DCBOOKS
Malayalam News Literature Website

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

തൃശൂര്‍: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 7.55 നായിരുന്നു മരണം. രണ്ട് ദിവസം മുന്‍പാണ് ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരവെയാണ് അന്ത്യം. ആധുനിക മലയാള കവിതയിലെ ഒരു യുഗമാണ് അക്കിത്തം വിടപറയുമ്പോള്‍ അവസാനിക്കുന്നത്.

കഴിഞ്ഞ മാസം അവസാനമാണ് അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചത്. അക്കിത്തത്തിന്റെ വസതിയായ ദേവായനത്തിൽ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു ചടങ്ങ് നടത്തിയത്. പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം എന്നിങ്ങനെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

‘ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം, എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ എന്റെയല്ലീ മഹാക്ഷേത്രവും മക്കളെ, വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം’ തുടങ്ങി അക്കിത്തത്തിന്റെ ഒട്ടേറെ വരികൾ എല്ലാ തലമുറയിലെയും മലയാളികൾക്ക് സുപരിചിതമാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദർശനം, പണ്ടത്തെ മേൽശാന്തി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, മാനസപൂജ, വെണ്ണക്കല്ലിന്റെ കഥ, മനസാക്ഷിയുടെ പൂക്കൾ, ഭാഗവതം (വിവർത്തനം, മൂന്നു വാല്യങ്ങൾ), അക്കിത്തത്തിന്റെ തെരഞ്ഞെടുത്ത കവിതകൾ, കളിക്കൊട്ടിലിൽ, നിമിഷ ക്ഷേത്രം തുടങ്ങിയവയാണ് പ്രധാനകൃതികൾ.

Comments are closed.