അഫ്ഗാന്‍ സ്ത്രീകള്‍ താലിബാനിസത്തെ വായിക്കുന്നു
നിങ്ങള്‍ക്കൊക്കെ സാധ്യമാകുന്നൊരു ജീവിതം ഞങ്ങളുടെയും അവകാശമല്ലേ?
ഖദീജാ മുംതാസ്
അങ്ങനെയെങ്കില്‍ ചോദ്യമിതാണ്. നിങ്ങള്‍ തുടങ്ങി വെച്ചിടത്തേക്കാള്‍ പരിതാപകരമായ അവസ്ഥയില്‍ അഫ്ഗാനികളെ ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം വിട്ടു പോകേണ്ടി വന്ന ഗതികേട് എങ്ങനെയുണ്ടായി? ഏതൊരു നാട്ടിലെയും പോലെ അധിനിവേശത്തെ തുരത്താന്‍ സാധാരണ പൗരന്മാരും അവരുടെ മുന്നേറ്റങ്ങളും ഉണ്ടാകുന്നതില്‍ നിന്ന് വ്യത്യസ്തമായി തങ്ങള്‍ അടിച്ചമര്‍ത്താന്‍ വന്ന താലിബാനികളില്‍ത്തന്നെ ആ നിയോഗം വന്നു ചേര്‍ന്നതെങ്ങനെയാണ്? പിന്മാറും മുമ്പ് വിദേശത്തുവെച്ച് അവരുമൊത്തുണ്ടാക്കിയ ഉടമ്പടിയില്‍ സ്ത്രീ അവസ്ഥകള്‍ സംരക്ഷിക്കപ്പെടാന്‍ വേണ്ട എന്തു നിബന്ധനകളാണ് നിങ്ങള്‍ ചേര്‍ത്തത്?
Bleeding Afghanistan എന്ന ഗ്രന്ഥരചനയ്ക്കായി സഹചാരി ജെയിംസ് ഇന്‍ഗാള്‍സുമൊത്ത് 2005-ല്‍ അഫ്ഗാനിലെത്തിയ സോനാലി കോല്‍ഹാത്കര്‍ എന്ന അമേരിക്കക്കാരി പുതിയ സങ്കീര്‍ണ്ണ പശ്ചാത്തലത്തിലിരുന്ന് പഴയ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. 15 വര്‍ഷം മുമ്പ് അന്നവിടെ കണ്ട സ്ത്രീ മുഖങ്ങളിലൊന്നിനെ, അവരുടെ ശക്തമായ വാക്കുകളെ അവരിങ്ങനെ പകര്‍ത്തി വെയ്ക്കുന്നു. ‘ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്കും അവകാശങ്ങളുണ്ട്. ഞങ്ങള്‍ക്കും വിദ്യാഭ്യാസം വേണം. നിങ്ങള്‍ക്കൊക്കെ സാധ്യമാകുന്നൊരു ജീവിതം ഞങ്ങളുടെയും അവകാശമല്ലേ? നിങ്ങളെപ്പോലെ സ്വതന്ത്രരായി സഞ്ചരിക്കാന്‍, നാടുകള്‍ കാണാന്‍, മനുഷ്യരെ പരിചയപ്പെടാന്‍? എത്ര കാലം ഞങ്ങളീ ക്രൂരതകളും സഹിച്ച് കഴിഞ്ഞുകൂടണം?’
