DCBOOKS
Malayalam News Literature Website

ജൈസല്‍ കെ.പി.യുമായി ജീവന്‍ ജോബ് തോമസ് നടത്തിയ അഭിമുഖം

മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ പ്രളയക്കെടുതിക്കിടയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ ജൈസല്‍ കെ. പി. സംസാരിക്കുന്നു.

ജീവന്‍ ജോബ് തോമസ്: ജൈസല്‍ കേരളത്തിന്റെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഒരു ഹീറോയായിക്കഴിഞ്ഞല്ലോ. സാധാരണക്കാര്‍ ചെയ്യാന്‍ മടിക്കുന്ന ഒരു കാര്യം, ഒരുപാട് പേര്‍ക്ക് സ്വന്തം മുതുക് ചവിട്ടുപടിയായി കാണിച്ചുകൊടുക്കുകയാണ് ജയ്‌സല്‍ ചെയ്തത്. എന്താണ് അങ്ങനെ ഒരു കാര്യം ചെയ്യാനുള്ള തോന്നലിലേക്ക് എത്തിച്ചത്?

ജൈസല്‍: ഞങ്ങള്‍ വേങ്ങര മുതലമാട് എന്ന ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്തി തിരിച്ചു പോകുന്ന സമയത്ത് എസ്. ഐ ഞങ്ങളെ വിളിച്ചു പറഞ്ഞു, ഇനീം രണ്ടു കുടുംബങ്ങളെക്കൂടി രക്ഷിക്കാനുണ്ടെന്ന്. അതനുസരിച്ച് ഞങ്ങള്‍ ആ ഭാഗത്ത് വന്നപ്പോ നയിം ബാപ്പു എന്നയാളുണ്ടായിരുന്നു അവിടെ. അദ്ദേഹം പറഞ്ഞു, ”അവിടെ രണ്ടുമാസം ഗര്‍ഭമുള്ള ഒരു സ്ത്രീയുണ്ട്. ആ സ്ത്രീക്ക് ബ്ലീഡിങ്ങുണ്ട്. ആ സ്ത്രീയെ രക്ഷപ്പെടുത്തണം. എന്‍ഡിആറെഫുകാര്‍ക്ക് (NDRF)എന്തോ പ്രശ്‌നമുള്ളതുകൊണ്ട് ബോട്ട് അങ്ങോട്ടേക്ക് പോവില്ല.” അവരുടെ വീതിയുള്ള ബോട്ട് മരങ്ങളൊക്കെ നില്‍ക്കുന്ന ഭാഗമായിരുന്നതുകൊണ്ട് അങ്ങോട്ട് പോകില്ലായിരുന്നു. നിങ്ങള്‍ പോരുന്നത്ര പോരുക, ബാക്കി നമ്മള്‍ നീന്തീട്ടെങ്കിലും അവരെ എത്തിക്കാന്നും പറഞ്ഞാണ് ഞങ്ങള്‍ അങ്ങോട്ട് പോയത്. പക്ഷേ, അത്രേം ദൂരം പോവേണ്ട ആവശ്യം നമ്മള്‍ക്ക് വന്നില്ല. നമ്മളവടെയെത്തുമ്പഴേക്കും അവിടുത്തെ ആളുകളൊക്കെ വെപ്രാളപ്പെട്ട് ഏകദേശം ഇങ്ങട്ട് ഇറങ്ങിവന്നിട്ടുണ്ട്. അങ്ങനെ നിക്കുമ്പോ ഈ ബ്ലീഡിങ്ങുള്ള സ്ത്രീ ഏതാണെന്ന് നമുക്ക് അന്വേഷിക്കാന്‍ പറ്റില്ലായിരുന്നു. ബ്ലീഡിങ്ങുള്ള സ്ത്രീയെ മാത്രം ചോദിക്കുമ്പോ അതൊരു മോശമാണല്ലോ. ഒരു സ്ത്രീയെ മാത്രമായി നമുക്ക് പൊക്കി വയ്ക്കാനും പറ്റില്ല. അതിന്റെ ഭാഗമായിട്ടാണ് ഞാന്‍ കുനിഞ്ഞ് നിന്ന് എന്റെ മേലില്‍ ചവിട്ടീട്ട് ബോട്ടിലേക്ക് കയറിക്കോന്ന് പറഞ്ഞത്. അതിന് സ്ത്രീകള്‍ മടിച്ചപ്പോ ഞാന്‍ പറഞ്ഞു, ഞങ്ങളിപ്പോ നിങ്ങളെ ഇവിടുന്ന് രക്ഷിക്കാനായി വന്നതാണ്, നിങ്ങളിങ്ങനെ ചെയ്യുന്നതുകൊണ്ട് എനിക്ക് ബുദ്ധിമുട്ടില്ല, നിങ്ങടെ ജീവന്‍ രക്ഷിക്കലാണ് എന്റെ ഉദ്ദേശ്യം. അത് ഞാന്‍ ചെയ്യുന്നു അത്രേ ഒള്ളൂ.

