DCBOOKS
Malayalam News Literature Website

സുകുമാരൻ, സ്വാഭാവിക മുഖങ്ങൾ തനിമയോടെ നൽകിയ മറ്റൊരു മഹാനടൻ…!

Actor Sukumaran

നടന്‍ സുകുമാരന്റെ ജന്മദിനമായിരുന്നു ഇന്നലെ. ജന്മദിനത്തില്‍ സുകുമാരനെക്കുറിച്ചുള്ള മനോഹരമായ കുറിപ്പ് പങ്കുവെച്ച് നടനും മകനുമായ ഇന്ദ്രജിത്ത്. ജയകുമാര്‍ നാരായണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇന്ദ്രജിത്ത് ഷെയര്‍ ചെയ്തത്.

ജയകുമാറിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇന്ന് സുകുമാരൻ എന്ന അപൂർവ്വ അഭിനയ പ്രതിഭയുടെ ജന്മദിനം.

ഒസ്ബോണിന്റെ ‘ലുക്ക് ബാക് ഇൻ ആംഗെർ’ അരങ്ങിലെത്തുന്നത് 1956ൽ. മലയാളത്തിലെ ക്ഷുഭിത യൗവനം അരങ്ങിലെത്തുന്നത് ‘നിർമ്മാല്യം’ (1973) എന്ന എം ടി ചിത്രത്തിലൂടെ. 1983 ൽ കാസറഗോഡ് ഗവണ്മെന്റ് കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോയിൻ ചെയ്തപ്പോൾ എനിക്ക് കിട്ടിയ കസേര ആ ക്ഷുഭിത യൗവനത്തിന്റേതായിരുന്നു എന്ന് സഹ അദ്ധ്യാപകരിലാരോ പറഞ്ഞു. ജനലരികിലെ ആ ഇരിപ്പടം ഏറെ ഇഷ്ടമായി. നിർമ്മാല്യവും, ബന്ധനവും, വിൽക്കാനുണ്ട് സ്വപ്നങ്ങളും, രാധ എന്ന പെൺകുട്ടിയും, ശംഖുപുഷ്പവും, മാളിക പണിയുന്നവരും, ശാലിനി എന്റെ കൂട്ടുകാരിയും…. എന്നേ മനസ്സിൽ പതിപ്പിച്ച ആ മുഖവും സംഭാഷണ ചാതുരിയും പലപ്പോഴും ഒരു മിന്നൽ പോലെ കടന്നു വന്നു. വർഷങ്ങൾക്കു ശേഷം ഒരു കൂടിക്കാഴ്ചയിൽ ഓസ്‌ബോണിനെയും ബെക്കറ്റിനെക്കുറിച്ചുമൊക്കെ സംസാരിക്കാൻ ഒരു ഭാഗ്യം ലഭിച്ചു.. വിശ്വ സാഹിത്യത്തിലെ ആധുനിക നാടക സങ്കേതങ്ങളെക്കുറിച്ചും, നടന ശൈലികളെക്കുറിച്ചും ഇത്രയും update ആയ ഒരാൾ ആ കാലഘട്ടത്തിനു മുൻപോ പിന്പോ മലയാള സിനിമയിലുണ്ടായിട്ടില്ല.
ലോ കോളേജിൽ ഈവെനിംഗ് ക്‌ളാസിൽ അദ്ദേഹം പഠിക്കുന്ന കാലത്ത് തിരുവനന്തപുരത്തെ കുഞ്ചാലുംമൂട്ടിലെ വീട്ടിൽ പോയിട്ടുണ്ട്. സ്നേഹസമ്പന്നനായ ഗൃഹനാഥന്റെയും, ഉത്തമ ഗൃഹനായികയായിരുന്ന മല്ലിക ചേച്ചിയുടെയും ചായ സൽക്കാരം ആസ്വദിച്ചിട്ടുണ്ട്.
പൗരുഷത്തിന്റെ, ക്ഷുഭിത യൗവ്വനത്തിന്റെ, ആത്മസംഘർഷത്തിന്റ, സ്വാഭാവിക മുഖങ്ങൾ തനിമയോടെ നൽകിയ മറ്റൊരു മഹാനടൻ….

❤️

Posted by Indrajith Sukumaran on Wednesday, June 10, 2020

Comments are closed.