DCBOOKS
Malayalam News Literature Website

അക്ബര്‍ രാമായണം

ഡോ.അസീസ് തരുവണ

ജൂലൈ  ലക്കം പച്ചക്കുതിരയില്‍

മതവിശ്വാസികള്‍ തമ്മിലുള്ള സ്പര്‍ദ്ധയുടേയും അകല്‍ച്ചയുടേയും അടിസ്ഥാനകാരണം പരസ്പരമുള്ള അറിവില്ലായ്മയാണെന്ന അക്ബര്‍ ചക്രവര്‍ത്തിയുടെ തിരിച്ചറിവും
അവ പരിഹരിക്കുവാനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ അദ്ദേഹം ആരംഭിച്ച വിവര്‍ത്തന പദ്ധതികളും വാസ്തവത്തില്‍ ഇന്ത്യന്‍ ഇതിഹാസങ്ങളേയും പൗരാണിക ഭാരതീയ സാഹിത്യത്തേയും സ്വദേശത്തും വിദേശത്തും പ്രചരിപ്പിക്കുന്നതില്‍ അനല്‍പ്പമായ പങ്ക് വഹിക്കുകയുണ്ടായി. മറ്റൊരര്‍ത്ഥത്തില്‍, സംസ്‌കൃത ബ്രാഹ്മണ കേന്ദ്രിതമായി നിലകൊള്ളുകയും ത്രൈവര്‍ണികര്‍ക്കിടയില്‍ മാത്രം പ്രചാരം നേടുകയും ചെയ്തിരുന്ന വാല്മീകി രാമായണത്തെ അവധ്‌പേര്‍ഷ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുക വഴി കൂടുതല്‍ ജനകീയമാക്കുകയാണ് മുഗളന്മാര്‍ ചെയ്തത്.

മുഗള്‍ സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ചക്രവര്‍ത്തിയായിരുന്നു അക്ബര്‍. പിതാവായ ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ കാലശേഷം 1556 മുതല്‍ 1605 വരെ മുഗള്‍ സാമ്രാജ്യത്തിന്റെ അധിപനായി അദ്ദേഹം. എല്ലാ അര്‍ത്ഥത്തിലും മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഏറ്റവും ശക്തന്‍. മഹാനായ അക്ബര്‍ (Akbar the great) എന്നാണ് ചരിത്രത്തില്‍ അദ്ദേഹം അറിയപ്പെടുന്നത്. ബാബര്‍, ഹുമയൂണ്‍ തുടങ്ങിയ മുന്‍ഗാമികള്‍ക്ക് യുദ്ധങ്ങള്‍ നടത്തി, രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് സാമ്രാജ്യം pachakuthiraസ്ഥാപിക്കുവാന്‍മാത്രമേ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ ശക്തമായ ഒരു ഭരണക്രമം കൊണ്ടുവന്നതും മുഗള്‍ സാമ്രാജ്യത്തിന്റെ ഖ്യാതി രാജ്യാതിര്‍ത്തിക്കപ്പുറത്തേക്ക് വ്യാപിപ്പിച്ചതും അക്ബര്‍ ചക്രവര്‍ത്തിയാണ്. അതിനാല്‍ മുഗള്‍ സാമ്രാജ്യത്തിന്റെ മഹാശില്‍പി എന്നും അക്ബര്‍ അറിയപ്പെട്ടു. അക്ബറിന്റെ കാലത്താണ് മുഗള്‍ സാമ്രാജ്യം അതിന്റെ പരമോന്നതിയിലെത്തിയത് എന്ന് ചരിത്രത്തില്‍ കാണാം(1). മതസഹിഷ്ണതയുടേയും സാമുദായിക ഐക്യത്തിന്റേയും പ്രവാചകനായിരുന്നു അക്ബര്‍ന.

മതങ്ങള്‍ തമ്മിലുള്ള ഐക്യവും സഹിഷ്ണതയും ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി അക്ബര്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയുണ്ടായി. അതിനായി നിരവധി പദ്ധതികള്‍ അദ്ദേഹം ആവിഷ്‌ക്കരിച്ചു. മതപരമായ ചര്‍ച്ചകള്‍ നടത്തുന്നതിനു വേണ്ടി ഒരു സ്ഥിരം മന്ദിരംതന്നെ അക്ബര്‍ പണിതു. ഫത്തേപ്പൂര്‍ സിക്രിയില്‍ പണി ചെയ്യപ്പെട്ട ‘ഇബാദത്ത് ഖാന’ എന്നറിയപ്പെടുന്ന ആ സൗധത്തില്‍ അനവധി തവണ സര്‍വമത സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടിയിട്ടുണ്ട്. ഇത്തരം ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായിരുന്ന അക്ബര്‍ ചക്രവര്‍ത്തിയെ ഒരു മതവും പ്രത്യേകമായി ആകര്‍ഷിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എല്ലാ മതസ്ഥരോടും സഹകരണവും സഹിഷ്ണുതയും പുലര്‍ത്തുക എന്ന തത്ത്വം (സുല്‍ഹ്ഇകുല്‍) അക്ബര്‍ തന്റെ മതവിശ്വാസത്തിന്റേയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി കണ്ടു. തന്റെ രാജ്യനിവാസികളായ ഹിന്ദുക്കളും രജപുത്രരുമായി ഉറ്റ സൗഹൃദമാണ് അക്ബര്‍ ചക്രവര്‍ത്തി പുലര്‍ത്തിയിരുന്നത്. അക്ബറിന് ഒരു രജപുത്രവംശജയായ ഭാര്യ (ജോധാഭായി എന്നും Mariam-uz Zamani എന്നും അവര്‍ വിളിക്കപ്പെട്ടു)യുണ്ടായിരുന്നു. ഈ വിവാഹബന്ധം രജപുത്ര സമൂഹവുമായി ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഏറെ സഹായകമായി.

പൂര്‍ണ്ണരൂപം ജൂലൈ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്‌

 

Comments are closed.