DCBOOKS
Malayalam News Literature Website

ആലിബാബയും സിൽവർ ബീച്ചും : ഡോ.എ.രാജഗോപാൽ കമ്മത്ത് എഴുതുന്നു

കോഴിക്കോട്ടെ മിഠായിത്തെരുവിലെ അന്തേവാസിയാണ് ആലിബാബ. ആലിയെന്നാണ് പേരെങ്കിലും എസ്‌കെയുടെ കഥയില്‍ നിന്നിറങ്ങി വന്നപോലെയൊരു രൂപമായതു കൊണ്ട് ആ പേരിട്ടു. ചെറിയ ജോലികള്‍ ചെയ്ത അന്നത്തെ വകയ്ക്കുള്ളത് സ്വരൂപിക്കും. വൃത്തിയാക്കല്‍, എലിവിഷം വയ്ക്കല്‍, വണ്ടി കഴുകുക, പുല്ലുപറിച്ച് പരിസരം വൃത്തിയാക്കുക തുടങ്ങിയവ. ഇടയ്ക്ക് ഒരു ബിസിനസ്സ് തുടങ്ങാന്‍ ധനസഹായം വേണം എന്നാവശ്യവുമായി സമീപിച്ചു. കോഴിക്കോട്ട് കടപ്പുറത്തും മിഠായിത്തെരുവിലെ ഞായറാഴ്ച്ച ചന്തയിലും അലങ്കാര മത്സ്യങ്ങള്‍ ചെറിയ കുപ്പികളില്‍ ഉള്ളത് കുട്ടികള്‍ കൗതുകത്തോടെവാങ്ങിപ്പോകും. പ്രളയം വന്നതോടെ ബിസിനസ് പൊട്ടി. ലോട്ടറിക്കച്ചവടം തുടങ്ങി. കോഴിക്കോട്ടെ കടപ്പുറം ഇവിടുത്തെ എല്ലാവരെയും പോലെ ആലിബാബയ്ക്കും ഒരു ഹരമാണ്. എല്ലാ സായാഹ്നത്തിലും കടപ്പുറത്തു പോകും. തിരക്കിനിടയിലൂടെ നടക്കും. രാത്രിയില്‍ ഏതെങ്കിലും എടി എമ്മിനരികില്‍ കിടന്നുറങ്ങും. കുടുംബാംഗങ്ങളെല്ലാം നല്ലനിലയിലാണ് എന്നൊക്കെ ഇടയ്ക്ക് പറയും. ചെറിയതുക കൊടുത്താല്‍ സന്തോഷിക്കുന്ന ആത്മാവ്. വിശന്നാല്‍ എസ്‌കെയുടെ കഥാപാത്രങ്ങളെ മതിലില്‍ പുനസൃഷ്ടിച്ചതിനരികില്‍ കാണും. ഊണു കഴിക്കാനുള്ളതു കൊടുത്താല്‍ തൃപ്തനാകും. ഇത്തരത്തില്‍ ധാരാളം പേരുണ്ട് മിഠായിത്തെരുവില്‍. വലിയ ചരിത്രമുള്ളവര്‍. നിർഭാഗ്യവശാല്‍ തെരുവില്‍ എത്തിപ്പെട്ടവര്‍. നല്ലതുപോലെ മിനുങ്ങുന്ന സ്വഭാവമുണ്ടായിരുന്നു. ‘ബ്ലഡ് ഒമിറ്റ് ചെയ്തു’ അതിനാല്‍ കുടി ഉപേക്ഷിച്ചു എന്ന് പ്രഖ്യാപിച്ചു. ഏതോ കമ്മ്യൂണിറ്റി കിച്ചനുമായി ബന്ധപ്പെട്ട് ദൈനംദിന കാര്യങ്ങള്‍ കഴിച്ചുകൂട്ടുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. നഗരഹൃദയത്തിലെ ടൗണ്‍ ഹാളിലും സ്പോർട്സ് അസ്സോസിയേഷന്‍ ഹാളിലും എന്തെങ്കിലുമൊക്കെ പരിപാടികള്‍ ദിവസവും കാണുമായിരുന്നു. പുസ്തക പ്രകാശനങ്ങള്‍, നാടകം, റഫി, മുകേഷ്, കിഷോര്‍ കുമാര്‍ നൈറ്റ് , ഗസല്‍ സന്ധ്യകള്‍ തുടങ്ങിയവ. ടൗണ്‍ ഹാളിനരികിലെ ഗാലറിയില്‍ ചിത്രകാരന്മാരും ശില്പികളും അവരുടെ കഴിവുകളും പ്രദർശിപ്പിക്കുമായിരിക്കുന്നു . ഇപ്പോള്‍ എല്ലാം വിജനം. പല പരിപാടികളും കണ്ടാസ്വദിക്കണം എന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും നടക്കാറില്ല. ഇനി ഇവയെല്ലാം തുടങ്ങുമ്പോള്‍ എല്ലാം കാണണം എന്നാഗ്രഹം.

