DCBOOKS
Malayalam News Literature Website

ശിലയിലൊളിച്ചിരുന്ന ശില്പം

വാഷിങ്ടണിലെ കാപ്പിറ്റോളില്‍ മനോഹരമായ ഒരു ശില്പമുണ്ട്. കല്ലില്‍ കൊത്തിയെടുത്തിരിക്കുന്ന ഒരു ശിരസ്സ്. മഹാനായ എബ്രഹാം ലിങ്കന്റെ ശിരസ്സ്. ജീവന്‍ തുടിക്കുന്ന ശില്പം. എത്രയോ കാലങ്ങളായി എത്രയോ പേര്‍ അതു കണ്ട് അത്ഭുതപ്പെടുകയും ആനന്ദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആ ശില്പം കൊത്തിയെടുത്തത് മഹാനായ ഗട്‌സണ്‍ ബോര്‍ഗം ആയിരുന്നു.

ആ ശില്പവുമായി ബന്ധപ്പെട്ട് രസകരമായ ഒരു കഥയുണ്ട്. വലിയ ഒരു കല്ലില്‍ നിന്നായിരുന്നു അതുണ്ടാക്കിയെടുത്തത്. ആ സമചതുരക്കല്ലില്‍ ശില്പി കൊത്താന്‍ തുടങ്ങി. അദ്ദേഹം കല്ലില്‍ കൊത്തിക്കൊണ്ടിരുന്നത് കാണാന്‍ അന്നേ ആളുകള്‍ വന്നുകൊണ്ടിരുന്നു. എന്താണാവോ ഈ കല്ലില്‍ നിന്നുമുണ്ടാകാന്‍ പോകുന്നത്! കാണികള്‍ അത്ഭുതപ്പെട്ടു നോക്കിനിന്നു. കല്ലില്‍ സാവധാനം ഒരു മുഖം രൂപം കൊണ്ടുവന്നു. മുഖം പാതിയായപ്പോള്‍ തന്നെ അത് ലിങ്കന്റേതാണെന്ന് ശ്രദ്ധയോടെ നോക്കുന്നവര്‍ക്കു മനസ്സിലായിത്തുടങ്ങി.

മുഖത്തിന്റെ രൂപം കുറേക്കൂടി വ്യക്തമായിത്തുടങ്ങി. അപ്പോള്‍ അവിടെ ഒരു കൊച്ചു പെണ്‍കുട്ടി എത്തി. അവള്‍ കൗതുകത്തോടെ ശില്പി കൊത്തുന്നതു നോക്കിനിന്നു. അതാ കല്ലിലൊരു മുഖം. ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അവള്‍ക്ക് അത് പരിചിതമായ മുഖമായിത്തോന്നി. ലിങ്കണ്‍? അതെ. അതുതന്നെ. പെണ്‍കുട്ടി താന്‍ കണ്ടുപിടിച്ച രഹസ്യത്തെപ്പറ്റിയോര്‍ത്ത് ആഹ്ലാദിച്ചു; അഭിമാനിച്ചു. അവള്‍ ആവേശത്തോടെ ശില്പത്തെ ചൂണ്ടിക്കൊണ്ട് ശില്പിയോടു ചോദിച്ചു: ”അത് ലിങ്കന്റെ മുഖം തന്നെയല്ലേ?”

”അതെ.” ശില്പി ചിരിച്ചുകൊണ്ടു പറഞ്ഞു.

അല്പനേരം കൂടി അത്ഭുതത്തോടെ അവള്‍ ശില്പിയുടെ കൊത്തുപണി കണ്ടുകൊണ്ടു നിന്നു. അവള്‍ എന്തോ ആലോചനയിലായിരുന്നു. പെട്ടെന്ന് അത്ഭുതംകൊണ്ടു വിടര്‍ന്ന കണ്ണുകളുമായി അവള്‍ ആ ശില്പിയോടു ചോദിച്ചു.”അങ്ങെന്താ ദൈവമാണോ? ഈ കല്ലില്‍ നമ്മുടെ ലിങ്കണ്‍ ഒളിച്ചിരിപ്പുണ്ടെന്ന് അങ്ങ് എങ്ങനെയാണ് അറിഞ്ഞത്?”

