DCBOOKS
Malayalam News Literature Website

അംബേദ്കറുടെ തെരഞ്ഞെടുപ്പുകള്‍

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

ഷാജു വി. ജോസഫ്

ഇസ്ലാമാണ് അയിത്ത ജാതിക്കാര്‍ക്ക് കൂടുതല്‍ അനുയോജ്യമായ മതമെന്ന് ഡോക്ടര്‍ അംബേദ്കര്‍ അപ്പോള്‍ കരുതിയിരുന്നു എന്ന് തോന്നും. അംഗസംഖ്യ, സാഹോദര്യം. പോരാട്ട വീര്യം, ജാതി നിരാസം എന്നിവ സമ്മേളിച്ച ഇസ്ലാമിന് മുന്‍ഗണന നല്‍കുമെന്ന പ്രതീതി അദ്ദേഹത്തിന്റെ വിശകലനങ്ങള്‍ ജനിപ്പിച്ചിരുന്നു. ഇങ്ങനെ നടത്തിയ വിശകലനത്തില്‍ സിഖ് മതത്തെയും ക്രിസ്തു മതത്തെയും അദ്ദേഹം പരിശോധിച്ച് തള്ളിക്കളഞ്ഞപ്പോള്‍ ഇസ്ലാമിനോട് മൃദുസമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ അപ്പോഴും ഏതു മതത്തിലേക്കാണ് പോകുന്നതെന്ന് ഡോക്ടര്‍ അംബേദ്കര്‍ വ്യക്തമാക്കിയിരുന്നില്ല.

ഡോക്ടര്‍ അംബേദ്കറുടെ പൊതുപ്രവര്‍ത്തനത്തിന്റെ (1916-1956 ) ഒന്നാം പാദം അവസാനിക്കുമ്പോള്‍- അദ്ദേഹത്തിന്റെ ആദ്യ ഭാര്യ രമാബായിയുടെ വേര്‍പാടിന് അഞ്ചു മാസത്തിനു ശേഷം-അദ്ദേഹം നടത്തിയ നാസിക്ക് പ്രഖ്യാപനം ചരിത്രപ്രാധാന്യമുള്ളതായിരുന്നു. കമ്മ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിപ്പിക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ കൊണ്ടുചെന്നു എത്തിച്ച നേട്ടം കൈവരിച്ചു ലോകശ്രദ്ധ നേടിക്കഴിഞ്ഞ സമയം. പൂനാകരാറിലൂടെ ഗാന്ധിയുടെ രാഷ്ട്രീയ അഭീഷ്ടത്തിനു രാജ്യ സ്‌നേഹത്തിന്റെ പേരില്‍ വഴങ്ങിയെങ്കിലും ഇന്ത്യയില്‍ അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ദ്ധിച്ച സമയം. സ്വതന്ത്ര വ്യതിരിക്ത അടിസ്ഥാനജന രാഷ്ട്രീയം ഇന്ത്യയില്‍ ഉരുത്തിരിയുന്ന സന്ദര്‍ഭം. എല്ലാ വിഭാഗം ഇന്ത്യക്കാരും അംബേദ്ക്കറുടെ വാക്കുകള്‍ക്ക് കാത് ഓര്‍ത്തിരുന്ന കാലം. അപ്പോഴാണ് 1935 ഒക്ടോബര് 13 നു, ”നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഹിന്ദുവായി ജനിച്ചു. എന്നാല്‍ ഞാന്‍ ഹിന്ദുവായി മരിക്കല്ലേ” എന്ന ഇടിമുഴക്കം പോലുള്ള പ്രഖ്യാപനം നാസിക്കിലെ Yeolaയില്‍ നടന്ന ഡിപ്രെസ്ഡ് ക്ലാസ് കോണ്‍ഫെറന്‍സില്‍ അദ്ദേഹം ഉയര്‍ത്തിയത്. ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ വളരെയേറെ കോളിളക്കമുണ്ടാക്കിയ ആ പ്രഖ്യാപനത്തിന്റെ നാള്‍വഴികളും അതിനു ശേഷം ഉണ്ടായ നിര്‍ണ്ണായക ചുവടുവയ്പുകളുമാണ് ഈ ലേഖനം പരിശോധിക്കുന്നത്.