അപ്പോ നയീം ബാപ്പു അവിടെ നിന്ന് വീഡിയോ എടുക്കുന്നുണ്ടായിരുന്നു. കാലില്‍ ചെരിപ്പിട്ടുകൊണ്ട് എന്നെ ചവിട്ടാന്‍ തുടങ്ങിയ സ്ത്രീയോട് അദ്ദേഹംപറഞ്ഞു, ”കല്ലല്ല, അത് മനുഷ്യനാണ്.” ചെരുപ്പഴിക്കാന്‍ പറഞ്ഞു. അത് കേട്ട് ഞാന്‍ പറഞ്ഞു, ”അതൊന്നും ഈ സന്ദര്‍ഭത്തില്‍ നോക്കരുത്, നിങ്ങള്‍ കേറ്.” അങ്ങനെയാണ് ഒരു സ്ത്രീ ചെരിപ്പിട്ടിട്ട് എന്റെ പുറത്ത് ചവിട്ടി കയറിയത്. പിന്നാലെ വന്നവരൊക്കെ ചെരുപ്പഴിച്ചിട്ടാണ് കയറിയത്. നമ്മളന്നും അതിന്റെ തലേദിവസവുമായി വേങ്ങരഭാഗത്തുനിന്ന് നീന്തീട്ടും വലിച്ചിട്ടും ഒക്കെയായി പത്തറുപതോളം ജീവന്‍ തന്നെ കരകയറ്റിയിട്ടുണ്ട്.

മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുക നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭങ്ങളില്‍ ഒന്നായിരിക്കുമല്ലോ. ജൈസല്‍ ഒരു മത്സ്യത്തൊഴിലാളിയല്ലേ. ആ അനുഭവങ്ങള്‍ ഇങ്ങനെ ചെയ്യാനുള്ള ആവേശം ഉണ്ടാക്കിയിട്ടുണ്ടോ?

ഞാന്‍ ഫിഷര്‍മാനാണ്, ഒരു ഡ്രൈവറുംകൂടിയാണ്. എനിക്ക് ഇതില്‍ വന്നു നില്‍ക്കാന്‍ ഒരു ഐഡന്റിറ്റിയുണ്ട്. മലപ്പുറം ജില്ലാ ട്രോമാ കെയര്‍ എന്ന പദ്ധതിയുണ്ട്. ഞാനതില്‍ മെമ്പറാണ്. താനൂര്‍ സ്വദേശിയാണ്. താനൂര്‍ അഴിമുഖത്തുവച്ച് എന്റെ ചെറുപ്പത്തില്‍, നീന്തലറിയാത്ത ഒരാള്‍ നിലം ഉണ്ടെന്ന ധാരണയില്‍ എറങ്ങീട്ട് നിലം വിട്ട് ഒഴുക്കില്‍പെട്ടു പോകുന്നത് കണ്ടപ്പോ ഞാന്‍ അദ്ദേഹത്തെ നീന്തി രക്ഷപ്പെടുത്തിയിട്ടുണ്ട്. അന്ന് എന്റെ ഭാരത്തേക്കാളൊക്കെ ഇരട്ടി ഭാരം വരുന്ന ആ മനുഷ്യനെ അദ്ദേഹം ഉദ്ദേശിച്ച സ്ഥലത്ത് നീന്തി കൊണ്ടു ചെന്നാക്കി. അന്നദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞിട്ടുണ്ട്.
അത് എനിക്ക് വല്ല്യ ആവേശമായിരുന്നു. അത് കഴിഞ്ഞു കുറച്ചുനാള്‍ കഴിഞ്ഞപ്പഴാണ് ഞാന്‍ ട്രോമാ കെയറിന്റെ മെമ്പറായി മാറിയത്. അതുകൊണ്ടൊക്കെ എനിക്ക് എന്തിനും ഏതിനും ഇറങ്ങാനൊക്കെ ധൈര്യം കൂടുതല്‍ കിട്ടിയിട്ടുണ്ട്.