ശില്പി വാത്സല്യപൂര്‍വ്വം ആ കുട്ടിയെ തന്നോടു ചേര്‍ത്തുപിടിച്ചുകൊണ്ട് മന്ത്രിച്ചു:

”മോളേ! ഓരോ ശിലയിലും മനോഹരമായ ഒരു ശില്പം ഒളിച്ചിരിപ്പുണ്ട്. ഒരു ശില്പി, ശില്പിയുടെ കണ്ണിലൂടെ നോക്കുമ്പോള്‍ ശില്പം തെളിഞ്ഞു വരും. ശിലയെ ശില്പമാക്കുന്നവനാണ് ശില്പി. ശില്പിയുടെ കൈയില്‍ ഏതു ശിലയും ശില്പമാകും.”

കുട്ടി താന്‍ കേട്ടത് വിശ്വസിക്കാനാകാതെ നിന്നുപോയി. ഏതു ശിലയിലുമുണ്ടുപോലും ശില്പം. അതുകാണാന്‍ ശില്പിയുടെ കണ്ണുവേണം. ശില്പിയുടെ ഭാവന വേണം. ശില്പിയുടെ മനോഭാവം വേണം. ”ഞാനും വലുതാകുമ്പോള്‍ ഒരു ശില്പിയാകും. ഓരോ ശിലയേയും ശില്പമാക്കും.” അവള്‍ അറിയാതെ പറഞ്ഞുപോയി. ശില്പി ചിരിച്ചു. അവളുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു.

പണ്ടേ പലരും പറഞ്ഞുപരന്ന കഥ ഇവിടെ തീരുന്നു. എന്നാല്‍ ഈ കഥ ഇങ്ങനെ തീര്‍ക്കാന്‍ എനിക്കു മനസ്സുവരുന്നില്ല. ഞാന്‍ ഈ കഥയൊന്നു നീട്ടിപ്പറഞ്ഞുകൊള്ളട്ടെ.

ആ പെണ്‍കുട്ടി വളര്‍ന്നു. പഠിച്ചു. മിടുമിടുക്കിയായി. അറിവും വിവേകവുമുള്ളവളായി. അദ്ധ്യാപികയുമായി. വീട്ടമ്മയുമായി. അങ്ങനെ പലതരം ചുമതലകളും ഏറ്റെടുത്ത് തിരക്കുള്ള ജീവിതം നയിച്ചു. അപ്പോഴും അവള്‍ പഴയ കഥ മറന്നിരുന്നില്ല. ശില്പിയുടെ വാക്കുകളും മറന്നിരുന്നില്ല.

‘ഓരോ ശിലയിലും ഒരു ശില്പം ഒളിച്ചിരിപ്പുണ്ട്.’ അപ്പോള്‍ ഓരോ മനുഷ്യനിലും ഒരു ജീനിയസ്സും ഒളിച്ചിരിപ്പുണ്ട്. ഓരോ മനുഷ്യനിലും അനന്തമായ ശേഷികള്‍ ഉറങ്ങുന്നുമുണ്ട്. അവള്‍ അങ്ങനെ തന്റെ അറിവിനെ മെച്ചപ്പെടുത്തി. തനിക്കൊരു ശില്പിയാകാന്‍ പറ്റിയില്ല. പക്ഷേ അദ്ധ്യാപികയാകാന്‍ സാധിച്ചു. അമ്മയാകാനും ഭാഗ്യമുണ്ടായി. ശില്പി കല്ലിനെ ശില്പമാക്കട്ടെ. തനിക്ക് മനുഷ്യനെ മഹത്ത്വമുള്ള മനുഷ്യനാക്കാനാണ് നിയോഗം. അതല്ലേ അദ്ധ്യാപികയുടെ, അമ്മയുടെ, നിയോഗം? ആ കണ്ടെത്തലില്‍ അവള്‍ ആവേശഭരിതയായി. ഓരോ കുട്ടിയേയും മഹത്ത്വമുള്ള ഒരു ശില്പം അഥവാ ജീനിയസ്സാക്കാനുള്ള യജ്ഞത്തില്‍ ആനന്ദം കണ്ട്, ജീവിച്ച്, അവള്‍ സംതൃപ്തി നേടി.

ഈ കഥ വായിക്കുമ്പോള്‍ നിങ്ങളും മനസ്സിലാക്കണം ഈ രഹസ്യം. നിങ്ങളിലുമുണ്ട്. ഒരു ജീനിയസ്സ്. മഹതി, മഹാന്‍. നിങ്ങള്‍ അത് കണ്ടുപിടിക്കണം. ആ ജീനിയസ്സിനെ പുറത്തുകൊണ്ടുവരണം. അപ്പോള്‍ ഈ കഥാകഥനം സാര്‍ത്ഥകമായി.

കുട്ടികളുടെ പ്രിയപ്പെട്ട ഇടം സന്ദര്‍ശിക്കാം

http://mangobooks.dcbooks.com/

Comments are closed.