മതപരിവര്‍ത്തന ചിന്ത നാസിക്ക് പ്രഖ്യാപനത്തിനു മുമ്പ്

തുടക്കം 1916 മെയ് 9-ന് അമേരിക്കയിലെ കൊളംബിയ സര്‍വ്വകലാശാലയില്‍ ഒരു സെമിനാറില്‍ അവതരിപ്പിച്ച Pachakuthira Digital Editionപ്രബന്ധം ആയിരുന്നു. ജാതിയുടെ നിര്‍വചനവും സവിശേഷതകളും പ്രവര്‍ത്തന രീതിയും അദ്ദേഹം വസ്തുനിഷ്ഠമായി ഈ പ്രബന്ധത്തില്‍ തെളിവുകളുടെ പിന്‍ബലത്തില്‍ വിശകലനം ചെയ്തു. ഇന്ത്യയിലേക്ക് മടങ്ങുന്നതിനു മുമ്പുതന്നെ ജാതിയെ സംബന്ധിച്ച കൃത്യമായ അക്കാഡമിക് ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. ഈ ധാരണ നല്‍കിയ സുശക്തമായ അടിത്തറയുടെ പുറത്താണ് ഡോക്ടര്‍ അംബേദ്കര്‍ ജാതിനശീകരണത്തിന്റെ വിവിധ മാര്‍ഗ്ഗങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തതും പല കര്‍മ്മപരിപാടികള്‍ കൈക്കൊണ്ടതും.

അടുത്ത പ്രധാന നടപടി 1919 ല്‍ ഇന്ത്യന്‍ ഭരണ പരിഷ്‌കാര കമ്മീഷന് അദ്ദേഹം സമര്‍പ്പിച്ച നിവേദനം ആയിരുന്നു. ഭരണസംവിധാനത്തില്‍ അയിത്ത ജാതിക്കാര്‍ക്ക് നേരിട്ട് പ്രാതിനിധ്യം ഉണ്ടാകേണ്ട ആവശ്യം അതി
ല്‍ അദ്ദേഹം ശക്തിയുക്തം അവതരിപ്പിച്ചു. ജാതി വിവേചനത്തില്‍ നിന്ന് രക്ഷപെടുവാന്‍ ജനാധിപത്യം–സിദ്ധാന്തവും പ്രയോഗവും–അയിത്ത ജാതിക്കാരെ സഹായിക്കുമെന്ന നിലപാടില്‍ ഉറച്ചു നിന്നാണ് അദ്ദേഹം 1919 ലെ നിവേദനം തയ്യാറാക്കിയത്. തുടര്‍ന്ന് മരിക്കുന്നതുവരെ അടിസ്ഥാനജനതയുടെ ഭരണപങ്കാളിത്തത്തിന് വേണ്ടി അദ്ദേഹം പോരാടിയിരുന്നു.

പ്രതീകാത്മക സമരങ്ങളിലൂടെ പ്രത്യക്ഷ സാമൂഹിക ഇടപെടലുകളും അദ്ദേഹം നടത്തി. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ സാമൂഹിക പ്രവൃത്തി സ്വാതന്ത്ര്യം (social liberty) നേടുവാനുള്ള ഇടപെടലുകള്‍ –ക്ഷേത്ര പ്രവേശനത്തിനും, പൊതു കുളത്തില്‍ നിന്ന് വെള്ളം എടുക്കാനുമുള്ള സമരങ്ങള്‍–അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു. അങ്ങനെയാണ് മഹദ് സത്യഗ്രഹം നടക്കുന്നത്. നേരിട്ടുള്ള ഇടപെടലിലൂടെ പൊതു ഇടങ്ങളിലുള്ള അവകാശ സമത്വം സ്ഥാപിച്ചെടുക്കുക ആയിരുന്നു ഇത്തരം പ്രത്യക്ഷ സമരങ്ങളുടെ ലക്ഷ്യം. എന്നാല്‍ ഈ സമരങ്ങള്‍ അവകാശ സമത്വ ആശയ പ്രചാരണത്തിന് അപ്പുറം അവകാശസമത്വം സ്ഥാപിക്കുന്നതില്‍ വിജയിച്ചില്ല.

പൂര്‍ണ്ണരൂപം 2023 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

Comments are closed.