ഒരാള്‍ അപകടത്തില്‍പ്പെടുന്നത് കാണുമ്പോള്‍ എന്താണ് തോന്നുക?

നമ്മുടെ നാട്ടില്‍ ഒരു ആക്‌സിഡന്റുണ്ടായി. അത് കണ്ടിട്ടും സഹായിക്കാന്‍ കൂട്ടാക്കാതെ ഒരാള്‍ വണ്ടിയോടിച്ച് ഒരു കിലോമീറ്ററില്‍ കൂടുതല്‍ ചെന്നശേഷം, ഒരു വീണ്ടുവിചാരത്തിന്റെ ഭാഗമായി, എതിരെ വരുന്ന എന്റെ ഒരു സുഹൃത്തിനെ കണ്ട് അവിടെ ഒരാള്‍ക്ക് എന്തോ ആക്‌സിഡന്റ് പറ്റിയിട്ടുണ്ട് ഒന്ന് നോക്കണം എന്ന് പറഞ്ഞതു. എന്റെ സുഹൃത്താണ് അപകടം പറ്റിയയാളെ ആശുപത്രീല്‍ കൊണ്ട് പോയത്. ആക്‌സിഡന്റ് പറ്റിയയാള്‍ മരിച്ചുപോയി. പിന്നീടാണ് അറിഞ്ഞത് ആദ്യം കണ്ടയാളുടെ ജ്യേഷ്ഠനായിരുന്നു ഈ മരിച്ചയാള്‍ എന്ന്. അയാള്‍ അതു കണ്ട സമയത്തു തന്നെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ സ്വന്തം ജ്വേഷ്ഠന്റെ മരണം തടയാന്‍ പറ്റിയേനെ. എനിക്ക് മനസ്സിലായത് ഇതാണ്, നമ്മള്‍ ഒരു അപകടം കണ്ടിട്ടുണ്ടെങ്കില്‍ ആ സമയം നമ്മള്‍ നമ്മടെ കുടുംബത്തെ ഓര്‍ക്കും. ബാപ്പയും ഉമ്മയും ഭാര്യയും മൂന്ന് കുട്ടികളും ഉള്ളതാണ് എന്റെ കുടുംബം. സ്വന്തം കുടുംബത്തെ ഓര്‍ക്കുന്ന ഒരാള്‍ക്കും അപകടം നടന്ന സ്ഥലത്ത് നിന്നും ഒഴിവായി മാറാന്‍ പറ്റൂല്ല.

ജൈസല്‍ അവരെ സഹായിക്കുന്ന വീഡിയോ വൈറലായ ശേഷം ഒരുപാട് അഭിനന്ദനങ്ങളും മറ്റും കിട്ടിയിട്ടുണ്ടാകുമല്ലോ. അതൊക്കെ കിട്ടിയപ്പോ എന്താണ് തോന്നിയത്?

ഒരുപാട് ആളുകള്‍ അഭിനന്ദനങ്ങളും സന്തോഷങ്ങളും ഒക്കെ പങ്കുവെച്ച് വിളിക്കുന്നുണ്ട്. എല്ലാരും അഭിനന്ദിച്ചു. പിന്നെ എനിക്ക് വിഷമം തോന്നിയ ഒരു കാര്യം ഞാന്‍ ഒരു ആര്‍.എസ്.എസ്. കാരനാണ് എന്നു പറഞ്ഞ് ആ സംഘടനയുടെ പ്രവര്‍ത്തകര്‍ പ്രചാരണം നടക്കുന്നുണ്ട് എന്നറിഞ്ഞപ്പോഴാണ്. എന്റെ രാഷ്ട്രീയം ആര്‍.എസ്.എസിന്റേതല്ല. ഞാന്‍ എസ്.ഡി.പി.ഐകാരനും അല്ല. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി ഞാന്‍ പോയത് ഒരു രാഷ്ട്രീയക്കാരനായിട്ടോ, ജാതിയുടെയോ മതത്തിന്റെയോ ആളായിട്ടോ ഒന്നുമല്ല. ഒരു മനുഷ്യനായിട്ട് മാത്രാണ് ഞാനത് ചെയ്തത്. അതിനെ ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രചരണത്തിനുവേണ്ടി ഉപയോഗിച്ച് മോശമാക്കരുതെന്ന് ഒരഭ്യര്‍ത്ഥനയുണ്ട്.

ജൈസല്‍ കെ.പിയുമായുള്ള അഭിമുഖം സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

Comments are closed.