DCBOOKS
Malayalam News Literature Website

നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന്‍ അന്തരിച്ചു

P. Balachandran
P. Balachandran

നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. 69 വയസ്സായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. എട്ടു മാസമായി മസ്തിഷ്കജ്വരത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകീട്ട് മൂന്നുമണിക്ക് സ്വവസതിയില്‍ നടക്കും.

അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘വണ്ണിൽ’ പ്രതിപക്ഷ എം.എൽ.എ.യുടെ വേഷം ചെയ്തിരുന്നു. വൈക്കം മുനിസിപ്പൽ ചെയർപേഴ്സൺ ആയിരുന്ന ശ്രീലതയാണ് ഭാര്യ. ശ്രീകാന്ത്, പാർവതി എന്നിവർ മക്കളാണ്.

ശാസ്താംകോട്ട സ്വദേശിയായ അദ്ദേഹം ‘പാവം ഉസ്മാൻ’ എന്ന നാടകത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. 1989ലെ കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം, കേരള പ്രൊഫഷണൽ നാടക പുരസ്‌കാരം എന്നിവ ലഭിച്ചു. സ്കൂൾ ഓഫ് ഡ്രാമാ വിദ്യാർത്ഥിയായിരുന്ന ബാലചന്ദ്രൻ, എംജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനായിരുന്നു. ഏകാകി, ലഗോ, തീയേറ്റർ തെറാപ്പി, ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.

ഭദ്രന്റെ സംവിധാനം ചെയ്ത ‘അങ്കിൾ ബൺ’ എന്ന സിനിമയാണ് തിരക്കഥാകൃത്ത് എന്ന നിലയിൽ ആദ്യം പുറത്തിറങ്ങിയ സിനിമ. പിന്നീട് ശ്രദ്ധേയമായ ചിത്രങ്ങളുടെ പിന്നണി പ്രവർത്തകനായായിരുന്നു. ഉള്ളടക്കം, പവിത്രം, തച്ചോളി വർഗീസ് ചേകവർ, മാനസം, കല്ല് കൊണ്ടൊരു പെണ്ണ്, പുനരധിവാസം, പോലീസ്, ഇവൻ മേഘരൂപൻ, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയൻ തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന്റെ രചനയാണ്‌. 2012ൽ റിലീസ് ചെയ്ത ‘ഇവൻ മേഘരൂപനി’ലൂടെ സംവിധായകനായി.

മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ‘പുനരധിവാസം’ മികച്ച കഥയ്ക്കും, മികച്ച നവാഗത സംവിധായകനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടി. 2016ൽ തിരക്കഥയെഴുതി രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപ്പാടം’, നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. നാൽപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Comments are closed.