച് ഭരണഘടന അതിനെ അംഗീകരിക്കുന്നുണ്ടോ എന്ന കാര്യത്തെ അടിസ്ഥാനമാക്കിയാണ് ഇതിനെയാണ് ഭരണഘടനാ ധാര്‍മ്മികത എന്ന് വിളിക്കുന്നത്. ഈ ധാര്‍മ്മികതയെയാണ് ഹിന്ദുത്വ ആള്‍ക്കൂട്ടം ഇപ്പോള്‍ വെല്ലുവിളിക്കുന്നത്.

പക്ഷേ, ഭരണഘടനാ ധാര്‍മ്മികതയെന്ന സങ്കല്പനവുമായി ബന്ധപ്പെട്ട് സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നവരില്‍ നിന്നുതന്നെ ചില ചോദ്യങ്ങള്‍, സംശയങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഉദാഹരണമായി ഡോ. ടി.ടി. ശ്രീകുമാറിനെപ്പോലുള്ള ചിന്തകര്‍ ന്യൂനപക്ഷ വിശ്വാസങ്ങളുടെയും ധാര്‍മ്മികജീവിത സങ്കല്പങ്ങളുടെയും ചുറ്റുപാടില്‍, ഹിന്ദു മജോറിറ്റേറിയന്‍ രാഷ്ട്രീയസാഹചര്യത്തില്‍ ഭരണഘടനയും അതിനെ അടിസ്ഥാനപ്പെടുത്തുന്ന ധാര്‍മ്മികതയും ഒരു മെറ്റാ സ്റ്റാന്‍ഡേര്‍ഡ് (Meta standard) ആയി മാറുന്നതിലെ ചില സങ്കീര്‍ണതകള്‍ ആശങ്കകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരം ആശങ്കകളുടെയും സംശയങ്ങളുടെയും അടിസ്ഥാനമെന്താണ്. അതിന് മുകളില്‍ പറഞ്ഞ സങ്കല്പനത്തിന്റെ പരിസരത്തില്‍ സാധുതയുണ്ടോ?

അത്തരം സംശയങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ വഴിയില്ല എന്ന് തോന്നുന്നു. ഭരണഘടനാ ധാര്‍മ്മികതയെക്കുറിച്ചുള്ള ഭരണഘടനാ നിര്‍മ്മാണസഭയിലെ ചര്‍ച്ചകള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്ക്കുന്ന മറ്റെല്ലാ ധാര്‍മ്മികതകളെയും നിഷ്പ്രഭമാക്കുന്ന ഒന്നായിട്ടല്ല ഭരണഘടനാ ധാര്‍മ്മികത വിവക്ഷിക്കപ്പെട്ടത്. അതല്ല കാര്യം. ഇന്ത്യയില്‍ നിലനില്ക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും ധാര്‍മ്മികബോധ്യങ്ങളും ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാവുകയാണെങ്കില്‍ ആണ് ചോദ്യങ്ങള്‍ വരുന്നത്. ഭരണഘടനയെ ഒരു മജോറിറ്റേറിയന്‍ കണ്‍സന്‍സ് ആയി കാണാന്‍ പറ്റില്ല. ഇന്ത്യന്‍ ഭരണഘടനയാണ് ഇന്ത്യന്‍ രാഷ്ട്രത്തിന്റെ അടിസ്ഥാന പ്രമാണമായി നിലനില്ക്കുന്നത്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന ലക്ഷ്യങ്ങളില്‍ എന്തെങ്കിലും പരിമിതികളുണ്ടെങ്കില്‍ അതിനെയാണ് നമ്മള്‍ പരിഗണിക്കേണ്ടത്. അല്ലാതെ ഭരണഘടന ഒരു മെറ്റാനരേറ്റീവ് ആയി വരികയാണെങ്കില്‍ ബാക്കിയെല്ലാം തകര്‍ന്നുപോകും എന്നു പറയുന്നതില്‍ വലിയ കാര്യങ്ങളില്ല. ഭരണഘടന ഒരു ബൂര്‍ഷ്വാ ഡോക്യുമെന്റ് ആണെന്നും അതത്ര പ്രാധാന്യമുള്ള ഒന്നല്ല എന്ന ഒരു ധാരണ ഇവിടെ നിലനില്ക്കുന്നുണ്ട്. അതിനാല്‍തന്നെ ഭരണഘടനയില്‍ വളരെ നിരക്ഷരരായ ഒരു സമൂഹമാണ് ഇന്ത്യയില്‍ നിലനില്ക്കുന്നത് എന്നുകൂടി നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. അതിനാല്‍ത്തന്നെ മുകളില്‍ പറഞ്ഞതരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

