DCBOOKS
Malayalam News Literature Website

എബ്രഹാം ലിങ്കൺ ചരമവാർഷികദിനം

അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ. തോമസ് ലിങ്കന്റെയും നാന്‍സി ഹാക്കിന്റെയും മകനായി 1809 ഫെബ്രുവരി 12-ാം തീയതിയാണ് എബ്രഹാം ലിങ്കന്റെ ജനനം. ഒരു നല്ല കര്‍ഷകനായിരുന്നു തോമസ് ലിങ്കണ്‍.

അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവ്. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം. 1860 ൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റായിരുന്നു ലിങ്കൺ.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അഭിഭാഷകൻ, ഇല്ലിനോയി സംസ്ഥാനത്തിൽ നിയമസഭാസാമാജികൻ, അമേരിക്കൻ കോൺഗ്രസ്സിലെ അധോമണ്ഡലമായ ഹൗസ് ഓഫ് റെപ്രസെന്റ്റേറ്റീവ്സ് അംഗം, പോസ്റ്റ്മാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ ആഭ്യന്തര യുദ്ധം, വിഘടനവാദ നിലപാടുകൾ പുലർത്തിയിരുന്ന അമേരിക്കൻ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളുടെ തോൽവി എന്നിവകൊണ്ട് സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ പ്രസിഡൻസി കാലഘട്ടം. പ്രസിഡന്റായിരിക്കെ അടിമത്തം അവസാനിപ്പിക്കുന്നതിനായി ശക്തമായ നിലപാടു കൈക്കൊണ്ട ലിങ്കൺ സ്വീകരിച്ച പ്രധാന നിയമ നടപടിയാണ്‌ 1863-ലെ വിമോചന വിളം‌ബരം അഥവ Emancipation Proclamation. അമേരിക്കൻ ഐക്യനാടുകളിൽ അടിമത്തം പൂർണ്ണമായും നിരോധിച്ച ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിക്കുള്ള അടിസ്ഥാനമായി മാറി ഈ വിമോചന വിളം‌ബരം.

1865 ഏപ്രിൽ 14 വെള്ളിയാഴ്ച്ച വാഷിങ്ടൺ, ഡി.സി.യിലെ ഫോർഡ്സ് തിയറ്ററിൽ വെച്ച്, നടനും കോൺഫെഡറേറ്റ് അനുകൂലിയുമായ ജോൺ വിൽക്കിസ് ബൂത്ത് എന്നയാളുടെ വെടിയേറ്റാണ്‌ ലിങ്കൺ മരണമടഞ്ഞത്. അമേരിക്കൻ ചരിത്രത്തിൽ, വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്റുമാണ് അബ്രഹാം ലിങ്കൺ.

Comments are closed.