സമാധാന പുനസ്ഥാപനത്തിനായി 2001 മുതല്‍ തന്റെ രാജ്യത്ത് മിസൈലാക്രമണങ്ങളും കരയുദ്ധവും നടത്തിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ പൗരയോടുള്ള അവരുടെ ചോദ്യത്തിന് സോനാലിക്ക് മറുപടിയില്ലായിരുന്നു. യൗവനത്തില്‍ വിധവയാക്കപ്പെട്ട ഒരു നാല്‍പ്പതുകാരിയുടെ സങ്കടം അണ പൊട്ടിയതല്ലായിരുന്നു അത്. മറിച്ച്, മുഴുവന്‍ അഫ്ഗാന്‍ സ്ത്രീകളുടെയും രോഷപ്രകടനമായിരുന്നു.എണ്‍പതുകളില്‍ അവള്‍ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടത് റഷ്യന്‍ അധിനിവേശത്തിനെതിരെ പൊരുതിക്കൊണ്ടിരുന്ന അസംഖ്യം തീവ്രവാദി ഗ്രൂപ്പുകളിലൊന്നിന്റെ വെടിയേറ്റിട്ടാവാം, അല്ലെങ്കില്‍ റഷ്യന്‍ പട്ടാളം കുഴിച്ചിട്ട കുഴി ബോംബുകളിലൊന്നു പൊട്ടിത്തെറിച്ചാകാം. അതു കഴിഞ്ഞ് പുതിയ അഫ്ഗാന്‍ സമാധാന സര്‍ക്കാര്‍ അധികാരമേല്‍ക്കാനുള്ള പ്രാരംഭ നടപടികള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും അവര്‍ നിരാശിതയും രോഷാകുലയുമായി തുടരുന്നുവെങ്കില്‍ സമാധാനവും അടിസ്ഥാന മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷ അവള്‍ക്കപ്പോഴും ഇല്ലായിരുന്നു എന്ന് വ്യക്തം. ശേഷം 20 വര്‍ഷം കൂടി ഈ സമാധാനസേന ഇവിടെ നിലനിന്നതിനവസാനം ഏറ്റവും സ്ത്രീവിരുദ്ധമായ താലിബാന്‍ ഭരണത്തിന് രാജ്യത്തെ ഇപ്പോഴിതാ വിട്ടു കൊടുക്കുകയാണ്!
സഖ്യസേന പിന്മാറുമ്പോള്‍ മറിയം എന്ന ആ സ്ത്രീ ഇന്നു ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവര്‍ വാര്‍ദ്ധക്യത്തിന്റെ പടിവാതില്‍ക്കലെത്തിക്കാണും. അവളുടെ മൂന്നാം തലമുറയായിരിക്കും വിദ്യാഭ്യാസാവകാശവും സ്വാതന്ത്രൃവും നിഷേധിക്കപ്പെട്ട് ഇനി നരകജീവിതം നയിക്കാനിരിക്കുന്നത്. ഈ അനീതിക്ക്, തലമുറകളിലേക്ക് നീളുന്ന ഈ യാതനകള്‍ക്ക് ഉത്തരവാദികള്‍ ആരാണ്?
അഫ്ഗാന്‍ സ്ത്രീകളുടെ അവകാശ സംരക്ഷണം പ്രധാന ദൗത്യമെന്നു പറഞ്ഞ് താലിബാനെ തുരത്താനെത്തിയ നാടിന്റെ പ്രതിനിധികളില്‍ച്ചിലര്‍ സഹതപിക്കുന്നതിങ്ങനെ- ‘തങ്ങളുടെ സ്ത്രീകളോട് നന്നായി പെരുമാറണമെന്നത് ഓരോ നാട്ടുകാര്‍ സ്വയം തീരുമാനിക്കേണ്ടതല്ലേ.’ എത്ര മഹാമനസ്‌കരായാലും തങ്ങള്‍ക്ക് സാധ്യമാക്കാവുന്നതിന് പരിധികളുണ്ടല്ലോ എന്നു ധ്വനി. നന്നാക്കാന്‍ നോക്കിയാലും നന്നാകാത്തവര്‍! പ്രാകൃതര്‍!