രാഷ്ട്രീയ വ്യവസ്ഥയിലെ അവകാശലംഘനങ്ങളെ ചൂണ്ടിക്കാണിക്കുന്നവരെയും ഭരണകൂടങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്നവരെ ദേശവിരുദ്ധര്‍ (Anti-national) എന്ന് മുദ്ര കുത്തുക ഹിന്ദുത്വദേശീയതയുടെ പശ്ചാത്തലത്തില്‍ വളരെ വ്യാപകമായി നടക്കുന്ന ഒരു സംഗതിയാണ്. അതിനാല്‍ നിലനില്ക്കുന്ന മതവംശീയ ദേശീയത ചോദ്യംചെയ്യാന്‍ ഭരണഘടനാധാര്‍മ്മികതയെപ്പോലെ ഒരു ഭരണഘടനാദേശീയത (Constitutitonal patriotism) കൂടി ഭാവന ചെയ്യേണ്ടതുണ്ടോ? ആര്യന്‍ വംശീയ ദേശീയതയെ വിമര്‍ശിക്കുന്ന ചുറ്റുപാടില്‍ ജര്‍മ്മന്‍ ചിന്തകനായ യൂര്‍ഗന്‍ ഹേബര്‍മാസ് (Jurgen Habermas) ഭരണഘടനാപരമായ ദേശീയത എന്ന സങ്കല്പനം മുന്നോട്ടുവെക്കുന്നുണ്ട്. ഹൈന്ദവ ദേശീയതയെ, അതിന്റെ അക്രമാസക്തമായ രൂപങ്ങളെ പ്രതിരോധിക്കാന്‍ ഭരണഘടനാദേശീയതയെ ഒരു ബദല്‍ സങ്കല്പനമായി കാണാന്‍ പറ്റുമോ?

ഇന്ത്യയെന്ന രാഷ്ട്രത്തിന്റെയും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെയും ഉള്ളടക്കം, ഭാവന എന്നീ ഘടകങ്ങള്‍ ഇവിടെ പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ ഭാവനയുടെ അടിസ്ഥാന വേരുകള്‍ ഹിന്ദുത്വമെന്ന ആശയപ്രപഞ്ചത്തിനകത്താണ്. ഇത് നമ്മള്‍ വ്യക്തമായി മനസ്സിലാക്കണം. ഇതില്‍നിന്നും ആരുംതന്നെ പുറത്തല്ല. ഇതില്‍നിന്നും ഒരു പരിധിവരെ പുറത്തുനില്ക്കുന്നത് കീഴാളസമൂഹങ്ങളിലെ ചില ധാരകളാണ്. അവര്‍ക്കാണ് ഹിന്ദുത്വത്തിന് വെളിയില്‍ ഒരു ആശയലോകം നിര്‍മ്മിക്കാന്‍ സാധിച്ചിട്ടുള്ളത്. അഥവാ ശ്രമിച്ചിട്ടുള്ളത്. ബാക്കി ദേശീയപ്രസ്ഥാനങ്ങള്‍, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അടക്കമുള്ളവ സാംസ്‌കാരിക ഹിന്ദുത്വ ദേശീയതയെ ഏറിയും കുറഞ്ഞും പങ്കുപറ്റുന്നുണ്ട്. ഹിന്ദുത്വ എന്ന ഫോള്‍ഡിനകത്താണ് മിക്കവാറും ഇടപാടുകള്‍ നടക്കുന്നത്. അവരൊക്കെ എന്തുപറഞ്ഞാലും, ഏതു ഭാഷയില്‍ സംസാരിച്ചാലും ഹിന്ദുത്വത്തെ സഹായിക്കുന്ന ഒന്നായി മാറുന്നു. ഇത്തരമൊരു ഹൈന്ദവമായ ചുറ്റുപാടില്‍ അതില്‍നിന്നു പുറത്ത് കടക്കണമെങ്കില്‍, ജനാധിപത്യപരമായി മാറണമെങ്കില്‍ ഭരണഘടനാ ധാര്‍മ്മികതയെ ഉയര്‍ത്തിപ്പിടിക്കണം.

