DCBOOKS
Malayalam News Literature Website

മലയാളത്തിന്റെ വിജയശ്രീ മാഞ്ഞിട്ട് 46 വര്‍ഷങ്ങള്‍, ഒരു തലമുറയുടെ ഹൃദയം കവര്‍ന്ന സുന്ദരിയുടെ ഓര്‍മ്മയിലൂടെ…

ഒരു കാലത്ത് മലയാളത്തിലെ ‘മര്‍ലിന്‍ മണ്‍ റോ’ എന്നറിയപ്പെടുന്ന നടിയായിരുന്നു വിജയശ്രീ.
സിനിമയില്‍ പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴായിരുന്നു അവര്‍ ആത്മഹത്യ ചെയ്തത്. വിജയശ്രീ മരണമടഞ്ഞിട്ട് ഇന്നലെ നാല്‍പ്പത്തിയാറ് വര്‍ഷങ്ങള്‍ പിന്നിട്ടു. എന്നിട്ടും അവര്‍ എന്തിനു ആത്മഹത്യ ചെയ്തു എന്ന് ഇനിയും അറിയാന്‍ കഴിഞ്ഞിട്ടില്ല. 1974 മാര്‍ച്ച് മാസത്തിലാണ് ആത്മഹത്യയൊ കൊലപാതകമോ എന്നറിയാത്ത വിജയശ്രീയുടെ മരണം സംഭവിച്ചത്.

ഇരുപത്തിനാല് വയസ്സിനുള്ളില്‍ 65 ചിത്രങ്ങളില്‍ അഭിനയിച്ച വിജശ്രീയുടെ മരണം പ്രേക്ഷക ലക്ഷങ്ങളേയാണ് ഞെട്ടിച്ചത്. പ്രേംനസീറിനോടൊപ്പം ഏറ്റവും കൂടുതല്‍ സിനിമയില്‍ നായികയായിരുന്ന വിജയശ്രീ തമിഴില്‍ ശിവാജിയുടെ നായികയായും വേഷമിട്ടിരുന്നു. പോസ്റ്റുമാനെ കാണ്മാനില്ല, അജ്ഞാതവാസം, മറവില്‍ തിരിവ് സൂക്ഷിക്കുക, ലങ്കാദഹനം, പൊന്നാപുരം കോട്ട, പത്മവ്യൂഹം, പഞ്ചവടി, ആരോമലുണ്ണി, സംഭവാമി യുഗേ യുഗേ തുടങ്ങിയ അക്കാലത്തെ ഹിറ്റു ചിത്രങ്ങളില്‍ നസീര്‍-വിജയശ്രീ ജോഡികള്‍ ഒന്നിച്ചു.

Image result for വിജയശ്രീ

ഗ്ലാമര്‍ നടിയെന്നും, ഗ്ലാമര്‍ നര്‍ത്തകിയെന്നും അറിയപ്പെട്ടിരുന്ന വിജയശ്രീ നല്ല അഭിനേത്രി എന്ന് അറിയപ്പെടാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. സ്വര്‍ഗ്ഗപുത്രി, ജീവിക്കാന്‍ മറന്ന് പോയ സ്ത്രീ, യൗവ്വനം, ആദ്യത്തെ കഥ തുടങ്ങിയ ചിത്രങ്ങളിലൂടെ നല്ല അഭിനേത്രി എന്ന പേര് നേടാന്‍ അവര്‍ക്ക് കഴിഞ്ഞു. ഉദയ ചിത്രങ്ങളില്‍ സ്ഥിരം നായികയായിരുന്നു. വിജയശ്രീയുടെ കൂടുതല്‍ ചിത്രങ്ങളുടെയും സംവിധായകന്‍ കുഞ്ചാക്കോ ആയിരുന്നു. വിജയശ്രീയുടെ മരണത്തിന് ശേഷം അഭിനയിച്ചു പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്ന യവ്വനം എന്ന സിനിമയും വണ്ടിക്കാരി എന്ന സിനിമയും ചേര്‍ത്ത് യവ്വനംവണ്ടിക്കാരി എന്ന ഒറ്റ സിനിമയായി 1974 ല്‍ പുറത്തിറങ്ങുകയും അത് വന്‍ ഹിറ്റാവുകയും ചെയ്തു.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തില്‍ ജ്വലിച്ചു നിന്ന വിജയശ്രീയെ ഇന്നും പ്രേഷകര്‍ മറന്നിട്ടില്ല.

Comments are closed.