അങ്ങനെയെങ്കില്‍ ചോദ്യമിതാണ്. നിങ്ങള്‍ തുടങ്ങി വെച്ചിടത്തേക്കാള്‍ പരിതാപകരമായ അവസ്ഥയില്‍ അഫ്ഗാനികളെ ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം വിട്ടു പോകേണ്ടി വന്ന ഗതികേട് എങ്ങനെയുണ്ടായി? ഏതൊരു നാട്ടിലെയും പോലെ അധിനിവേശത്തെ തുര
ത്താന്‍ സാധാരണ പൗരന്മാരും അവരുടെ മുന്നേറ്റങ്ങളും ഉണ്ടാകുന്നതില്‍ നിന്ന് വ്യത്യസ്തമായി
തങ്ങള്‍ അടിച്ചമര്‍ത്താന്‍ വന്ന താലിബാനികളില്‍ത്തന്നെ ആ നിയോഗം വന്നു ചേര്‍ന്നതെങ്ങനെയാണ്? പിന്മാറും മുമ്പ് വിദേശത്തുവെച്ച് അവരുമൊത്തുണ്ടാക്കിയ ഉടമ്പടിയില്‍ സ്ത്രീ അവസ്ഥകള്‍ സംരക്ഷിക്കപ്പെടാന്‍ വേണ്ട എന്തു നിബന്ധനകളാണ് നിങ്ങള്‍ ചേര്‍ത്തത്?
സ്ത്രീവിരുദ്ധ നിലപാടുകള്‍ കാലങ്ങളായി മനസ്സിലുറച്ചു പോയ ഗോത്രമനുഷ്യരും അവരുടെ തീവ്രമതബോധവുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നു പറഞ്ഞല്ലേ അമേരിക്കക്കാര്‍ കൈ കഴുകുന്നത്? വാസ്തവത്തില്‍ അഫ്ഗാന്‍ അങ്ങനെത്തന്നെയാണോ? അഫ്ഗാനില്‍ ഗോത്ര സമൂഹങ്ങളുണ്ടെന്നുള്ളത് സത്യം. അവയില്‍ പ്രബലമായ അഞ്ചോ ആറോ ഗോത്രങ്ങള്‍ രാഷ്ട്രീയത്തില്‍ ശക്തമായി ഇടപെടുന്നവയുമാണ്. പക്ഷേ, നേരത്തേ സൂചിപ്പിച്ച മറിയത്തിന്റെ മുത്തശ്ശിമാര്‍ ജീവിച്ചിരുന്നിരിക്കാവുന്ന കാലം, ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് സ്വതന്ത്രയായ രാജ്യത്ത് അമാനുള്ള രാജാവ് ഭരണം കൈയാളിയിരുന്ന വര്‍ഷങ്ങള്‍, ഇന്നും മറിയത്തിന്റെ തലമുറയിലെ അംഗങ്ങള്‍ ഗൃഹാതുരതയോടെ ഓര്‍ക്കുന്ന സുവര്‍ണ കാലമാണ്.
സ്ത്രീകള്‍ക്ക് ആധുനികതയിലേക്ക് വാതിലുകള്‍ തുറന്നു കിട്ടിയ 1919 മുതല്‍ 1929 വരെയുള്ള കാലം. പെണ്‍കുട്ടികള്‍ തുര്‍ക്കിയില്‍ പോയിഉപരിപഠനം നടത്തിയിരുന്ന കാലം. വിവാഹപ്രായംപതിനെട്ടാക്കി നിയമമാക്കിയ കാലം. ഭരണഘടനാ നിര്‍മ്മാണ സഭയെന്നു വിളിക്കാവുന്ന ലോയ ജിര്‍ഗയില്‍ സ്ത്രീകള്‍ക്കു കൂടി പ്രാതിനിധ്യം ലഭിച്ച കാലം. വായനശാലകളും സിനിമാശാലകളും നാട്ടില്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്ന സുവര്‍ണ കാലം. സുരയ്യ രാജ്ഞിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കു വേണ്ടി പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ കാലം! കുറച്ചൊക്കെ ഇടറിക്കൊണ്ടാണെങ്കിലും ഈ നല്ല കാലം എഴുപതുകള്‍ വരെ വലിയ കോട്ടങ്ങളില്ലാതെ നിലനിന്നു. ഭരണാധികാരികള്‍ മാറി മാറി വന്നുവെങ്കിലും അവരെ പ്രതിരോധിക്കുന്ന ജനകീയപാര്‍ട്ടികളും ഒപ്പം ഉണ്ടായി വന്നിരുന്നതുകൊണ്ടാണ് അത് സാധ്യമായതും.
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ ഒക്ടോബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍ ലക്കം ലഭ്യമാണ്
Comments are closed.