സ്ത്രീവിരുദ്ധമായ, ദലിത് വിരുദ്ധമായ, ന്യൂനപക്ഷവിരുദ്ധമായ ഹൈന്ദവധാര്‍മ്മികതയെ, മനുഷ്യവിരുദ്ധമായ ഹിന്ദുമൊറാലിറ്റിയെ മറികടന്നു പോകണമെങ്കില്‍ പുതിയൊരു മൊറാലിറ്റി സ്ഥാപിച്ചേ പറ്റൂ. ഇതാണ് ഭരണഘടനാ നിര്‍മ്മാണ സഭകളിലെ ചര്‍ച്ചകളില്‍ പറയുന്നത്. അത് മറ്റൊന്നുമല്ല. വിമര്‍ശന ആധുനികതയുടെയും ശാസ്ത്രത്തിന്റെയും പിന്‍ബലമുള്ള ഭരണഘടനാ ധാര്‍മ്മികതയാണ് അംബേദ്കറൊക്കെ അന്നേ ചൂണ്ടിക്കാണിച്ചത്. ഇന്ത്യയിലെ സോഷ്യല്‍ മൊറാലിറ്റിയെ മാറ്റിയെടുക്കണമെന്ന മര്‍മ്മപ്രധാനമായ പ്രശ്‌നം എതിര്‍പ്പുകള്‍ക്കിടയില്‍പ്പോലും അന്ന് അംഗീകരിക്കപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ ഭരണഘടന ദേശീയഭാവനയുടെ അടിത്തറയായി മാറേണ്ടതുണ്ട്. ഈ അടുത്തകാലത്ത് ഇന്ത്യയില്‍ പ്രധാനപ്പെട്ട ചില അവകാശങ്ങള്‍ ഉറപ്പിക്കുന്നതില്‍ ഭരണഘടന പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

ഞാന്‍ വിചാരിക്കുന്ന ഒരു കാര്യം ഇന്ത്യ ഇപ്പോഴും ഒരു സര്‍വ്വാധിപത്യരാഷ്ട്രമായി മാറാത്തതിന്റെ കാരണം, തെരുവുകളായ തെരുവുകള്‍ മുഴുവനും കലാപമുണ്ടാക്കിയിട്ടും ഈ അക്രമാസക്തമായ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായിട്ടും എല്ലാതരം മനുഷ്യാവകാശങ്ങളും സമ്പൂര്‍ണ്ണമായി ഹനിക്കുന്ന ഫാസിസ്റ്റ് സര്‍വ്വാധിപത്യമായി ഇന്ത്യ മാറാത്തതിന്റെ കാരണം ഇവിടെ ഒരു ഭരണഘടന ഉണ്ട് എന്നതുകൊണ്ടു മാത്രമാണ് എന്ന് നമ്മള്‍ മനസ്സിലാക്കണം. ഹിന്ദുത്വത്തെ പ്രതിരോധിക്കുന്ന ഒരു പ്രതിപക്ഷം ദേശീയതലത്തില്‍ നിലനില്ക്കുന്നില്ല എന്നുകൂടി മനസ്സിലാക്കുമ്പോഴാണ്, യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോഴാണ് ഇന്ത്യയില്‍ ഭരണഘടനയുടെ പ്രാധാന്യം നമ്മള്‍ മനസ്സിലാക്കേണ്ടത്. അതിനാല്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ദേശീയമായ ഒരു ഭാവന രൂപപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല…

തുടര്‍ന്ന് വായിയ്ക്കാം…

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം നവംബര്‍ ലക്കം പച്ചക്കുതിരയില്‍

Comments are closed.