DCBOOKS
Malayalam News Literature Website

ഭൂമിയെ ഹരിതക്കുട ചൂടിച്ച അകിറ മിയാവാക്കി വിടവാങ്ങി

Photo Courtesy - Crowd Foresting.org
Photo Courtesy – Crowd Foresting.org

ഭൂമിയെ ഹരിതക്കുട ചൂടിച്ച ലോകപ്രശസ്തനായ ജാപ്പനീസ് പരിസ്ഥിതി സസ്യശാസ്ത്രജ്ഞന്‍ അകിറ മിയാവാക്കി വിടവാങ്ങി. 93 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ജൂലൈ 16നായിരുന്നു അന്ത്യം.

ജപ്പാനിലെ യോക്കോഹാമ യൂണിവേഴ്‌സിറ്റിയിലെ സസ്യശാസ്ത്രജ്ഞനായിരുന്ന പ്രൊഫ. മിയാവാക്കി സ്വാഭാവിക വനങ്ങളിലേതുപോലുള്ള നാലു കോടിയിലധികം മരങ്ങളാണ് നേരിട്ട് നട്ടുപിടിപ്പിക്കുകയും വളര്‍ത്തുകയും ചെയ്തത്. 4000ല്‍ അധികം നിര്‍മ്മിത വനങ്ങള്‍ ഭൂമിയ്ക്ക് കുടയായി വളര്‍ന്നു.

പ്രൊഫ. മിയാവാക്കി വികസിപ്പിച്ചെടുത്ത നവ വനവത്ക്കരണ മാതൃക ഇന്ന് ലോക പ്രസിദ്ധമാണ്. ആയിരം ചതുരശ്ര അടി സ്ഥലത്തും (കഷ്ടിച്ച് രണ്ടര സെന്റ്) ഒരു വനം സൃഷ്ടിക്കാമെന്നതാണ് മിയാവാക്കി മാതൃകയുടെ പ്രത്യേകത. നഗരങ്ങള്‍ വനവല്‍ക്കരിക്കുന്നതിനും അതുവഴി അവിടത്തെ താപനില കുറയ്ക്കുന്നതിനും സഹായകമാകുന്ന മിയാവാക്കി കാടുകള്‍ കേരളം ഉള്‍പ്പെടെ എല്ലാവരും മാതൃകയാക്കി. 1970 ലാണ് ഈ മാതൃക ആദ്യം അവതരിപ്പിക്കുന്നത്. 1992-ലെ ഭൗമ ഉച്ചകോടിയില്‍ അവതരിപ്പിക്കപ്പെട്ട മിയാവാക്കി മാതൃകയ്ക്ക് 1994-ലെ പാരിസ് ജൈവവൈവിധ്യ കോണ്‍ഗ്രസ് മികച്ച പരിസ്ഥിതി മാതൃകയായി അംഗീകാരം നല്‍കി. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

Comments are closed.