DCBOOKS
Malayalam News Literature Website

വോഗിന്റെ മുഖചിത്രമായെത്തി ചരിത്രം കുറിച്ച് അമന്‍ഡ ഗോര്‍മാന്‍

ലോകപ്രശസ്ത ഫാഷന്‍ മാഗസിന്‍ വോഗിന്റെ മുഖചിത്രമായെത്തി ചരിത്രം കുറിച്ച് 22 കാരിയായ ആഫ്രിക്കന്‍ അമേരിക്കന്‍ കവി അമന്‍ഡ ഗോര്‍മാന്‍. നേരത്തെ ടൈം മാഗസിന്റെ കവര്‍ചിത്രമായും അമന്‍ഡ എത്തിയിരുന്നു. ആനി ലെയ്‌ബോവിറ്റ്‌സ് എന്ന ഫോട്ടോഗ്രാഫറാണ് വോഗിനുവേണ്ടി ചിത്രങ്ങള്‍ പകര്‍ത്തിയത്. ചരിത്രത്തിലാദ്യമായി ‘വോഗ്’ മാഗസിന്റെ കവറില്‍ ഒരു കവയിത്രി പ്രത്യക്ഷപ്പെട്ടു എന്ന പ്രത്യേകത കൂടി ഈ നേട്ടത്തിനുണ്ട്.

കവറിനായി, ഒരു ലൂയിസ് വിറ്റൺ പുതപ്പാണ് ഗോര്‍മാന്‍ ധരിച്ചിരിക്കുന്നത്. സ്വര്‍ണനിറത്തിലുള്ള ഒരു ബെല്‍റ്റും ധരിച്ചിട്ടുണ്ട്. ആഫ്രിക്കൻ തുണിത്തരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ പാറ്റേൺ . വിർജിൽ അബ്ലോ ആണ് ഇത് രൂപകൽപ്പന ചെയ്‍തത്. ലൂയി വിറ്റണിന്റെ കറുത്ത വര്‍ഗക്കാരനായ ആദ്യത്തെ കലാസംവിധായകനാണ് വിർജിൽ അബ്ലോ പ്രത്യേകതയും ഇതിന് ഉണ്ട്.

ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അമന്‍ഡ ഗോര്‍മാന്‍ തന്റെ കവിതയാലപിച്ച് ശ്രദ്ധ നേടിയിരുന്നു. ‘ഐക്യം, രോഗശാന്തി, സ്ഥിരോത്സാഹം എന്നിവയെക്കുറിച്ചുള്ള കൃതിയായ ‘ദി ഹില്‍ വി ക്ലൈംബ്” എന്ന ചലച്ചിത്രപ്രകടനത്തോടെയാണ് ഗോര്‍മാന്‍ ശ്രദ്ധയാകര്‍ഷിച്ചത്. ഒരിക്കലും അവസാനിക്കാത്ത ഈ നിഴലില്‍ നമുക്ക് എവിടെ വെളിച്ചം കണ്ടെത്താനാകുമെന്ന വരികളോടെ തുടങ്ങുന്നതായിരുന്നു ഉദ്ഘാടന കവിത.  അമേരിക്കയിലെ വര്‍ണ വിവേചനത്തിനെതിരായ പോരാട്ടങ്ങളില്‍ മുന്‍നിരയിലുണ്ട് ഗോര്‍മാന്‍.

Comments are closed.