DCBOOKS
Malayalam News Literature Website

കൃത്യമായി ലക്ഷ്യത്തിൽ തറയ്ക്കുന്ന ‘അടി’ കള്‍

വി ഷിനിലാലിന്റെ ‘അടി’ എന്ന നോവലിന് ശ്രീജിത് ശ്രീകുമാർ എഴുതിയ വായനാനുഭവം

‘കൊച്ച് ചെറുക്കാ, പണ്ട് നിന്റെ കാരണവന്മാര് നടക്കമ്പം എക്കെ തല വെട്ടിച്ച് തിരിഞ്ഞ് നോക്കുമാരുന്ന്. നടക്കമ്പം മാത്രമല്ല, പെണ്ടാട്ടീര ഒപ്പം കെടക്കമ്പലം, നെലം ഉഴമ്പം, കാളയടിക്കുമ്പം. ഏത് നേരം വേണോങ്കിലും ഒരടി അവര പിന്നാം തലയ്ക്ക് വന്ന് വീഴാം.’
(അടി – വി. ഷിനിലാൽ)

കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഒരു ദേശീയ ബന്ദ് ദിവസം. പോലീസിന്റെ തിരിച്ചടി ഭയന്ന് പാർട്ടിക്കാരെല്ലാം നാട്ടുപ്രമാണിയും പാർട്ടിക്കാരുമായ തമ്പിമാരുടെ വീട്ടിലേക്ക് ഓടിക്കയറി. അവിടെ മാത്രം പോലീസ് കയറില്ല. എല്ലാവർക്കും പുറകേ ഏലിസണും ഓടി വന്നെങ്കിലും പടിപ്പുര കണ്ടതും അയാളൊന്ന് അറച്ചു. മതം മാറി കൃസ്ത്യാനി ആയെങ്കിലും നാട്ടുകാർ ഇപ്പോഴും പെലകൃസ്ത്യാനി എന്നല്ലേ വിളിക്കുന്നത്. എങ്കിലും പാർട്ടി കുടുംബമല്ലേയെന്ന് കരുതി ഓടിക്കയറി പടിപ്പുര കടന്നതും പെടലിയിൽ ശക്തമായ ഒരടി. പിൻകഴുത്തിൽ തള്ളിപ്പിടിച്ച് പുറത്തെ മണ്ണിലേക്ക് ഒറ്റയെറി. അന്ന് ഏലിസൺ മകനോട് പറഞ്ഞു ‘നീ പൊലീസാകണമെന്ന്.’ ഒപ്പം കുറേ ചട്ടമ്പികളുടെ കഥകളും.

Textകാലം കടന്ന് പോയി ഏലിസണിന്റെ മകൻ പീലിപ്പോസ് പൊലീസായി. നാട്ടുകാർ പെലപ്പോലീസെന്ന് വിളിപ്പേരിട്ട്. പൊലീസായ പീലിപ്പോസ് എസ്.ഐ ആയിട്ടും പെലപ്പോലീസ് എന്ന വിളിപ്പേരിലേക്ക് ചുരുങ്ങുമ്പോ മാറുന്ന കാലത്തിലും മാറാത്ത ജാതീയതയുടെ വേരറുക്കാൻ അപ്പൻ പറഞ്ഞുകൊടുത്ത ചട്ടമ്പി കഥകളുടെ ഓർത്തെടുക്കലാണ് അടി. അതിനൊപ്പം സാമൂഹികമായ പരിവർത്തനങ്ങൾ സൃഷ്ടിച്ച സമരങ്ങളും വിമോചന പോരാട്ടങ്ങളും നെടുമങ്ങാട് ചന്തയിൽ മണികെട്ടണ കാളകൾ വലിക്കണ വില്ലുവണ്ടിയിൽ വന്ന് അയങ്കാളി നടത്തിയ തിരിച്ചടികളും ഒക്കെ ആയി കഥകൾ കനൽ പോലെ പെയ്തിറങ്ങുന്നു.

തിരുവിതാംകൂറിലെ നെടുമങ്ങാടിന്റെയും പ്രാന്തപ്രദേശങ്ങളിലെയും ചന്തകളിലൂടെ ചട്ടമ്പിമാരിലൂടെ അവരുടെ വച്ചോണ്ടിരുപ്പുകാരികളുടെ കഥകളിലൂടെ അതിസാധാരണ നാട്ടുമ്പുറ ഭാഷയിൽ മെനഞ്ഞെടുത്ത കഥകൾ. കാലാകാലങ്ങളായി അടിച്ചമർത്തപ്പെടുന്ന മനുഷ്യർ പ്രതികരിച്ചില്ലെങ്കിൽ ഭൂപടത്തിൽ നിന്ന് തന്നെ തുടച്ച് നീക്കപ്പെടുമെന്നതുകൊണ്ട് നിലനിൽപ്പിനായി നടത്തിയ തിരിച്ചടികളുടെ കരുത്താർജിക്കലുകളുടെ കൃത്യമായി ലക്ഷ്യത്തിൽ തറയ്ക്കുന്ന ആക്ഷേപഹാസ്യത്തിലൂന്നിയ കഥകളാണ് അടി.

അടിയുടെ ഭാഷാശൈലിക്ക് പോലും കൊള്ളുന്നിടത്ത് മുറിവേൽപ്പിക്കാൻ കഴിയുന്ന കൂർത്ത മുനകളുണ്ട്. സാധാരണക്കാരന്റെ വായ്മൊഴികളും പള്ളുകളും. ചന്തക്കുള്ളിൽ പരസ്പരം പോരടിച്ച് പള്ള് വിളിക്കുന്നവർ സകലമാന വസ്തുക്കളുടെയും പേരിനൊപ്പം ‘ഓളി’ എന്ന് ചേർത്ത് പള്ള് മെനഞ്ഞെടുക്കുമ്പോൾ കുണുക്കത്തി രായമ്മ പറഞ്ഞു വയ്ക്കുന്നൊരു വാചകമുണ്ട് ‘ഒരു നല്ല പള്ള് നൂറടീര കൊണം ചെയ്യും.’ വാക്കുകളിലൂടെ തിരിച്ചടിച്ച് പ്രതിരോധം തീർക്കുന്ന പള്ളുകൾ.

‘വലിയ വലിയ രാജാക്കന്മാർക്ക് മാത്രമല്ലെടോ നമുക്കും ഉണ്ട് കഥകൾ.’ എന്ന് ഏലിസൺ പറയുമ്പോൾ പുരാണങ്ങളും ഇതിഹാസങ്ങളും രാജാക്കന്മാരുടെ കഥകളുമൊക്കെ സാധാരണ മനുഷ്യരുടെ കഥകൾക്ക് അപ്പുറം നിൽക്കുന്നവയാണെന്നും സാധാരണക്കാരന്റെ കഥകൾ ചന്തകളിലും തെരുവുകളിലും ഒക്കെ ചിതറിക്കിടക്കുന്നവയാണെന്നും ആ കഥകളിലാണ് നമ്മുടെ സാമൂഹിക ചരിത്രം കുടികൊള്ളുന്നതെന്നും അടി പറഞ്ഞു വയ്ക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.