DCBOOKS
Malayalam News Literature Website

ചരിത്രകൗതുകങ്ങളുമായി മനു എസ്.പിള്ള; സംവാദവും പുസ്തകചര്‍ച്ചയും സെപ്റ്റംബര്‍ 28ന്

ചരിത്രത്താളുകളില്‍ മറഞ്ഞുകിടന്ന വിസ്മയിപ്പിക്കുന്നതും വൈചിത്ര്യങ്ങള്‍ നിറഞ്ഞതുമായ കഥകള്‍ വായനക്കാര്‍ക്ക് പുതുമയോടെ സമ്മാനിച്ച യുവ എഴുത്തുകാരനാണ് മനു എസ്.പിള്ള. തിരുവിതാംകൂര്‍ വംശാവലിയുടെ ചരിത്രകഥ പറഞ്ഞ ദന്തസിംഹാസനം എന്ന ആദ്യകൃതിയിലൂടെതന്നെ ചരിത്രപണ്ഡിതരുടെയും എഴുത്തുകാരുടെയും പ്രശംസപിടിച്ചുപറ്റിയ മനു എസ്.പിള്ളയുടെ ഏറ്റവും പുതിയ കൃതി The Courtesan, the Mahatma and the Italian Brahmin: Tales from Indian History-യും ഏറെ കൗതുകങ്ങള്‍ നിറഞ്ഞതാണ്.

ഇന്ത്യാചരിത്രത്തിലെ മറവിയിലാണ്ടുപോയ ചില സംഭവങ്ങളെയും വ്യക്തികളെയും കോര്‍ത്തിണക്കുകയാണ് ഈ കൃതിയില്‍ മനു. ഇന്ത്യയില്‍ റെയില്‍വേ ആരംഭിച്ചത്, ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രം, ഇന്ത്യയിലെ സ്മാരകങ്ങളോട് ലോര്‍ഡ് കഴ്‌സണുള്ള സ്‌നേഹം, ജയ്പൂര്‍ മഹാരാജാവായിരുന്ന ഫോട്ടോഗ്രാഫര്‍ തുടങ്ങി വൈവിധ്യം നിറഞ്ഞ കൗതുകകരമായ ഒട്ടേറെ കഥകളിലൂടെ മനു ഇന്ത്യയുടെ ഭൂതകാലത്തേക്കുള്ള വാതിലുകള്‍ തുറന്നിടുകയാണ്. 61 ചെറിയ അധ്യായങ്ങളിലായായി രചിച്ചിരിക്കുന്ന The Courtesan, the Mahatma and the Italian Brahmin: Tales from Indian History മനു എസ്.പിള്ളയുടെ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്ന മൂന്നാമത് കൃതിയാണ്.

മനു എസ്.പിള്ളയുമായി സംവാദവും പുസ്തകചര്‍ച്ചയും

2017-ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാര ജേതാവ് മനു എസ്.പിള്ളയുടെ The Courtesan, the Mahatma and the Italian Brahmin: Tales from Indian History-യെ ആസ്പദമാക്കി സെപ്റ്റംബര്‍ 28-ന് അദ്ദേഹവുമായുള്ള സംവാദവും പുസ്തകചര്‍ച്ചയും സംഘടിപ്പിക്കുന്നു. ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഫോക്കസ് മാളില്‍ വെച്ചാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. പ്രൊവിഡന്‍സ് കോളെജ് അധ്യാപിക പ്രൊഫ. ബിന്ദു അമാട്ടായിരിക്കും മനു എസ്.പിള്ളയുമായുള്ള സംവാദം നയിക്കുക. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മനു എസ്.പിള്ളയുടെ കൈയ്യൊപ്പോടുകൂടി അദ്ദേഹത്തിന്റെ പുസ്തകങ്ങളും സ്വന്തമാക്കാം.

പരിപാടിയിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

Comments are closed.