DCBOOKS
Malayalam News Literature Website

ബംഗാളി സാഹിത്യകാരി നബനീത ദേവ് സെന്‍ അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി സാഹിത്യകാരിയും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരജേതാവുമായ നബനീത ദേവ് സെന്‍ (81) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയില്‍ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുനാളുകളായി അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

നൊബേല്‍ പുരസ്‌കാരജേതാവും പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്നിന്റെ ഭാര്യയായിരുന്നു നബനീത. 1958-ല്‍ വിവാഹിതരായ ഇരുവരും 1976-ല്‍ വിവാഹമോചിതരായി. എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ അന്തര സെന്‍, നടി നന്ദന സെന്‍ എന്നിവരാണ് മക്കള്‍.

എഴുത്തുകാരായ നരേന്ദ്രനാഥ് ദേവ്-രാധാരാണിദേബി എന്നിവരുടെ മകളായി 1938-ല്‍ കൊല്‍ക്കത്തയിലായിരുന്നു നബനീതയുടെ ജനനം. കൊല്‍ക്കത്ത പ്രസിഡന്‍സി കോളെജില്‍നിന്നുമാണ് ബിരുദമെടുത്തത്. ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍നിന്ന് മാസ്റ്റര്‍ ഡിഗ്രിയും ഇന്ത്യാന സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. ഓക്‌സഫഡ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയായിരുന്ന ഇവര്‍ കവയിത്രി, നോവലിസ്റ്റ്, കോളമിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു. 1999-ലാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നത്. 2000-ല്‍ പദ്മശ്രീ നല്‍കി രാജ്യം നബനീതയെ ആദരിച്ചിരുന്നു.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നബനീതയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Comments are closed.