DCBOOKS
Malayalam News Literature Website

അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി

ദില്ലി: സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതി യോഗം ചേര്‍ന്ന് പുറത്താക്കി. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച തിരികെ ജോലിയില്‍ പ്രവേശിച്ച അലോക് വര്‍മ്മയെ പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീം കോടതി ജഡ്ജി എ.കെ.സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങിയ ഉന്നതാധികാര സമിതിയാണ് മാറ്റിയത്. ഖാര്‍ഗെ ശക്തമായി വിയോജിച്ചുവെങ്കിലും അദ്ദേഹത്തിന്റെ നിലപാടിനെ പിന്തള്ളിയാണ് അലോക് വര്‍മ്മയെ പുറത്താക്കാന്‍ തീരുമാനമെടുത്തത്.

കേന്ദ്ര വിജിലന്‍സ് കമ്മീഷന്റൈ റിപ്പോര്‍ട്ടില്‍ വര്‍മ്മയ്‌ക്കെതിരെ പത്തിലധികം അഴിമതിയാരോപണങ്ങള്‍ ഉള്ളതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അങ്ങനെയുള്ള ഒരാള്‍ തലപ്പത്തു തുടരുന്നത് സി.ബി.ഐയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാല്‍ വര്‍മ്മ ഒഴിയണമെന്ന നിലപാടാണ് സിക്രിയും സ്വീകരിച്ചത്. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ അലോക് വര്‍മ്മയെ ഫയര്‍ സര്‍വ്വീസ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ് മേധാവിയായി നിയമിച്ചു. പുതിയ മേധാവിയെ നിയമിക്കുന്നതുവരെ, അഡീഷണല്‍ ഡയറക്ടര്‍ എം.നാഗേശ്വര്‍ റാവുവിനെ സി.ബി.ഐയുടെ ഇടക്കാല ഡയറക്ടറായി വീണ്ടും നിയമിക്കുകയും ചെയ്തിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച അലോക് വര്‍മ്മ, സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വീണ്ടും സ്ഥാനമേറ്റ് 48 മണിക്കൂര്‍ തികയും മുമ്പാണ് പുറത്താക്കപ്പെട്ടത്.

Comments are closed.