സില്വവര്‍ ബീച്ച് എല്ലാവരുടെയും ഒരാശ്രയമായിരുന്നു. ഫുള്ജാുര്‍ സോഡമുതല്‍ ഫലൂദ വരെയും മുളകു ബജി മുതല്‍ കല്ലുമ്മെക്കായ പൊരിച്ചതും വരെ ഫ്രഷായി കിട്ടിയിരുന്ന ജനകീയ ഇടം ഇപ്പോള്‍ വിജനമാണ്. വെളുപ്പിനു മുതല്‍ ആളുകള്‍ നിറയുന്ന ഇടമായിരുന്നു. എല്ലാ ദിവസവും പ്രഭാതം മുതല്‍ നൂറുകണക്കിനു പേര്‍ ഇവിടെയെത്തുമായിരുന്നു. നടക്കാനും സൊറ പറയാനും ഹൃദയങ്ങള്‍ കൈമാറാനും ഒക്കെയായി. ഇപ്പൊള്‍ അതിലേ കടന്നുപോകുമ്പോള്‍ കഷ്ടം തോന്നുന്നു. വിജനമായ മരുഭൂമിയിലൂടെ പോകുന്ന അനുഭവം. പക്ഷെ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടു. കടപ്പുറം നല്ല വൃത്തിയായിട്ടുണ്ട്. കടലാസും ഐസ്‌ക്രീം കൂടുകളുമില്ല. തിരമാലകള്ക്ക് ഇരുണ്ട നിറമായിരുന്നു. ഇപ്പോള്‍ നല്ല പച്ചകലര്ന്ന നീല നിറം. ശുദ്ധവായു അനുഭവിക്കാനാകുന്നു. ആകെ ഒരു ഉന്മേഷം. സായാഹ്നത്തില്‍ ഈ തീരദേശവാസികളായ ഡോൾഫിനുകൾ അത്യാഹ്ലാദത്തോടെ കുത്തി മറിയുന്നതും കണ്ടു.

നേരത്തേ ഒരിക്കല്‍ ബേപ്പൂര്‍ കടപ്പുറത്ത് കണ്ട കാഴ്ച്ച. അവ ആൾത്തിരക്കുള്ളയിടങ്ങളില്‍ അധികം വരാറില്ല. ഇപ്പോള്‍ ഈ പ്രദേശമെല്ലാം അവ സ്വന്തമാക്കി. തെരുവില്‍ ഇപ്പോള്‍ ആരുമില്ല. നഗരത്തെ ഭാഗിച്ചു കടക്കുന്ന കനോലി കനാല്‍ ഒരു തീരാത്തലവേദനയായിരുന്നു. കറുത്ത നിറമുള്ള വെള്ളവും ദുര്ഗയന്ധവും പേറി ദുസ്സഹമായ അവസ്ഥയിലായിരുന്നു. ഇതുമൂലം സരോവരം ബയോപാര്ക്കിമല്‍ ഹൈഡ്രജന്‍ സള്ഫൈോഡിന്റെ ഗന്ധമായിരുന്നു. ഇപ്പോള്‍ കനാലില്‍ തെളിനീരൊഴുകുന്നു. തുള്ളിക്കളിക്കുന്ന മത്സ്യങ്ങളെയും കാണാം. കണ്ടാല്‍ ഒരു കുളിപാസാക്കാം എന്നു തോന്നുന്ന തരം കടവുകള്‍. ചാലിയാര്‍ മനോഹര ദൃശ്യം പണ്ടും സമ്മാനിക്കുമായിരുന്നു. ഇപ്പോള്‍ കൂടുതല്‍ സുന്ദരമായിരിക്കുന്നു. ബൈപ്പാസിലെ പാലത്തിലിപ്പോള്‍ ചൂണ്ടയിടുന്നവരില്ല. ആറ്റിലൂടെ വരുന്ന കാറ്റിന് കാടിന്റെ ഗന്ധം. അമോണിയ, ഡിറ്റര്ജആന്റ്, ബ്ലീച്ച്, ഡിഡിറ്റി, എന്ഡോയസള്ഫാ ന്‍,മറ്റു കീടനാശിനികള്‍ മെര്ക്കുറി, ആശുപത്രി മാലിന്യം ശുചിമുറി മാലിന്യം, ഭാരമേറിയ ലോഹങ്ങള്‍ തുടങ്ങിയവ ആറ്റിലൂടെയും കനാലിലൂടെയും തീരക്കടലില്‍ എത്തുന്നു. ഇതിന്റെ നല്ലൊരംശം ഈ പ്രദേശത്തുള്ള മത്സ്യങ്ങളില്‍ എത്തുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളുമായി അകലേയ്ക്കൊന്നും പോകാറില്ല. ചെറുമീനുകളില്‍ മെര്ക്കു റിയും ഭാരമേറിയ ലോഹങ്ങളുമുണ്ട്. ഇതൊന്നും എത്ര കഴുകിയാലും എത്ര ചൂടില്‍ പാകം ചെയ്താലും പോകുകയില്ല. കഴിക്കുന്നവരുടെ കോശകലകളിലും ഈ രാസവസ്തുക്കള്‍ അടിയുന്നു. ലോക്ക് ഡൗണ്‍ വേളയില്‍ ഇതിനൊരു മാറ്റം വന്നിട്ടുണ്ട്. ചാളയ്ക്കും നെത്തോലിക്കും നങ്കിനും പതിവില്ലാത്ത രുചിയെന്ന് ഇവിടുത്തുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. നമുക്ക് ജലാശയങ്ങള്‍ ശുചിയായി സൂക്ഷിച്ചു കൂടെ. അല്പം ശ്രദ്ധിച്ചാല്‍ മതിയാകും. ആരോഗ്യം പരിപാലിക്കാം. നല്ല ആഹാരവും ഉറപ്പാക്കാം.

 

Comments are closed.