DCBOOKS
Malayalam News Literature Website

ബോളിവുഡ്​ ഇതിഹാസം ദിലീപ്​ കുമാർ അന്തരിച്ചു

മുംബൈ: ഹിന്ദി സിനിമയിലെ ഇതിഹാസതാരം ദിലീപ് കുമാർ അന്തരിച്ചു.  98 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെത്തുടർന്നാണ് അന്ത്യം. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ ഏഴരയോടെയാണ് അന്ത്യം സംഭവിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ദീർഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.  നടി സൈറ ബാനുവാണ് ഭാര്യ.

1944 ലാണ് ദിലീപ് കുമാർ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഫിലിംഫെയർ അവാർഡ് ആദ്യമായി നേടിയ നടനാണ് ദിലീപ് കുമാർ. ഷാരൂഖ് ഖാനാണ് അദ്ദേഹത്തിനൊപ്പം ഈ റെക്കോർഡ് പങ്കിടുന്ന മറ്റൊരു നടൻ. 1991ൽ പത്മഭൂഷണും 2015ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു.

1944-ൽ ദേവികാ റാണി നിർമ്മിച്ച ‘ജ്വാർ ഭാത’യിലെ നായകനായി സിനിമയിലെത്തി. പ്രശസ്ത ഹിന്ദി സാഹിത്യകാരൻ ഭഗവതി ചരൺ വർമയാണ് മുഹമ്മദ് യൂസഫ്ഖാന്‍റെ പേര് ദിലീപ് കുമാർ എന്നാക്കിയത്. ‘ദീദാർ’, ‘അമർ’ തുടങ്ങിയ ചിത്രങ്ങളില്‍ വിഷാദനായകനായി തിളങ്ങി. 1955-ല്‍ ബിമല്‍ റോയി സംവിധാനം ചെയ്ത  ദിലീപ് കുമാര്‍ ചിത്രം ‘ദേവദാസ്’ സൂപ്പര്‍ഹിറ്റായി. ‘ഗംഗാജമുന’, ‘രാം ഔർ ശ്യാം’ തുടങ്ങിയ ചിത്രങ്ങളില്‍ ഹാസ്യനടനായി തിളങ്ങി.  അഞ്ച് പതിറ്റാണ്ടുകാലം ഹിന്ദി സിനിമാലോകത്ത് സവിശേഷ സാന്നിധ്യമായിരുന്ന നടൻ 62 സിനിമകളിലാണ് അഭിനയിച്ചത്. 1976 ൽ അഞ്ച് വർഷത്തോളം സിനിമാ ലോകത്ത് നിന്ന് വിട്ടു നിന്ന ദിലീപ് കുമാർ പിന്നീട് 1981 ൽ പുറത്തിറങ്ങിയ ക്രാന്തി എന്ന സിനിമയിലൂടെയാണ് തിരിച്ചുവരുന്നത്.

യുസൂഫ് ഖാൻ എന്നാണ് ദിലീപ് കുമാറിന്റെ യഥാർത്ഥ പേര്. നയാ ദൗർ, മുഗൾ-ഇ-അസം, ദേവദാസ്, റാം ഔർ ശ്യാം, അന്ദാസ്, മധുമതി, ഗംഗ ജമുന എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലതാണ്. 1998 ൽ പുറത്തിറങ്ങിയ ഖ്വിലയാണ് അവസാനം അഭിനയിച്ച ചിത്രം.

 

 

Comments are closed.